പ്രഭാതത്തിൽ ബ്രാഹ്മമുഹൂർത്തത്തിലെഴുന്നേറ്റ്, ഗബ്രിയേൽ കൊണ്ടു വച്ച ഒരു കപ്പ് ചുക്കുകാപ്പിയും കുടിച്ചിരിക്കുമ്പോഴാണ്, ധ്രുതിയിൽ, അംബേദ്ക്കർ, ദൈവത്തിന്റെ മുന്നിലെത്തി, സ്തുതി പാടുന്ന നാവുകൊണ്ട്, മൂന്ന് ദിവസത്തെ അവധിക്കപേക്ഷിച്ചത്.
കാര്യകാരണ സഹിതം അവധി അപേക്ഷ വയ്ക്കാത്തതിൽ അസ്വസ്ഥനായി, മുഖത്തെ ഗൌരവം വലത് കൈ കൊണ്ട് തടവി താടി മീശയിലൊതുക്കി ദൈവം ചോദിച്ചു,
"ഇൻഡ്യൻ ഭരണഘടന എഴുതിയുണ്ടാക്കിയ ആളല്ലേ. ഭരണഘടന എഴുതിയുണ്ടാക്കിയാൽ മാത്രം പോരല്ലോ, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട രീതിയിൽ ചെയ്യാനും.... മിടുക്കനായതു കൊണ്ട് ഇത്തിരി സ്വാതന്ത്ര്യം തരുന്നത്, ഭൂവാസികളെപ്പോലെ മിസ്യൂസ് ചെയ്യുക യാണോ?"
സ്വർഗ്ഗത്തെ സുഗന്ധപൂരിതമാക്കിയിരുന്ന നെരിപ്പോടിൽ നിന്ന് ഇത്തിരി പുകയും ഒന്നു രണ്ട് തരി വെട്ടവും പറന്നുയർന്ന് അവരുടെ ഇടയിലൂടെ ഊളിയിട്ടപ്പോൾ, ആ പുകയുടെ സുഗന്ധത്തിൽ ഒന്നയഞ്ഞ് ദൈവം ചോദിച്ചു, "എന്താ കാര്യം? "
ആ ചോദ്യത്തിലൊരു വാത്സല്യത്തിന്റെ പൊട്ടുകുത്തിയിരുന്നു. അല്ലെങ്കിൽ ഉറങ്ങാൻപോകുന്നതിനു മുമ്പ് കൊച്ചുമോളുടെ മുഖത്ത് അമ്മ ചാർത്തുന്ന ചുംബനത്തിന്റെ വാത്സല്യമുണ്ടായിരുന്നു എന്ന് അംബേദ്ക്കർ തിരിച്ചറിഞ്ഞു . സ്നേഹത്തെ സ്നേഹം കൊണ്ടളക്കുക എന്ന മണ്ണറിവിൽ
അംബേദ്ക്കർ ഒരു സ്നേഹക്കൊഞ്ചലിൽ പറഞ്ഞു. "ഭൂമിയിൽ ഒന്ന് പോകണം." ഒരു സംശയത്തിന്റെ ചായം വാക്കിൽ തേച്ചു പിടിപ്പിച്ചിട്ട് ദൈവം ചോദിച്ചു "അതിനെന്തിനാ മൂന്ന് ദിവസം?" ഒരു കിളികൊഞ്ചലിന്റെ വശ്യതയിൽ അംബേദ്ക്കർ പറഞ്ഞു" ഒരു ദിവസം അങ്ങോട്ട്. ഒരു ദിവസം ഇങ്ങോട്ട്. ഒരു ദിവസം ഭൂമി സന്ദർശനത്തിന്." ഒരു പച്ച ഈന്തില വീശി ദൈവം "ങാ.... പോ.... ആരോടും പറയണ്ട"എന്നൊരു പഴ൦കഞ്ഞി മറുപടി പറഞ്ഞൊപ്പിച്ച്, ഒരു കവിളിൽ ചുക്കുകാപ്പി കൂടി കുടിച്ച്, ഉയരുമെന്നു തോന്നിയ പനിച്ചൂട് പിടിച്ചു നിർത്തി.
കാര്യം പറയാതെ ദൈവത്തെ പറ്റിച്ച് ഭൂമിയാത്ര തരപ്പെടുത്തിയ നിഗളത്തിൽ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ അംബേദ് ക്കർ ഞൊടിയിടയിൽ നടത്തി. സ്വർഗ്ഗത്തിന്റെ പടിയിറങ്ങുമ്പോൾ, ഉറക്കം തൂങ്ങിയിരുന്ന കണക്കപ്പിള്ളയായ പത്രോസിന്റെ തൂവൽ പേനയും മഷിപ്പാത്രവും അടിച്ചുമാറ്റി, പ്രോമിത്യൂസിന്റെ അഗ്നി പോലെ, അതും കൂടി ഭദ്രവും രഹസ്യവുമായി കൂടെ കൊണ്ടു പോരാൻ മറന്നുമില്ല.
ഒരു ഹിമശകടം പോലെ തെന്നിത്തെന്നി പകുതി വഴിയെത്തിയപ്പോൾ ആകാശം ചോദിച്ചു"എഴുത്തുകാരനാണല്ലേ? "
"എങ്ങനെ അറിഞ്ഞു? "
" പേന'"
"പേനയോ.... ! "
"ഭാണ്ഡത്തിലൊരു പേനയില്ലേ? "
" ഇല്ല"
"ഞാൻ ദൈവമല്ല. എന്നെ പറ്റിക്കാൻ. എല്ലാം കാണുന്ന കണ്ണാണ്. എന്റെ കണ്ണിന് നല്ല കാഴ്ചയാണ്. പക്ഷേ, ഈ പേന കൊണ്ട് ഇപ്പോൾ വലിയ ഉപയോഗമില്ല. "
ആകാശം അത് പറഞ്ഞു നിറുത്തിയപ്പോൾ കാർമേഘം പോലെ അംബേദ്ക്കറുടെ മുഖം ചവണ്ടു. ചവണ്ട മുഖത്തു നിന്നും ഒരു കൊള്ളിയാൻ മിന്നി. "അതെന്ത്യേ?"
" ഇത് 1948ലെ പേനയല്ലേ. ഇപ്പോൾ ഇത് ആരാ ഉപയോഗിക്കുന്നത്? ഔട്ട് ഡേററഡ്. "
അപ്പോൾ മഴ പെയ്തൊഴിഞ്ഞ ആകാശം പോലെ അംബേദ്ക്കറുടെ മുഖം തെളിഞ്ഞ്, ആശ്വാസത്തിന്റെ ഒരു മഴവില്ല് വിരിഞ്ഞു. യാത്രയിൽ ആർക്കും ഇതെന്താണെന്ന് മനസ്സിലാകില്ലല്ലോ.
തിരക്കിനിടയിൽ ഒരബദ്ധം പററിയതിൽ അംബേദ്ക്കർക്കിത്തിരി വല്ലായ്മ തോന്നാ തിരുന്നില്ല. ഒരു നീണ്ട യാത്രയ്ക്ക് ഇത്തിരി വെള്ളം കരുതിയില്ലല്ലോ ! ഭൂമിയിലിപ്പോൾ വെള്ളത്തിന് വേണ്ടി....ദൂരെ ആകാശ ഗംഗ കണ്ടപ്പോഴാണ് ആ കുണ്ഠിതം തണുത്തത്. ഒരു കൈക്കുമ്പിൾ ജലം കോരി ചുണ്ടോടടുപ്പി ച്ചപ്പോൾ ഗംഗ പറഞ്ഞു ,"ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ വെള്ളം കുടിക്കാം. അല്ലെങ്കിൽ മടക്കാം."
"ഈ ആഴ്ചത്തെ വാരഫലത്തിൽ ഇല്ലാത്ത താണല്ലോ; പരീക്ഷണങ്ങളാണല്ലോ; തടസ്സങ്ങളും. "
ആ കടം കഥ ഏതാണെന്ന് ചോദിക്കാതെ ചോദിച്ചു നിന്നപ്പോൾ , ആളെ തിരിച്ചറിഞ്ഞ ഗംഗ ഒരു കുശലമാണ് നടത്തിയത്. "എങ്ങോട്ടാ?"
"ഭുമീലോട്ട് ".
"ഭൂമീല്....എവിടെ ? "
"ഭാരതത്തിലേക്ക്."
പഞ്ചതന്ത്രം കഥകളിലെ ഗുണപാഠം പോലെ ഗംഗ ഗുണദോഷിക്കാൻ തുടങ്ങി. "അങ്ങോട്ട് പോകണ്ട"
"അതെന്താ...? "
"അവിടെയിപ്പോൾ.... ".ഗംഗ ബാക്കി പറയാ നായി ഒഴുക്കിന്റെ വേഗം കുറച്ച് , മന്ത്രസ്ഥായി യിലെ ഒന്നാം കട്ടയ്ക്ക് ശ്രുതി ചേർത്തു തൊണ്ട ശരിയാക്കി, ഇത്തിരി അടുത്തു വന്നപ്പോൾ അംബേദ്ക്കർ "എന്തായാലും എങ്ങനെയായാലും എന്റെ ഭാരതമല്ലേ.... !" എന്നൊരു അമ്പത്താറിഞ്ച് നെഞ്ച് വിരിവോടെ ഒരു ലോങ് ജംപ് ചാടി ഭാരതത്തിലെത്തി.
അംബേദ്ക്കർ ഭാരതത്തിലെത്തിയപ്പോൾ ഒത്തിരി പേര് അവരുടെ കയ്യെഴുത്തു പ്രതികളുമായി അദ്ദേഹത്തെ സമീപിച്ചു. ഭരണഘടനയുടെ എഴുത്തു കാരനല്ലേ . ഇതൊന്നു വായിച്ചു തിരുത്തിത്തരണം. ഏതെങ്കിലും പ്രസിദ്ധീകരണത്തിന് അയച്ചു കൊടുത്താൽ.......
ഗൌരി ലങ്കേഷിന്റെ കൈയെഴുത്ത്
"എന്റെ എഴുത്ത് നേരെ ചൊവ്വേ അല്ലെ ന്നാണ് ഒരു കൂട്ടം ആൾക്കാര് പറയുന്നത്. നാല് വരയിട്ട ബുക്ക് വാങ്ങിക്കൊണ്ടു വാ, ഞങ്ങൾ എഴുതിത്തരാം. അതു നോക്കി പകർത്തി യെഴുതി പഠിക്ക് " എന്നാണ് അവർ പറയുന്നത്.
"ഇത് കഥയല്ലല്ലോ" കൈയെഴുത്ത് വായിച്ച അംബേദ്ക്കർ പറഞ്ഞു
"ങേ...! കഥയല്ലേ......! ഞാനെഴുതുന്നതെല്ലാം കഥയാണെന്നും കഥയുടെ കാലം കഴി ഞ്ഞെന്നും ഇനിയുള്ളത് പകർത്തിയെഴു ത്തിന്റെയും കേട്ടെഴുത്തിന്റെയും അടിച്ചു മാറ്റലിന്റെയും കാലമാണെന്നാണ് അവർ പറയുന്നത്. "
ഒരു സംവാദത്തിന് സ്വർഗ്ഗം അനുവദിച്ച സമയം അധികരിക്കയാൽ അംബേദ്ക്കർ അതിനടിയിൽ ഒരു കുറിപ്പെഴുതി. . "എഴുത്തുകാരി നിർഭയ ആയിരിക്കണം"
പിന്നെയത് വെട്ടി അംബേദ്ക്കർ എഴുതി ."ഈ പത്ര പ്രവർത്തകർക്കൊക്കെ ഇത്തിരി തുട്ടും വാങ്ങി കാട്ടിലെ തടി തേവരുടെ ആന എന്നും പറഞ്ഞ് കണ്ടില്ലാപ്പെട്ടിരുന്നാൽ പോരെ. നാടോടുമ്പോൾ നടുവേ. " അങ്ങനെ ഒരഭി പ്രായം താൻ എഴുതുന്നത് ശരിയാണോ എന്ന സ്വർഗ്ഗചിന്തയിൽ അംബേദ്ക്കർ അതും വെട്ടി
N. B. പാവം. അന്വേഷണാത്മക പത്രപ്രവർത്ത നത്തിന്റെ വഴിയേ പോയതുകൊണ്ട് ഗൌരി ലങ്കേഷിന്റെ പേനയിലെ മഷി തീർന്നു സ്വന്തം രക്തം കൊണ്ട് പേന നിറയ്ക്കേണ്ടി വന്നു.
പെരുമാൾ മുരുകന്റെ കുറിപ്പുകൾ
പെരുമാൾ മുരുകന്റെ ചുണ്ടുകളിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ടങ്കീസുകൊണ്ട് ആരോ എട്ടുകാലി വല നെയ്തിരിക്കയാൽ വാ തുറക്കാൻ പറ്റാത്തതു കൊണ്ട് ഒരു കുറിപ്പാണ് അദ്ദേഹം അംബേദ്ക്കറെ ഏൽപ്പിച്ചത്. അതിൽ ഒരു എഴുത്തുകാരന്റെ നക്കലിലെ തേന്ന്യാക്ഷരങ്ങളും വാക്കുകളും വാചകങ്ങളും പോലെ വെട്ടിയും തിരുത്തിയും പാദ്നി(^) ചിഹ്നമിട്ട് അവിടെയും ഇവിടെയു മൊക്കെ തിരുകിക്കയററിയും എഴുതിവച്ചത് അംബേദ്ക്കർ വളരെ കഷ്ടപ്പെട്ട് വായിച്ചു.
പ്രിയപ്പെട്ട സ്വർഗ്ഗലോകം വായിച്ചറിയുവാൻ :
ഇതങ്ങ് തിരിച്ചെടുത്തോളുക. ഞാൻ എഴുത്ത് നിർത്തുകയാണ്. തലയില്ലാത്ത പെരുമാൾ മുരുകനെക്കാൾ തലയുള്ള പെരുമാൾ മുരുകനെയല്ലേ കാണാൻ ഭംഗി.
* ഇത് എന്നാൽ സർഗ്ഗപ്രതിഭ
തസ്ലിമ നസ്റീന്റെ ജീവിതമെഴുത്ത്
" ലജ്ജ "എഴുതിയതിൽ ലജ്ജയൊന്നുമില്ല. തലയ്ക്ക് വില വച്ചിരിക്കുന്നതിനാൽ പ്രവാസി യായി അന്യ ദേശത്ത്, വെളിച്ചത്തെ പേടിച്ചു ഇരുട്ടിലാണ് കഴുയുന്നതെങ്കിലും ചില ഉണ്ടയില്ലാ വെടികളും ഉന്നം തെറ്റിയ വെടികളും ഉണ്ടെങ്കിലും തട്ടീം മുട്ടീംതട്ടീം മുട്ടീം കഴിയുന്നു.
അംബേദ്ക്കർ അതിന് പ്രത്യേകമായി ഒരടിക്കുറിപ്പെഴുതി. ഇത് ക്ലിഷേയാണ്. പത്രാധിപർ തിരിച്ചയയ്ക്കും
എസ്. ഹരീഷ് കൊടുത്ത കൈയെഴുത്തു പ്രതി
ആറ്റു നോറ്റ് വളർത്തിക്കൊണ്ടു വന്നതായി രുന്നു മീശ. അഞ്ച് വർഷം കണ്ണിലെണ്ണ യൊഴിച്ച് വെട്ടിയൊതുക്കിയും നീളം കൂട്ടിയും കുറച്ചും വളർത്തി പരീക്ഷിച്ചും പരിശോധിച്ചും പരിരക്ഷിച്ചും പരിപാലിച്ചും പാകപ്പെടു ത്തിയും..... ഇടയ്ക്കിടക്കുണ്ടായ നാലഞ്ച് വെളുത്തത് പറിച്ചു കളഞ്ഞും.... ആരുടേയും മുന്നിൽ നിന്ന് ഒന്ന് പിരിക്കാമെന്നു വന്നപ്പോ ഴാണ് ആരൊക്കെയോ ആസിഡ് ഒഴിച്ചത്. അതും സൾഫ്യൂരിക് ആസിഡ്. മീശ പോയിട്ട്, ഇനി മീശ കിളുക്കാൻ ചുണ്ടു പോലു മില്ലാതാക്കാൻ.
കയ്യെഴുത്തു പ്രതി വായിച്ച അംബേദ്ക്കർ ഇരുന്ന ഇരിപ്പിൽ മുള്ളിപ്പോയി. ഈ ചെറുക്കന് ഇങ്ങനെയൊക്കെ എഴുതേണ്ട വല്ല കാര്യവു മുണ്ടായിരുന്നോ? എന്തൊക്കെയാ എഴുതി പിടിപ്പിച്ചിരിക്കുന്നത് . ചൊകോൻ. പെലേൻ, തൂറ്റപ്പറമ്പ്.... ഛേ! ഛേ! വല്ല പൈങ്കിളിയു മെഴുതി ചുളുവിലൊരവാർഡും മേടിച്ചു, നാഴി അരി വച്ച് കഞ്ഞികുടിച്ച് സുഖമായി ജീവിക്കാൻ പാടില്ലായിരുന്നോ? ഇത് കേരള മാണ് . കേരളം. ഞങ്ങളിലില്ല ക്രൈസ്തവ രക്തം . ഞങ്ങളിലില്ല ഹൈന്ദവരക്തം. ഞങ്ങളി ലില്ല ഇസ്ലാം രക്തം." ഞങ്ങളിൽ ഒരു രക്തമേ യുള്ളു. ഏത് രക്തം....? അതിനുത്തരം പറ ഞ്ഞിട്ട് ഇനി നീ എഴുതിയാൽമതി.
N. B. "മാത്രുഭൂമി" നിന്റെ കഥകളൊന്നും തിരിച്ചയയ്ക്കില്ല എന്ന ഗർവ്വവിൽ എന്തും എഴുതാമെന്നും നിനയ്ക്കണ്ട. ജാഗ്രതൈ
ദൈവം മനുഷ്യനോട് പറയാൻ കൊടുത്ത പകർപ്പ്
Where religion ends there God begins.
കാണാൻ കണ്ണുള്ളവൻ കാണട്ടെ
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
കണ്ടറിയാത്തവൻ കൊണ്ടറിയട്ടെ
ശശി തരൂർ ശ്ലോകത്തിൽ കഥിച്ച കൈപ്പട.
പി . കെ പാറക്കടവിനപ്പോലെ ശശി തരൂർ ഒറ്റ വാചകത്തിൽ ഒരു കഥ പടച്ചു, "ഇന്ത്യ, ഹിന്ദു പാക്കിസ്ഥാൻ. "
അതിന്റെ അർത്ഥം എനിക്ക് മനസ്സിലാകാ ത്തതു കൊണ്ട്, ആരൊക്കെയോ പറഞ്ഞതു കേട്ട് ഞാൻ കൊടുത്ത നിവേദനത്തിന്റെ നക്കൽ
എല്ലാത്തിനും കാരണം ഈ "മതനിര പേക്ഷ....."ആണ്. "മത നിരപേക്ഷ....." ഒരു കാലഹരണപ്പെട്ട ചെക്കാണ്." എല്ലാം ഡിജിറ്റലൈസ് ചെയ്യുന്ന മോദിയുടെ ഡിജിറ്റൽ ഇന്ത്യയിൽ ഇത് ഡിജിറ്റലൈസ് ചെയ്യാനാ കാതെ ബൈനറി നമ്പറുകളും കുഴങ്ങു ന്നുന്നു . ഒരു ചെറിയ മാറ്റം വരുത്തിയാൽ" മത നിരപേക്ഷ...." യെ ഡിജിറ്റലൈസ് ചെയ്യാമെന്നും അവകാശപ്പെടുന്നു. "മത നിരപേക്ഷ...." അംബേദ്കറുടെ ഭരണഘടന യുടെ ഉറപ്പാണ്. ആരുമറിയാതെ എങ്ങനെ തിരുത്തും? ആര് തിരുത്തുും?
എൻ. എസ് മാധവന്റെ കഥ "തിരുത്ത്" ; വൺലൈൻ കൈയെഴുത്ത്
എൻ. എസ് മാധവന്റെ കഥയ്ക്ക് മാത്രമേ തലക്കെട്ടുണ്ടായിരുന്നുള്ളു; "തിരുത്ത് "
മുഖ്യ പത്രാധിപരായ ചുല്യാറ്റ്, സുഹറ എന്ന പത്രിധിപ, പ്രധാന വാർത്തയ്ക്ക് കൊടുത്ത
"തർക്ക മന്ദിരം തകർത്തു" എന്ന തലക്കെട്ടിലെ അദ്യ വാക്കുകൾ "ഈ പേന, ഈ ആയുധം ഞാനിന്ന് ശരിക്കും പ്രയോഗിക്കും "എന്നു പറഞ്ഞ് ഉളിപോലെ മുറുക്കിപ്പിടിച്ച് പല തവണ വെട്ടി. വെട്ടിയ വാക്കിന്റെ മുകളിൽ ഒന്നും കുറയ്ക്കാതെയും ഒന്നും കൂട്ടാതെയും "ബാബറി മസ്ജിദ് "എന്നെഴുതി. അപ്പോൾ
"തർക്ക മന്ദിരം തകർത്തു" എന്നത് "ബാബറി മസ്ജിദ് തകർത്തു"എന്ന് തിരുത്തപ്പെട്ടു
അംബേദ്ക്കർ കുറിച്ച കുറിപ്പ്
അപ്പോൾ അതാണ് വഴി: തിരുത്ത്.
ഞാൻ എഴുതിയുണ്ടാക്കിയ ഭരണഘടന
ഞാൻ തന്നെ തിരുത്തണം.
ആകാശം കൊടുത്ത മുന്നറിയിപ്പ് ലിഖിതം
അങ്ങനെ ചെയ്താൽ ആരോപണങ്ങളു ണ്ടാകും . എൻ. എസ് മാധവനെ അനുകരിച്ച താണെന്നുള്ള ആക്ഷേപം വരും. പിൻവലി ക്കേണ്ടി വരും. "മത നിരപേക്ഷ......" ഇതിൽ നിന്നും ഒരക്ഷരമോ, ഒരു വാക്കോ വെട്ടിക്കള യാനോ ,പാദിനി(^)ചിഹ്നമിട്ട് കൂട്ടിച്ചേർക്കാനോ പാടില്ല. ഭരണഘടന നാളെ ആരെങ്കിലും വായി ക്കുമ്പോൾ ഈ വാക്കുകൾക്കിടയിൽ സ്പേയ്സും വരാൻ പാടില്ല. ഒരു തിരുത്ത് വരുത്തുന്നത് ആരും അറിയുകയുമരുത്.
അംബേദ്ക്കറുടെ കഥ തുടർച്ച
ഒരു തുട റബ്ബറുണ്ടായിരുന്നങ്കിൽ.....
സ്വർഗ്ഗത്തിൽ അതിന്റെ ആവശ്യം ഇല്ലാതിരു ന്നതു കൊണ്ടും ഒന്ന് വാങ്ങാതിരുന്നതു കൊണ്ടും അംബേദ്ക്കർ ഒരു കുട്ടിയായി തുപ്പ ലുകൊണ്ട് "മത നിരപേക്ഷ.... "യിലെ "നിരപേക്ഷ "തൂത്തു കളഞ്ഞിട്ട് , അവിടെ
" പക്ഷപാത" എന്നെഴുതി. അപ്പോൾ അതിപ്രകാരം വായിക്കപ്പെട്ടു. "മത പക്ഷപാത ഇന്ത്യ".പിന്നെ ഭരണഘടന ഡിജിറ്റലായും അല്ലാതെയും വായിച്ചവരും പഠിച്ചവരും " മത പക്ഷപാത ഇന്ത്യ".യെന്നു വായിക്കുകയും പഠിക്കുകയും ചെയ്തു.
അവധി സമയം തീരും മുൻപ് ഓടിക്കിതച്ച് സ്വർഗ്ഗം പൂണ്ട അംബേദ്ക്കറെ നോക്കി ദൈവം പറഞ്ഞു "നന്നായി"