രണ്ടു ദിവസങ്ങളായി തുടരുന്ന മഴ മൂന്നാമത്തെ ദിവസം കൂടുതൽ ശക്തി പ്രാപിച്ചപ്പോൾ നാട്ടുകാരെല്ലാം ഭീതിയിലായി. ഇതൊരു വെള്ളപ്പൊക്കത്തിന്റെ തുടർച്ചയാകുമോ? പലരും നേരത്തേ തന്നെ ബന്ധുവീടുകളിലേയ്ക്ക് പോകാൻ തയ്യാറായിട്ടാണ് ഇരിപ്പ്.
"ഇതെന്തൊരു മഴയാ... പാവപ്പെട്ടവന്റെ അടുപ്പിൽ തീ പുകയില്ലല്ലോ!"
തന്റെ കിടപ്പുമുറിയിലെ ജനലിൽ കൂടി മഴ കണ്ടുകൊണ്ടിരുന്ന ബാബുവേട്ടൻ വിലപിച്ചു.
"മഴ മാറിയാലും ബാബുവേട്ടനു പോകാൻ പറ്റില്ലല്ലോ... രണ്ടു ദിവസം എന്തായിരുന്നു പനി? ഇന്നല്ലേ ഒന്നെഴുന്നേറ്റിരുന്നത്?"
ബാബുവേട്ടനു ചുക്കു കാപ്പിയുമായി വന്ന ഭാര്യ രാധിക പറഞ്ഞു.
"മൊതലാളിയോട് എന്തു പറയും?
പുള്ളിക്കാരന്റെ കരുണ കൊണ്ടല്ലേ നമ്മളു ജീവിച്ചു പോണേ രാധൂ... ടാക്സി ഓടീല്ലെങ്കി അങ്ങേർക്കു നഷ്ടമല്ലേ."
"ഇത്രയും നാൾ ടാക്സി ഓടിച്ചു നടന്നിട്ടും സ്വന്തമായി ഒരു കാറു വാങ്ങാൻ നമ്മക്കു കഴിഞ്ഞില്ലല്ലോ ബാബുവേട്ടാ." രാധിക സങ്കടപ്പെട്ടു.
"മക്കളുണ്ടാകാനുള്ള ചികിത്സക്കും, മറ്റുള്ളവരെ സഹായിച്ചും അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവൻ തീർന്നു. ആയകാലത്തു ഒന്നും സമ്പാദിച്ചുമില്ല."
"ഈശ്വരാ... ഞാൻ ഇപ്പോഴാണോർമ്മിച്ചത്. നാളെ ബാബുവേട്ടന്റെ പിറന്നാളല്ലേ! മീനമാസത്തിൽ അവിട്ടം.
എല്ലാവർഷവും നമ്മൾ ഒന്നിച്ചാണ് ദേവിയെ തൊഴാൻ പോകാറ്. നാളെ ഞാൻ തനിച്ചു പോകണമല്ലോ.വെളുപ്പിനെ എഴുന്നേൽക്കണം."
രാധിക പറഞ്ഞു.
"അതെയോ... എനിക്ക് വയസ്സായി അല്ലേ രാധൂ... എത്രയാ, അൻപത്താറോ... അൻപത്തേഴോ?"
ബാബു ചോദിച്ചു.
"എത്രയായാലും അത്രയും പ്രായമൊന്നും ഏട്ടനെ കണ്ടാൽ തോന്നില്ല.ഈ പനി വന്നതുകൊണ്ടുള്ള ഒരു ക്ഷീണം. അത്രയേ ഉള്ളു."
രാധിക ഭർത്താവിന്റെ മുടിയൊന്ന് ഒതുക്കി വച്ചു. കവിളിൽ തലോടി ഒന്നു ഓമനിച്ചു.
ബാബുവിനും രാധികയ്ക്കും മക്കളില്ല. ഏറെ നാളത്തെ ചികിത്സകളും,വഴിപാടുകളും ഒന്നും ഫലം കണ്ടില്ല.ഇപ്പോൾ ബാബുവിന് അൻപത്തഞ്ചും, രാധികയ്‌ക്ക് അൻപതും വയസ്സുണ്ട്. ബാബുവിനു വീതം കിട്ടിയ പത്തു സെന്റ് സ്ഥലത്ത് ഒരു വീടു വച്ചു താമസിക്കുന്നു.
നാട്ടിലെ ഏറ്റവും വലിയ പണക്കാരനായ ലോനപ്പൻ മുതലാളിയുടെ വിശ്വസ്തനായ ഡ്രൈവറാണ് ബാബു. മുതലാളിയുടെ ആവശ്യം കഴിഞ്ഞാൽ ബാക്കി സമയം വണ്ടി,ടാക്സിയായി ഓടിക്കും.
എല്ലാവരുടേയും 'ബാബുവേട്ട'ന് പക്ഷേ കിട്ടുന്ന പണം സാമ്പാദിക്കുന്ന സ്വഭാവമൊന്നും ഇല്ല. ആരു സഹായം ചോദിച്ചു വന്നാലും കയ്യിലുണ്ടെങ്കിൽ കൊടുക്കും. തിരിച്ചു കൊടുത്താൽ വാങ്ങും. അതാണു സ്വഭാവം.
എത്രയോ പേരെ ഡ്രൈവിംഗ് പഠിപ്പിച്ചു. ഒന്നും പ്രതിഫലം വാങ്ങാതെ. ബാബു ഡ്രൈവിംഗ് പഠിപ്പിച്ച പലരും ഇന്നു നഗരത്തിൽ ടാക്സി ഓടിക്കുന്നുണ്ട്.പലരും വിദേശത്താണ്.
ഇപ്പോൾ ഒരാഴ്ചയായി പനി പിടിച്ചു കിടപ്പാണ്. മൊതലാളിയെ വിളിച്ചു വിവരം പറഞ്ഞിട്ടുണ്ട്. "നല്ലവണ്ണം വിശ്രമിച്ചോ ബാബൂ" എന്നാണ് അദ്ദേഹം പറഞ്ഞത്!
ചുക്കു കാപ്പി ഊതിയൂതി കുടിക്കുമ്പോൾ ബാബുവിനും ഒരു ശൂന്യത അനുഭവപ്പെട്ടു. ഒന്നു കിടന്നുപോയാൽ എല്ലാം തകരാറിലാകും. പാവം രാധിക. അവൾക്ക് താനല്ലാതെ ആരാണുള്ളത്? അമ്മാവന്റെ ഒരേ ഒരു മോളാണ് രാധിക.
ഒരു വാഹനാപകടത്തിൽ പെട്ട് അമ്മാവനും അമ്മായിയും മരിക്കുമ്പോൾ അവൾക്ക് പത്തു വയസ്സായിരുന്നു. അവളെ മുത്തശ്ശൻ തറവാട്ടിലേക്ക് കൊണ്ടുവന്നു. അന്നു മുതൽ അവൾക്ക് എല്ലാത്തിനും ബാബുവേട്ടൻ മതിയായിരുന്നു.
മുത്തശ്ശനും, മുത്തശ്ശിയും മരിക്കുന്നതിനു മുൻപേ തന്നെ തങ്ങളുടെ വിവാഹം നടത്തി. അന്നു മുതൽ തന്റെ നിഴൽ പോലെ അവൾ കൂടെയുണ്ട്.
നേരം സന്ധ്യയായിട്ടും മഴ കുറഞ്ഞില്ല. രാത്രിയിൽ ചൂട് കഞ്ഞിയും, പപ്പടം ചുട്ടതും, തേങ്ങാ ചുട്ടരച്ച പുളിഞ്ചമ്മന്തിയും ആയിരുന്നു രാധിക ഒരുക്കിയിരുന്നത്.
ബാബുവേട്ടന്റെ അടുത്തിരുന്ന് അവൾ കഞ്ഞി അദ്ദേഹത്തിന് കോരിക്കൊടുത്തു. ജോലികളെല്ലാം തീർത്ത്, രാധിക ഉറങ്ങാൻ കിടന്നപ്പോൾ ബാബുവിന്റെ പനി വിട്ടിരുന്നു. കിടന്നപാടേ രാധിക ഉറങ്ങിപ്പോയി.ഏറെ നേരം ഉറക്കം വരാതെ തിരിഞ്ഞും, മറിഞ്ഞും കിടന്ന് ബാബു എപ്പോഴാ ഉറങ്ങി. ഉണർന്നപ്പോൾ രാവിലെ നാലു മണിയേ ആയിട്ടുള്ളു. മഴ കുറഞ്ഞിരിക്കുന്നു. ജനാലയുടെ കർട്ടൻ മാറ്റി പുറത്തേക്കു നോക്കിയ ബാബു ഞെട്ടിപ്പോയി. തന്റെ വീട്ടുമുറ്റത്തെ പോർച്ചിൽ ഒരു മഞ്ഞ നിറത്തിലുള്ള മാരുതി ഡിസയർ കാർ കിടക്കുന്നു.
ബാബു ചാടിയെഴുന്നേറ്റു. അയാളുടെ പനി എങ്ങോ അപ്രത്യക്ഷമായിരുന്നു.കതകിന്റെ ഓടാമ്പലെടുത്തു അയാൾ പുറത്തേയ്ക്കോടി.
പോർച്ചിൽ കിടന്ന ഇളം നീല നിറമുള്ള കാർ പുതിയ ഒരു മാരുതി ഡിസയർ തന്നെ.
ഷോറൂമിൽ നിന്നു കൊണ്ടുവന്നു ഇട്ടിരിക്കുന്നു. അയാൾ ആർത്തിയോടെ ആ കാറിനെ തൊട്ടും, തലോടിയും അതിനൊരു വലം വച്ചു.
ഇനി ഇതൊരു മോഷണ വസ്തുവാണോ? പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ മോഷ്ടാവ് തന്റെ മുറ്റത്തിട്ടിട്ട്പോയതാണോ?
ബാബുവിന് വേവലാതിയായി. അയാൾ അകത്തേയ്ക്കോടി. രാധികയെ വിളിച്ചെഴുന്നേൽപ്പിച്ചു. അവൾക്കും പോർച്ചിൽ കിടന്ന പുതിയ കാർ കണ്ടപ്പോൾ അതിശയമായി.
"പോലീസിൽ അറിയിക്കാം രാധൂ, അല്ലെങ്കിൽ മോഷണക്കുറ്റത്തിന് ഞാൻ അകത്തു പോകും."
ബാബു പറഞ്ഞു.
അപ്പോഴാണ് ബാബുവിന്റെ ഗേറ്റ് കടന്ന് ഒരു ഇന്നോവ കാർ അകത്തേയ്ക്കു വന്നു നിന്നത്. കാറിന്റെ ഡോർ തുറന്നിറങ്ങിയ ചെറുപ്പക്കാർ രണ്ടുപേരും ബാബുവിനെ തൊഴുതു.
"ഹാപ്പി ബർത്ത്‌ഡേ ഡീയർ ബാബുവേട്ടാ!"
അവർ ഒരേ സ്വരത്തിൽ ബാബുവിനെ അഭിവാദ്യം ചെയ്തു.പിന്നെ ഓടി വന്ന് ബാബുവിന്റെ കൈകൾ കവർന്നു.
"ഗുഡ് മോർണിംഗ്, രാധിക ചേച്ചീ,"
അവർ രാധികയെ തൊഴുതു.
"ആരാ... മനസ്സിലായില്ലല്ലോ?"
ബാബു കുറച്ചൊരു സങ്കോചത്തോടെയാണ് ചോദിച്ചത്.
അവർ പരസ്പരം നോക്കി!രണ്ടുപേരും ചിരിച്ചു. പിന്നെ ധരിച്ചിരുന്ന കൂളിംഗ് ഗ്ലാസ്സുകൾ എടുത്തു മാറ്റി.
"അയ്യോ... അപ്പുവും, അച്ചുവും! ബാബുവേട്ടാ നമ്മുടെ അഭിക്കുട്ടനും അശ്വിൻ കുട്ടനും. ബാബുവേട്ടന്റെ കൂട്ടുകാരൻ മരിച്ചുപോയ രാജേട്ടന്റെ ഇരട്ടപ്പുത്രന്മാർ!"
രാധിക ആഹ്ലാദത്തോടെ പറഞ്ഞു.അവർ ഓടിവന്ന് ബാബുവിനെ കെട്ടിപ്പിടിച്ചു. കവിളത്ത് ഉമ്മ വച്ചു.
"ഇതാ ഞങ്ങടെ അച്ഛൻ. ആരു പറഞ്ഞു ഞങ്ങൾക്കച്ഛനില്ലെന്ന്. ഞങ്ങളെ പഠിക്കാൻ പ്രേരിപ്പിച്ചു. അച്ഛൻ മരിച്ചതിൽ പിന്നെ അമ്മയുടെ കയ്യിൽ പണം ഇല്ലാത്തപ്പോഴൊക്കെ ഞങ്ങൾക്കു ഫീസിനുള്ള പണം അമ്മയെ ഏല്പിച്ചു. ഞങ്ങളെ ഡിപ്ലോമയ്ക്ക് ചേരാൻ നിർബന്ധിച്ചു.ഇന്ന് ഞങ്ങൾ ഗൾഫിൽ നല്ല ശമ്പളത്തിലുള്ള ജോലി നോക്കുന്നു."
"ഈ ഡിസയർ കാറ് ബാബുവേട്ടനുള്ള ഞങ്ങളുടെ പിറന്നാൾ സമ്മാനമാണ്. ഞങ്ങളുടെ അച്ഛന്റെ സ്ഥാനമാണ് ബാബുവേട്ടന്. ഇനി എല്ലാ മാസവും ഞങ്ങൾ ആവശ്യത്തിനുള്ള പണം അയച്ചു തരും!
വെറുതെയിരിക്കുന്നത് ഇഷ്ടമല്ലെങ്കിൽ ഈ കാറ് ടാക്സിയായി ഉപയോഗിക്കാം.!"
"മക്കളേ കയറി വാ..."
ബാബു അവരെ അകത്തേയ്ക്കു വിളിച്ചു. അപ്പോഴേക്കും രാധിക ചായയുമായി എത്തിയിരുന്നു.
"പിറന്നാൾ സദ്യയുണ്ണാൻ ഞങ്ങൾ ഉച്ചയ്ക്ക് മുൻപ് അമ്മയുമായി എത്താം. രാധിക ചേച്ചി പാചകം ചെയ്തു വിഷമിക്കേണ്ട. ഞങ്ങൾ നമ്പൂതിരിയുടെ കാറ്ററിങ്ങിൽ സദ്യ ബുക്ക് ചെയ്തിട്ടുണ്ട്. ഉച്ചക്കു മുൻപ് സദ്യ എത്തും. പോയിട്ടു വരാം." അവർ പറഞ്ഞു.
"ഉച്ചയാകാൻ നിൽക്കേണ്ട മക്കളേ...അമ്മയേയും കൂട്ടി ഉച്ചയ്ക്കു മുൻപേ ഇങ്ങോട്ടെത്തണം. എത്ര നാളായി എല്ലാവരേയും കണ്ടിട്ട്!"
രാധിക പറഞ്ഞു.
"ശരി... വേഗം എത്താം കേട്ടോ. അമ്മയും ഇങ്ങനെ തന്നെ പറഞ്ഞു."അവർ പറഞ്ഞു. പിന്നെ ഇളം നീല ഡിസയർ കാറിന്റെ താക്കോൽ ബാബുവേട്ടനെ ഏല്പിച്ച് കാലു തൊട്ടു വന്ദിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവരുടെ കാർ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ബാബു രാധികയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
"രാധൂ... നമ്മൾക്കും രണ്ടു മക്കളുണ്ട് അല്ലേ?"
അയാൾ കണ്ണീരിനിടയിൽക്കൂടി പുഞ്ചിരിച്ചു.രാധികയുടെ കണ്ണിലും നീർത്തിളക്കം കണ്ടു. ആനന്ദക്കണ്ണീർ!