

"നിനക്ക് എന്താടാ വട്ട് പിടിച്ചോ... ഇങ്ങനെ തോന്നാൻ മാത്രം.?" അവർ കോപംകൊണ്ട് ജ്വലിച്ചു.
"എന്താണ്... എന്തുണ്ടായി നിങ്ങൾ ഇങ്ങനെ ദേഷ്യം കൊള്ളാൻ മാത്രം.?" ഒന്നുമറിയാത്തവനെപ്പോലെ അവൻ മാതാപിതാക്കളെ നോക്കി.
"നീ ആ ഹസൈനാരുടെ കെട്ടിച്ചുവന്നു വീട്ടിലിരിക്കുന്ന പെണ്ണിനെ കല്യാണം ആലോചിച്ചെന്നു കേട്ടു..."
"ശരിയാണ് അങ്ങനെ ഒരു ആലോചന ഉണ്ടായെന്നത് നേരാണ്." അവൻ ഭാവഭേതമില്ലാതെ പറഞ്ഞു.
"ആ രണ്ടാം കേട്ടുകാരിയെയോ... നീ ഇത് എന്തിനുള്ള പുറപ്പാടാണ്.?" ബാപ്പ കോപം പൂണ്ട മിഴികളോടെ അവനെ നോക്കി.
"എന്താണ് ബാപ്പ അവൾക്ക് കുഴപ്പം. രണ്ടാം കെട്ട് ആണെന്നുകരുതി അവളും ഒരു പെണ്ണല്ലേ.?"
"പിന്നെ... പെണ്ണ് തന്നെ...! നല്ല ഐഷ്വര്യമുള്ള പെണ്ണ്. ഓളുടെ ഐഷ്വര്യം ഒന്നുകൊണ്ടാണല്ലോ... കല്യാണം കഴിഞ്ഞ് ഒരുമാസം ആയപ്പോഴേയ്ക്കും ആദ്യത്തെ കെട്ടിയോൻ വണ്ടിയിടിച്ച് മരിച്ചത്.?"
"അയാൾ ബൈക്ക് ആക്സിഡന്റിൽ മരിച്ചതിന് ഇവൾ എന്ത് പിഴച്ചു.? രണ്ടാംകെട്ടുകാരിയായി എന്നതല്ലാതെ അവൾക്ക് എന്താണൊരു കുറവ്.? കുഞ്ഞുനാൾ തൊട്ടേ . അറിയുന്നതല്ലേ അവളെ.?"അവൻ തന്റെ നിലപാടിൽ ഉറച്ചുനിന്നു.
"ഒക്കെ ശരിയാണ്. പക്ഷേ, നിനക്കിപ്പോൾ ഒരു രണ്ടാംകെട്ട് കാരിയെ നിക്കാഹ് ചെയ്യേണ്ടുന്ന ആവശ്യമില്ല. അതിനുമാത്രം ഗതികെട്ടിട്ടില്ല നമ്മൾ.ആളുകൾ അറിഞ്ഞാൽ എന്താ പറയുക എന്നറിയാമോ.?"ഉമ്മാ വെറുപ്പോടെ പറഞ്ഞു.
"ആളുകൾ എന്ത് പറയാൻ... ഒന്നും പറയില്ല. എല്ലാം നിങ്ങടെ വെറും തോന്നലാണ്."അവൻ കൂസലന്യേ പറഞ്ഞു.
"ഇല്ല ഒന്നും പറയില്ല... തല ഉയർത്തി നടക്കേണ്ട എനിക്ക് പിന്നെ നാട്ടിൽ. ഒന്നും നിനക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല...എന്തൊക്കെ പറഞ്ഞാലും അവളെ കെട്ടാൻ ഞങ്ങൾ സമ്മതിക്കില്ല."ബാപ്പ തീർത്തു പറഞ്ഞു.
"ഞാൻ അവളെ നിക്കാഹ് ചെയ്‌തെന്നുകരുതി ബാപ്പയ്ക്കും, ഉമ്മയ്ക്കും ഒരു മാനക്കേടും ഉണ്ടാവാൻ പോണില്ല. എല്ലാം നിങ്ങടെ വെറും തോന്നലാണ്. ഓരോരുത്തരേയും കൂട്ടിച്ചേർക്കുന്നത് അള്ളാഹുവാണ്. അതിപ്പോൾ ഒന്ന് കെട്ടിയവളായാലും, കെട്ടിയവനായാലും അതാണ് നിയോഗം എങ്കിൽ അത് സംഭവിക്കുക തന്നെ ചെയ്യും...അങ്ങനെ കരുതണം. നിക്കാഹിൽ മറ്റെന്തിനെക്കാളും മാനസിക ഐക്യത്തിനാണ് പ്രാധാന്യം. ഞങ്ങൾ തമ്മിൽ അതുണ്ട്. ഒരിക്കൽ അവളെ വിവാഹം കഴിക്കുന്നതിൽ നിന്നും നിങ്ങൾ എന്നെ വിലക്കി. അന്ന് അത് സംഭവിച്ചിരുന്നെങ്കിൽ അവൾക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു. ഇനി എന്തായാലും അവളെ മറന്നുകൊണ്ടൊരു വിവാഹം എനിക്ക് വേണ്ട. ഇനി അതല്ല... നിങ്ങൾ പറയുന്നതുപോലെ ഞാൻ ഒരു പുതുപെണ്ണിനെ തന്നെ നിക്കാഹ് കഴിച്ചെന്നിരിക്കട്ടെ... അവളുടെ ഭർത്താവിന് സംഭവിച്ചതുപോലെ എനിക്കും എന്തെങ്കിലും അപകടം സംഭവിച്ചാൽ നിങ്ങൾ എന്ത് ചെയ്യും.?"അവൻ യുക്തിപൂർവ്വം മതിപിതാക്കളെ നേരിട്ടു.
ഒരുനിമിഷം ഉത്തരം മുട്ടി നിന്നുപോയെങ്കിലും അവർ പിന്മാറാൻ തയാറായില്ല.
"നിനക്കെന്താ അവളെത്തന്നെ കെട്ടിയേ തീരൂ എന്ന് ഇത്ര നിർബന്ധം.?"ബാപ്പ ദേഷ്യത്തോടെ അവന്റെ നേർക്ക് നോക്കി.
"ബാപ്പാ,ഞാൻ മനസ്സുകൊണ്ട് അവളെ ഒരുപാട് ഇഷ്ടപ്പെട്ടുപോയി. പിന്നെ എനിക്ക് വിധിച്ചത് അവളെയാണെങ്കിൽ തടുക്കാൻ നമുക്ക് കഴിയുമോ.?"അവൻ തന്റെ ഭാഗം ന്യായീകരിച്ചു.
"എന്റെ ഉള്ളില് ജീവനുള്ളിടത്തോളം കാലം ഇത് നടക്കില്ല... നടക്കാൻ ഞാൻ അനുവദിക്കില്ല."ബാപ്പ തീർപ്പ് കൽപ്പിച്ചു.
"അതെ..."ഉമ്മയും അതിനെ അനുകൂലിച്ചു.
"നിങ്ങൾ ഈ വിവാഹത്തിന് സമ്മതിക്കൂല്ലെങ്കിൽ വേണ്ട... എനിക്കും നിർബദ്ധമില്ല. പിന്നെ ഒരുകാര്യം... എനിക്ക് വേറൊരു വിവാഹമേ വേണ്ട. ഞാൻ എവിടേക്കെങ്കിലും പൊയ്ക്കൊള്ളാം."
"ഓഹോ... അപ്പോൾ അത്രത്തോളം എത്തി കാര്യങ്ങൾ. നിനക്കിപ്പോൾ പെറ്റുവളർത്തിയ ഞങ്ങളേക്കാളും വലുത് ആ രണ്ടാംകെട്ടുകാരി പെണ്ണാണല്ലേ.? എന്ത് കൂടോത്രം ചെയ്തിട്ടാണോ എന്റെ മോനേ ആ ഇബിലീസുകൾ വളച്ചെടുത്തത്.?"ഉമ്മയുടെ ശബ്ദം ഇടറി.
"ഉമ്മാ വെറുതേ ഇല്ലാത്തതൊന്നും പറയണ്ട. എനിക്കുവേണ്ടി ഇതുവരെ എത്ര പെണ്ണിനെ കണ്ടു. ഒന്നിനേയും നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. സൗന്ദര്യം ഒക്കുമ്പോൾ സ്ത്രീധനം ഒക്കില്ല... ഇത് രണ്ടും ഒക്കുമ്പോൾ കുടുംബം പറ്റില്ല. കൂട്ടുകാരൊക്കെ ഇതും പറഞ്ഞ് എന്നെ കളിയാക്കി തുടങ്ങി. എന്തായാലും ഞാനൊരു തീരുമാനം എടുത്തു കഴിഞ്ഞു...നമ്മൾ ആഗ്രഹിക്കുമ്പോലെ ഒന്നും നടക്കില്ല. തമ്പുരാൻ എന്താണോ വിധിച്ചത് അതേ നടക്കൂ... ഇനിയെല്ലാം നിങ്ങടെ ഇഷ്ടം."പറഞ്ഞുനിറുത്തിയിട്ട് അവൻ മുറിയിലേയ്ക്ക് കയറിപ്പോയി.
മുറിയിലെത്തിയതും അവന്റെ മനസ്സ് ആസ്വസ്ഥമാവാൻ തുടങ്ങി. എല്ലാം ഇട്ടെറിഞ്ഞു എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്ന് അവൻ ചിന്തിച്ചു. ജോലി കിട്ടിയ അന്നുമുതൽ തുടങ്ങിയതാണ് തനിക്കുള്ള പെണ്ണുകാണൽ. ഒട്ടുമിക്ക അവധിദിനങ്ങളും ഇതിനായി ചിലവഴിച്ചു. ഒടുവിൽ ഒന്നും നടക്കാതെ നിരാശയോടെ കഴിയവേയാണ് ഒരു പുതുചിന്തപോലെ 'സൈനുവിന്റെ' രൂപം മനസ്സിലേയ്ക്ക് ഓടിയെത്തിയത്. ഒരുകാലത്ത് താൻ അവളെ ഒരുപാട് ആഗ്രഹിച്ചതാണ്. പക്ഷേ, സ്വന്തമാക്കാൻ കഴിഞ്ഞില്ല. കാരണം വീട്ടുകാരുടെ എതിർപ്പ് തന്നെ. കഞ്ഞിയ്ക്ക് വകയില്ലാത്തവന്റെ മോളേ ഞങ്ങൾക്ക് മരുമോളായി വേണ്ട എന്നതായിരുന്നു അന്നത്തെ വർത്തമാനം. ഇപ്പോഴും സ്ഥിതി പഴയത് തന്നെ... പോരാത്തതിന് അവൾ രണ്ടാംകെട്ടുകാരിയും ആയിതീർന്നിരിക്കുന്നു.
ഒക്കെയും ബാപ്പായുടെയും, ഉമ്മയുടെയും പിടിവാശിയാണ്. സമൂഹത്തിൽ തങ്ങൾക്ക് ഒരു നിലയും വിലയുമൊക്കെ ആയി എന്ന തോന്നൽ... ഒരുപാട് കഷ്ടപ്പെട്ടാണ് ഇത്രനാളും കഴിഞ്ഞുകൂടിയത്. കൂലി വേല എടുത്തും, പട്ടിണി കിടന്നുമൊക്കെയാണ് ബാപ്പയും ഉമ്മയും തന്നെയും, ഇക്കാക്കയെയും വളർത്തിയത്. എന്നിട്ടും മക്കൾ വളർന്നു വലുതായപ്പോൾ... പഠിച്ചു നല്ലൊരു ജോലി സമ്പാദിച്ചപ്പോൾ ഉമ്മയും, ബാപ്പയും കഴിഞ്ഞതൊക്കെയും മറന്നുപോയി.
കൊള്ളാവുന്നതിൽ വെച്ചേറ്റവും സമ്പന്നന്റെ മകളെ മരുമക്കളായി കിട്ടണമെന്നാണ് ബാപ്പായുടെയും, ഉമ്മയുടെയും ആഗ്രഹം. ഇക്കാക്കയുടെ കാര്യത്തിൽ അവർ അത് സാധിച്ചെടുക്കുകയും ചെയ്തു. ഒരുപാട് സമ്പത്തുള്ള ഒരു സുന്ദരിയെ തന്നെ ഇക്കാക്കയ്ക്ക് ഭാര്യയായി ഇരുവരും കണ്ടെത്തി. തന്റെ കാര്യത്തിലും അത് സാധിക്കണമെന്ന് നിർബന്ധം പിടിച്ചാൽ...
ഇരുവരേയും വേദനിപ്പിക്കരുതല്ലോ എന്നുകരുതി താൻ ഇത്രനാളും എല്ലാത്തിനും വഴങ്ങിക്കൊടുത്തു. ഒരുപാട് പെൺകുട്ടികളെക്കണ്ടു. എന്തിനും ഒരു അവസാനം വേണ്ടേ... ഇനി വയ്യ... പെൺകുട്ടികളുള്ള വീടുകൾ തോറും കയറിയിറങ്ങാൻ.
ഒടുവിലത്തെ പെണ്ണുകാണാലും കഴിഞ്ഞു മടങ്ങി വരുന്നവഴിയ്ക്ക് പ്രിയസുഹൃത്താണ് പാതി തമാശയായും, പാതി കാര്യമായും സൈനുവിനെകുറിച്ച് പറഞ്ഞത്.
"സൈനു സുന്ദരിയാണ്. നിനക്ക് നന്നായി ചേരും. ആവശ്യത്തിന് വിദ്യാഭാസവും,കുടുംബമഹിമയും എല്ലാം ഉണ്ട്. അധികം സമ്പത്തൊന്നും ഇല്ലെങ്കിലും മാന്യമായി ജീവിക്കുന്നവരാണ്. ഒരുകാലത്ത് നീ അവളെ ഇഷ്ടപ്പെട്ടിരുന്നതുമാണല്ലോ.? രണ്ടാം കെട്ട് എന്ന ഒരു കുറവ് ഒഴിച്ചുനിറുത്തിയാൽ നിനക്ക് സൈനുവിനോളം ചേരുന്ന മറ്റൊരു പെണ്ണില്ല. "സുഹൃത്തിന്റെ വാക്കുകൾ.
പിന്നെ മറ്റൊന്നും ആലോചിച്ചില്ല...അവളോട് സംസാരിച്ചു. അവൾക്ക് താല്പര്യം ആണ്. ഉമ്മയോട് കാര്യം പറഞ്ഞത് എതിർപ്പ് പ്രതീക്ഷിച്ചുതന്നെയാണ്.ഇത്രത്തോളം എത്തിനിൽക്കുന്നു കാര്യങ്ങൾ...
എന്തായാലും ബാപ്പയും, ഉമ്മയും ഇങ്ങനെ എതിർപ്പ് പ്രകടിപ്പിക്കുകയാണെങ്കിൽ എല്ലാം ഇവിടെവെച്ച് അവസാനിപ്പിക്കുകയെ നിവൃത്തിയുള്ളൂ... ഒരിക്കൽക്കൂടി മോഹം നൽകി സൈനുവിനെ വഞ്ചിക്കേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ അതിനും കഴിയുന്നില്ല.
ഇക്കാക്കയുടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ മാസം ആറാകുന്നു. ഇത്താത്ത ആരും കൊതിക്കുന്ന സുന്ദരിതന്നെ. ഇഷ്ടംപോലെ സ്വർണ്ണവും, രൂപയുമൊക്കെ സ്ത്രീധനമായി കൊണ്ടുവന്നിട്ടുമുണ്ട്. ഇത്താത്തയേക്കാൾ സൗന്ദര്യവും , സമ്പത്തും ഉള്ള ഒരു പെണ്ണിനെ ഇളയ മരുമകളായി കണ്ടെത്തണമെന്നാണ് ഉമ്മയുടെയും, ബാപ്പായുടെയും നിർബന്ധം.
അത് എങ്ങനെ സാധിച്ചുകൊണ്ടുക്കാനാവും. ഒന്നുകിൽ സൈനുവിനെ വിവാഹം കഴിക്കുക... അതിന് ബാപ്പയും ഉമ്മയും അനുവദിക്കണം. ഇല്ലെങ്കിൽ എന്നെന്നേക്കുമായി വിവാഹമേ വേണ്ടെന്ന് വെയ്ക്കുക. എന്തായാലും ബാപ്പയേയും, ഉമ്മയേയും അനുനയിപ്പിക്കാനായി ഇക്കാക്കയെ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചു. ഏതാനും ദിവസങ്ങൾ കടന്നുപോയി.
ഇക്കാക്കയെ ഏൽപ്പിച്ച ചുമതല ഇക്കാക്ക ഒരുവിധത്തിൽ നിർവഹിച്ചു. ഒരുപാട് ദിവസത്തെ പോരാട്ടത്തിനൊടുവിൽ ഇക്കാക്കയുടെയും, മറ്റും നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാ മനസ്സോടെ സൈനുവുമായുള്ള വിവാഹത്തിന് ഇരുവരും അനുമതി നൽകി.
അങ്ങനെ നിക്കാഹ് കഴിഞ്ഞു.
മനസ്സില്ലാ മനസ്സോടെ വിവാഹത്തിന് സമ്മതം മൂളിയെങ്കിലും അവസരം കിട്ടുമ്പോഴെല്ലാം വാക്കുകൾകൊണ്ടും, പ്രവർത്തികൊണ്ടും അവന്റെ മാതാപിതാക്കൾ സൈനുവിനെ നോവിച്ചുകൊണ്ടിരുന്നു. സമ്പന്നയായ ഒരു മരുമകളെ കിട്ടാത്തത്തിലുള്ള ഈർഷ്യ അവർ പെരുമാറ്റത്തിലൂടെ അവളോട് തീർത്തുകൊണ്ടിരുന്നു.
പക്ഷേ,സൈനു ഇതൊക്കെയും നിസാരമായി കണ്ട് വേദനകളെല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞുകൂടി.അവളുടെ ഈ അവസ്ഥ കണ്ടറിഞ്ഞ അവൻ നിറമിഴികളോടെ അവളെ ചേർത്തുനിറുത്തിക്കൊണ്ട് പറഞ്ഞു.
"എല്ലാം സഹിക്കാനും, ക്ഷമിക്കാനുമുള്ള മനസ്സ് ഉണ്ടാവണം നിനക്ക്. എനിക്കുവേണ്ടി... എന്റെ മാതാപിതാക്കളുടെ പ്രവർത്തികൾ നീ മറക്കണം."
"ഒന്നും സാരമില്ല ഇക്കാ... ഇക്കാടെ ബാപ്പയും, ഉമ്മയും എന്ന് പറഞ്ഞാൽ എന്റെയും മാതാപിതാക്കളല്ലേ...അവർ എന്തെങ്കിലുമൊക്കെ പറയുകയോ, പ്രവർത്തിക്കുകയോ ചെയ്‌താൽ ക്ഷമിക്കേണ്ടത് എന്റെ കടമയല്ലേ.? എല്ലാം ഞാൻ സഹിച്ചോളാം... ഇക്കാ സമാദാനമായിട്ട് ഇരിക്കൂ..."അവൾ പുഞ്ചിരിയോടെ അവനെ സമാദാനിപ്പിച്ചു .
എല്ലാം കണ്ടും കേട്ടും മടുക്കുമ്പോൾ അവൻ ഇടയ്ക്കൊക്കെ മാതാപിതാക്കൾക്ക് നേരെ ശബ്ദമുയർത്തും.ഇത് കേൾക്കുമ്പോൾ അവനെ തടഞ്ഞുകൊണ്ട് അവൾ പറയും...
"എന്താണിക്കാ ഇങ്ങനെ...ഞാൻ പറഞ്ഞില്ലേ എല്ലാം സഹിക്കാൻ ഞാൻ ഒരുക്കമാണെന്ന്. ഇക്കയെ വളർത്തി വലുതാക്കിയ മാതാപിതാക്കളോട്...ഇന്നലെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന എനിക്ക് വേണ്ടി ഇക്കാ കയർക്കരുത്.അള്ളാഹു അത് പൊറുക്കില്ല..."
ഇത്രയും നല്ലവളായിട്ടും തന്റെ പ്രിയതമയുടെ മനസ്സ് കാണാനും, അവളെ മനസ്സിലാക്കാനും തന്റെ മാതാപിതാക്കൾക്ക് കഴിയുന്നില്ലല്ലോ എന്നോർത്തപ്പോൾ അവന് വല്ലാത്ത ഹൃദയവേദന തോന്നി.
അവസരം കിട്ടുമ്പോഴെല്ലാം സൈനു കേൾക്കെ മറ്റുള്ളവരോട് അവർ മൂത്തമകന്റെ ഭാര്യയെ പുകഴ്ത്തും.
"മരുമകൾ എന്ന് പറഞ്ഞാൽ എന്റെ മൂത്തമകന്റെ ഭാര്യയെ പോലെ ആകണം.സൗന്ദര്യം കൊണ്ടും, സ്വഭാവഗുണം കൊണ്ടുമെല്ലാം ഈ കുടുംബത്തിന്റെ ഐശ്വര്യമാണ് അവൾ.എന്റെ ഇളയമകൻ ഒരെണ്ണത്തിനെ കെട്ടിക്കൊണ്ടുവന്നിരിക്കുന്നു... ആശ്രീകരം.ആദ്യത്തെ കെട്ടിയവൻ കെട്ടുകഴിഞ്ഞ് ഒരുമാസം തികയും മുൻപേ ലോകം വിട്ടുപോയി... അത്രയ്ക്കുണ്ട് ഐഷ്വര്യം. ഇനി എന്റെ മകന് എന്തൊക്കെയാണോ ഇവളുമൂലം വന്നുചേരുക..."ഉമ്മാ ആളുകളോട് പറയും.
എന്തൊക്കെ കേട്ടാലും അതെല്ലാം ഉള്ളിലൊതുക്കി കഴിയാറുള്ള സൈനു ,താൻ മൂലം തന്റെ ഭർത്താവിനോരു ആപത്ത് ഉണ്ടാവുമെന്ന് പറഞ്ഞുകേൾക്കുമ്പോൾ വല്ലാതെ തകർന്നുപോകും.മുറിയിലെത്തി കട്ടിലിൽ മുഖമമർത്തി അവൾ പൊട്ടിക്കരയും.
എല്ലാം അറിയുമ്പോൾ അവനോർക്കും വിവാഹമേ വേണ്ടായിരുന്നുവെന്ന്. ഈ രീതിയിൽ പോയാൽ എത്രനാൾ പിടിച്ചുനിൽക്കാൻ സൈനുവിന് കഴിയും.അങ്ങനെ ദിവസങ്ങൾ കഴിച്ചുകൂട്ടവേ പെട്ടെന്നാണ് അത് സംഭവിച്ചത്.
ഒരുദിവസം രാവിലേ പതിവുപോലെ നടക്കാനിറങ്ങിയ അവന്റെ ബാപ്പ പൊടുന്നനെ കുഴഞ്ഞുവീണു.സ്ട്രോക്കാണ്... ഉടനടി ഒരു മേജർ സർജറി നടത്തിയില്ലെങ്കിൽ ജീവൻതന്നെ ആപത്തിലാകും.കുടുംബങ്ങങ്ങളെ ഒന്നാകെ തളർത്തിക്കളഞ്ഞു ഈ വാർത്ത.
ഓപ്പറേഷൻ ചെയ്യണമെങ്കിൽ നല്ലൊരു തുക ചിലവ് വരും.അത്രയും പണം പെട്ടെന്ന് എവിടെപ്പോയി കണ്ടെത്തും.ഉമ്മാ മൂത്തമകനെയും മരുമകളെയും സമീപിച്ചു.
"എന്റെ കയ്യിൽ എവിടുന്നാണ് ഇപ്പോൾ പണം.ആകെ ഉണ്ടായിരുന്നത് വീടുവെയ്ക്കാൻ പുതുതായി വാങ്ങിയ സ്ഥലത്തിന് വേണ്ടി കൊടുത്തുപോയില്ലേ.?പിന്നെ ഉള്ളത് ഇവളുടെ കുറച്ച് ആഭരണമാണ്... അതെങ്ങനെയാണ് ഞാൻ ബാപ്പയുടെ ആവശ്യത്തിനുവേണ്ടി എടുക്കുക.?"മൂത്തമകൻ തന്റെ നിസ്സഹായത വെളിപ്പെടുത്തി.
ഉമ്മാ പ്രതീക്ഷയോടെ മൂത്ത മരുമകളെ നോക്കി.
"കുറച്ച് ആഭരണം കിട്ടിയിരുന്നെങ്കിൽ പണയം വെച്ചിട്ട് കുറച്ച് രൂപ എടുക്കാമായിരുന്നു."
മൂത്തമരുമകൾ അമ്മായിഅമ്മയുടെ ആവശ്യം നിഷ്കരുണം തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല...
"എന്നോട് ഇത് ചോദിക്കാൻ നാണമില്ലേ.?"എന്ന് അധിക്ഷേപിക്കുകയും ചെയ്തു.
മൂത്തമരുമകളുടെ ഭാഗത്തുനിന്ന് അങ്ങനൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.അവർ വല്ലാതെ തകർന്നുപോയി.സൈനുവിനെ താഴ്ത്തികെട്ടാൻ വേണ്ടിയാണെങ്കിലും മൂത്തവളെ ഒരുപാട് പുകഴ്ത്തിപറഞ്ഞിട്ടുള്ളതാണ്. അതിന്റെയൊരു നന്ദിയെങ്കിലും അവൾ കാണിക്കുമെന്ന് കരുതിയതാണ്.ഇനിയിപ്പോൾ പൈസയ്ക്ക് എന്ത് ചെയ്യും. ഇളയവനാണെങ്കിൽ ജോലിയിൽ പ്രവേശിച്ചിട്ടേ ഉള്ളൂ...ആദ്യശംബളമൊക്കെ കല്യാണത്തിനായി ചിലവാകുകയും ചെയ്തു.ഇനിയെന്ത് ചെയ്യും.?
ഈ സമയത്താണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സൈനു മുന്നോട്ടുവന്നു പറഞ്ഞത്.
"ബാപ്പയുടെ ചികിത്സയ്ക്ക് ഉള്ള പണം എന്റെ സ്ത്രീധന തുകയിൽ നിന്നും എടുക്കാം. തികയാത്തതിന് എന്റെ സ്വർണ്ണം വിൽക്കുകയോ, പണയം വെക്കുകയോ ചെയ്യാം." അവളുടെ വാക്കുകൾ എല്ലാവരിലും അത്ഭുതംഉളവാക്കി.
ദിവസങ്ങൾ കഴിഞ്ഞുപോയി സൈനുവിന്റെ വീട്ടിൽനിന്നും കൊണ്ടുവന്ന പണമുപയോഗിച്ച്... ബാപ്പയുടെ ഒപ്പറേഷനും മറ്റും കഴിഞ്ഞു സുഖമായി തിരിച്ചു വീട്ടിലെത്തി.
ഈ സമയം സലാമിന് കല്യാണത്തിനായി എടുത്ത രണ്ടുമാസത്തെ അവധിക്കഴിഞ്ഞു ജോലിയിൽ പ്രവേശിക്കേണ്ടുന്ന സമയം അടുത്തുവന്നിരുന്നു. ജോലിസ്ഥലത്തേയ്ക്ക് മടങ്ങേടുന്ന ദിവസം അടുത്തുവന്നതും അവന്റെ മനസ്സ് വല്ലാതെ ആസ്വസ്ഥമായി.ഒപ്പറേഷന് പണം കൊടുത്തു സഹായിച്ചതുകൊണ്ട് ബാപ്പയും ഉമ്മയും സൈനുവിനെ പഴയതുപോലെ നൊമ്പരപ്പെടുത്തുന്നില്ലെങ്കിലും...അവളോടുള്ള വെറുപ്പ് പൂർണ്ണമായും വിട്ടുപോയിട്ടുണ്ടാവില്ല.താനുള്ളപ്പോൾ എന്തൊക്കെയാണ് അവളോട് ചെയ്തുട്ടുള്ളത്...അപ്പോൾ പിന്നെ താൻ പോയിക്കഴിഞ്ഞാലോ... സൈനു തനിച്ച് എന്തുചെയ്യും.അവനാകെ വേവലാതിയായി.
ജോലിസ്ഥലത്തേയ്ക്ക് പോകുന്നതിന്റെ തലേരാത്രി ബാപ്പയുടെയും ഉമ്മയുടെയും മുറിയിലേയ്ക്ക് കടന്നുച്ചെന്നുകൊണ്ട് അവൻ പറഞ്ഞു.
"നാളെ ഞാൻ ജോലി സ്ഥലത്തേയ്ക്ക് പോവുകയാണ്.ഞാൻ പോയിക്കഴിഞ്ഞാൽ പിന്നെ സൈനു ഇവിടെ തനിച്ചാണ്.അധികം വൈകാതെ ജോലിസ്ഥലത്തിനടുത്ത് ഒരു വീടെടുത്ത് അവളെക്കൂടി ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം... അതുവരെ നിങ്ങൾ അവളെ വേദനിപ്പിക്കരുത്. അവൾ പാവമാണ്. സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ...നല്ല മനസ്സിന്റെ ഉടമയാണ്. സൗന്ദര്യത്തിന്റെയും സാമ്പത്തിന്റെയും പേര് പറഞ്ഞ് ഇനിയും അവളെ നോവിച്ചാൽ പടച്ചവൻ നമ്മോടു പൊറുക്കില്ല."അവന്റെ ശബ്ദം ഇടറി...മിഴികൾ നിറഞ്ഞു.
"സ്വത്തിലും സൗന്ദര്യത്തിലും ഒന്നുമല്ല കാര്യം. സ്നേഹമുള്ള നല്ല മനസ്സ് ഉണ്ടാവണം... അത് സൈനുവിനുണ്ട്. എത്രയോ തവണ നിങ്ങൾ അവളെ വേദനിപ്പിച്ചു, മറ്റുള്ളവരുടെ മുന്നിൽ വെച്ച് അധിക്ഷേപിച്ചു... എന്നിട്ടും അവൾ നിങ്ങളോട് മറുത്തൊരക്ഷരം പറഞ്ഞിട്ടില്ല. അത് അവളുടെ മനസ്സിന്റെ വലുപ്പം ഒന്നുകൊണ്ടു മാത്രമാണ്.നിങ്ങൾ അവളെ അധിക്ഷേപിച്ചുകൊണ്ട് പൊക്കി പറഞ്ഞല്ലോ ഇത്താത്തയെക്കുറിച്ച് എന്നിട്ട് എന്തുണ്ടായി...ഒരാവശ്യം വന്നപ്പോൾ അവർ സഹായിച്ചോ.? യാതൊരു മടിയും കൂടാതെ ആണ് സൈനു അവളുടെ പണം ബാപ്പയുടെ ചികിത്സയ്ക്കായി മുടക്കിയത്.അതാണ് അവളുടെ മനസ്സിന്റെ നന്മ. ഇത് കണ്ടില്ലെന്നു നടിച്ചാൽ പടച്ചവൻ നമ്മളോട് പൊറുക്കില്ല."പറഞ്ഞവസാനിപ്പിച്ചിട്ട് അവൻ ഇരുവരുടെയും മുഖത്തേയ്ക്ക് നോക്കി.
അവിടെ പലവിധവികാരങ്ങൾ മിന്നിമറയുന്നത് അവൻ കണ്ടു. കട്ടിലിൽ നിന്ന് എഴുന്നേറ്റ് തോളിൽ കിടന്ന തട്ടംകൊണ്ട് മുഖം തുടച്ചിട്ട് അവന്റെ കരം കവർന്നുകൊണ്ട് ഉമ്മാ പറഞ്ഞു.
"ഈ മാതാപിതാക്കളോട് ക്ഷമിക്കെടാ മോനേ... ഞങ്ങൾക്ക് തെറ്റുപറ്റിപ്പോയി. ഈ ലോകത്ത് മറ്റെന്തിനേക്കാളും വലുതാണ് സ്നേഹവും , പരസ്പരം മനസ്സിലാക്കാനുള്ള മനസ്സുമെന്ന് ഞങ്ങൾക്ക് വൈകിയാണ് മനസ്സിലായത് .ഞങ്ങടെ കണ്ണ് തുറപ്പിച്ചത് നീയാണ്...പിന്നെ ഞങ്ങൾക്ക് പിറക്കാതെപോയ ഞങ്ങളുടെ പൊന്നുമകൾ സൈനുവും .കുറച്ച് പണം ഉണ്ടായപ്പോൾ കഴിഞ്ഞകാലം ഞങ്ങൾ മറന്നുപോയി.പണത്തിനാണ് ഈ ലോകത്ത് മറ്റെന്തിനെക്കാളും പ്രാധാന്യം എന്ന് ഞങ്ങൾ ധരിച്ചു. ആ ദാരണ തെറ്റാണെന്നു ഞങ്ങൾക്ക് ഇപ്പോൾ മനസ്സിലായി.എത്രയൊക്കെ നന്ദിപറഞ്ഞാലും തീരില്ല സൈനുവിനോടുള്ള കടപ്പാട്.അത്രയ്ക്കുണ്ട് അവളുടെ മഹത്വം."ഉമ്മാ കണ്ണുകൾ തുടച്ചു.
"അതെ മോനേ... ഞങ്ങൾ പറഞ്ഞത് സത്യമാണ്.ഇനിയെന്നും സൈനു ഞങ്ങൾക്ക് പ്രിയപ്പെട്ടവളായിരിക്കും. ഞങ്ങൾക്ക് പിറക്കാതെപോയ ഞങ്ങടെ പൊന്നുമകൾ.ചെയ്തുപോയ തെറ്റുകൾക്കൊക്കെയും ഞങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണം.നീ ധൈര്യമായി ജോലിക്ക് പൊയ്ക്കൊള്ളൂ... അവൾക്ക് ഇവിടെ ഒരുകുറവും വരില്ല.ഞങ്ങളെ വിട്ട് അവളെ ഒരിടത്തേയ്ക്കും അയക്കില്ല ഞങ്ങൾ ."ബാപ്പ മിഴികൾ തുടച്ചു.
തന്റെ മതിപിതാക്കളുടെ മാറ്റം കണ്ട്...അവരുടെ ഹൃദയത്തിൽ നിന്നും പിറവിയെടുത്ത വാക്കുകൾ കേട്ട് അവന്റെ ഉള്ളം നിറഞ്ഞു.ആ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ അടർന്നുവീണു.അവൻ മെല്ലെ മുറിയിൽ നിന്നും പുറത്തേയ്ക്ക് നടന്നു.
അവിടെ അവനെ കാത്ത് സന്തോഷത്താൽ നിറഞ്ഞ മിഴികളുമായി സൈനു നിൽപ്പുണ്ടായിരുന്നു. അവൻ കൈവിരലുകളാൽ അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർതുള്ളികൾ തുടച്ചുമാറ്റി. എന്നിട്ട് മെല്ലെ നെഞ്ചോട് ചേർത്തു മുത്തങ്ങൾ കൊണ്ട് മൂടി.