മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

  • MR Points: 0
  • Status: Ready to Claim

''എക്കൗണ്ടന്റായാല്‍ കണക്കുകള്‍ മാത്രം നന്നായി കൈകാര്യം ചെയ്താല്‍ പോരാ... ഓഫീസര്‍മാരേം വേണം.''  ഓട്ടോറിക്ഷ ഓഫീസിലേക്ക് കുതിക്കാന്‍ തുടങ്ങിയപ്പോള്‍ മേനോന്‍ വളരെ അഭിമാനത്തോടെ മാധവനോട് പറഞ്ഞു. 

''അതുകൊണ്ടാണല്ലോ ശിവദാസിനെ മാറ്റി നിങ്ങളെ എന്റെ എക്കൗണ്ടന്റാക്കിയത്.''
''അതുകൊണ്ട് നഷ്‌ടൊന്നും ഉണ്ടായിട്ടില്ലല്ലോ... ഉവ്വോ...''
''ഇല്ല. നല്ല ആശ്വാസംണ്ട് താനും. ശിവദാസനാകുമ്പം ഓഫീസിലെല്ലാം ഞാന്‍ തന്നെ പോകണം. കാര്യങ്ങളെല്ലാം ഞാന്‍ തന്നെ സംസാരിക്കണം. അയാള് കൂട്ടിനൊരാളായി വര്വേ ഉള്ളൂ. ഇതിപ്പോ വല്ല്യാ ആശ്വാസല്ലേ. കൂട്ടിനൊരാളായി ഞാന്‍ വന്നാല്‍ പോരേ. എല്ലാം മേനോന്‍ തന്നെ ശര്യാക്കുന്നുണ്ടല്ലോ...''
''സംതിങ്ങ് കിട്ടണമെന്നേ ഉള്ളൂ. അവരും മനുഷ്യന്മാര് തന്ന്യാ...''
''ഓഫീസര്‍മാരുടെ അടുത്ത് ചെല്ല്ണത് തന്നെ എനിക്കു പേടിയാ...എന്തൊക്കെ നൂലാമാലകളാ അവരുണ്ടാക്ക്വാ... ഒന്നുംങ്കട് വെട്ടിതുറന്ന് പറയില്ല. എനിക്കാണെങ്കില്‍ എന്തേങ്കിലും ചോദിക്കാന്‍ പേടിയും. എന്താ വേണ്ടേങ്കിലത് പറഞ്ഞാ പോരെ. അവസാനം പ്യൂണ്‍ വഴി വേണ്ടത് കൊടുത്തുകഴിയുമ്പഴാ അവര് ചില കുറുക്കുവഴികള്‍ പറഞ്ഞു തര്വാ. ഇത്ര തന്നാല്‍ ഇതെല്ലാം ശരിയാക്കാന്ന് പറഞ്ഞാല്‍ അതാ കൊടുത്ത് പിടുത്തം വിടാം. അതവര് പറയില്ല.''
''അതൊക്കെ തന്ത്രപൂര്‍വ്വം ചോദിക്കണം എന്റെ മാധവേട്ടാ... അല്ലാതെ ഒരാളും എനിക്കിത്ര കൈക്കൂലി കിട്ടണംന്ന് പറയില്ല. അങ്ങനെ പറയണെങ്കില് അവര് അത്രമാത്രം വേന്ദ്രന്മാരാകണം.''
''മേനോന്‍ എക്കൗണ്ട്‌സ് കൈകാര്യം ചെയ്യാന്‍ തുടങ്ങ്യേപ്പിന്നെ ആ ബുദ്ധിമുട്ട് ഒഴിഞ്ഞു. എല്ലാം കിറുകൃത്യം. കൈക്കൂലിയായാലും ഫീസായാലും ടാക്‌സായാലും കണക്കു പറഞ്ഞ് കൈകാര്യം ചെയ്യും. എന്തൊരാശ്വാസമാണെന്നോ... ഇപ്പോളീ ഓഫീസറെ കാണാന്‍ എക്കൗണ്ട് ബുക്കുകളുമായി ഓഫീസില്‍ പോകുന്നതുപോലും എത്ര കൂളായിട്ടാ...''
''കക്ഷികള് ഭയം ഇല്ല്യാണ്ട് കച്ചവടം നടത്തി നാല് കാശ് ഉണ്ടാക്കട്ടേന്ന്. അതീന്നൊരു വിഹിതം തന്നാല്‍ എല്ലാം ഭംഗിയായിട്ട് നടത്തിക്കൊണ്ടുപോകാനുള്ള സൗകര്യം ഞങ്ങളുണ്ടാക്കികൊടുക്കും. അതിപ്പോ കൈക്കൂലി കൊടുത്തായാലും പ്രശ്‌നങ്ങളുണ്ടാകാതിരിന്നാല്‍ പോരേ...'' 
മേനോന്‍ തെല്ലൊരു അഭിമാനത്തോടെ പറഞ്ഞു.
''ഓ, ധാരാളം..'' 
''ഒരു കട നടത്തിക്കൊണ്ടുപോകുന്നതിന് എന്തെല്ലാം പ്രയാസങ്ങളാന്നറിയോ...''
''അതിനുള്ള പ്രതിഫലമല്ലേ ആദായം.''
''ആദായം മാത്രം പോരല്ലോ. ജീവിതം നരകിക്കാതെ നോക്കണ്ടേ...''
''നിങ്ങള് ബോജാറാവണ്ടാന്ന്, ഈ ഭൂമിയിലെ എല്ലാപ്രശ്‌നങ്ങള്‍ക്കും പരിഹാരംണ്ട്. അതോണ്ട് നിങ്ങളെന്തും ചെയ്‌തോളിന്‍. ഒന്നും സംഭവിക്കില്ല. നിങ്ങളുണ്ടാക്കുന്ന ആദായത്തീന്ന് ഒരംശം ചിലവാക്കണമെന്നുമാത്രം. ഏത്...''
''താങ്കളെ പരിചയപ്പെട്ടതു മുതല്‍ അങ്ങനെയൊരു വിശ്വാസം വരാന്‍ തുടങ്ങിയിരിക്ക്ണൂ. അതുകൊണ്ടാണല്ലോ ഇത്രയും കൂളായി ഞാനിപ്പം ഈ ഓട്ടോയില് ഓഫീസറെ കാണാന്‍ വരുന്നേ... ശിവദാസനായിരുന്നേല്‍ ഞാന്‍ ഇപ്പം ടെന്‍ഷനടിച്ചു ചത്തേനെ.''
''നിങ്ങളതൊന്നും ഓര്‍ത്ത് ബേജാറാവണ്ട. ഓഫീസറെ നമ്മള് ഇന്നലെ വീട്ടില് പോയി കണ്ടതല്ലേ... അയാള്‍ക്ക് ആവശ്യമുള്ളത് കൊടുക്കേം ചെയ്തു. ഇന്ന് നോക്കിക്കോ അയാള് പൂച്ചക്കുട്ട്യേപോലെ നമ്മോട് പെരുമാറുന്നത്.''
മേനോന്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. മേനോന്റെ ധൈര്യത്തിലും വര്‍ക്കുചെയ്യുന്ന രീതികളിലും നല്ല വിശ്വാസം വരാന്‍ തുടങ്ങിയീട്ടുണ്ടായിരുന്നു. വീട്ടില്‍ ചെന്ന് ഒഫിഷ്യല്‍ കാര്യങ്ങള് സംസാരിക്കുമ്പം ഓഫീസര്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്നതില്‍ ചെറിയ സന്ദേഹമുണ്ടായിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലാന്ന് ഇന്നല്യല്ലെ ബോധ്യമായത്. കവര്‍ കൊടുത്ത് പുറത്തിറങ്ങുമ്പോള്‍ അയാള്‍ എന്തു ഭവ്യതയാണ് കാണിച്ചത്. അന്ന് കടയില്‍ പരിശോധനക്ക് വന്നപ്പോഴത്തെ പെരുമാറ്റമേ ആയിരുന്നില്ല. ഒരുകാര്യം മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ.
''അന്ന് കൂടെ വന്ന ക്ലര്‍ക്കിനും പ്യൂണിനും എന്തെങ്കിലും കൊടുക്കണം. അവര്‍ക്കും തൃപ്ത്യായിക്കോട്ടെ.''
''ഓ, അതിനെന്താ, അവിടെ വരുമ്പോള്‍ കൊടുത്തേക്കാം.'' 
കമാന്നൊരക്ഷരം ഓഫീസര്‍മാരുടെ മുന്നില്‍ പറയാന്‍ ധൈര്യമില്ലാത്ത തന്നില്‍ നിന്ന് ഈ വാക്കുകള്‍ പുറത്തുചാടിയത് മേനോന്റെ ധൈര്യത്തിലാണെന്ന് അപ്പോള്‍ തന്നെ ബോധ്യപ്പെടുകയും ചെയ്തു. 

ഇടിത്തീപോല്യായിരുന്നു കഴിഞ്ഞ ആഴ്ച ഈ ഇന്‍സ്‌പെക്ടറും സംഘവും കടയിലേക്ക് ചാടിവീണത്. ജീപ്പ് അല്പം അകലെ മാറ്റിയിട്ട് ഒരു പ്യൂണും ക്ലര്‍ക്കുമൊത്ത് കടയിലേക്ക് കയറിവന്നപ്പോള്‍ ആരോ സ്‌പെയര്‍ പാര്‍ട്ട്‌സ് വാങ്ങാനായി വന്നതാണെന്നായിരുന്നു കരുതിയത്. വന്നപാടെ കടയുടെ ഉള്ളിലേക്ക് കയറിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടെന്ന് മനസ്സിലായി. ഒഫിഷ്യല്‍ ഐഡി കാണിച്ചുതന്ന് അയാള്‍ കാര്യം പറഞ്ഞു. ഒപ്പം രജിസ്റ്ററുകള്‍ എല്ലാം ആവശ്യപ്പെട്ടു. സെയില്‍സ് റജിസ്റ്റര്‍, ബില്‍ ബുക്‌സ്, ഇന്‍വോയ്‌സ് ബുക്ക്, സ്റ്റോക്ക് റജിസ്റ്റര്‍ എന്നിവ വാങ്ങി അതിന്റെ അവസാനപേജില്‍ ഒപ്പുവെച്ച് മുദ്ര ചാര്‍ത്തി തിരിച്ചുതന്നു. സ്റ്റോക്ക് റജിസ്റ്റര്‍ നിവര്‍ത്തി അതിലെ ചില ഐറ്റംസ് എത്ര ഇപ്പോള്‍ സ്റ്റോക്കുണ്ടെന്ന് ചോദിച്ചു. റാക്കില്‍ പരതി അവിടെയുണ്ടായിരുന്നതിന്റെ എണ്ണം പറഞ്ഞു. അതയാള്‍ ഇന്‍സ്‌പെക്ഷന്‍ നോട്ടില്‍ കാര്‍ബണ്‍ വെച്ച് എഴുതി. അതു കഴിഞ്ഞ് മറ്റൊരു ഐറ്റം ചോദിച്ചു. അതും നോട്ട് ചെയ്തു. ആങ്ങനെ പത്ത് ഐറ്റംസ് നോട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ അയാളതില്‍ ഒപ്പു വെച്ചു. സാന്നിദ്ധ്യമറിയീക്കുന്നതിന് തന്നേയും സെയില്‍സ് അസിസ്റ്റന്റിനേയും കൊണ്ട് അതിനടിയിലായി ഒപ്പു വെപ്പിച്ചു. എന്നീട്ട് അതിന്റെ കാര്‍ബണ്‍ പതിഞ്ഞ കോപ്പി കീറിയെടുത്ത് തന്നുകൊണ്ടു പറഞ്ഞു.
''അടുത്ത ആഴ്ച പത്തു മണിയ്ക്ക് ഈ പറഞ്ഞ ഐറ്റംസിന്റെ സ്റ്റോക്കെല്ലാം കൃത്യമാണെന്ന് ഓഫീസില്‍ വന്ന് ബോധിപ്പിക്കണം.'' 
''ശരി സാര്‍.'' 

ഭയഭക്തി ബഹുമാനത്തോടെ വളഞ്ഞുനിന്ന് ഉത്തരം നല്‍കി. ആ സംഘം തിരിച്ചുപോയപ്പോഴാണ് ശ്വാസം നേരെ വീണത്. ഒരാഴ്ചയാണ് സമയം തന്നത്. അതിനുള്ളില്‍ എല്ലാം ശരിയാണെന്ന് ബോധ്യപ്പെടുത്തണം. എന്താണ് ചെയ്യേണ്ടത്. എങ്ങനെയാണ് ചെയ്യേണ്ടത്. മുന്നില്‍ പുകമൂടിയതുപോലെ എല്ലാം മൂടല്‍ വന്ന് അദൃശ്യമായി. എക്കൗണ്ടന്റ് ശിവദാസ് മറ്റൊരു വലിയ ഷോപ്പിലെ സ്ഥിരം ജോലിക്കാരനാണ്. വൈകുന്നേരങ്ങളില്‍ പാര്‍ട്ട്‌ടൈം ആയിയാണ് ഇവിടത്തെ ജോലികള്‍ ചെയ്യാന്‍ വരുന്നത്. ഉടനെ ശിവദാസിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. 

''റാന്റം ചെക്കിങ്ങിനായി എടുത്ത പത്ത് ഐറ്റംസും സ്റ്റോക്ക് റജിസ്റ്ററില്‍ എത്ര എണ്ണമാണ് രേഖപ്പെടുത്തിവെച്ചിട്ടുണ്ടായിരുന്നതെന്ന് നോക്കുക. അതിന്റെ കൂടെ ഈ വര്‍ഷം ഇതുവരെയായി എത്ര പര്‍ച്ചേഴ്‌സ് ചെയ്തീട്ടുണ്ടെന്ന് കണ്ടെത്തി കൂട്ടുക. ശേഷം ഇതുവരെ എത്ര വിറ്റിട്ടുണ്ടെന്ന് ബില്‍ബുക്‌സും ഇന്‍വോയ്‌സ് ബുക്കുകളും പരിശോധിച്ച് കണ്ടെത്തി അതില്‍ നിന്നും കുറക്കുക. ആ കിട്ടുന്ന എണ്ണമാണോ ഇന്‍സ്‌പെക്ടര്‍ എഴുതിയെടു ത്തതെന്ന് ഒത്തുനോക്കുക. അതില്‍ വിത്യാസമുണ്ടെങ്കില്‍ നിങ്ങളുടെ കണക്കെല്ലാം കള്ളക്കണക്കാണെന്ന് കണ്ടെത്തി പിഴ ചുമത്തും.''
എക്കൗണ്ടന്റിന്റെ മറുപടി കേട്ടപ്പോള്‍ കലിയാണ് വന്നത്. ഇതെങ്ങനെ പരിഹരിക്കണമെന്ന ഉപദേശത്തിനു പകരം അയാളുടെ ഓരോ വിശദീകരണങ്ങള്‍. 
''എടോ കണക്കുപിള്ളേ, എന്താ ചെയ്യേണ്ടെന്നല്ല തന്നോട് ചോദിച്ചേ... സ്റ്റോക്ക് എന്തായാലും അയാളുടെ കണക്കുമായി കൂട്ടിമുട്ടില്ല. അതു ശരിയാക്കാനുള്ള മാര്‍ഗ്ഗാണ് ആരാഞ്ഞത്.''
''എന്തുമാര്‍ഗ്ഗം. ടാലി ആവുന്നില്ലെങ്കില് പിഴ ഒടുക്കിക്കോ...''
''ശരി, ഉപദേശത്തിന് നന്ദി.'' 
തെറിച്ചു വന്ന കോപത്തെ ഒതുക്കി. വാക്കുകള്‍ പെട്ടെന്ന് നിര്‍ത്തി ഫോണ്‍ താഴെ വെച്ചു. തുടര്‍ന്ന് അയാളോട് സംസാരിക്കാന്‍ മനസ്സു വന്നില്ല. അവര് പറയുന്ന ഫൈന്‍ ഒടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ കട എന്തിനാ തുറന്നുവെക്കുന്നേ... എല്ലാം കൃത്യം കൃത്യം രേഖപ്പെടുത്തി കച്ചവടം ചെയ്താല്‍ ജീവിച്ചുപോകാന്‍ തന്നെ കഷ്ടപ്പാടാവും. ഇന്‍കംടാക്‌സ് അടയ്ക്കാന്‍ എല്ലാവര്‍ഷവും കടം വാങ്ങേണ്ടി വരും. 
ഇനിയെന്താണ് ചെയ്യുകയെന്ന വേവലാതിയോടെ നടക്കു മ്പോഴാണ് ഫ്യുവല്‍ എഞ്ചിന്‍ സര്‍വ്വീസര്‍ സത്യന്‍ പറഞ്ഞത്. 
''മാധവേട്ടാ, എന്റെ പക്കലൊരു പുലീണ്ട്. പുലീന്ന് പറഞ്ഞാല്‍ ആളൊരു ഒന്നൊന്നര പുല്യാണ്. ഇന്‍കം ടാക്‌സ്‌കാരേം സെയില്‍സ്ടാക്‌സ്‌കാരേം ഉള്ളം കയ്യില്‍ കൊണ്ടു നടക്കുന്ന അസ്സല്‍ മൊതലാ... അങ്ങോട്ടേക്കയക്കണോ...''
''വളരെ ഉപകാരം. അയാളോടൊന്ന് വരാന്‍ പറയ്.''
ഒരുമണിക്കൂറിന് ശേഷം അയാളെത്തി. സ്വയം പരിചയപ്പെടുത്തി.
''ഞാന്‍ ബാലന്‍മേനോന്‍. സത്യന്‍ പറഞ്ഞീട്ട് വര്യാണ്.''
''വരൂ. വരൂ. ഇരിയ്ക്കൂ.'' കാഴ്ചയക്ക് അയാളെ ബോധിച്ചില്ല. മുണ്ടുമടക്കികുത്തി മെലിഞ്ഞ് വളഞ്ഞുകുത്തിയൊരാള്‍. എന്നാലും അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആശ്വാസം തോന്നി. അകത്തേക്ക് വിളിച്ചിരുത്തി. കാര്യങ്ങള്‍ പറഞ്ഞു. അതുകേട്ടതും അയാള്‍ പൊട്ടിച്ചിരിച്ചു. 
''എന്റെ മാധവേട്ടാ, നിങ്ങള്‍ക്കെന്താ വേണ്ടേ... കണക്കെല്ലാം ഒത്തുപോണം. ഇല്ലെങ്കിലും നമ്മളതെല്ലാം ഒപ്പിക്കും. ഇവിടെ കണക്കുകള്‍ എല്ലാം ശരിയാകണമെന്നേ ഉള്ളൂ. കാര്യങ്ങള്‍ അങ്ങനെയാകണമെന്നില്ല.'' 
''ഓ, ഇപ്പഴാ ഒരു സമാധാനായേ...''
''ആ ബൂക്കുകളെല്ലാം ഇങ്ങോട്ടെടുത്ത് താ, ഞാന്‍ ഒന്നു നോക്കട്ടേ...''
എല്ലാ ബില്‍ ബുക്കുകളും റജിസ്റ്ററുകളും അദ്ദേഹത്തിനെടുത്ത് കൊടുത്തു. അദ്ദേഹമതെല്ലാം അവിടെയിരുന്നുതന്നെ പരിശോധിച്ച് കൃത്യമായ കണക്കുകളുണ്ടാക്കി. എന്നീട്ട് പറഞ്ഞു.
''ഒന്നും ഒത്തുപോകുന്നില്ലല്ലോ...''
''എന്താ ചെയ്യാ...''
''എന്തു ചെയ്യാനാ... സ്റ്റോക്ക് റജിസ്റ്റര്‍ തിരുത്തിയെഴുതണം.''
''വെട്ടിത്തിരുത്തുകള്‍ അയാള്‍ സമ്മതിക്ക്യോ...''
''ആരാ അതിന് വെട്ടിത്തിരുത്തുന്നേ... മറ്റൊന്ന് തയ്യാറാക്കണം.''
''അപ്പോഴയാളുടെ ഒപ്പും സീലും...''
''ഇതേപ്പോലൊരു ബുക്ക് വാങ്ങി ഒപ്പിട്ട പേജ് അതില്‍ അതിന്റെ സ്ഥാനത്തുതന്നെ പിടിപ്പിച്ച് റജിസ്റ്റര്‍ മാറ്റിയെഴുതണം.''
ആദ്യം ഒന്നും മനസ്സിലായില്ല. മേനോന്‍ വിശദികരിച്ചപ്പോള്‍ അയാളോട് ബഹുമാനം തോന്നി. എന്നാലും സംശയം ആരാഞ്ഞു. 
''പുലിവാലാവ്വോ...''
''എന്തിന്. നമ്മളെല്ലാം കറക്റ്റ് ആക്കിയല്ലേ കൊണ്ടുപോകുന്നേ... കൂടുതല്‍ ചിക്കിചികയാതിരിക്കാന്‍ മുന്നേക്കൂട്ടി വീട്ടില്‍ പോയി കണ്ട് അയാള്‍ക്ക് സന്തോഷമുണ്ടാക്കി പോരണം. എന്നീട്ട് അടുത്ത ദിവസം ഓഫീസിലെത്തി രേഖകള്‍ കാണിച്ചുകൊടുത്ത് ഒപ്പു വെപ്പിച്ച് തിരിച്ചുപോരണം. എന്താ അങ്ങനെ പോരേ...''
''ഓ, ധാരാളം. പക്ഷെ ഇതെല്ലാം നടക്ക്വോ...''
''നിങ്ങള് ബേജാറാവാണ്ട് ഇരിയ്ക്ക് നമുക്കെല്ലാം ശരിയാക്കാം.''
അതൊരു വാക്കായിരുന്നു. ഉറച്ച വാക്ക്. പിന്നെ സമയം കളയാതെ പഴയതുപോലുള്ള ഒരു സ്റ്റോക്ക് റജിസ്റ്റര്‍ വാങ്ങി. പഴയതിന്റെ നൂല് പൊട്ടിച്ച് ഒപ്പിട്ട ആ പേജ് ഇളക്കിയെടുത്തു. പുതിയതായി വാങ്ങിയ ബുക്കും നൂല് പൊട്ടിച്ച് പേജ് നമ്പര്‍ തെറ്റാതെ അതിനുള്ളില്‍ പിടിപ്പിച്ച് വീണ്ടും തുന്നികെട്ടി. പിന്നെ കണക്കെടുത്തുപോയ പത്ത് ഐറ്റംസിന്റെ സ്റ്റോക്ക് കറക്റ്റാകുന്ന വിധത്തില്‍ സ്റ്റോക്ക് മുഴുവന്‍ പകര്‍ത്തിയെഴുതി. രണ്ടുദിവസത്തെ അദ്ധ്വാനം. എല്ലാം റെഡി. ഇനി എപ്പോള്‍ വേണമെങ്കിലും ഇന്‍സ്‌പെക്ടറെ കണാന്‍ പോകാം. മേനോന്‍ പറഞ്ഞു. 
''അങ്ങനെ വേഗത്തില് ഓടി പോവണ്ട. തലേന്ന് പോയാല്‍ മതി. ആദ്യം വീട്ടില് പോക്വാ. പിന്നെ ആളെ ബോധ്യപ്പെടുത്തി കാണേണ്ടതുപോലെ കണ്ട് നാളെ ഓഫീസില്‍ ചെല്ലാമെന്ന് പറഞ്ഞ് പോരുക. പിറ്റേന്ന് കൃത്യസമയത്തുതന്നെ ഓഫീസിലെത്തി. ബുക്കിലെ കണക്കെല്ലാം ബോധ്യപ്പെടുത്തികൊടുത്ത് ഒപ്പുകളും വാങ്ങി തിരിച്ചുപോരുക.''
''അങ്ങനെയാവട്ടെ.''

ശിവദാസായിരുന്നെങ്കില്‍ എന്ന് മാധവന്‍ ഓര്‍ത്തു. ചെല്ലാന്‍ പറയുന്ന സമയത്തിന് ഒന്നും ശരിയാകാറില്ല. അപ്പോള്‍ സമയം നീട്ടിചോദിക്കാന്‍ പോകേണ്ടി വരും. ഓന്നോ രണ്ടോ തവണ നീട്ടി ചോദിക്കും. അങ്ങനെ അവരെ കുറേ വെറുപ്പിക്കും. അതിനുശേഷം പുസ്തകങ്ങളുമായി ചെല്ലുമ്പോള്‍ അവര്‍ നോക്കാന്‍ നിശ്ചയിച്ചുവെച്ചവയെല്ലാം നോക്കിയാലും നോട്ടം നിര്‍ത്തില്ല. അവര്‍ അവിടവിടെയായി ചികഞ്ഞു നോക്കും. വീണ്ടും പല താളപ്പിഴകള്‍ കണ്ടെത്തും. പിന്നെ പറഞ്ഞ പിഴയുമടിച്ച് നോട്ടപ്പുള്ളിയായി തിരിച്ചുപോരും. 

ഇപ്രാവശ്യം ആ രീതികളെല്ലാം മാറി. എല്ലാം എന്തു സുഖം. തലേന്ന് പോയി ഇന്‍സ്‌പെക്ടറെ വിലകൊടുത്തുവാങ്ങിക്കഴിഞ്ഞു. ഇനിയുള്ളത് ഫോര്‍മാലിറ്റി മാത്രം. ഒഫിഷ്യല്‍ ഫോര്‍മാലിറ്റി. കുറച്ചു ഒപ്പു വെയ്ക്കലുകള്‍ സീലു വെക്കലുകള്‍ അത്രമാത്രം. സീലു വെക്കുമ്പോള്‍ അയ്യപ്പഭക്തനായ ആ ശിപായിക്ക് എന്തെങ്കിലും കൊടുക്കണം. ഇല്ലെങ്കിലും അയാള്‍ ചോദിച്ചുവാങ്ങും. ഒരു മടിയും മറയുമില്ലാത്ത ജന്തുവാണയാള്‍. എല്ലാ മണ്ഡലമാസങ്ങളിലും അയാള്‍ കടകളിലേക്ക് പിരിവിനിറങ്ങും. ദേശവിളക്കാണ് എന്തെങ്കിലും കാര്യമായി സഹായിക്കണം. അതാണെപ്പോഴും അയാളുടെ ആവശ്യം. രൂപ കൊടുക്കുമ്പോള്‍ തീരെ വൃത്തിയില്ലാത്ത കയ്യക്ഷരത്തോടെ അതില്‍ നീട്ടി വലിച്ചെഴുതും. നൂറ്റൊന്ന്, അഞ്ഞൂറ്റൊന്ന്, ആയിരത്തൊന്ന് അങ്ങനെയേ അയാള്‍ വാങ്ങൂ. അക്കത്തില്‍ മാത്രമേ എഴുതൂ. അക്ഷരത്തില്‍ എഴുതേണ്ടിടത്തും അക്കത്തില്‍ തന്നെയാണ് എഴുതുക. അവസാനത്തെ ഒന്ന് അല്പം നീട്ടിയേ എഴുതൂ. എല്ലാവര്‍ക്കും അറിയാം. നൂറ്റൊന്ന് എന്നാല്‍ പത്തും അഞ്ഞൂറ്റൊന്ന് എന്നാല്‍ അമ്പതും ആയിരത്തൊന്ന് എന്നാല്‍ നൂറും മാത്രമേ ആഘോഷക്കമ്മിറ്റിക്ക് ലഭിയ്ക്കൂ. ബാക്കിയെല്ലാം അങ്ങേര്‍ക്ക് എടുക്കാനാണ്. ആരും ഒന്നും പറയാതെ കൊടുക്കും. മനസ്സില്‍ പറയും. 'കൊണ്ടുപൊയ്‌ക്കോളൂ. അനുഭവിക്കേണ്ടതും നിങ്ങളുതന്നെയാണല്ലോ.'

ഓഫീസിന്റെ മുന്നിലെത്തിയപ്പോള്‍ ഓട്ടോക്കാരന് പണം കൊടുത്ത് തിരിച്ചയക്കാന്‍ തുടങ്ങിയതും മേനോന്‍ പറഞ്ഞു. 
''ഓട്ടോ പോകാന്‍ വരട്ടെ. കുറച്ചു നേരം കാത്തിരിക്കൂ. ഞങ്ങളിപ്പം വരാം.''
''പോകാറാവുമ്പം വേറെ വിളിച്ചാല്‍ പോരെ.''
''നമുക്കിപ്പംതന്നെ പോകാന്നേ...'' മേനോന്‍ പറഞ്ഞു.
''ശരി.'' 
വണ്ടി ഇവിടെ നില്‍ക്കട്ടെ, വെയ്റ്റിങ്ങ് ചാര്‍ജ്ജ് കൊടുക്കണമെന്നല്ലേ ഉള്ളൂ എന്ന് മനസ്സില്‍ പറഞ്ഞ് മേനോന്റെ കൂടെ ഓഫീസിലേക്ക് കയറി ചെന്നു. ഹൃദ്യമായ സ്വീകരണമായിരുന്നു ഓഫീസറുടേത്. ക്ലര്‍ക്കും അവിടെ സന്നിഹിതനായിരുന്നു. മേനോന്‍ സ്വകാര്യമായി ക്ലര്‍ക്കിനെ വിളിച്ചുകൊണ്ടുപോകുന്നത് കണ്ടു. പിന്നീട് അയാള്‍ സന്തോഷത്തോടെ സീറ്റിലിരുന്ന് ജോലി തുടര്‍ന്നു. പുസ്തകങ്ങള്‍ മേശപ്പുറത്ത് നിരത്തിയതും ഓഫീസര്‍ ചോദിച്ചു.
''എല്ലാം ശരിയാണല്ലോ അല്ലേ.''
മേനോനാണ് മറുപടി പറഞ്ഞത്. അസന്നിഗ്ദ്ധമായാണ് അദ്ദേഹം പറഞ്ഞത്.
''എല്ലാം കറക്റ്റാണ് സാര്‍.''
ഓരോരോ പുസ്തകങ്ങളായി മേനോന്‍ ഓഫീസര്‍ക്ക് മുന്നില്‍ നിവര്‍ത്തിവെച്ചു കൊടുത്തു. ഓഫീസര്‍ അതിന്റെ അവസാനപേജിലെല്ലാം വെരിഫൈഡ് എന്നെഴുതി ഒപ്പിട്ട് തിരിച്ചു തന്നു. 
''പ്യൂണിനെ കണ്ട് സീല്‍ വെപ്പിച്ചോളൂ.''
''ശരി, സാര്‍.''
പ്യൂണിനെ കണ്ട് അയാളെ ബോധ്യപ്പെടുത്തിയശേഷം സീലുപതിപ്പിച്ച് എല്ലാ പുസ്തകങ്ങളുമായി പുറത്തിറങ്ങി യാത്രയാകുമ്പോള്‍ മാധവന് അത് യാഥാര്‍ത്ഥ്യം തന്നെയോ എന്ന് സംശയമുണ്ടായി. എല്ലായ്‌പ്പോഴും രാവിലെ വന്നാല്‍ ഉച്ച തിരിയാതെ പോകാന്‍ കഴിയാറില്ല. ഇന്നിപ്പോള്‍ വന്ന ഓട്ടോയില്‍ തന്നെ തിരിച്ചുപോകാന്‍ കഴിഞ്ഞിരിക്കുന്നു. ഓട്ടോറിക്ഷ ഓഫീസില്‍ നിന്ന് തിരിച്ച് പായാന്‍ തുടങ്ങിയപ്പോള്‍ മാധവന്‍ പറഞ്ഞു. 
''ഏടാകൂടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക വൈഭവം തന്നെ വേണം.'' 
മേനോനതുകേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് പതിവുപല്ലവി ആവര്‍ത്തിച്ചു.
''എക്കൗണ്ടന്റായാല്‍ കണക്കുകള്‍ മാത്രം നന്നായി കൈകാര്യം ചെയ്താല്‍ പോരാ... ഓഫീസര്‍മാരേം വേണം.'' 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ