മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

  • MR Points: 100
  • Status: Ready to Claim

അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു ജാനി. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. കണ്ണേട്ടനാവും, ഫസ്റ്റ് റിങ്ങിൽ തന്നെ ഫോണെടുക്കണം ഇല്ലെങ്കിൽ വായിൽ വരുന്നതു മുഴുവൻ കേൾക്കേണ്ടി വരും. കയ്യിലാണേൽ അപ്പടി അരിമാവാണ്.

പിള്ളേര് രണ്ടും എവിടെയാണാവോ..? മൂത്തവൾ ലച്ചു, പത്താം ക്ലാസുകാരിയാണ്. ഇളയവൾ അനു  നാലാം ക്ലാസുകാരിയും രണ്ടും എവിടെ പോയി കിടക്കുന്നു. ഒന്ന് ഫോണെടുക്കാൻ പോലും രണ്ടിനേയും കിട്ടില്ല. അല്ലാത്ത നേരം ഫോണും തോണ്ടി ഇരിക്കുന്നുണ്ടാവും. ഒന്നാമത്തെ ബെല്ല് കഴിഞ്ഞ് രണ്ടാമത്തെ തുടങ്ങുമ്പോഴേക്കും, അവൾ കയ്യ് തുവർത്തി ഫോണെടുത്തു.

"എവിടെയായിരുന്നു, എത്ര നേരായി വിളിക്കുന്നു?"

സ്ക്രീനിൽ കൃഷ്ണദാസിന്റെ മുഖം തെളിഞ്ഞു . വഴക്കിടാനുള്ള ഭാവമാണെന്ന്  ജാനിക്ക് മനസ്സിലായി. 

"ഞാൻ അടുക്കളേലായിരുന്നു കണ്ണേട്ടാ... പിള്ളേര് രണ്ടും റൂമിലാണെന്ന് തോന്നുന്നു.

അല്ലേലും അച്ഛൻ വിളിക്കമ്പോ രണ്ടിനും ഫോണെടുക്കാൻ പറ്റില്ല. എന്തേലും  കൊടുത്തയക്കാനോ, വേണമെന്ന് പറയാനോ, അച്ഛനോട് വർത്താനം പറയാൻ രണ്ടിനും വല്ലാത്ത ഇഷ്ടമാണ്"

''ഊം..."

ഇരുത്തിയുള്ള കണ്ണന്റെ മൂളലിൽ നിന്നും പെട്ടെന്ന് ഫോണെടുക്കാത്തതിലുള്ള പരിഭവമാണെന്ന് അവൾക്ക് മനസിലായി.

പക്ഷെ അധിക സമയം ആ പരിഭവം നീണ്ടു നിൽക്കില്ല. അന്നും അതുപോലെ തന്നെ സംഭവിച്ചു. ജാനിയുടെ മുഖത്ത് നോക്കിയപ്പോൾ കണ്ണന് ചിരി വന്നു പോയി.കാരണം, മൂക്കിന്റെ തുമ്പത്ത് ഒരു തുള്ളി അരിമാവ് പറ്റിപ്പിടിച്ചിരിക്കുന്നു. അത് ഉണങ്ങിയതു കൊണ്ട് വ്യക്തമായി കാണാം.

"നിന്നോട് ഞാനന്നേ പറഞ്ഞതല്ലേ...!മൂക്ക് കുത്തണ്ടാന്ന് എന്നിട്ട് അതൊന്നും കേക്കാതെ പോയി മൂക്ക് കുത്തി അല്ലേ?"

കണ്ണൻ്റെ ഗൗരവത്തോടെയുള്ള ചോദ്യത്തിൽ  ജാനി അന്ധാളിച്ചു. അറിയാതെ അവളുടെ വിരലുകൾ മൂക്കിൻ തുമ്പിലേക്ക് നീണ്ടു. അപ്പോഴാണ് അവളും അത് കണ്ടത്. പെട്ടെന്ന് തന്നെ അത് തുടച്ചു കളഞ്ഞു.

''ശ്ശോ അത് കളയണ്ടായിരുന്നു നല്ല ചേല്".

"ങ്ഹും..ങ്ഹും ഭാര്യയെ ജോക്കറായി കാണാനാണല്ലോ കെട്ടിയോനെപ്പൊഴും താൽപ്പര്യം. അല്ലേലും പണ്ടത്തെ പോലെയൊന്നും അല്ല. ഒരു പാട് മാറ്റം വന്നിട്ടുണ്ട് കണ്ണേട്ടനിപ്പോൾ..."

''ശരിയാടീ; എനിക്കും തോന്നാറുണ്ട്. ഞാനിത്തിരി കൂടി തടിച്ചോന്ന്"

 "ദേ...കണ്ണേട്ടാ... വെർതെ എന്നെ കൊണ്ട് ഓരോന്ന് പറയിക്കണ്ട. പറഞ്ഞേക്കാം''.

"നീ പറഞ്ഞോടീ  നീയെന്റെ മുത്തല്ലേ...''

"ഓ... ഈ കണ്ണേട്ടനെ കൊണ്ട് ഞാൻ തോറ്റു .ഞാനിനി ഒന്നും പറയുന്നില്ല പോരേ''.

"ന്റെ പെണ്ണേ...നിന്റെ കുശുമ്പ് കാണാനല്ലേ ഞാനിങ്ങനെ വളവളാന്ന് പറഞ്ഞോണ്ടിരിക്കുന്നത്".

"ഉവ്വ് ഉവ്വ് എന്നിട്ട്  പറയും എനിക്ക് മൊത്തത്തിലങ്ങ് കുശുമ്പാണെന്ന്. ഒന്ന് പോയേന്റെ കണ്ണേട്ടാ...എന്താണ് ഇന്നൊരു ഒലിപ്പീര് എത്ര പെഗ്ഗ് കയിച്ചു''.

"ഓ പിന്നേ നിന്നോട് മിണ്ടാൻ എനിക്ക് വെള്ളമടിക്കേണ്ട ആവശ്യമൊന്നുല്ല".

"ഏയ് ഇല്ലേയില്ല എന്നിട്ടാണല്ലോ, കല്ല്യാണം നിശ്ചയിച്ചതിന് ശേഷം എന്നെ കാണാൻ വരുമ്പോൾ ചെറുതായി മിനുങ്ങീട്ടാണ് വന്നതെന്ന് പറഞ്ഞത്".

"ഓ അതൊക്കെ കഴിഞ്ഞിട്ട്

പത്ത് പതിനേഴ് വർഷായില്ലേ. ഒരു  പഞ്ചിന് വേണ്ടി ഞാനന്നങ്ങനെ പറഞ്ഞത് നീയെന്തിനാ ഇപ്പഴും ഓർത്തോണ്ടിരിക്കുന്നത് ". 

"ഇത്തരം മധുരമുള്ള ഓർമ്മകളാണ് ഞങ്ങളെ കാത്തിരിപ്പിന്റെ നോവോടെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്". അവളുടെ ശബ്ദത്തിലെ നനവവൻ തിരിച്ചറിഞ്ഞു. കുറച്ചു സമയത്തേക്ക് രണ്ടു പേർക്കുമിടയിൽ നിശബദ്ധത കളിയാടി. ഇനിയും മിണ്ടാതിരുന്നാൽ അവളുടെ കണ്ണു നിറയുന്നത് കാണേണ്ടി വരും. അതിന് വഴി വെക്കാതെ  അവൻ തന്നെ വാ തുറന്നു .

"അല്ല നമ്മുടെ കിടുങ്ങാമണികളെ കണ്ടില്ലല്ലോ എവിടെ പോയി..?"

"ഞാനിവിടെ ഉണ്ടച്ഛാ. ബാത്റൂമിലായിരുന്നു".  ലച്ചു വന്ന് ജാനിയുടെ കഴുത്തിൽ തൂങ്ങി . "ഞാനും ഇവിടെ ഉണ്ടച്ഛാ''

പിറകെ തന്നെ അനുവും വന്നു. കുറച്ച് സമയം അച്ഛനോട് എന്തൊക്കെയോ പറഞ്ഞ് രണ്ടും രണ്ട് വഴിക്ക് പോയി. വീണ്ടും ജാനിയും, കണ്ണനും സംസാരം തുടർന്നു. പറഞ്ഞ് പറഞ്ഞ് വാക്കുകൾ പല വഴിക്കാവും അന്നും അതു പോലെ തന്നെ...

"അടുത്ത മാസം പതിനഞ്ചിനാണ് വെഡിംങ് ആനിവേഴ്സിറി..... ഓർമ്മയുണ്ടോ.... ഭവാന്? 

18 വർഷാവുന്നു  നമ്മുടെ കല്ല്യാണം കഴിഞ്ഞിട്ട് അല്ലേ. എത്ര പെട്ടെന്നാണ് വർഷങ്ങളൊക്കെ കടന്നു പോയത്. ഇപ്രാവശ്യമെങ്കിലും വിവാഹ വാർഷികത്തിന് കണ്ണേട്ടന് നാട്ടിലെത്താൻ പറ്റ്വോ?''

അവളുടെ ചോദ്യത്തിന്  ഒരു ചിരിയായിരുന്നു മറുപടി. അവക്കത് കണ്ടപ്പോഴേ കലിപ്പ് വന്നു. 

"ചിരിക്കല്ലെ എനിക്ക് ദേഷ്യം വരുന്നുണ്ട്.

"നിനക്ക് ദേഷ്യം വന്നാ എനിക്കെന്താ പെണ്ണേ...?"

''ഞാൻ കാട്ടിത്തരണുണ്ട്.  കണ്ണുണ്ടാവുമ്പോ കണ്ണിന്റെ വിലയറിയില്ല. ഞാനങ്ങ് പോയാ കാണാം".

"ആഹ്...നീ പോകുമ്പോ എന്റെ പിള്ളേരെ അവിടെ ആക്കീട്ട് പോയേക്കണം".

"ഓ, അല്ലേലും ഞാൻ കൊണ്ടു പോവത്തൊന്നും ഇല്ല. തന്നെ നോക്കിയാ മതി. അല്ലേലും ഞാൻ വരുമ്പോ കൊണ്ട് വന്നതൊന്നുമല്ലല്ലോ?''

ഒരു ചിരിയോടെ അവളത് പറഞ്ഞപ്പോൾ കണ്ണനും ചിരി വന്നു.

"നീ ആദ്യം നമ്മുടെ കല്യാണ  സി ഡി ഒന്ന് റെഡി  ആക്കാൻ നോക്ക്  അത് ശരിക്കും വർക്കാവുന്നില്ലെന്നല്ലെ പറഞ്ഞത്". 

"അത് മൊത്തം സ്റ്റക്കാണ്. അതിനി റെഡിയാക്കാനൊന്നും കഴിയില്ല" . "എന്നാലും നീ നോക്ക് ''. 

"എന്നെ കൊണ്ടൊന്നും വയ്യ. നമുക്കൊരു കാര്യം ചെയ്യാം".

'' എന്താത് !''

 ആകാംക്ഷയോടെയുള്ള കണ്ണന്റ ചോദ്യത്തിന് കണ്ണടച്ചു കൊണ്ടവൾ പറഞ്ഞു.

"കണ്ണേട്ടാ; നമുക്ക് ഒന്നു കൂടെ കല്ല്യാണം കഴിച്ചാലോ? നിങ്ങടെ വല്യ ആഗ്രഹമായിരുന്നില്ലേ, അന്നപൂർണേശ്വരിയുടെ നടയിൽ വെച്ച് എന്നെ കെട്ടണമെന്നത്. ഇപ്പോഴാവുമ്പോ മക്കൾക്ക് കൂടാനും പറ്റും. ആഗ്രഹം നിറവേറും ചെയ്യും. നമുക്ക് ഒന്നൂടെ സിഡി ആക്കാനും പറ്റും". 

മറുപടി ഒന്നും കേൾക്കാത്തതു കൊണ്ടാണ് ജാനി ഒരു കണ്ണ് മാത്രം തുറന്നു നോക്കിയത്. താടിയിൽ വിരലുകളൂന്നീ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. അവനപ്പോൾ.

''എന്നാ ഇങ്ങനെ നോക്കണത്. ഇത് വരെ കാണാത്തതു പോലെ".

''അല്ല ഇത് വരെ കേക്കാത്ത താണല്ലോ നീ ഇപ്പോ പറയുന്നത്. വളർന്ന് പോത്തു പോലെയായി. എന്നിട്ടും കുട്ടിക്കളിക്ക് ഒരു കുറവും ഇല്ല. എന്റെ ദൈവമേ...! ഇതൊക്കെ നീ കാണുന്നില്ലേ..? ഒരു അവാർഡ്‌ തരേണ്ട സമയമൊക്കെ ആയി". 

"ഉവ്വ് ഉവ്വ്.... നിങ്ങക്ക് തന്ന അവാർഡുകൾ ആണല്ലോ ഒമ്പതും ,പതിനഞ്ചും ഒക്കെയായി അകത്തൂടെ നടക്കുന്നത്". 

ഒരു പൊട്ടിച്ചിരിയോടെ  അവൾ പറഞ്ഞു. ''പതിനേഴ് കൊല്ലായി കല്ല്യാണം കഴിഞ്ഞിട്ട്. എന്നിട്ട് ഒന്നിച്ച് ഉണ്ടായത് ഒരു മൂന്ന് കൊല്ലായിരിക്കും. ആഘോഷിച്ചതാണേൽ ഒരു രണ്ടു പ്രാവശ്യവും.

ഗൾഫ് കാരന്റെ ആലോചന വന്നപ്പോഴേ ഞാനച്ഛനോട് പറഞ്ഞതാ അത് വേണ്ടച്ഛാ; വേണ്ടാന്ന്.  എവിടെ കേക്കാൻ നല്ല പയ്യൻ, അറിയുന്ന ആൾക്കാര് ചെക്കനെ കുറിച്ച് അന്വേഷിക്കാൻ ചെന്നിട്ട് പോയി പെട്ടതോ ചെക്കന്റെ മുന്നിലും, ചെക്കനാണേൽ നാരങ്ങ വെള്ളം കലക്കി കൊടുത്ത് അച്ഛനെയങ്ങ് പാട്ടിലും ആക്കി". ജാനിയുടെ വർത്തമാനം കേട്ട് കണ്ണൻ ചിരിയടക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു.

"എന്നാ നിനക്ക് നാട്ടിലുള്ള ഏതേലും കോന്തനെയങ്ങ് കെട്ടിയാ പോരായിരുന്നോ.? അതാവുമ്പോ ഇടക്കിടക്ക് വീട്ടിൽ പോയി. ബാക്കി വരുന്ന പുളിങ്കറീം, ചോറും കൊണ്ടു പോവുകയും ചെയ്യായിരുന്നു".

"ശരിയാ പോയ പുത്തി ആന വലിച്ചാ വരൂലല്ല. നോക്കിക്കോ നമ്മടെ മക്കളെ ഞാൻ ഗൾഫ് കാരനെ കൊണ്ട് കെട്ടിക്കത്തേയില്ല. ഞാനോ വിരഹത്തിന്റെ നോവറിഞ്ഞു. അവര് കൂടി അതറിയണ്ട''. 

അവളുടെ വാക്കുകളിലെ സങ്കടം കണ്ണന് മനസ്സിലാവുന്നുണ്ടായിരുന്നു.

"പറയ്‌,വര്വോ...?"

ചിണുങ്ങി കൊണ്ടവൾ വീണ്ടും ചോദിച്ചു. ''ന്റെ പോത്തേ ഞാനിങ്ങട് വന്നിട്ട് എട്ട് മാസല്ലേ ആയുള്ളു. വീണ്ടും ലീവെന്നും പറഞ്ഞ് ബോസിന്റെ അടുത്ത് ചെന്നാ മതി. പിന്നെ ഇങ്ങോട്ട് വരേണ്ടി വരില്ല. അങ്ങോട്ട് വരാനും, നിങ്ങളോടൊപ്പം കൂടാനും ആഗ്രഹമില്ലാഞ്ഞിട്ടാണോ..? മക്കളൊക്കെ വളർന്നു വരികയല്ലേ. എന്തെങ്കിലുമൊക്കെ സേവിങ്സ്  വേണ്ടെ...? ഇല്ലേൽ; ഇടക്കിടയ്ക്ക് ഞാൻ നിന്നോട് ചോയിക്കുന്നതു പോലെ നമ്മുടെ മക്കളെ കെട്ടുന്നവനും ചോയിക്കില്ലേ നിന്റെ അച്ഛനെന്താ സമ്പാദിച്ചതെന്ന്".

അറിയാതെ ജാനിയുടെ കണ്ണുനിറഞ്ഞു. കൂടുതൽ സംസാരിക്കാതെ അവൾ ഫോൺ കട്ടു ചെയ്തു.

കണ്ണന് മനസ്സിലായി ജാനിക്കത് സങ്കടായെന്ന്. അങ്ങനെയുള്ള അവസരത്തിൽ അവൾ ഫോണും വച്ചിട്ടങ്ങ് പോകും പിന്നെ മൈന്റ് ഒക്കെ ശരിയായതിനു ശേഷം വീണ്ടും തിരിച്ചു വിളിക്കും.

തനിക്ക് കിട്ടിയതിൽ വച്ചേറ്റവും വലിയ നിധിയാണവൾ.തന്റെ ഇല്ലായ്മയിലും വല്ലായ്മയിലും കൂടെ നിന്ന പെണ്ണ്.

പെണ്ണ് കാണാനിറങ്ങിയപ്പോൾ താൻ ആദ്യമായി കണ്ട പെണ്ണ്. സമ്പാദ്യമെന്നു പറയാൻ ജാനിയുടെ അച്ഛന്റെ കൈയിൽ  ഉണ്ടായിരുന്നത് ,അദ്ദേഹത്തിന്റെ കുടുംബവും ,എല്ലാവരോടുമുള്ള നല്ല പെരുമാറ്റവും മാത്രം. അധികം സ്വത്തും, കാര്യങ്ങളും ഒന്നുമില്ലാത്ത ഒരു പെണ്ണിനെ കെട്ടുക എന്നതിനോട്  വീട്ടുകാർക്കും, ബന്ധുക്കൾക്കും വല്ല്യ താൽപ്പര്യമൊന്നും ഇല്ലായിരുന്നു. പക്ഷെ തന്റെ ഒറ്റ ശാഠ്യത്തിനു മുന്നിൽ എല്ലാവരും വഴങ്ങിയെന്നു മാത്രം.അറിയാവുന്ന കുടുംബത്തിലേക്ക് മകളെ അയക്കുന്നതിലുള്ള സമാധാനം നിറഞ്ഞ അദ്ദേഹത്തിന്റെ മുഖം ഇപ്പൊഴും മനസിൽ മായാതെ കിടപ്പുണ്ട്. വീടിനടുത്തുള്ള അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ വച്ച് താലികെട്ടി അവളെ തന്റെ വധുവാക്കണമെന്നായിരുന്നു  ആഗ്രഹം.പിറന്നു വീണ വീട്ടിൽ വച്ച് എല്ലവരുടെയും സാന്നിധ്യത്തിൽ മകളെ കണ്ണനെ ഏൽപ്പിക്കണമെന്ന ആ അച്ഛന്റെ ആഗ്രഹത്തെ ധിക്കരിക്കാൻ തനിക്കും മനസ്സു വന്നില്ല.

വിവാഹം കഴിഞ്ഞന്നു രാത്രിയിൽ, താനവളോട് തന്റെ ആഗ്രഹം പറഞ്ഞിരുന്നു. അതോണ്ട് ഇടക്കിടെ അവൾ പറയും 'കണ്ണേട്ടാ, നമുക്ക് ഒന്നു കൂടെ കല്ല്യാണം കയിച്ചാലോ? നിങ്ങടെ അമ്മയുടെ നടയിൽ വച്ച് '.അതിന് മറുപടി പറയാതെ താനവളെ ശുണ്ഠി പിടിപ്പിക്കും.

ഇടക്കിടെ അവളുടെ കുശുമ്പ് കാണാൻ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. ചില സമയങ്ങളിൽ വാക്പയറ്റു കൊണ്ട് പിടിച്ചു നിൽക്കും. അല്ലാത്ത പക്ഷം   ദേ സങ്കടം വന്ന് ഇങ്ങനെ ഒരു പോക്ക് പോകും. എന്തൊരു പ്രശ്നം വന്നാലും ഒരു ചിരിയോടെ "എല്ലാം ശരിയാകും കണ്ണേട്ടാ " എന്ന അവളുടെ വാക്കു മതി പ്രശ്നങ്ങളെ നോക്കി ആത്മവിശ്വാസത്തോടെ സുരേഷ് ഗോപിയുടെ ഡയലോഗ് പറയാൻ തോന്നും.

വർഷം ഇത്രയും ആയിട്ടും ഒരാഗ്രഹവും പറഞ്ഞിട്ടില്ല. ആകെ ശഠിക്കുന്നൊരു കാര്യമാണ്. എന്നും കൂടെ ഉണ്ടാവണമെന്നത് .അതാണ് തനിക്ക് സാധിച്ചു കൊടുക്കാനും പറ്റാത്തത്.

അവളെയും, പിള്ളേരെയും സ്ക്രീനിൽ കാണുമ്പോൾ ,ഓടീ അവർക്കരികിൽ അണയാൻ തോന്നും.മുന്നോട്ടുള്ള ജീവിതത്തിന്റെ ശൂന്യത!ആ ആഗ്രഹത്തെ ഇവിടെ തന്നെ പിടിച്ചു നിർത്തും.

ലച്ചു വിന് രണ്ടു വയസുള്ളപ്പോഴാണ്.ഗൾഫ് ജീവിതത്തിന്റെ ചൂട് തേടിയിറങ്ങിയത്. വിരുന്നുകാരനെപ്പോലെ വീടണയുമ്പോൾ കുട്ടികൾ ,ഓടി നെഞ്ചോട് ചേരുന്നത് നിരന്തരമുള്ള വീഡിയോ കോൾ ഒന്നു കൊണ്ടു മാത്രമാണ്.

രാവുറങ്ങുമ്പോൾ നെഞ്ചോട്‌ ചേർന്നു കിടന്നു കൊണ്ടവൾ ചോദിക്കും. ''കണ്ണേട്ടാ...രണ്ട് പെങ്കുട്ട്യേളയതു കൊണ്ട് എന്നോട് ദേഷ്യമുണ്ടോ...?'' 

ആ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്നേ നെഞ്ചോടമർത്തി താനവളുടെ കാതിൽ പറയും. ''രണ്ടും പെണ്ണായത് നന്നായി. കെട്ടിച്ചു വിട്ടാ പിന്നെ നമ്മള് മാത്രമാവില്ലേ...? വയസാം കാലത്ത് കണ്ണോട് കണ്ണും നോക്കി പരസ്പരം സ്നേഹിച്ചും, പ്രേമിച്ചും, വഴക്കിട്ടും ജീവിതമങ്ങ് സുന്ദരമാക്കാലോ എന്ന്''.അതിനുത്തരം ഒരു മൂളൽ മാത്രമാണ്.

''കണ്ണേട്ടാ"നെഞ്ചിൽ ചിത്രം വരച്ചുകൊണ്ട് വീണ്ടുമവൾ വിളിക്കും. 

"എന്താടീ കൊരങ്ങേ ''

''ഞാനില്ലാതായാൽ കണ്ണേട്ടന് വിഷമമുണ്ടാവോ?''

''എന്തിന് ഞാൻ കുറേക്കൂടി അടിച്ച് പൊളിച്ചങ്ങ് ജീവിക്കും''.

''അമ്പട കള്ളാ മനസിലിരിപ്പ് കൊള്ളാലാ...''

അതോടൊപ്പം തന്നെ നെഞ്ചിൻ കൂട് കലക്കുകയും ചെയ്യും. 

''എന്റെ പെണ്ണേ; നീയിപ്പോ തന്നെ എന്നെ മേലോട്ടയക്കുന്ന ലക്ഷണമുണ്ടല്ലോ?' കളിയോടെയാണ് ആ പറച്ചിലെങ്കിലും ഉള്ളിലൊരു നോവാണ്.

ചിന്തകൾ കാടുകയറുന്നതിനിടയിൽ ഫോൺ വീണ്ടും റിങ് ചെയ്തു. ദാ തെറ്റിയില്ല ജാനിയാണ്. പക്ഷെ മറുതലയ്ക്കൽ ലച്ചു വിന്റെ മുഖം തെളിഞ്ഞു. 

''അച്ഛനും, അമ്മയും വഴക്കിട്ടോ ...?'' മുഖവുരയില്ലാതെയുള്ള മോളുടെ ചോദ്യം മനസിലൊരു പതർച്ച സമ്മാനിച്ചു. 

''ഇല്ലെടി മോളേ...ഇന്ന് വഴക്കുണ്ടാക്കിയതേയില്ല''.

''കള്ളം പറയാതെ അച്ഛാ; പിന്നെ എന്തിനാണ് അമ്മ കരയണത്''.

കരച്ചിലിന്റെ കാരണങ്ങൾ ഓരോന്നായി കണ്ണൻ മകളെ പറഞ്ഞു കേൾപ്പിച്ചു. അവളെല്ലാം മൂളി കേട്ടു . മകളാണെങ്കിലും അവളാണ് രണ്ടു പേരുടെയും പിണക്കങ്ങളെ ഇല്ലായ്മ ചെയ്യുന്നത്. അധികമൊന്നും സംസാരമില്ലെങ്കിലും. അച്ഛന്റെയും., അമ്മയുടെയും കാര്യത്തിൽ അവൾ അതീവ ശ്രദ്ധാലുവാണ്. അനു;കുട്ടി ആയതോണ്ടാവാം ഈ വക കാര്യങ്ങളിലൊന്നും ഇടപെടാത്തത്  .

"അച്ഛാ...''

എല്ലാം കേട്ടതിനു ശേഷം ലച്ചു പതിയെ വിളിച്ചു.

''ഞാനൊരു കാര്യം പറഞ്ഞാ അച്ഛനത് അനുസരിക്ക്വോ?''

''എന്താണ്..?''

''അമ്മയോട് പറയാൻ പാടില്ല''. 

''നീ  പറയെടീ എന്നിട്ട് നോക്കാം''. ''അങ്ങനെ നോക്കണ്ട''

''ശ്ശെടാ... ഇത് വല്ല്യ കഷ്ടായല്ലോ...'' ''ആഹ്; സാരില്ല ഇത്തിരി കഷ്ടമൊക്കെ സയിക്കുന്നത് നല്ലതാ''

''ഓഹ് നീ അമ്മേടെ മോള് തന്നെ '' ''സമ്മയിച്ചേ എന്നാ എൻ്റെ പൊന്നച്ഛൻ ഇതൂടെ കേക്ക്''.

 ആവശ്യമില്ലാത്ത കാര്യമൊന്നും ലച്ചു പറയില്ലെന്നറിയാം.അതോണ്ടാവാം  ഒരു ഉത്കണ്ഠ.

''അച്ഛനേതായാലും ലീവെടുത്ത് ഇങ്ങു വാ. ഒരു പത്തു പതിനഞ്ച് ദിവസം ലീവ് കിട്ടാതിരിക്കോ...''

''എന്റെ  ലെച്ചൂ,നീയും അമ്മേടെ കൂട്ടാണോ...?'' കുറച്ച് ചിരിയോടെ ലച്ചു പറഞ്ഞു. 

"നോക്ക ച്ഛാ, ഇത്രേം വർഷായില്ലേ... അതിൽ ഒരിക്കലെങ്കിലും അച്ഛനും  ആഗ്രഹിച്ചിട്ടുണ്ടാവില്ലേ വീണ്ടും ഒന്നിച്ചു കൂടി വെഡ്ഡിംങ് ആനിവേഴ്സറിക്ക് കേയ്ക്കൊക്കെ മുറിക്കണംന്ന്''.

''ആഗ്രഹങ്ങളൊക്കെ എന്നും ഉണ്ട്".

''പിന്നെന്താ അച്ഛനൊന്ന് ആഞ്ഞു ശ്രമിച്ചാ നടക്കുന്ന കാര്യമേ ഉള്ളു".

" നോക്കട്ട്''

''നോക്കിയാ പോരാ''

 ലച്ചു പിന്നേം കൊഞ്ചിക്കൊണ്ടിരുന്നു.

'' ഈ വരുന്ന പതിനെട്ടാമത്തെ വിവാഹ വാർഷികത്തിന് അമ്മയ്ക്ക് അച്ഛൻ കൊടുക്കുന്ന സർപ്രൈസ് ആയിരിക്കണം ഈ വരവ്''.

''എന്റെ ലച്ചൂ  നീയെന്നെ കൺഫ്യൂഷനാക്കാതെ...?''

'' ഒരു കൺഫ്യൂഷനും ഇല്ല.എന്നാ പിന്നെ ഒക്കെ,ഞാൻ ഫോൺ വെക്കുവാണേ...'' കൂടുതൽ എന്തേലും പറയുന്നതിനു മുന്നേ അവൾ ഫോണും വച്ച് പോയ്ക്കളഞ്ഞു.

എന്തു ചെയ്യും എന്ന ചിന്താഭാരത്തോടെ ഇരിക്കുമ്പോഴാണ് കൂടെ വർക്ക് ചെയ്യുന്ന റിയാസ് കയറി വന്നത്. 

''എന്താണ് മച്ചൂ ഒരു ആലോചന'' കണ്ണനവനോട് കാര്യം പറഞ്ഞു.

''ഓഹ് ഇതിനാണോ നീ ഒരു മാതിരി എന്തോ കളഞ്ഞ് പോയ പോലിരിക്കണേ..?''

അവൻ കളിയാക്കി കൊണ്ട് ചിരിച്ചു. 

''ആ നീ ചിരിക്ക്  നിനക്ക് തമാശ.

'' ഡാ എന്നാ തമാശയല്ലാത്തൊരു കാര്യം പറയാം".

അവനാകാംക്ഷയോടെ റിയാസിന്റെ മുഖത്ത് നോക്കി.

"നീ ഏതായാലും ഫോർമാനെ പ്പോയിക്കാണ്.അങ്ങേര് ലീവ് തരും''. 

''പിന്നെ...''

''ആഹ് സത്യം ,ഞാനി പ്രാവശ്യം ലീവിന് കൊടുക്കുന്നില്ല..."

"അതെന്തേ...''

"ഐഷൂനെ ;ഇങ്ങോട്ട് കൊണ്ടരണം ന്ന് വിചാരിക്കുവാ".

"ആഹാ കൊച്ചു കള്ളൻ എന്നിട്ട്  ഇപ്പഴാണോ പറയുന്നത്.അതല്ലടാ ഒന്നും ഉറപ്പായിട്ടില്ലായിരുന്നു. ഇന്നലെയാ എല്ലാം ശരിയായത്. കെട്ടിക്കൊണ്ട് വന്ന് അടുക്കളേൽ തളച്ചൂന്ന് പറയാൻ പാടില്ല.ഇങ്ങനെയൊക്കെ അല്ലെ നമുക്ക് അവരെ സന്തോഷിപ്പിക്കാൻ പറ്റൂ".

മറുപടി അവനൊരു മൂളലിലൊതുക്കി. 

"നീ;മൂളിക്കൊണ്ട് നിക്കാതെ  ഫോർമാനെ പ്പോയിക്കാണ്''.

''ഈവനിംങ് ആവട്ട്''

''അതു വരെയൊന്നും കാക്കണ്ട പോയേ" ഇനീം അവിടെ തന്നെ നിന്നാ ചിലപ്പോഴവൻ വാതിലടച്ച് പുറത്താക്കിയേക്കും.സ്നേഹമുള്ള വനാണ്.അതു കൊണ്ട് തന്നെ അവന്റ വാക്കുകൾ ധിക്കരിക്കാനും പ്രയാസം തോന്നി.ഒരു കുളിയും പാസാക്കി ഡ്രസും മാറി.ഓഫീസിലേക്ക് പോകുമ്പോൾ മനസ് പെരുമ്പറ കൊട്ടുന്നത് അവറിയുന്നുണ്ടായിരുന്നു.

ഫോർമാന്റെ ക്യാബിനുള്ളിലേക്ക് ചെന്നപ്പോൾ അദ്ദേഹം ഒരു പുഞ്ചിരിയോടെ  അഭിവാദ്യം ചെയ്തു. "ഹലോ മിസ്റ്റർ കൃഷ് ഹൗ ആർ യൂ'' അറിയാവുന്ന ഇംഗ്ലീഷിൽ അങ്ങേര് ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം അവനും ഉത്തരം പറഞ്ഞു.ലീവിന്റെ കാര്യo പറഞ്ഞപ്പോൾ ബോസിനോട് സൂചിപ്പിക്കാമെന്ന് പറഞ്ഞു. വലിയ പ്രതീക്ഷയൊന്നുമില്ലാതെയായിരുന്നു' റൂമിലേക്ക് മടങ്ങിയത്.

പിറ്റേന്ന് നേരം വെളുത്തപ്പോൾ ലീവ് അനുവദിച്ചിട്ടുണ്ടെന്ന വാർത്തയായിരുന്നു അവനെ തേടിയെത്തിയത്. സന്തോഷം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്നറിയാതെ ജാനിയുടെ നമ്പർ അവൻ ഡയൽ ചെയ്തു . സ്ക്രീനിൽ അവളുടെ നിർന്നിമേഷമായ മുഖം കണ്ടപ്പോൾ ലീവ് കിട്ടിയെന്ന് വിളിച്ചു പറയാൻ മനസ്സ് വെമ്പി. വേണ്ട

ആനിവേഴ്സറിക്ക് അപ്രതീക്ഷിതമായി മുന്നിൽ കണ്ടാൽ ആയിരം ചന്ദ്രൻ മാർ ഒന്നിച്ചുദിച്ച പോലെ തെളിയുന്ന അവളുടെ മുഖം മനസ്സിൽ കണ്ടപ്പോൾ ലീവിന്റെ കാര്യം മിണ്ടാൻ തോന്നിയില്ല . ലച്ചു വിനോട് മാത്രം ചിലപ്പോ വരാൻ പറ്റുമോന്ന് നോക്കാമെന്ന് പറഞ്ഞു.

എന്താന്നറിയില്ല കുറച്ചു ദിവസങ്ങളായി ,നേരാംവണ്ണം കണ്ണേട്ടൻ തന്നോട് സംസാരിച്ചിട്ട്.ആകപ്പാടെ സങ്കടോം, ദേഷ്യേം വരുന്നുണ്ട്. ദിവസോം നാലു നേരോം വിളിക്കും . ഫോർമാലിറ്റിക്ക് മാത്രം ഒന്നോ, രണ്ടോ വർത്താനം... ലച്ചുവിനോട് എന്തൊക്കെയോ സംസാരിക്കുന്ന കേൾക്കാം. അതെങ്ങനെയാ  തന്നോട് സംസാരിച്ചാ എന്തായാലും ലീവെടുത്ത് വരാൻ പറയും .അത് ചിലപ്പോ വെഷമാവുകയും ചെയ്യും. ആ മിണ്ടുന്നില്ലെ മിണ്ടണ്ട ഞാനും മിണ്ടുന്നില്ല. കണ്ണേട്ടന് മാത്രല്ലല്ലോ.,, വിഷമം, എനിക്കും ഉണ്ട് .ജീവിതത്തോട് വല്ലാത്തൊരു മടുപ്പ് അവൾക്ക് തോന്നി.

രാവിലെ ഉറക്കമുണർന്ന് അടുക്കളയിലേക്ക് വന്ന ലച്ചു; കണ്ടു

ഒരു ഉന്മേഷവും ഇല്ലാതെയുള്ള അമ്മയുടെ നിപ്പ്', അത് കണ്ടപ്പോൾ ... ഇത്തിരി വിഷമം തോന്നി പക്ഷെ അച്ഛന് കൊടുത്ത വാക്ക് ധിക്കരിക്കാൻ തോന്നിയില്ല. സാരില്ല  അച്ഛനെ നേരിട്ട് കാണുമ്പോ ഉഷാറായിക്കോളും.

"അമ്മേ...''

കൊഞ്ചിക്കൊണ്ട്  ലച്ചു, ജാനിയുടെ ഇടുപ്പിൽ കെട്ടിപ്പിടിച്ചു കൊണ്ട് വിളിച്ചു. "എന്തേനും ഒരു കൊഞ്ചൽ''

''ഒന്നുല്ലമ്മാ,ആനിവേഴ്സറിക്ക് ഇനി രണ്ടൂസല്ലേ ഉള്ളൂ''.

''ആഹ്...''

ഒട്ടും താൽപ്പര്യമില്ലാതെ ജാനി മൂളി. ''അമ്മക്കെന്താ ഒരു ഉശാറും ഇല്ലാത്തെ'' ''പിന്നെ ഞാനെന്താ തുള്ളിച്ചാടണോ...?'' ഇത്തിരി ദേഷ്യത്തോടെയായിരുന്നു ആ ചോദ്യം.

''അതല്ലമ്മാ...നമുക്കന്ന് കുറച്ച് സദ്യയൊക്കെ ആക്കണം. കേയ്ക്കൊക്കെ കട്ട് ചെയ്യണം''. 

''ബെസ്റ്റ്... പിറന്നാളായിരുന്നേൽ കേയ്ക്കൊക്കെ തന്നെ കട്ട് ചെയ്യാമായിരുന്നു.ഒന്നു പോ പെണ്ണേ എനിക്ക് അടുക്കളേലൊരു നൂറു കൂട്ടം പണിയുണ്ട്''.   

ലച്ചുവിനോട് ദേഷ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് അനു ഫോണുമായി വന്നത്. 

''അമ്മേ ദേ...അച്ഛൻ വിളിക്കുന്നു'. രാവിലെ ആ വിളി പതിവുള്ളതാണ് . ഒന്നും മിണ്ടാതെ ജാനി ഫോൺ വാങ്ങി.ഒരു ശൃംഗാര ചിരിയോടെയുള്ള കണ്ണേട്ടന്റെ നോട്ടം കണ്ടപ്പോൾ എന്തോ മനസിലൊരു നാണം തോന്നിപ്പോയി.

''കുളിയൊക്കെ കഴിഞ്ഞ് സുന്ദരിയായിട്ടുണ്ടല്ലാ''

ഒരു പുഞ്ചിരിയോടെ കണ്ണൻ പറഞ്ഞു. അടുത്ത വർത്താനം എന്തേലും വഷളത്തരമായിരിക്കും . പിള്ളേര് കേക്കുന്നതിനു മുന്നേ ഈയർ ഫോണെടുത്ത് ചെവിയിൽ വച്ചു. 

''ഞാൻ കര്തി നിങ്ങളെന്നെ ഡിവോഴ്സ് ചെയ്തുവെന്ന് ''

''അച്ചോടാ എന്റെ ജാനി കുട്ടിയില്ലാതെ ഈ കണ്ണനൊരു ജീവിതമുണ്ടോ...?'' ''വേണ്ടാ സോപ്പീരൊന്നും വേണ്ട'' ''സോപ്പൊന്നും അല്ലെന്റെ മോളേ"

 ''വിശ്വസിച്ച് ''

''സത്യമാടീ പെണ്ണേ''

ഓരോന്നൊക്കെ സംസാരിച്ച്  രണ്ടു പേരുടെയും മനസ്സിൽ അതുവരെയുള്ള മൂടി കെട്ടലുകൾക്ക് ഒരു അയവു വന്നു ...

'' അത് പോട്ടെ മറ്റന്നാൾ എന്താ പരിപാടി''

''കണ്ണേട്ടൻ പറഞ്ഞോ ഞാനത് പോലെ  ചെയ്യാം''

ഒരു ചിരിയോടെ ജാനി പറഞ്ഞു.

''എന്നാ ആ ദിവസം എന്റെ ജാനി കുട്ടി  അന്നപൂർണേശ്വരിയുടെ അമ്പലത്തിൽ പോണം. എങ്ങനെ പോണംന്ന് അറിയോ? നമ്മുടെ കല്ല്യാണത്തിന്റെയന്ന് ഉടുത്ത സാരിയൊക്കെയുടുത്ത് ഇത്തിരി മുല്ലപ്പൂവൊക്കെ ചൂടി,അങ്ങനെ''

''അത് വേണോ?''

''അരികിൽ കണ്ണേട്ടനില്ലല്ലോ...? അത് വേണ്ടപ്പാ''

''വേണം എന്റെ പെണ്ണ് അങ്ങനെ പോയാമതി''

ഇത്തിരി ശാഠ്യത്തോടെയായിരുന്നു അവനത് പറഞ്ഞത്. 

''കണ്ണേട്ടാ"

''വേണ്ട കിണുങ്ങണ്ടാ,അങ്ങനെ പോയാ മതി, മക്കളേം കൂട്ടിക്കോണം. രാവിലെ ഞാൻ വീഡിയോ കോൾ ചെയ്യുമ്പോൾ നിങ്ങൾ അമ്പലത്തിലായിരിക്കണം'' ''ശ്ശോ ;ഈ കണ്ണേട്ടന്റെ കാര്യം .അതിന്റെ ബ്ലൗ സൊന്നും ശരിയല്ല.

''ഒരു ശരിയില്ലായ്മയും ഇല്ല .ലച്ചുവിന്റെ കയ്യിൽ കൊടുത്ത് വിട്ടാ മതി അവൾ ടൗണിൽ പോകുമ്പോ ശരിയാക്കി കൊണ്ട് വന്നോളും''.

''കണ്ണേട്ടാ''

കൊഞ്ചലോടെയുള്ള ജാനിയുടെ വിളിക്ക് ഒരു മറു ചിരി ചിരിച്ച് കണ്ണൻ ഫോൺ വച്ചു.

ചില വാശികൾ ഉണ്ട് കണ്ണേട്ടന് അത് പാലിക്കാൻ എല്ലായ്പ്പോഴും താൻ ബാധ്യസ്ഥയുമാണ്.ആ വാശികൾക്ക്  സ്നേഹത്തിൽ പൊതിഞ്ഞ ഒരു ഗന്ധവുമുണ്ട്.അത് തനിക്ക് ഇഷ്ടവുമാണ്. എന്നാല് ഇത്, മനസിലെന്തോ ഭാരം നിറഞ്ഞതു പോലെ കണ്ണുകളിലറിയാതെ നനവു പടർന്നു.

പതിനഞ്ചാം തീയ്യതി രാവിലെ എല്ലാവരെക്കാളും മുന്നേ ലച്ചു ഉറക്കമുണർന്നു. അവളായിരുന്നു അമ്മയേയും അനിയത്തിയേയും വിളിച്ചുണർത്തിയത്. സാരിയുടുപ്പിക്കുന്നതിനും, പൂ ചൂടിക്കുന്നതിനും ലച്ചു വായിരുന്നു മുന്നിൽ നിന്നത്. ഇടയ്ക്കിടെ നിറയുന്ന കണ്ണുകൾ മക്കൾ കാണാതെ മറച്ചു പിടിച്ചു.വീടുപൂട്ടി അമ്പലത്തിലേക്ക് ഇറങ്ങുന്ന വഴി ഫോൺ റിങ് ചെയ്തു കണ്ണേട്ടനാവുമെന്നാണ് കരുതിയത്.അല്ല കണ്ണേട്ടന്റെ പെങ്ങൾ മീനുവാണ്.

''Happy wedding anniversary dear ഏടത്തി''

''താങ്ക്സ് ഡീയർ''

''ഏടത്തി വീട്ടീന്ന് ഇറങ്ങിയോ?''

''ഇല്ല ദേ ഇറങ്ങാൻ പോണു''

''ആ എന്നാ പെട്ടെന്ന് ഇറങ്ങിക്കോ! ഞങ്ങളിവിടെ അമ്പലത്തിൽ ഉണ്ട്''

അവരൊക്കെ വന്നിട്ടുണ്ടെന്നറിഞ്ഞപ്പോൾ ജാനിക്ക് സന്തോഷം തോന്നി.പക്ഷെ കണ്ണന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അതെവിടെയോ പോയി മറയുകയും ചെയ്തു.

അന്നപൂർണേശ്വരിയുടെ നടയിൽ തൊഴുകൈയ്യോടെ എല്ലാം മറന്നു നിൽക്കുകയായിരുന്നു.ജാനി ആ സമയത്തായി അമ്പലനടയിൽ ഒരു കാർ വന്നു നിന്നു.അതിൽ നിന്നും കണ്ണൻ പതിയെ ഇറങ്ങി.നടയ്ക്ക് പുറത്തു നിൽക്കുകയായിരുന്ന മീനുവിന്റെ ഭർത്താവ്  ശരത്ത് ,മുണ്ടും ഷർട്ടും ധരിച്ച് തനിക്കരികിലേക്കായി വരുന്ന കണ്ണനെ കണ്ട് ഒരു മാത്ര ഞെട്ടി.കാരണം നാട്ടിൽ വരുന്നുണ്ടെന്നറിഞ്ഞാൽ എയർപോർട്ടിൽ കൂട്ടാൻ പോകുന്നത് അയാളാണ്.അതിന് ജാനി കളിയാക്കുകയും ചെയ്യും. മിഥുനം ടൂർ പോലെയാണ് കണ്ണേട്ടന്റെ വരവെന്ന്. ഒച്ചവയ്ക്കാൻ വാ തുറന്ന ശരത്തിനു നേരെ മിണ്ടരുതെന്നവൻ ആംഗ്യം കാട്ടി. നടയിലായി  ജാനിയും, മീനുവും നിൽക്കുന്നു. ജാനി ഈ ലോകത്തേ അല്ലെന്ന് തോന്നി. ആകസ്മികമായി അവനെ കണ്ടതിൽ ശബ്ദമുണ്ടാക്കാൻ ഒരുങ്ങുകയായിരുന്ന എല്ലാവരോടും മിണ്ടരുതെന്ന് ആംഗ്യം കാട്ടി അവൻ ജാനിക്കരികിലായി എത്തി.

''ജാനി കുട്ടീ...."

ചെവിക്കരികിലായി ഒരു മർമ്മരം . ഞെട്ടലോടെ തിരിഞ്ഞ് പിറകിലേക്ക് നോക്കിയ ജാനിയുടെ ശ്വാസം വിലങ്ങി .

''കൺ കണ്ണേട്ടാ"

ചിരിയും, കരച്ചിലും എല്ലാം കൂടെ എന്തു ചെയ്യേണ്ടുവെന്നറിയാതെ ജാനി ഒരു മാത്ര സ്തംഭിച്ചു നിന്നു പോയി.പിന്നെ ചുറ്റിലും ആളുണ്ടെന്ന് പോലും ഓർക്കാതെ കണ്ണന്റെ നെഞ്ചോട് ചേർന്നമ്മർന്നു നിന്നവൾ ഏങ്ങലടിച്ചു പോയി. എത്രയോ നേരമങ്ങനെ രണ്ടു പേരും ആ നിൽപ്പ് തുടർന്നു.

''അയ്യേ എന്തായിത് റൊമാന്റിക് സീനോ...?''

 ലച്ചു വിന്റെ ശബ്ദമാണ് രണ്ടു പേരെയും ബോധത്തിലേക്ക് കൊണ്ടുവന്നത്. തെല്ലു നാണത്തോടെ ജാനി കണ്ണന്റെ മാറിൽ നിന്നും അകന്ന് മാറി . അമ്പലമാണെന്നോർക്കാതെ എല്ലാവരും വിശേഷം പറച്ചിലുകളുമായി കണ്ണന് ചുറ്റിലും കൂടി.

''അമ്മയ്ക്ക് സന്തോഷമായില്ലേ.വിവാഹ വാർഷികത്തിന് അച്ഛൻ തന്ന സർപ്രൈസ് ഗിഫ്റ്റണിത്''.

''ലച്ചൂ ''

''എന്താ അച്ഛാ...''

''ഇതല്ല അച്ഛൻ അമ്മയ്ക്കു നൽകുന്ന സർപ്രൈസ് !"

''പിന്നെ''

''വെയ്റ്റ് ആദ്യം നമ്മളൊന്നിച്ച് അമ്മയെ ഒന്ന് തൊഴുതിട്ടുവരാം".

പിന്നെ ഒന്നും പറയാതെ ജാനിയുടെ കൈകവർന്ന് അമ്പലത്തിനുള്ളിലേക്ക് നടന്നു.തൊഴുത് പുറത്തിറങ്ങുന്നതിനിടയിൽ ജാനി കാണാതെ എന്തോ അവൻ പൂജാരിയെ ഏൽപ്പിച്ചു സ്വകാര്യം പറഞ്ഞു. അയാളൊരു ചിരിയോടെ തല കുലുക്കി.

പുറത്ത് എല്ലാവരുംആകാംക്ഷയോടെ അവരെ കാത്തു നിൽക്കുകയായിരുന്നു.കണ്ണെനെന്താണ് ജാനിക്ക് സർപ്രൈസ് നൽകുന്നതെന്നറിയാൻ. അപ്പോഴേക്കും പൂജ കഴിഞ്ഞ് പൂജാരി അവർക്കരികിലേക്ക് വന്നു . രണ്ട് തുളസിമാലകൾ രണ്ടുപേരുടെയും കയ്യിലേക്ക്  നൽകി.  ഒപ്പം ചരടിൽ കോർത്തെടുത്ത ഒരു താലിയും എല്ലാവരും ആകാംക്ഷയുടെ മുനമ്പിലായിരുന്നു. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നറിയാതെ അന്തം വിട്ട്ജാനിയും:  താലി എല്ലാവരും കാണെ ഉയർത്തി പിടിച്ചു കൊണ്ടവൻ പറഞ്ഞു. "നോക്ക് ഞാൻ ജാനിയെ ഒന്നൂടെ താലിചാർത്താൻ പോവ്വാണ്. വർഷങ്ങളായുള്ള എന്റെ ആഗ്രഹം.ഈ നടയിൽ വച്ച്,എന്റെ പെണ്ണിന്റെ കഴുത്തിൽ താലിചാർത്തണമെന്നത്" ജാനി യാകെ നാണം കൊണ്ട് ഒന്നുമല്ലാതായി. മക്കളുടെയും, ബന്ധുക്കളുടെയും സാന്നിധ്യത്തിൽ അവനാതാലിച്ചരട്അവളുടെ കഴുത്തിൽ വീണ്ടും കെട്ടി. അതു വരെ അടുക്കി പിടിച്ചു വച്ച സങ്കടം മുഴുവൻ ആ ഒരൊറ്റ നിമിഷത്തിൽ ഒന്നോടെ പുറത്തേക്ക് പ്രഹിച്ചു.കണ്ണനവളെ ചേർത്തുനിർത്തി നിറുകയിലൊരു ഉമ്മ നൽകി.ആ സമയത്തായിരുന്നു. അവന്റെ ഫോൺ റിങ്ങ് ചെയ്തത്. സ്ക്രീനിൽ റിയാസിന്റെ പേരു തെളിഞ്ഞു. "എന്തായി മച്ചൂ " ആകാംക്ഷയോടെയുള്ള അവന്റെ ചോദ്യം."എല്ലാം ഭംഗിയായി നടന്നു "  ''രണ്ടാമതും കെട്ടൊക്കെ കഴിഞ്ഞെന്നു വച്ച് അബദ്ധമൊന്ന് കാട്ടിയേക്കല്ലേടാ, പിള്ളേരെ  കെട്ടിച്ചു വിടാനായെന്ന കാര്യം മറക്കണ്ട. ''ഒന്ന് പോടാ".''ഉംഉം നടക്കട്ടെ, പിന്നെ വിളിക്കാം". അവനെന്താണ് പറഞ്ഞതെന്നറിയാൻ ജാനി കണ്ണന്റെ മുഖത്തേക്ക് നോക്കി. അവൻ പറഞ്ഞ കാര്യം ഇത്തിരി എരിവും, പുളിയും ചേർത്ത് കണ്ണനവളുടെ കാതിൽ പറഞ്ഞു. ഛീ വഷളൻ ഒന്ന് പോയേന്നു പറഞ്ഞവൾഒരു തള്ളുവച്ചു കൊടുത്തു. ''അമ്മേ... നാരായണ...ഇതിനെ ഇനിയും ഞാൻ തന്നെ സയിക്കണല്ലോ ? പാവം ഈ പുത്രന് നീ തന്നെ തുണ!" ഒരു ചിരിയോടെയവൻ പറഞ്ഞു. മറ്റുള്ളവരും ആ ചിരിയിൽ പങ്കുചേർന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ