കഞ്ഞിയും പുഴുക്കും കഴിക്കുന്നതിനിടയിൽ ഗോപി ചോദിച്ചു.
"കമലമ്മേ, എന്റെയും ഭാര്യയല്ലേ നീ?"
"ഗോപി കൊച്ചാട്ടാ. കഞ്ഞി കുടിച്ച് കണ്ടത്തിൽ പോകാൻ നോക്ക്, അയാൾ ഇപ്പോൾ വരും. വെറുതെ വഴക്കു കേൾക്കേണ്ട."
രണ്ടു വർഷം മുമ്പാണ്. ഓണം നാളിൽ നിലവിളക്കിനു മുമ്പിൽ സദ്യയുടെ എല്ലാ വിഭവങ്ങളും മഹാബലിക്ക് നിവേദിച്ച് ഊണിനുള്ള തയ്യാറെടുപ്പിലാണ് കുടുബത്തിലെ എല്ലാവരും . ഉരുക്കളെ കുളിപ്പിച്ച് നെറ്റിയിൽ കളഭം ചാർത്തി തൂശനിലയിൽ അവറ്റകൾക്കും സദ്യ വിളമ്പി .
കാരണവർ കേളുനായർ എല്ലാവരും കേൾക്കെ ഉച്ചത്തിൽ പറഞ്ഞു.
"അടുത്ത പത്താം തീയതി കേശവന്റെ കല്യാണമാ. കൊച്ചു കോയിക്കലെ എളേ പെണ്ണ് കമല. കേശവനും ഗോപിക്കും കൂടെ ഒരു ഭാര്യ മതി."
ഇളയവൻ ഗോപിക്ക് ഇടതുകാലിന് സ്വാധീനശേഷി ഇല്ല. ജാതകദോഷമുള്ളതിനാൽ വിവാഹം കഴിക്കാൻ സാദ്ധ്യത കുറവാണെന്ന് കേളു നായക്ക് അറിയാമായിരുന്നു.
ഗോപി സദ്യ ആസ്വദിച്ച് കഴിച്ചു. തനിക്കും കൂടിയാണ് കമലമ്മ എന്നോർത്ത് അയാളുടെ മനസ്സിൽ ചിങ്ങമാസം പൂത്തു പന്തലിച്ചു.
ഗോപിയെ കേശവൻ നായർ അനുജനേപ്പോലെ ഒരിക്കലും കണ്ടില്ല. ഞണ്ടു കാലൻ എന്നു വിളിച്ച് ആക്ഷേപിക്കും.
എന്നും കന്നുകാലികളെ മേയിക്കലും കൃഷിയുമായി കിഴിയേണ്ട തന്റെ വിധിയെ ഗോപി ശപിച്ചു. തന്റെയും ഭാര്യയാണ് കമലമ്മ. അവളെ ഒന്നു തൊടാൻ പോലും കൊച്ചാട്ടനെങ്കിലും ആ കാലമാടൻ സമ്മതിക്കില്ല.
കമലമ്മയുടെ കൂടെ ഒരു രാത്രി പോലും കിടക്കുവാൻ അയാൾ ഗോപിയെ അനുവദിച്ചില്ല. ഗോപിയോട് സംസാരിച്ചാൽ പോലും അയാൾ കമലമ്മയുടെ നാഭിക്ക് തൊഴിക്കും. പേടിച്ച് കമലമ്മ ഗോപിയെ ഒഴിവാക്കി.
രാവിലെ ഏഴു മണിക്ക് കാളകളേയും കലപ്പയും പണിക്കാരുമായി പാടത്ത് പോകണം. നിലം ഉഴുതു മറിച്ച് എള്ളും ചെറുപയറും വൻപയറും മുതിരയും നടണം. പയർ വർഗ്ഗങ്ങളുടെ വിളവെടുപ്പിന് ശേഷം നെൽ നടേണ്ട സമയം സമാഗതമാകും. പുതു മഴ പെയ്ത് വീണ്ടുകീറിയ പാടങ്ങളിൽ വെള്ളത്തിനൊപ്പം ഊത്തയും കയറും. വരാലും മുശിയും കിട്ടുന്ന ദിവസം അത് മണിയമ്മക്ക് കൊടുക്കും. വറുത്ത മീനും അര കുപ്പി പട്ടയുമടിച്ച് അന്ന് രാത്രി ഗോപി മണിയമ്മക്കൊപ്പം കിടക്കും.
ഗോപി കൊച്ചാട്ടന് കാലിനു മാത്രമെ സ്വാധീനക്കൊറവുള്ളു
"പോടി ഒന്ന് "
കുളിക്കടവിൽ ഈശ്വരിയും മണിയമ്മയും മാത്രമെയുള്ളു. ഈശ്വരിയെ തന്റെ പുതിയ ബ്രേസിയർ ഉയർത്തി കാട്ടി മണിയമ്മ .
"ഓണത്തിന് ഗോപി കൊച്ചാട്ടൻ തന്നതാ. ഇതിനകത്തൊന്നും നമ്മുടെ നിക്കത്തില്ലല്ലോ അല്ലേടി."
ഈശ്വരി അത് വാങ്ങി നോക്കി ശരിയാണെന്ന് സമ്മതിച്ചു.
ഏഡഡ് ആണ് കേശവൻ നായർ. എല്ലാ ദിവസവും പോലീസ് സ്റ്റേഷന്റെ മുമ്പിലുള്ള പാർത്ഥസാരഥി ക്ഷേത്രത്തിൽ പോയി തൊഴുത് കുറിയും തെട്ടേ ജോലിക്ക് പ്രവേശിക്കു.
"ഏഡ് അങ്ങൂന്നെ, നാളെ മൃത്യുഞ്ജയ ഹോമമുണ്ട്. ഒരു രസീത് എഴുതട്ടെ "
"എത്രാടാ"
"പത്ത് രൂപ"
"എഴുതിക്കോ, രേവതി നക്ഷത്രം.
പിന്നെ, എന്തു ഹോമം നടത്തിയാലും സമയമെത്തുമ്പോൾ വിളിക്കും, അല്ലേ ചന്ദ്രൻ കുട്ടീ "
"അയ്യോ അങ്ങനെയൊന്നും പറയല്ലേ! പ്രസാദം ഇവിടെ വെച്ചേക്കാം. മറ്റന്നാൾ രാവിലെ വരുമ്പോൾ വാങ്ങാം."
"ശരി."
അയാൾ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു.
ഹോമം നടന്ന ദിവസം രാത്രിയിലായിരുന്നു സംഭവം.
കാൽ വഴുതി വെള്ളമൊഴുക്കുതോട്ടിൽ വീണ് ശ്വാസം കിട്ടാതെ മരിച്ചതാണെന്ന പോലീസ് നിഗമനം എല്ലാവർക്കും ബോദ്ധ്യമായി. കാലമാടൻ ചത്തുപോയതിൽ ഗോപിക്ക് വിഷമം തോന്നിയില്ല. ഇനിയും കമലമ്മ തന്റേതു മാത്രം.
മരണത്തിന്റെ വിഷാദമൂകത ഒന്നുരണ്ടു ദിവസത്തിനകം പടിയിറങ്ങി. പിന്നെയും മൂന്നു മാസങ്ങൾ കഴിഞ്ഞു.
"കമലേ" തോളിൽ കൈ പിടിച്ചു ഗോപി പറഞ്ഞു. കമലയുടെ വിയർപ്പിന്റെ ഗന്ധം അയാളെ ഉമ്മത്തനാക്കി.
"ഇനിയും കഴിഞ്ഞതൊക്കെ മറക്കൂ, ഞാനുണ്ടല്ലോ"
"ഫ തെണ്ടി, കൊന്ന് കുഴിച്ചുമൂടിയില്ലേ? ഒന്നുമല്ലെങ്കിലും എന്റെ കഴുത്തേൽ താലി കെട്ടിയതല്ലേ അയാൾ."
"കമലമ്മേ, ഞാനൊന്ന് പറയട്ടെ..." ഗദ്ഗദകണ്ഠനായി ഗോപി.
"ഇവിടെ നിന്ന് ഈ നിമിഷം ഇറങ്ങിക്കോണം. നീ നശിച്ചു പോകുമെടാ" തലയിൽ കൈ വെച്ച് കമലമ്മ അയാളെ ശപിച്ചു.
ദുഖത്തോടെ അയാൾ പടിയിറങ്ങി.
കലുങ്കിൽ ഇരുന്ന് ഒരു നാട്ടുപാട്ടിന്റെ ഇരടികൾ പാടുന്ന കൊച്ചുകുഞ്ഞിനെയും അയാൾ അവഗണിച്ച് ലക്ഷ്യമില്ലാതെ നടന്നു.
ഏഡ് തന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ട് കൊച്ചുകുഞ്ഞിന്റെ ചങ്കിടിച്ചു. അയാൾ മണിയമ്മയെ മർദ്ദിച്ചു വിവസ്ത്രയാക്കി. ഏഡ്ഡങ്ങേരുടെ ശ്രവങ്ങൾ അവളുടെ തുടകളിൽ ഒട്ടിപ്പിടിച്ചു കിടപ്പുണ്ട്.
പട്ടഷാപ്പിൽ നിന്ന് മടങ്ങി ഒഴുക്കുതോടിന്റെ വരമ്പിലൂടെ കേശവൻ നായർ ആടി കുഴഞ്ഞ് വരുന്നു. വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരിച്ചതാണെന്ന പോലീസ് നിഗമനം ഗ്രാമീണർ അംഗീകരിച്ചിരുന്നു. കൊച്ചുകുഞ്ഞിനും അത് സ്വീകാര്യമായി.