(T V Sreedevi )
"നിനക്കൊരിക്കലും അവളെ സ്വന്തമാക്കാൻ ആവില്ലല്ലോ?" കയ്യിലിരുന്ന ചൂട് കാപ്പി ഊതിക്കുടിച്ചുകൊണ്ട് അജിത് ചോദിച്ചു. "പിന്നെ നീ എന്തിനാ വെറുതെ സമയം പാഴാക്കുന്നെ? "
ലുലുമാളിലെ കോഫി ഷോപ്പിൽ ഒരു മേശക്കു ചുറ്റും ഇരിക്കുകയായിരുന്നു അവർ.
"അതെന്താ നീ അങ്ങനെ പറഞ്ഞത്?"
"ഇവനെന്താ കുഴപ്പം?"
"സോ ഹാൻസം."
"അവളുടെ സീനിയർ ഓഫീസർ.
ഒരേ കമ്പനിയിൽ... പിന്നെന്താ?"
അനൂപ് വാദിച്ചു."അതൊക്കെ ശരിതന്നെ.പക്ഷെ ഇതൊരു മാതിരി ചങ്ങമ്പുഴയുടെ രമണൻ, ചന്ദ്രിക സ്റ്റൈൽ ആയിപ്പോകും."
"അത്രക്ക്ഫിനാൻഷ്യൽ ഡിഫറൻസ് ഉണ്ട് ". അജിത് പറഞ്ഞു.
"എടാ എനിക്ക് നന്നായി അറിയാം. എന്റെ മാമന്റെ വീടിന്റെ അടുത്താ ഈ അനു ജോസഫ്ന്റെ വീട്."
"ഭയങ്കര റിച്ച് പാർട്ടിയാ. രണ്ടു ചേട്ടന്മാരും ഡോക്ടർ മാരാ."
അജിത് വിശദമായിപ്പറഞ്ഞു.
"അതിനെന്താ ഇത് വൺവേ പ്രേമമൊന്നുമല്ലല്ലോ! അവൾക്കിവനോട് പൊരിഞ്ഞ പ്രേമമാ." അനൂപ് പറഞ്ഞു.
"ഒക്കെ ശരിയാ.പക്ഷേ നല്ല പ്രൊപ്പോസൽ വന്നാൽ അവള് വാക്ക് മാറ്റും."
"ഇല്ലയില്ല... എനിക്കാസ്വദിക്കണം, മുന്തിരിച്ചാറുപോലുള്ളോരീ ജീവിതം" എന്നു പറഞ്ഞൂ കൊണ്ട് അവള് കാലുമാറും.
"ഇവൻ രമണനെ പ്പോലെ പാടിപ്പാടി നടക്കും." അജിത്തിന് ഉറപ്പാണ്.
"ശ്ശെടാ...!ഇവനിതെന്തുപറ്റി?"
" രാവിലെ തന്നെ രമണന്റെ പ്രേതം കൂടിയോ?" അനൂപ് ചോദിച്ചു.
"നീ എന്തെങ്കിലും പറയെടാ.. ജീവാ."
"കൂടിയാലോചിക്കാൻ ഞങ്ങളേം വിളിച്ചോണ്ട് വന്നിട്ട് നീ ഒരുമാതിരി മുനിയെപ്പോലെ ഇരിപ്പാണോ.""
"എന്തെങ്കിലുമൊന്ന് മൊഴിയെടാ മുത്തേ!" അനൂപ് പറഞ്ഞു.
ജീവൻ ഒന്ന് നെടുവീർപ്പിട്ടു.പിന്നെ മൗനം വെടിഞ്ഞു പറഞ്ഞു തുടങ്ങി.
"നിങ്ങള് പറഞ്ഞതൊക്കെ ശരിയാ. അവളുടെ വീട്ടുകാര് സമ്മതിക്കുമോ എന്നൊന്നും എനിക്കറിയില്ല!
പക്ഷേ ഇപ്പോൾ എന്റെ വീട്ടിലല്ലേ പ്രശ്നം?"
"അടുത്ത ഞായറാഴ്ച്ച പെണ്ണുകാണാൻ പോണം. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും അറിയുന്നതാ. എന്നെപ്പോലെ സൽസ്വഭാവിയായ ഒരു ചെറുക്കനെ കിട്ടിയാൽ മതി അവർക്ക്.
ഹൈസ്കൂളിൽ ടീച്ചറാ പെണ്ണ്. ഒറ്റമോളാ... വീട്ടുകാർക്കെല്ലാം പൂർണ്ണ സമ്മതം! തന്നേമല്ല, പെണ്ണിന് ഞങ്ങടെ വീടിനടുത്തുള്ള ഗവണ്മെന്റ് സ്കൂളിലാ ജോലി. ഞാൻ എന്തു ചെയ്യുമെടാ...? ഒരു പോംവഴി കണ്ടുപിടിക്കാനാ നിങ്ങളെ വിളിച്ചത്." ജീവൻ പറഞ്ഞു നിർത്തി.
"നീ വീട്ടിൽ ഇക്കാര്യം പറഞ്ഞോ?". അനൂപ് ആരാഞ്ഞു.
"ഇല്ലെടാ.. സമയമാകുമ്പോൾ പറഞ്ഞാൽമതിയല്ലോ എന്നു കരുതിയാ."ജീവൻ പറഞ്ഞു
"എന്നാൽ ഇപ്പോൾ സമയമായി., പറഞ്ഞോ..." അനൂപ് പറഞ്ഞു.
"അവൾ അറിഞ്ഞോ.?" അജിത് ചോദിച്ചു.
"അവൾ പറഞ്ഞത് പെണ്ണുകാണാൻ പോകരുതെന്നാ.." ജീവൻ പറഞ്ഞു.
"എങ്കിൽ നീ അവളുടെ വീട്ടിൽ പറയാൻ അവളോട് പറയ്." അജിത് പറഞ്ഞു.
"അതിനും അവൾക്ക് പേടിയാ..." ജീവൻ പറഞ്ഞു.
"അത് കൊള്ളാം! ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകേം വേണം, കക്ഷത്തിലിരിക്കുന്നത് പൊകുവേം ചെയ്യരുത്."
"ഇതാ ഞാൻ പറഞ്ഞത്, ഒരു മാതിരി.... രമണൻ സ്റ്റൈൽ."
"ഛീ...നിറുത്തെടാ."
" ഇനി നീ രമണനെപ്പറ്റി ഒരക്ഷരം മിണ്ടരുത് തെണ്ടീ!" അനൂപ് ഒച്ചയുയർത്തി.
"കൊറേ നേരമായി... അവന്റെ ഒരു രമണൻ!".
"ഒരു നല്ല കാര്യം ആലോചിക്കുമ്പോൾ ഓരോ ദുരന്ത കഥാപാത്രത്തെയും കൊണ്ട് ഇറങ്ങിക്കോളും."
"പക്ഷേ.. ഒരു ദുരന്തകഥാപാത്രം എന്നതിലുപരി ഒരു പ്രണയ കാവ്യത്തിലെ നായകനാണ് രമണൻ."
അജിത്തിന് പറയാതിരിക്കാൻ പറ്റുന്നില്ല. മേശ മുന്നോട്ട് തള്ളിമാറ്റി അനൂപ് ചാടിയെഴുന്നേറ്റു.
"ഇവനെ പുറത്തു വീട്ടില്ലേൽ ഞാനിവിടെ ഇരിക്കില്ല. ഒന്നുകിൽ ഞാൻ, അല്ലെങ്കിലിവൻ." അനൂപ് ദേഷ്യത്തിൽ പറഞ്ഞു.
"എന്നാൽ പിന്നെ നീ പുറത്തു പൊയ്ക്കോ. ഞാൻ ഇവിടെ ഇരിക്കാം " അജിത് പറഞ്ഞു.
"ഹല്ല...പിന്നെ! നിനക്കെന്താ രമണനോടിത്ര ദേഷ്യം?"
അനൂപ് തലയിൽ കൈവെച്ച് അവിടെത്തന്നെ ഇരുന്നു.
"നിങ്ങള് തമ്മിൽത്തല്ലാതെ ഈ കാര്യത്തിനൊരു പോം വഴി കണ്ടുപിടിക്ക്." ജീവൻ ആവശ്യപ്പെട്ടു.
ഒടുവിൽ അനു അറിയാതെ അവളുടെ വീട്ടിൽ പോയി കല്ല്യാണമാലോചിക്കാൻ അവർ തീരുമാനിച്ചു.
"ശുഭസ്യ ശീഘ്റം! എന്നാണല്ലോ" അനൂപ് പറഞ്ഞു.
"അവളുടെ വീട്ടുകാരുടെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി കാര്യം."
"നാളെത്തന്നെ പോകണം "
അങ്ങനെ തീരുമാനിച്ചു.
"ഞാനില്ല നാണംകെടാൻ. എന്റെ മാമനറിഞ്ഞാൽ കുഴപ്പമാകും..." അജിത് ഒഴിഞ്ഞു മാറി.
പിറ്റേന്ന് ജോലികഴിഞ്ഞു അനൂപിന്റെ കാറിൽ ജീവനും അനൂപും അനുവിന്റെ കാറിനെ അവളറിയാതെ പിന്തുടർന്ന് വീട് കണ്ടുപിടിച്ചു. അവർ അദ്‌ഭുതപ്പെട്ടു പോയി. ഒരു പടുകൂറ്റൻ ബംഗ്ലാവ്.
വലിയകാർപ്പോർച്ചിൽ നാലഞ്ചു ആഡംബരക്കാറുകൾ. പൂക്കൾ നിറഞ്ഞ ഉദ്യാനം. ജീവനും, അനൂപും പരസ്പരം നോക്കി.
"കയറിച്ചെല്ലണോ? ജീവൻ സ്വയം ചോദിച്ചു.
"അടികിട്ടാതിരുന്നാൽ മതിയായിരുന്നു." അനൂപിന്റെ ആശങ്ക അതായിരുന്നു.
കുറച്ചു സമയം കഴിഞ്ഞ് അനൂപും അനുവിന്റെ വീടിന്റെ പോർച്ചിന് പുറത്ത് കാർ നിർത്തി ഇറങ്ങി. ഭാഗ്യം, സെക്യൂരിറ്റി ഒന്നുമില്ല. അവർ കാളിങ് ബെൽ അടിച്ചു കാത്തുനിന്നു.
ഏതാനും നിമിഷങ്ങൾക്കകം അവർക്ക് മുന്നിൽ വാതിൽ തുറക്കപ്പെട്ടു..
"ഡോക്ടറെ കാണാനാണെങ്കിൽ വീട്ടിൽ കൺസൽട്ടേഷൻ ഇല്ല." തടിച്ചുകൊഴുത്ത ഒരു മീശക്കാരൻ അവരോടു പറഞ്ഞു.
"അല്ല!ഞങ്ങൾ ഇവിടത്തെ കുട്ടിയുടെ സഹപ്രവർത്തകർ ആണ്."
"ആരുടെ? അനുവിന്റെയോ?
വരൂ...കയറിയിരിക്ക്.
ഞാൻ അവളുടെ ഫാദറാണ്." മീശക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഹോ!എത്ര നല്ല മനുഷ്യൻ" അനൂപ് ജീവനോട് പതുക്കെ പറഞ്ഞു.
"അവളിപ്പം ഇങ്ങോട്ട് വന്നു കേറിയതേ ഉള്ളു. എന്താ വിശേഷിച്ച്?" അദ്ദേഹം ചോദിച്ചു.
"ഞാൻ അവളെ വിളിക്കാം മോളേ...ദാ ഇങ്ങോട്ടൊന്നു വന്നേ."
അപ്പന്റെ വിളികേട്ടു വാതിൽ തുറന്ന് പുറത്തേക്കു വന്ന അനു അവരെക്കണ്ടപ്പോൾ ഞെട്ടിപ്പോയി.
"ഞങ്ങൾ അനുവിന്റെ പപ്പയെ കാണാൻ വന്നതാണ്." ജീവൻ ധൈര്യം സംഭരിച്ച പറഞ്ഞു.
അനുവിന്റെ മുഖം വിളറി വെളുത്തു "എന്താ വിശേഷിച്ച്?" അപ്പൻ ചോദിച്ചു.
"വാടകവീടു വല്ലോം വേണ്ടീട്ടാണോ?" അപ്പന്റെ അടുത്ത ചോദ്യം.
ജീവൻ അനുവിനെ നോക്കി.
"വേണ്ട... "എന്നവൾ കണ്ണുകൾ കൊണ്ട് ഒരു ആംഗ്യം കാണിച്ചു.
"ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ്.?" ജീവൻ സ്വയം ചോദിച്ചു
"എനിക്കും അനുവിനും വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്."
അവൻ പറഞ്ഞതങ്ങനെയാണ്.
"അതിനെന്താ? കഴിച്ചോ! കല്ല്യാണപ്രായമൊക്കെ ആയല്ലോ! അനുവിന്റെ കല്ല്യാണം ഞാൻ ഉടനെ നടത്തും." മയമില്ലാത്ത മറുപടി.
"അല്ല, എനിക്ക് അനുവിനെ വിവാഹം ചെയ്‌താൽ കൊള്ളാമെന്നുണ്ട്." ജീവൻ ധൈര്യസമേതം പറഞ്ഞു.
"നിനക്കോ?"ചോദ്യം അനുവിനോടായിരുന്നു
അവൾ ഇപ്പോൾ താഴെ വീഴുമെന്ന് അനൂപിന് തോന്നി.
"ചോദിച്ചത് കെട്ടില്ലേ??" ചെവി പൊട്ടുന്ന ചോദ്യം.
"പപ്പാടെ ഇഷ്ടം പോലെ." അവളുടെ മറുപടി!
"ആണല്ലോ! ഇനി നീ അകത്തേക്ക് പൊയ്ക്കോ." അനു നിന്നിടം കാലി.
"നിങ്ങളും പൊയ്ക്കോ... ഞാനൊന്ന് ആലോചിക്കട്ടെ." അപ്പൻ പറഞ്ഞു.
രണ്ടുപേരും പുറത്തിറങ്ങി. കാർ വളച്ചെടുത്ത് പുറത്തേക്കുപോയി. പിന്നീട് അനു ജോസഫ് കമ്പനിയിൽ വന്നില്ല. അവളുടെ രാജിക്കത്ത് മാനേജരുടെ മെയിലിൽ വന്നു. ജീവൻ പല പ്രാവശ്യം അവളെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ജീവനെ ഒരു നിരാശാബോധം ഗ്രഹിച്ചു."എല്ലാം ശരിയാകുമെടാ."കൂട്ടുകാർ അവനെ സമാധാനിപ്പിച്ചുവെങ്കിലും അവനു യാതൊരു സമാധാനവും ലഭിച്ചില്ല!
ജീവനു കൊറോണ ബാധിച്ച് ആശുപത്രിയിൽ ആയിരുന്നതുകൊണ്ട് ഞായറാഴ്ച പോകാനിരുന്ന പെണ്ണുകാണൽ ചടങ്ങ് നടന്നുമില്ല. അനൂപും, അജിത്തും അവനോട് ഇതെപ്പറ്റി ഒന്നും ചോദിച്ചില്ല. അവർക്കും ദുഃഖമുണ്ടായിരുന്നു! ജീവനും അനുവും ആത്മാർത്ഥമായി പ്രണയിച്ചിരുന്നവരാണെന്നും അവർക്കറിയാം!
ജീവൻ കുറെ ദിവസങ്ങളായി മൗനത്തിന്റെ ആവരണത്തിനുള്ളിൽ ആയിരുന്നു. ഒരു മാസം കഴിഞ്ഞാണ് കമ്പനിയിൽ ആ വാർത്ത പരന്നത്!"
കാറപകടത്തിൽപ്പെട്ട് അനു ഗുരുതരാവസ്ഥയിൽ ഐ. സി. യൂ വിലാണ്. ആരെയും കാണാൻ അനുവദിക്കില്ല. ജീവൻ അതീവ ദുഖിതനായി കാണപ്പെട്ടു! പിന്നീടറിഞ്ഞു അനുവിന് തലക്കേറ്റ ക്ഷതം മൂലം ഓർമ്മ നഷ്ടപ്പെട്ടിരിക്കുന്നു. അവൾ ആരെയും തിരിച്ചറിയുന്നില്ല. മാസങ്ങൾ കഴിഞ്ഞുള്ള ഒരു ഞായറാഴ്ച്ച, ജീവൻ അവൻ വാങ്ങിയ പുതിയ ഹോണ്ടാസിറ്റി കാറിൽ അനുവിന്റെ വീട്ടിലെത്തി.
അവളുടെ മീശക്കാരൻ പപ്പയാണ് അന്നും ജീവനെ എതിരേറ്റത്! അദ്ദേഹത്തിനു പഴയ ഗർവ്വ് ഉണ്ടായിരുന്നില്ല.
"എനിക്ക് അനുവിനെ ഒന്ന് കാണണം."
യാതൊരു മുഖവുരയും കൂടാതെ അവൻ ആവശ്യപ്പെട്ടു.
അവളുടെ മമ്മിയും,അനുവും പുറത്തേക്കു വന്നു. അനു നന്നേ ക്ഷീണിച്ചിരുന്നു!
"അനു... എന്നെ മനസ്സിലായോ?" ജീവൻ ചോദിച്ചു.
അവൾ ഇല്ല എന്ന് തലയാട്ടി.
"ഇപ്പോൾ അവൾ ആരെയും അറിയില്ല."
"ഇതൊന്നും അറിഞ്ഞില്ലേ മോൻ?" അവളുടെ അമ്മ കരഞ്ഞു.
"എനിക്ക് അനുവിനെ കല്ല്യാണം കഴിച്ചു തരുമോ?" യാതൊരു മുഖവുരയുമില്ലാതെ ജീവൻ ചോദിച്ചു.
അപ്പനും അമ്മയും കേട്ടത് വിശ്വസിക്കാനാവാതെ അവനെ പകച്ചു നോക്കി. അവൻ ചോദ്യം ആവർത്തിച്ചു.
മഹാനെന്ന് നടിച്ച അവളുടെ പപ്പാ കരഞ്ഞുകൊണ്ട് അവനെ പുണർന്നു.
"മോനു നൂറു പുണ്യം കിട്ടും!" നിറഞ്ഞു വന്ന കണ്ണുകൾ തുടയ്ക്കാൻ പോലും മറന്ന് അനുവിന്റെ പപ്പാ പറഞ്ഞു!
"പണമല്ല എല്ലാത്തിനും മീതെ സമാധാനമാണ് നമുക്കാവശ്യമെന്ന് വിധി എന്നെ പഠിപ്പിച്ചു!"
വൈകാതെ ഇടവകപള്ളിയിൽ വെച്ച് അധികം ആർഭാടമൊന്നും കൂടാതെ അവരുടെ കല്യാണം നടന്നു. അനുവിന്റെയും ജീവന്റെയും കൂട്ടുകാരും സഹപ്രവർത്തകരും പങ്കെടുത്തിരുന്നു.
തിരക്കൊഴിഞ്ഞപ്പോൾ അനുവിന്റെ അടുത്തേക്ക് ജീവൻ ചെന്നു.
"ജീവേട്ടാ..."എന്ന അവളുടെ വിളികേട്ട ജീവൻ ഞെട്ടിപ്പോയി!
"അനു... ഇതെന്തദ്‌ഭുതം!
നീയെന്നെ തിരിച്ചറിഞ്ഞോ?" അവൻ കരഞ്ഞുകൊണ്ട് ചോദിച്ചു.
"സ്വന്തമാക്കാൻ കഴിയില്ല എന്ന് മനസ്സിലായപ്പോൾ എനിക്ക് ഇങ്ങനെ ചെയ്യേണ്ടിവന്നു. ജീവേട്ടൻ വരുമെന്ന് എനിക്കുറപ്പായിരുന്ന!" അവൾ പറഞ്ഞു.
"അപ്പോൾ ആക്സിഡന്റോ?". ജീവൻ ചോദിച്ചു.
"അത് യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്."
അവൾ ചിരിച്ചു. കൂടെ ജീവനും! അവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പുലരികൾ പിറന്നു!