ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു സന്ദീപ്. മൂന്നു വർഷങ്ങളായി ബാംഗ്ലൂരിലെ ഒരു പ്രമുഖ ഐ ടി കമ്പനിയിൽ എഞ്ചിനീയറായിരുന്നു. ക്യാമ്പസ് സെലക്ഷൻ വഴി കിട്ടിയ ജോലി സ്വീകരിക്കാൻ സന്ദീപിന് താൽപ്പര്യമുണ്ടായിരുന്നില്ല. അച്ഛനെ തനിച്ചാക്കി പോകാനുള്ള ഇഷ്ടക്കുറവ്.
ചെറുപ്പത്തിലേ അമ്മ മരിച്ചുപോയ സന്ദീപിനെ നോക്കാൻ വേണ്ടി പുനർ വിവാഹത്തിനു പോലും തയ്യാറാകാതിരുന്ന സ്നേഹനിധിയായ അച്ഛൻ!
അച്ഛനുൾപ്പടെ എല്ലാവരും നിർബന്ധിച്ചു പറഞ്ഞതുകൊണ്ടാണ് ബാംഗ്ലൂരിലെ ജോലി സ്വീകരിക്കാൻ സന്ദീപ് തയ്യാറായത്
നാട്ടിൽ ധാരാളം കൃഷി ഭൂമിയുള്ള അച്ഛൻ ഒരിക്കലും ബാംഗ്ലൂരിലേക്കു വരാൻ തയ്യാറാകില്ലെന്ന് അറിയാവുന്നതു കൊണ്ട് നാട്ടിൽ ഒരു നല്ല ജോലി ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു സന്ദീപ്. ഇപ്പോഴാണ് അതിനു തരപ്പെട്ടത്. കൊച്ചിയിലെ ഇൻഫോ പാർക്കിൽ ഒരു പ്രശസ്ത കമ്പനിയിൽ മെച്ചപ്പെട്ട ഒരു ജോലി ലഭിച്ചിരിക്കുന്നു.
ബാംഗ്ലൂരിനോടു വിടപറഞ്ഞു നാട്ടിലേക്കുള്ള മടക്കയാത്രയിൽ അതീവ സന്തുഷ്ടനായിരുന്നു അവൻ!
അച്ഛനും അമ്മാവന്മാർക്കുമെല്ലാം വലിയ സന്തോഷം.ഇനി സന്ദീപിന്റെ വിവാഹം നടത്തണം. അച്ഛൻ പറഞ്ഞു.
ട്രെയിനിൽ സെക്കന്റ് ക്ലാസ്സ് എ സി ബർത്താണു സന്ദീപ് റിസേർവ്വ് ചെയ്തിരുന്നത്. എതിരെയുള്ള സീറ്റിൽ ചാരിയിരുന്ന് ഒരു പ്രായം ചെന്ന ആൾ ഉറങ്ങുന്നുണ്ടായിരുന്നു.
വെള്ള ഷർട്ടും മുണ്ടും ധരിച്ച അദ്ദേഹത്തെക്കണ്ടപ്പോൾ സന്ദീപിന് അച്ഛനെ ഓർമ്മ വന്നു.പക്ഷെ അച്ഛനേക്കാൾ പ്രായം തോന്നിക്കുന്നുണ്ട്. മുഖത്ത് നല്ല ക്ഷീണവും തോന്നുന്നുണ്ട്. കുറച്ചു സമയം കഴിഞ്ഞപ്പോൾ സന്ദീപ് ബാഗു തുറന്ന്, വായിച്ചു പകുതിയാക്കി വച്ചിരുന്ന എം. ടി. യുടെ 'രണ്ടാമൂഴം' എന്ന നോവൽ വായിക്കാനാരംഭിച്ചു. വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അറിയാതെ ഉറങ്ങിപ്പോയി.
ചായ, കാപ്പി...എന്ന വിളിയാണ് സന്ദീപിനെ ഉണർത്തിയത്.സമയം നോക്കിയപ്പോൾ രാത്രി പതിനൊന്നര. എട്ടു മണിക്കാണ് ട്രെയിനിൽ കയറിയത്. മൂന്നു മണിക്കൂർ താൻ ഉറങ്ങിയെന്നു വിശ്വസിക്കാൻ സന്ദീപിന് ആയില്ല. ഒരു ബ്രൂ കോഫി വാങ്ങി കുടിക്കാനാരംഭിക്കുമ്പോഴാണ് സന്ദീപ് ശ്രദ്ധിച്ചത്..
എതിർ വശത്തെ സീറ്റിലിരുന്ന ആൾ നല്ല ഉറക്കം തന്നെ.
ചായ കുടിച്ചു തീർത്തു വീണ്ടും വായനയിൽ മുഴുകി. കഥാപാത്ര സൃഷ്ടിയിൽ എം. ടി. വാസുദേവൻ നായർ എന്ന എഴുത്തിന്റെ രാജാവു സൃഷ്ടിക്കുന്ന മാജിക്ക് ആരെയും അദ്‌ഭുതപ്പെടുത്തുന്നതാണെന്ന് സന്ദീപിന് എപ്പോഴും തോന്നാറുണ്ട്.
വായനക്കിടയിൽ സമയം പോയത് അറിഞ്ഞതേയില്ല.ട്രെയിൻ കേരളാ അതിർത്തി കഴിഞ്ഞപ്പോൾ സമയം ഒരു മണി കഴിഞ്ഞിരുന്നു. അപ്പോഴും എതിർ വശത്തെ സീറ്റിലിരുന്ന ആൾ ഉണർന്നിട്ടില്ല എന്ന കാര്യം സന്ദീപിനെ അദ്‌ഭുതപ്പെടുത്തി. എന്തോ ഒരു അസ്വാഭാവികത അനുഭവപ്പെട്ടു. കൂടുതൽ ആലോചിക്കാതെ സന്ദീപ് അയാളെ കുലുക്കി വിളിച്ചു. അപ്പോളയാൾ ഒരു വശം ചരിഞ്ഞു സീറ്റിലേയ്ക്ക് വീണു. സന്ദീപ് ഞെട്ടിപ്പോയി. അവൻ അടുത്ത സീറ്റുകളിലിരുന്നവരെ വിളിച്ചെഴുന്നേൽപ്പിച്ചു.പലരും നല്ല ഉറക്കമായിരുന്നു.
എല്ലാവരും ചുറ്റും കൂടി. ആരോ കുപ്പിയിൽ നിന്നും തണുത്ത വെള്ളം മുഖത്തു കുടഞ്ഞപ്പോൾ വൃദ്ധൻ കണ്ണു തുറന്നു.പിന്നെ എഴുന്നേറ്റിരിക്കാൻ ഒരു വിഫല ശ്രമം നടത്തി.
സന്ദീപും മറ്റൊരു യാത്രക്കാരനും കൂടി ആളിനെ എഴുന്നേൽപ്പിച്ചിരുത്തി.
വൃദ്ധനു ശരിയായ ബോധം വരാൻ കുറച്ചു സമയമെടുത്തു. ആരോ കൊടുത്ത കുപ്പിവെള്ളം ആർത്തിയോടുകൂടി കുടിച്ചു. പിന്നെ ചുറ്റും നോക്കി കുഴഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
"എവിടെ എന്റെ മരുമകളും പേരക്കുട്ടിയും? ഞങ്ങൾ നാട്ടിലെ അമ്പലത്തിലേക്ക് കുംഭഭരണിയുത്സവം തൊഴാൻ പോവുകയാണ്."
യാത്രക്കാർ പരസ്പരം നോക്കി. അങ്ങനെയാരും ആ കമ്പാർട്ടുമെന്റിൽ ഉണ്ടായിരുന്നില്ല.
"നിങ്ങൾ കയറിയ കമ്പാർട്മെന്റ് മാറിയെന്നു തോന്നുന്നു. അടുത്ത സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ അന്വേഷിക്കാം." സന്ദീപ് പറഞ്ഞു.
വൃദ്ധൻ ഒന്നും പറഞ്ഞില്ല. എല്ലാവരും അവരവരുടെ സീറ്റിലേക്കു മടങ്ങി. പിന്നീടുള്ള യാത്രയിൽ വൃദ്ധൻ ഉറങ്ങിയില്ല. എന്തോ വലിയ ചിന്തയിൽ ആയിരുന്നു.
അടുത്ത സ്റ്റോപ്പിൽ ട്രെയിൻ കുറച്ചു സമയം നിർത്തിയിട്ടപ്പോൾ സന്ദീപ് ചോദിച്ചു, "അങ്കിൾ അവരെ അന്വേഷിക്കാം. അവരുടെ പേരെന്താണ്?"
"അവരെ അന്വേഷിക്കേണ്ട മോനേ.." ക്ഷീണിച്ച സ്വരത്തിൽ അയാൾ പെട്ടെന്നു പറഞ്ഞു
"പിന്നെ എന്തു ചെയ്യും? തനിയെ യാത്ര ചെയ്യാൻ സാധിക്കുമോ?"
"അവരെ കണ്ടു പിടിക്കണ്ടേ?" സന്ദീപ് വീണ്ടും ചോദിച്ചു.
"വേണ്ട!" വൃദ്ധൻ പെട്ടന്ന് പറഞ്ഞു.
"എന്റെ മകൻ വിദേശത്താണ്. മകന്റെ ഭാര്യയും നാലു വയസ്സായ കുട്ടിയും ഞാനും കൂടിയാണ് യാത്രപുറപ്പെട്ടത്. ട്രെയിനിൽ കയറിയിരുന്നപ്പോൾ എന്റെ മരുമകൾ എനിക്കു കുടിക്കാൻ കുപ്പിയിൽ നിന്നും വെള്ളം തന്നു. പിന്നെ നിങ്ങൾ മുഖത്തു വെള്ളം തളിക്കുന്നതു വരെ ഞാൻ ഉറക്കമായിരുന്നു,"
സന്ദീപ് ഒന്നും മറുപടി പറഞ്ഞില്ല. കാര്യങ്ങൾ അവനു മനസ്സിലായിക്കഴിഞ്ഞിരുന്നു. അപ്പോഴും അവനു അച്ഛനെ ഓർമ്മവന്നു.
"നാട്ടിൽ എവിടെയാണ് പോകേണ്ടത്? ഞാൻ അവിടെ കൊണ്ടുചെന്നാക്കാം." സന്ദീപ് പറഞ്ഞു.
"ഞാൻ കഴിഞ്ഞ അൻപതു വർഷക്കാലം ബാഗളൂരിലായിരുന്നു.
ഐ എ സി യിലെ ഉദ്യോഗസ്ഥനായിരുന്നു. ഒരു മകനുണ്ടായി അധികം കഴിയുന്നതിനു മുൻപ് എന്റെ ഭാര്യ മരിച്ചു. പിന്നെ അവനെ വളർത്തി. പഠിപ്പിച്ചു. ഞാൻ ജോലിയിൽ നിന്നും വീരമിച്ചപ്പോൾ എന്റെ മകൻ ഐ എ സി കമ്പനിയിൽ എഞ്ചിനീയറായി."
"അവൻ വിവാഹം ചെയ്തത് അവന്റെ മാനേജരുടെ മകളെ ആയിരുന്നു. അവരുടെ നിർബന്ധം മൂലം അവൻ വിദേശത്ത് ജോലി തേടി പോയി."
"പതുക്കെപ്പതുക്കെ ഞാൻ എന്റെ മരുമകൾക്ക് ഒരു ഭാരമായി മാറി. നാട്ടിൽ കുറച്ചുബന്ധുക്കളുണ്ട്. സഹോദരങ്ങളാരുമില്ല. മക്കളിൽ ഞാനായിരുന്നു ഇളയ ആൾ. എന്റെ ഭാര്യ കർണാടകക്കാരിയായിരുന്നു. നാട്ടിലുള്ള എന്റെ വീതം വിറ്റാണ് ഞാൻ അവിടെ വീടു വച്ചത്."
"ഇനി നാട്ടിലേക്ക് ഒരു മടക്കയാത്രയില്ല. കുട്ടി ഇറങ്ങുന്ന സ്റ്റേഷനിൽ ഞാനും ഇറങ്ങിക്കൊള്ളാം" അയാൾ പറഞ്ഞു നിർത്തി.
"മകന്റെ ഫോൺ നമ്പർ തരൂ. ഞാൻ വിവരമറിയിക്കാം" സന്ദീപ് പറഞ്ഞു.
"വല്ലപ്പോഴും അവന്റെ ഭാര്യ വഴിയാണ് ഞാൻ അവനെ വിളിക്കാറുണ്ടായിരുന്നത്. എനിക്കൊരു പഴയ മൊബൈൽ ഫോണുണ്ടായിരുന്നത് എങ്ങനെയോ കാണാതെ പോയി"
സന്ദീപിന് സങ്കടം തോന്നി. എന്താണ് ഈ മനുഷ്യർ ഇങ്ങനെയാകുന്നത്?
ഈ വൃദ്ധനായ അച്ഛനെ മയക്കികിടത്തി കടന്നുകളയാൻ അവർക്കെങ്ങനെ മനസ്സു വന്നു!
ഒരു ജീവിതം മുഴുവൻ മകനു വേണ്ടി മാത്രം ജീവിച്ച പാവം!
സന്ദീപിനു വീണ്ടും അച്ഛനെ ഓർമ്മവന്നു.
പിന്നീട് എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതു വരെ അയാൾ മൗനമായിരുന്നു. ട്രെയിനിൽ നിന്നിറങ്ങാൻ സന്ദീപ് അയാളെ സഹായിച്ചു. ഒരു ബാഗ് മാത്രമേ വൃദ്ധന്റെ കൈവശം ഉണ്ടായിരുന്നുള്ളു.
ട്രെയിൻ ഇറങ്ങിയപ്പോൾ അപ്രതീക്ഷിതമായി കാത്തു നിൽക്കുന്ന അച്ഛനെക്കണ്ട സന്ദീപ് അദ്‌ഭുതപ്പെട്ടുപോയി. അച്ഛന്റെ കൂടെ സന്തത സഹചാരിയായ പപ്പേട്ടനും ഉണ്ടായിരുന്നു.
അച്ഛൻ മുൻപോട്ടു വന്ന് വൃദ്ധന്റെ കൈപിടിച്ചു. പപ്പേട്ടൻ ബാഗുമെടുത്തു.
"വരൂ ഏട്ടാ.. എന്റെ മകനാണ് സന്ദീപ്. അവൻ എല്ലാ വിവരങ്ങളും എന്നോട് ഫോണിൽക്കൂടി അറിയിച്ചിരുന്നു. ഏട്ടനെ എന്റെ വീട്ടിലേക്കു ക്ഷണിക്കാനാണ് ഞാൻ പതിവില്ലാതെ റെയിൽവേ സ്റ്റേഷനിലേക്കു വന്നത്. ഏട്ടൻ എന്റെ കൂടെ വരണം! കാറു പുറത്തുണ്ട്." അച്ഛൻ പറഞ്ഞു.
അച്ഛന്റെ കയ്യിൽ മുറുകെപിടിച്ചുകൊണ്ട് ഓർക്കാപ്പുറത്തു വൃദ്ധൻ പൊട്ടിക്കരഞ്ഞു.
"ഏട്ടൻ ഇനി സന്തോഷമായി ഇരിക്കുക. ഞാൻ മാത്രമേ എന്റെ വീട്ടിലും ഉണ്ടായിരുന്നുള്ളു. എനിക്കു സഹായത്തിനു ദാ... ഈ പപ്പനും. ഇപ്പോൾ എന്റെ മോൻ സന്ദീപും നാട്ടിലേക്കു വന്നിരിക്കുന്നു. എനിക്ക് ധാരാളം കൃഷിസ്ഥലങ്ങളുണ്ട്. ഏട്ടന് അവിടെ ഒരു കുറവും വരില്ല."
കൈകൾ മുറുകെ പിടിച്ചു കൊണ്ട് അച്ഛൻ കാറിലേക്കു നടക്കുന്നതു കണ്ടപ്പോൾ സന്ദീപിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.