കൃഷിഭവനിൽ നിന്നും വിതരണം ചെയ്ത അത്യുൽപാദനശേഷിയുള്ള വിത്തുകൾ ആവശ്യമായ എല്ലാ കരുതലോടും പരിചരണത്തോടും വളർത്തിയെടുത്തിരിക്കുകയാണ് പാപ്പച്ചന്റെ മാന്തോപ്പിൽ! കൈയ്യെത്തി പറിക്കാവുന്ന പരുവത്തിൽ വിളഞ്ഞു കിടക്കുകയാണ് മുഴുത്ത മാങ്ങകൾ.
റോഡിനോട് ചേർന്നാണ് അതിവിശാലമായ കപ്പക്കാല; അതിനപ്പുറത്താണ് മാന്തോപ്പ്. കപ്പക്കാല വീട്ടുമുറ്റം പോലെ വൃത്തിയാക്കിയിട്ടിരിക്കുന്നു. ഓരോ മൺകൂനയിൽ നിന്നും വളർന്ന് ഉയർന്ന് ശിഖരങ്ങളിട്ട് പച്ചക്കുടകൾ നിവർത്തിയിരിക്കുകയാണ് കപ്പതൈകൾ. തലയൊന്ന് കുനിച്ചു മാത്രമേ റോഡിൽനിന്ന് കപ്പക്കാലായിലേക്ക് കയറിച്ചെല്ലാൻ കഴിയുകയുള്ളൂ.
റോഡരുകുപറ്റി നടന്നുവന്ന ചെറുക്കൻ പെട്ടെന്ന് കപ്പകാലായിലേക്ക് കയറി. മാവുകൾ നിൽക്കുന്നിടത്തേക്ക് നടന്നു. വെയിലിൽ നിന്നും ശീതളഛായയിലേക്ക് ചെന്നുനിന്ന് അവൻ തലയുയർത്തി നോക്കി. മൂത്തു മുഴുത്തു കിടന്ന ഒരു മാങ്ങ അവൻ രണ്ടുകയ്യും ചേർത്തുപിടിച്ച് ഞെട്ടിൽ നിന്നും അടർത്തിയെടുത്തു. ഇരയെ ചാടിപ്പിടിച്ച ഒരു വേട്ടമൃഗം സുരക്ഷിത സ്ഥാനം തേടി മറയുന്നതുപോലെ അവൻ കപ്പ കാലായിൽ നിന്നും റോഡിലേക്ക് പാഞ്ഞു.
"ആരെടാ... അത്...?"
വഴിക്കെതിർവശത്തെ വീട്ടിൽ നിന്നും പാപ്പച്ചന്റെ മക്കളിലൊരാൾ, കള്ളനെ കയ്യിൽ കിട്ടിയാൽ അവന്റെ തല തല്ലിപ്പൊളിക്കാനെന്ന വണ്ണം ഓടിയിറങ്ങിവന്നു. വിളകൾ മോഷ്ടിക്കുന്ന കള്ളന്മാരുണ്ട് നാട്ടിൽ. ഇടയ്ക്കിടയ്ക്ക് മാങ്ങകൾ മോഷണം പോകുന്നുണ്ട്. ഒരുത്തനെയെങ്കിലും പിടുത്തമിടാൻ നോക്കിയിരിക്കുകയായിരുന്നു പാപ്പച്ചന്റെ ഇളയമകൻ!
മാങ്ങ പുറകിലൊളിപ്പിച്ച് ഭയന്നു നിൽക്കുന്ന ചെറുക്കന്റെ മുഖം കണ്ടതോടെ അയാളുടെ മുഖത്ത് നിന്നും കലി ഊർന്നിറങ്ങിപ്പോയി. "...നീയായിരുന്നോ.."?
"... ഇനി വേണോ...."?
"... വാ... ഞാൻ പറിച്ചു തരാം...".
ചെറുക്കൻ ഒന്നും മിണ്ടാതെ നിന്നു. പാപ്പച്ചന്റെ മകൻ വീട്ടിലേക്ക് തിരികെ പോയി. ചെറുക്കന് ഒന്നും മനസ്സിലായില്ല. മാങ്ങയുടെ ചുന അപ്പോഴും ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. എന്തായിരിക്കും അയാൾ തല്ലാതെ വിട്ടത്...?! മാങ്ങയുമായി അവൻ റോഡിൻറെ അരികുപറ്റി വീട്ടിലേക്ക് നടന്നു.
ഇനി അച്ഛനോടെങ്ങാനും പറഞ്ഞു കൊടുത്തു കളയുമോ...? ചെറുക്കന് ഭയം തോന്നി. എങ്കിൽ അച്ഛൻ അടിച്ച് പുറം പൊളിച്ചതുതന്നെ...! അച്ഛന് നാണക്കേടാവും.. വല്ലാത്ത നാണക്കേട് ..!
വേണ്ടായിരുന്നു.. വിശന്നിട്ടൊന്നുമല്ല- കൊതിയാണ് കാരണം. ഇന്നലെയും കൂടി ഒരു പച്ചമാങ്ങ തിന്നതാണ്. വൈകിട്ട് കൂട്ടുകാരെല്ലാം ചേർന്ന്, കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച്.. ഉപ്പുകല്ലുകൾ ചേർത്തുവച്ച്.. ചവച്ചരച്ച്.. കിണറ്റിൽ നിന്ന് പച്ചവെള്ളം കോരി കുടിച്ചപ്പോഴുണ്ടായ സുഖം ..!ചെറുക്കന്റെ പല്ലിന്റെ പുളിപ്പ് മാറിയിട്ട് അധിക നേരമ്പോലുമായിട്ടില്ല.
മാങ്ങ കട്ടുപറിച്ച് തിന്നിരിക്കുന്നു -'ഒടുക്കത്തെ ഒരു കൊതി'.. ചെറുക്കൻ സ്വയം പറഞ്ഞു. ചെറുക്കൻ കൃഷിയാപ്പീസറുടെ മകനാണ്. ശമ്പളവും കിമ്പളവും കമ്മീഷനുമൊക്കെയായി വരുമാനത്തിനൊന്നും ഒരു കുറവുമില്ല. വീടിന് വലതുവശത്തുള്ള വാതിൽ തുറന്ന് ഒരു കള്ളനെപ്പോലെ ചെറുക്കൻ അകത്തുകയറി. കട്ടിലിനരുകിലുള്ള, പുസ്തകങ്ങൾ അടുക്കിവെച്ചിരിക്കുന്ന മരപ്പലകയിലേക്ക് അവൻ മാങ്ങയെടുത്തുവച്ചു. ഞെട്ടിന്റെ അറ്റത്തുനിന്നും അവസാനതുള്ളി ചുന ഇറ്റ് വീണ് പലകയിൽ വിരിച്ചിരുന്ന പത്രക്കടലാസ് നനഞ്ഞു.
നാട്ടിലെ ഒരു പ്രമാണിയുടെ വീടാണ് കൃഷി ആപ്പിസർക്ക് വാടകയ്ക്ക് താമസിക്കാൻ കിട്ടിയത്. വരാന്തയും അഞ്ചാറ് മുറികളുമൊക്കെയായി ഓടിട്ട വലിയ ഒരു വീട്! വീടിന് ചുറ്റും വിശാലമായ തെങ്ങിൻതോപ്പാണ്. അതിനുമപ്പുറം റബ്ബർ തോട്ടങ്ങൾ... കൊഴിഞ്ഞുവീഴുന്ന തേങ്ങയെല്ലാം എടുത്തുപയോഗിക്കാം, ഓല മടലും കൊതുമ്പുമെല്ലാം കത്തിക്കുകയുമാകാം. പോരാത്തതിന് വീട് അടിച്ചുവാരാനും, മുറ്റത്തെ പുല്ല് പറിക്കാനുമൊക്കെയായി സഹായത്തിനൊരു സ്ത്രീയെയും വീട്ടുടമ കൃഷി ആപ്പിസർക്ക് കൊടുത്തിട്ടുണ്ട് .
പ്രമാണികളുമായി സൗഹൃദം സ്ഥാപിക്കുവാൻ കൃഷിയാപ്പീസർക്ക് സ്വതസിദ്ധമായൊരു കഴിവു തന്നെയാണുള്ളത്. ഓഫീസറെക്കൊണ്ട് അവർക്കെല്ലാം പ്രയോജനങ്ങളുമുണ്ട്. മഴക്കെടുതികളും, വേനൽക്കാല കൃഷി നാശവും, മഞ്ഞു വീഴ്ചയുമൊക്കെ കൃഷിയാപ്പീസർക്ക് ചാകരയാണ്. അല്ലെങ്കിൽ ചാകരയാക്കി മാറ്റാനുള്ള കഴിവ് ആപ്പീസർക്കുണ്ട് എന്ന് വേണം പറയാൻ..
മഴക്കാലം കഴിയുമ്പോൾ, 'കൃഷിനാശം വരുത്തിയ കാറ്റുണ്ടായിരിക്കുന്നു' കർഷകരുടെ നിരവധിയായ ഏത്ത വാഴകൃഷി കൊടുങ്കാറ്റിൽ നശിച്ചു പോയിരിക്കുന്നു. എന്നു കാണിച്ച് മേലുദ്യോഗസ്ഥന് റിപ്പോർട്ടുണ്ടാക്കി അയയ്ക്കും. നഷ്ടം സംഭവിച്ചിരിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുവാനുള്ള ഉത്തരവ് സമ്പാദിക്കും.
വേനൽക്കാലത്താണെങ്കിൽ, ഉണക്കിൽ നശിച്ചുപോയ കപ്പ കൃഷിയെ കുറിച്ചായിരിക്കും റിപ്പോർട്ട് ചമയ്ക്കുക. കൃഷിവകുപ്പിൽ നിന്നും നഷ്ടപരിഹാരം ലഭിക്കുന്നതിനുവേണ്ടി കൃഷി ചെയ്തവരിൽ നിന്നും ചെയ്യാത്തവരിൽ നിന്നുമൊക്കെ പിന്നെ അപേക്ഷ വാങ്ങും. അതുമല്ലെങ്കിൽ അപേക്ഷകൾ തന്നെയങ്ങ് ഉണ്ടാക്കിക്കളയും. കരം കെട്ടിയ രസീതുകളും അനുസാരികളുമൊക്കെ കുത്തിക്കെട്ടിയ അപേക്ഷകൾ കൃഷിയാപ്പീസർ മേലാപ്പീസിലേക്കയക്കും.
കുറച്ചൊന്ന് കാത്തിരിക്കേണ്ടിവരും, സർക്കാർ കാര്യങ്ങൾ മുറപോലെ നടന്ന് നഷ്ടപരിഹാര തുകകൾ പാസായി വരുവാൻ. പണം അപേക്ഷകരും സിൽബന്ധികളും എല്ലാം ചേർന്ന് പങ്കിട്ടെടുക്കും. -എല്ലാവർക്കും സന്തോഷം ! പിന്നെങ്ങിനെയാണ് കൃഷിയാപ്പീസർ പ്രമാണികൾക്ക് പ്രിയങ്കരനാകാതിരിക്കുന്നത്..?!
"കുറച്ചെടുത്ത് അച്ചാറിടാം... ചിനച്ചത് മാറ്റിവച്ചേക്കൂ.. എന്തിനാണ് ഇത്രേം മാങ്ങ കൊടുത്തുവിട്ടത്...?!" അമ്മയുടെ ശബ്ദം കേട്ട് അടുക്കളയിലേക്ക് എത്തി നോക്കിയ ചെറുക്കൻ കണ്ടത് ഒരു സഞ്ചി നിറയെ മാങ്ങയ്ക്ക് മുമ്പിൽ അന്താളിച്ചു നിൽക്കുന്ന അമ്മയെയാണ് .
"ഇന്നാ..തിന്നോ.. ചിനച്ചതാ..." ഒരു മുഴുത്ത മാങ്ങ അമ്മ ചെറുക്കന് നേരെ നീട്ടി .
"എവിടെന്നാമ്മേ... ഇത്രേം മാങ്ങ.." ?
"പാപ്പച്ചൻ ചേട്ടൻറെ വീട്ടീന്ന് തന്നതാ.." ചെറുക്കന്റെ കണ്ണുകൾ വിടർന്നു- ഇതെന്തൊരു അത്ഭുതം.., അടി പൊട്ടേണ്ട സ്ഥാനത്ത്..!
പച്ചമാങ്ങയുടെ ഗന്ധം അടുക്കള മുഴുവൻ നിറഞ്ഞിരിക്കുന്നു.
രണ്ട് മുഴുത്ത മാങ്ങ പൊതിഞ്ഞ് സ്കൂൾ ബാഗിൽ വച്ചുകൊണ്ടാണ് ചെറുക്കൻ ട്യൂഷൻ സെന്ററിലേക്ക് പുറപ്പെട്ടത്. കുരിശുപള്ളിയോട് ചേർന്നുള്ള ഒരു ചെറിയ കെട്ടിടത്തിലാണ് രാജു സാറിൻറെ ട്യൂഷൻ ക്ലാസ്. പകലെല്ലാം അത് കളരിയാണ് - നിലത്തെഴുത്ത് ആശാൻ കളരി!. ഇവിടുത്തുകാരെല്ലാം ആദ്യാക്ഷരങ്ങൾ പഠിച്ചത് ഈ കളരിയിലാണ്. ഞായറാഴ്ചകളിൽ അത് സൺഡേസ്കൂളായി മാറും. എല്ലാ ദിവസവും വൈകിട്ട് അഞ്ചുമണിയോടെ രാജു സാർ വരും. അപ്പോഴേക്കും ഒന്ന് രണ്ട് പള്ളിക്കൂടങ്ങളിൽ നിന്നുള്ള പത്തിരുപത് കുട്ടികൾ ട്യൂഷൻ പഠിക്കാൻ വന്നിട്ടുണ്ടാവും.
രാജു സാർ കുട്ടികളെ ഹോംവർക്ക് ചെയ്യാൻ സഹായിക്കും; സ്കൂളിൽ പഠിപ്പിച്ചിട്ടും മനസ്സിലാവാത്ത ഭാഗങ്ങൾ വ്യക്തമാക്കി കൊടുക്കും. പഠിക്കാത്തവർക്ക് നല്ല തല്ലു കിട്ടും. വീട്ടുകാർക്ക് നല്ല ആശ്വാസമാണ് ഈ ട്യൂഷൻ സെൻറർ, കുട്ടികളുടെ പഠനകാര്യങ്ങളിലൊന്നും തന്നെ ഇടപെടേണ്ടതില്ലല്ലോ, എല്ലാം രാജു സാർ നോക്കിക്കോളും. അവർക്ക് പ്രോഗ്രസ് കാർഡ് മാത്രം ഒപ്പിട്ടാൽ മതി! മാസാമാസം ചെറിയൊരു സംഖ്യ ഫീസ് കൊടുക്കുന്നത് മാത്രമാണ് അവർക്കൊരു രസക്കേട്!
ഇലഞ്ഞിമരത്തണലിലിരുന്ന് ചെറുക്കനും രമേശും പച്ചമാങ്ങകൾ തിന്നുതീർത്തു. ശനിയാഴ്ചകളിൽ ഇങ്ങനെയാണ്: പഠിക്കാനുള്ളതെല്ലാം പഠിച്ച് തീർത്താൽ സ്കൂൾ ഗ്രൗണ്ടിൽ കളിക്കാൻ പോകാം.. ചില പെൺകുട്ടികൾ തണലിൽ ഓടിക്കളിക്കുന്നുണ്ട്.., ചേട്ടൻമാർ വാടക സൈക്കിളിൽ വട്ടം ചുറ്റുന്നു. കൊച്ചേട്ടന്റെ കടയിലെ പൂവിൻറെ ആകൃതിയുള്ള മഞ്ഞ ബിസ്കറ്റിലെ ചുവന്ന പൊട്ട് -വിറ്റാമിനാണ്..! രക്തമുണ്ടാകാനുള്ള വിറ്റാമിനാണ് ആ ചുവന്ന പൊട്ടെന്നാണ് കൊച്ചേട്ടൻ പറയുന്നത്.
അതൊക്കെ പിള്ളേരെ പറ്റിക്കാൻ അയാൾ പറയുന്നതാണെന്ന് അച്ഛൻ പറഞ്ഞെങ്കിലും ചെറുക്കനത് വിശ്വസിച്ചില്ല.
"... ശ്രീകല മൂന്നുമാസത്തെ ഫീസ് തരാനുണ്ടല്ലോ..." നീളത്തിൽ മടക്കി വെച്ചിരുന്ന നോട്ടുപുസ്തകത്തിന്റെ താളിലൂടെ വിരലോടിച്ചുകൊണ്ട് രാജു സാർ ഉറക്കെ പറഞ്ഞു." വാങ്ങിക്കൊണ്ട് വരണം... കേട്ടോ...?"
"രമേഷേ, എന്താടാ ഫീസ് കൊണ്ടുവരാത്തേ.."?
"സജി., നിന്റെ അച്ഛനെ ഞാൻ കണ്ടോളാം.." പണത്തിന് എന്തോ അത്യാവശ്യം ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നു- അതാണ് രാജു സാറിന് ഒരു എരിപൊരി സഞ്ചാരം! ചെറുക്കന്റെ പേര് സാർ വിളിക്കുകയില്ല- കൃഷി യാഫീസർ ഫീസ് മുൻകൂർ കൊടുത്തിട്ടുണ്ടാവും. പലരും അത്യാവശ്യത്തിന് പണം വായ്പ വാങ്ങാൻ അദ്ദേഹത്തെ സമീപിക്കാറുണ്ട് .
"എല്ലാവരും വീട്ടീ പോയ്ക്കോ... ഇനി ഇവിടെ ആരും കളിച്ചോണ്ട് നിൽക്കരുത്..." കളരിയടച്ച് രാജു സാർ തിടുക്കപ്പെട്ട് പുറത്തേക്കിറങ്ങി. പിള്ളേർ അനുസരണയുള്ളവരാണ്. എല്ലാവരും ചേർന്നാണ് വീട്ടിലേക്ക് നടക്കുന്നത്. പാതിവഴി പോലും പിന്നിടും മുമ്പേ, ചെറുക്കന് വിശന്നു തുടങ്ങി. ഈയിടെയായി വിശപ്പ് കൂടി വരുകയാണ്. കൂട്ടുകാർക്കാർക്കും ഇത്രയും വിശപ്പില്ലല്ലോ.. ചെറുക്കന്റെ നടപ്പിനും വേഗം കൂടി കൂടി വന്നു.
എത്ര തിന്നാലും പിന്നീട് വിശക്കുമ്പോൾ രുചികരമായത് തന്നെതിന്നാൻ തോന്നുന്നു. ചെറുക്കൻ തിന്നുന്നത് വിശപ്പിന് ശമനമുണ്ടാകാനല്ല. ആർത്തിയാണ്.. രുചികരമായതൊക്കെ വലിച്ചുവാരി തിന്നാൻ കൊതി തോന്നുകയാണ്.. കൊതി ..നാശം പിടിച്ച കൊതി.. ഇതെന്താണ് തീരാത്തത്..? എത്ര തിന്നാലും...
കൂട്ടുകാരുടെ ഭക്ഷണങ്ങളൊന്നും രുചിയുള്ളവയല്ല -രമേശിന്റെ ചോറ്റുപാത്രത്തിൽ, അമർത്തി വെച്ചിരിക്കുന്ന റേഷനരിചോറിന്റെ നടുക്ക്, കുതിർന്ന കടുകുമണികൾ നിരന്ന്, അച്ചാറിന്റെ ചുവപ്പ് നിറം പടർന്ന് ഒരു നെല്ലിക്ക മാത്രമേ ഉണ്ടാകാറുള്ളൂ -കറിയായിട്ട് ! അഞ്ചുമിനിറ്റു പോലും വേണ്ട, ചോറെല്ലാം വാരി വിഴുങ്ങി അവൻ കൈകഴുകാൻ കിണറ്റിൻകരയിലേക്ക് ഓടിയിട്ടുണ്ടാവും. അച്ചാറിന്റെ പുളിപ്പും മുളകിന്റെ കാന്തലുമൊന്നും ചെറുക്കന് ഒരുനാളും ആസ്വദിച്ച് കഴിക്കാനാവുമായിരുന്നില്ല .
"സ്കൂൾ വിട്ട് ഇത്രത്തോളം നടന്നുവരുമ്പോൾ ചെറുക്കൻ തളർന്നു പോകുന്നു.." എന്ന് അമ്മ സങ്കടം പറഞ്ഞപ്പോൾ, "സ്കൂളിനടുത്തുള്ള ചായക്കടയിൽ നിന്നും ചായയും പലഹാരവും കഴിച്ചിട്ട് പോന്നേക്കട്ടെ... പൈസ ഞാൻ കടയിൽ കൊടുത്തേക്കാം.." എന്ന് അച്ഛൻ പറഞ്ഞു. ഹായ്.. ഹായ് ..ബോണ്ട.. ഉള്ളിവട.. പഴബോളി.. ചെറുക്കന് കുശാലായി. ചായക്ക് പകരം കൂടി പലഹാരം വാങ്ങി ചെറുക്കൻ കഴിച്ചു. ചായക്കടയ്ക്ക് മുമ്പിലെത്താറാകുമ്പോൾ കൂട്ടുകാർ വേഗം നടക്കും- അവർക്ക് വിശപ്പില്ലല്ലോ..!
മാർച്ച് മാസത്തിലെ തിരക്കുകൾ കൊണ്ട് കൃഷിയാപ്പീസർക്ക് കവലയിൽ ചെല്ലാനും നേരമ്പോക്കുകൾക്ക് നിൽക്കാനുമൊന്നും കഴിഞ്ഞില്ല. അതുകൊണ്ട് ആദ്യമായാണ് മൂന്നുമാസത്തെ ട്യൂഷൻ ഫീസൊന്നിച്ച് അമ്മ ചെറുക്കന്റെ കൈയ്യിലേൽപ്പിച്ച്: "ഭദ്രമായി സാറിന്റെ കയ്യിലേൽപ്പിക്കണം" എന്നു പറഞ്ഞുവിട്ടത്. ചെറുക്കനത് കൃത്യമായി ചെയ്യുകയും ചെയ്തു. രാജുസാർ, മൂന്നായി മടക്കി വെച്ചിരുന്ന നോട്ട്ബുക്കിന്റെ താളിലെ പേരുകൾ വിളിച്ചു തുടങ്ങി. ചെറുക്കന്റെ പേര് മാത്രം ഒരിക്കലും വിളിക്കാത്തതിൽ ശ്രീകലയ്ക്കും മറ്റുമൊക്കെ ചെറിയൊരു കുശുമ്പ് ഉണ്ടായിട്ടുണ്ടെന്ന് ചെറുക്കന് തോന്നി. അതുമാത്രമല്ല ചായക്കടയ്ക്ക് മുമ്പിലെത്തുമ്പോൾ അവരുടെ നടപ്പിന്റെ വേഗത കൂടുന്നുമുണ്ട്. കൊതിക്കെറുവ്..! അല്ലാതെന്താ...?!
അടുത്തമാസവും, ശമ്പളം കിട്ടിയതിന്റെ പിറ്റേന്ന് തന്നെ അമ്മ ട്യൂഷൻ ഫീസ് ചെറുക്കന്റെ കയ്യിൽ കൊടുത്തുവിട്ടു. കളരിയിലേക്ക് നടക്കുമ്പോൾ ചെറുക്കൻ വിചാരിച്ചു: "എന്തിനാണ് ഇത്രയും പൈസ ഇപ്പോ രാജുസാറിന് കൊണ്ടുപോയി കൊടുക്കുന്നത്...? ആരും എല്ലാ മാസവും ഫീസ് കൃത്യമായി കൊണ്ടുവന്ന് കൊടുക്കുന്നില്ല. രാജുസാർ എത്രയാവർത്തി ചോദിച്ചു കഴിയുമ്പോഴാണ്... സാറൊട്ട് വഴക്കു പറയാറുമില്ല ..'ഈ പൈസ സാറിന് കൊടുക്കുന്നില്ല' ചെറുക്കൻ തീരുമാനിച്ചു.
സൈക്കിൾ വാടകയ്ക്കെടുത്ത് ഓടിച്ച് കളിക്കാം... ബിസ്കറ്റും മിഠായികളും വാങ്ങിതിന്നാം.. ഫീസ് കൊടുത്തോയെന്ന് അമ്മ ചോദിച്ചാൽ നുണ പറഞ്ഞേക്കാമെന്ന് ചെറുക്കൻ മനസ്സിലുറച്ചു.
വൈകിട്ട് പലഹാരം കഴിക്കുന്ന ചായക്കടയല്ലാതെ ഒന്ന് കവലയ്ക്ക് അപ്പുറത്തായി ഉണ്ട് .അവിടെ തിരക്കും കുറവാണ് .അവിടെ കയറിയാൽ ആരും കാണുകയില്ല. ഇടത്തും വലത്തുമൊന്ന് പാളി നോക്കിയ ചെറുക്കൻ ചായക്കടയിലേക്ക് കയറി ഭിത്തിയോട് ചേർത്തിട്ടിരുന്ന ബെഞ്ചിലിരുന്നു .
"കഴിക്കാനെന്താണുള്ളത്"....?
"ദോശ ..പൊറോട്ട ..."
പൊറോട്ട.. വീട്ടിൽ ഉണ്ടാക്കാറില്ലാത്ത പലഹാരം. അതുമതി.
"പൊറോട്ട.."
"കറി ..മുട്ടക്കറിയെടുക്കട്ടേ..."?
"മുട്ട വേണ്ട.."
"എന്നാ കിഴങ്ങുകറി തരാം..." ചെറുക്കന്റെ മറുപടിക്ക് കാത്തുനിൽക്കാതെ കൈയ്യില്ലാത്ത ബനിയനും കള്ളിമുണ്ടുമുടുത്ത വിയർപ്പു മണക്കുന്ന വെയിറ്റർ തിരിഞ്ഞു നടന്നു. രണ്ട് പൊറോട്ടയും, ഒരു പാത്രം നിറയെ ആവി പറക്കുന്ന, മഞ്ഞ നിറമുള്ള കിഴങ്ങുകറിയും അയാൾ ചെറുക്കന്റെ മുമ്പിൽ കൊണ്ടുവന്നു വച്ചു.
രണ്ട് പൊറോട്ടയും തിന്നു കഴിഞ്ഞപ്പോൾ വയർ പൊട്ടാറായി. നല്ല കിഴങ്ങുകറി. പകുതിയേ തീർന്നിട്ടുള്ളൂ..എഴുന്നേറ്റ് കൈ കഴുകി. പണം കൊടുത്തപ്പോൾ ബാക്കി തരാൻ ചില്ലറ തികയാതെ അയാൾ എവിടെയൊക്കെയോ പരതി എണ്ണി കുറേ നോട്ടുകൾ ചില്ലറ നാണയങ്ങളോടൊപ്പം ചെറുക്കന്റെ കയ്യിൽ കൊടുത്തു. അയാളുടെ നെറ്റിയിലും തോളിലുമെല്ലാം വിയർപ്പു തുള്ളികൾ തിളങ്ങി നിൽക്കുന്നു. ഇത്രയും പണം അമ്മയറിയാതെ എങ്ങനെ ഒളിപ്പിച്ചു വയ്ക്കുമെന്നോർത്ത് ചെറുക്കൻ വല്ലാതെയായി.
നാണയത്തുട്ടുകൾ നിക്കറിന്‍റെ പോക്കറ്റിൽ സൂക്ഷിച്ചു. നോട്ടുബുക്കിന്റെ ചട്ടയ്ക്കുള്ളിൽ പണം ഒളിപ്പിച്ചുവച്ചു .ചില്ലറയായി കിട്ടിയ ഒരു നാണയത്തിന് തന്നെ, പത്രക്കടലാസിൽ പൊതിഞ്ഞു തരാനോളം മഞ്ഞ ബിസ്കറ്റുകൾ കൊച്ചേട്ടൻ തന്നു. ഇലഞ്ഞി മരത്തണലിലിരുന്ന് ചെറുക്കനും രമേശും ബിസ്ക്കറ്റുകൾ തിന്നുതീർത്തു. വൈകുന്നേരം സ്കൂൾവിട്ട് മടങ്ങുമ്പോൾ, എല്ലാവർക്കും 'പച്ചപ്പാരീസ് 'വാങ്ങിക്കൊടുത്ത് ശ്രീകലയുടെയും ജയപ്രകാശിന്റെയുമൊക്കെ കുശുമ്പ് ചെറുക്കൻ മാറ്റിയെടുത്തു.
അവധി ദിവസങ്ങളിൽ ചെറുക്കൻ മാത്രം കവലയ്ക്കപ്പുറത്തെ ചായക്കടയിൽ നിന്നും പൊറോട്ട കഴിച്ചു. ബാക്കി കിട്ടുന്ന ചില്ലറത്തുട്ടുകൾ സ്കൂൾവിട്ട് നടക്കുന്ന വൈകുന്നേരങ്ങൾക്കായി സൂക്ഷിച്ചുവച്ചു. രാജു സാർ ഫീസ് ആവശ്യപ്പെടുകയോ, ഫീസ് കൊണ്ടുപോയി കൊടുത്തോ എന്ന് അമ്മ ചോദിക്കുകയോ ഉണ്ടായില്ല...
ആനിക്കാവിളകൾ വീണ് പൊട്ടിച്ചിതറി പഴയീച്ചകൾ ആർക്കുന്ന തൊടിയിൽ, വലിയ പരീക്ഷയ്ക്ക് ശേഷമുള്ള അവധിക്കാല ദിനമൊന്നിൽ ഓടിക്കളിക്കുകയായിരുന്നു ചെറുക്കൻ. പഴുത്ത് പാകമായ ആനിപ്പഴത്തിന്റെ മുൾതൊലിപുതപ്പ് അടർത്തിയെടുത്ത് വായിൽ കൊള്ളുന്നത്ര ചുളകൾ തിന്ന് ചെറുക്കൻ, വെളുത്ത മുത്തുകൾ പോലെയുള്ള കുരുക്കൾ തുപ്പിത്തെറിപ്പിച്ചു.
മഴക്കാറ് നിറഞ്ഞുനിന്ന ആ ഒരു വൈകുന്നേരത്താണ് രാജുസാർ പടികയറി വന്നത്. മഴ ഇപ്പോ വീണേക്കുമെന്ന് തോന്നുന്നു- വലിയ കരിയിലകൾ മുറ്റത്തേക്ക് പാറി വീണു. രാജുസാറിൻറെ വളർന്നു മുറ്റിയ തലമുടിയിഴകളെ കശക്കിക്കൊണ്ട് കാറ്റു വീശി. വീട്ടിൽ അച്ഛൻ ഉണ്ടായിരുന്നില്ല. ഇറയത്തേക്ക് കയറാതെ നിന്ന്,ഫീസിന്റെ കുടിശിഖയെ കുറിച്ച് രാജു സാർ അമ്മയോട് പറഞ്ഞു.
രാജുസാറിൻറെ മുഖത്തെ ധൈന്യത ചെറുക്കന്റെ മനസ്സിൽ കാർമേഘങ്ങളെ ഉരുണ്ടുകൂടുമാറാക്കി." ഇവൻ ഫീസ് കൊണ്ടുവന്ന് തന്നിട്ടില്ല.." തീക്ഷ്ണതയുള്ള കണ്ണുകളോടെ രാജുസാർ മുരണ്ടപ്പോൾ ചെറുക്കന്റെ ഹൃദയത്തിൽ വെള്ളിടി വെട്ടി.
"...നീ പൈസ കൊണ്ടുപോയി സാറിന് കൊടുത്തില്ലേ ...."? എന്ന് അമ്മ തിരിഞ്ഞ് ചെറുക്കനോട് ചോദിച്ചപ്പോൾ " ഞാൻ സാറിൻറെ കയ്യിൽ കൊണ്ടുവന്ന് തന്നായിരുന്നു" എന്ന് കൂസലില്ലാതെ ചെറുക്കൻ പറഞ്ഞു.
" എൻറെ കൈയ്യിൽ തന്നിട്ടില്ല..." കോപം കടിച്ചമർത്തി സാർ നിന്നു.
" സാർ അതൊരു താളിൽ കുറിച്ചും വച്ചതാ.." ചെറുക്കൻ കൂട്ടിച്ചേർത്തു.
"ചായക്കടയിൽ നിന്നും എന്നും പലഹാരം തിന്നാൻ നിനക്ക് കാശെവിടുന്നായിരുന്നു.."? ചെറുക്കനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആ ചോദ്യം പക്ഷേ അമ്മയ്ക്കിഷ്ടപ്പെട്ടില്ല.
" അതൊന്നും രാജു അന്വേഷിക്കേണ്ട.. ചെറുക്കനോട് വൈകുന്നേരം ചായ കുടിച്ചോളാൻ പറഞ്ഞിരിക്കുന്നത് ഇവിടുത്തെ അച്ഛനാണ് ... ചായക്കടയിലെ പറ്റൊക്കെ ഒന്നിച്ച് അച്ഛനാണ് കൊടുത്തു തീർക്കുന്നത്..."
കൂറ്റനൊരു ഇടിയൊച്ചയോടെ അന്നേരം ആർത്തലച്ച് മഴ പെയ്തുതുടങ്ങിയിരുന്നു. അപമാന ഭാരത്തോടെ തലകുനിച്ച് രാജുസാർ അന്ന് പടികളിറങ്ങിയപ്പോൾ നനഞ്ഞ ചുണ്ടുകൾ എന്തോ മന്ത്രിച്ചിരുന്നുവോ ..?!
അമ്മ അകത്തേക്ക് കയറിപ്പോയിരുന്നു. മുതുകോളം വളർന്ന മുടിയിഴകൾ കുതിർന്ന്, ദേഹമാസകലം മഴ നനഞ്ഞ്, ദേഹത്തൊട്ടിയ വസ്ത്രങ്ങൾ ഇഴച്ച് ഭൂമിയെ ചവിട്ടി നോവിക്കാതെ മൺവഴിയിലൂടെ പെരുമഴയിലൂടെ രാജുസാർ നടന്നു നീങ്ങുന്നത് ചെറുക്കൻ കണ്ടു.
പടികളിറങ്ങിയപ്പോൾ എന്തായിരിക്കും രാജു സാർ പറഞ്ഞിട്ടുണ്ടായിരിക്കുക..?! നേരത്തേ ഇരുട്ടുവീണ ആകാശത്തിൽ പിന്നേയും ഒന്നു രണ്ടു വട്ടം മിന്നൽ പിണരുകൾ പാറി വീണു. മുറ്റത്ത് വീണ ശാപം കണ്ടില്ലെന്ന് നടിച്ച് ചെറുക്കൻ വീട്ടിനകത്തേക്ക് കയറി, വാതിലടച്ചു.