കോള്‍പടവിലൂടെ മറുകരയ്ക്ക് നീളുന്ന റോഡിന്റെ മദ്ധ്യേയുള്ള പാലത്തില്‍ കയറിയിരുന്നു. ദൂരക്കാഴ്ചകള്‍ക്കും ആകാശക്കാഴ്ചകള്‍ക്കും അനുയോജ്യമായ അവിടെയിരുന്ന് എത്ര സന്ധ്യകള്‍ ചിലവഴിച്ചിരിക്കുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമയത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍ മാറ്റിമാറ്റി വരയ്ക്കുന്നുണ്ടായിരുന്നു.
സന്ധ്യയുടെ മേലാപ്പില്‍ കാഴ്ചകള്‍ മറയാന്‍ തുടങ്ങിയപ്പോള്‍ പാലത്തിനുമുകളില്‍ തനിച്ചിരിക്കുന്നത് ശരിയല്ലെന്ന് തോന്നി. എന്നും ഇവിടെ വന്നിരിയ്ക്കാന്‍ രമേശന്‍ കൂട്ടുണ്ടാവാറുണ്ട്. ഏറെ വൈകുവോളം ഒരുമിച്ചിരുന്ന് ഓരോ നാട്ടുവിശേഷങ്ങളും ചിന്താപദ്ധതികളും പുത്തന്‍ആശയങ്ങളും പങ്കുവെച്ച് ഇരുട്ടു കനക്കുമ്പോള്‍ മറുകരയിലേയ്ക്ക് ഇറങ്ങി നടക്കും. ആ നടത്തം അവസാനിക്കുക മാധവന്റെ ചായപീടികയിലായിരിക്കും. സന്ധ്യയ്ക്ക് അവിടെ വലിയ തിരക്കാണ്. അനവധി പേര്‍ ആ നേരങ്ങളില്‍ അവിടത്തെ സ്‌പെഷല്‍ മസാലദോശയും നെയ്‌റോസ്റ്റും കഴിയ്ക്കാനെത്തുക പതിവാണ്. തിരക്കുകള്‍ക്കിടയില്‍ ക്ഷമയോടെ നെയ്‌റോസ്റ്റും ചായയും ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കും. അവ കഴിച്ചുകഴിഞ്ഞാല്‍ പണം കൊടുത്ത് തിരിച്ചു നടക്കും.
പാലത്തിലിരുന്ന് സംസാരിക്കുമ്പോള്‍ ജീപ്പുകള്‍ വരുന്നതുകണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. പോലീസുകാരുടെ ഇടയ്ക്കിടയ്ക്കുള്ള വരവുകള്‍ ഇപ്പോള്‍ കൂടിയിട്ടുണ്ട്. ആദ്യമൊന്നും അങ്ങനെയുണ്ടാകാറില്ല. മേടമാസിലെ ഭരണിവേല നാളില്‍ കുറച്ചു പോലീസുകാര്‍ ഉച്ചയോടെ വരും. ജീപ്പ് വായനശാലയുടെ അരികില്‍ കൊണ്ടുനിര്‍ത്തി പൂരപറമ്പിലേയ്ക്ക് അവര്‍ നടന്നു വരും. എന്നീട്ട് കമ്മിറ്റിക്കാരോടായി ചോദിക്കും.
''പ്രശ്‌നങ്ങളൊന്നുമില്ലല്ലോ... ഞങ്ങള്‍ നില്‍ക്കേണ്ട ആവശ്യമുണ്ടോ...''
കമ്മറ്റിക്കാര്‍ പറയും.
''ഇല്ല സാറേ... ഇവിടെ ഒരു പ്രശ്‌നോം ഇല്ല.''
അതുകേട്ട് അവര്‍ പോകും. പിന്നെ രാത്രിയില്‍ ഗാനമേള നടക്കുമ്പോള്‍ അവര്‍ വന്ന് ദൂരെ ജീപ്പ് നിര്‍ത്തി പരിപാടികള്‍ കേട്ടു നില്‍ക്കും. യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് ഉറപ്പാക്കി സ്ഥലം വിടും. എന്നാലിപ്പോള്‍ ഓരോരോ പ്രശ്‌നക്കാര്‍ കാരണം ഇടയ്ക്കിടെ പോലീസുകാരുടെ കാവാത്തുണ്ടാവും. ചിലര്‍ പിടിച്ചു പറിക്കാരാണെങ്കില്‍ മറ്റു ചിലര്‍ മയക്കുമരുന്നിന്റെ വാഹകരോ ഉപയോക്താക്കളോ ആയിരിക്കും. ചിലര്‍ വ്യാജമദ്യത്തിന്റെ രഹസ്യവില്പനക്കാരായിരിക്കും. ഇതെല്ലാം കോള്‍പടവിന്റെ വിജനതയില്‍ നടക്കുന്ന കച്ചവടങ്ങളാണ്. ഇപ്പോള്‍ നാടിന്റെ ഗതി തിരിയുന്നത് എങ്ങോട്ടാണ് എന്ന് മുന്‍ക്കൂട്ടി അറിയാന്‍ പറ്റാത്ത വേഗത്തിലും ദൂരൂഹതയിലുമാണ്. എപ്പോഴാണ് പോലീസ് ജീപ്പ് ഇരമ്പിയെത്തുകയെന്നറിയില്ല. ദൂരെ നിന്ന് ഏതെങ്കിലും ജീപ്പിന്റെ വരവുകണ്ടാല്‍ വഴി യാത്രക്കാരെ പോലെ ഇറങ്ങി മുന്നോട്ടുനടക്കും. അല്ലെങ്കില്‍ ജീപ്പു വന്നു സഡന്‍ബ്രേക്ക് ഇട്ടു നിര്‍ത്തി ചാടിയിറങ്ങി കഴുത്തിന് പിടിക്കും. പിന്നെ ശരീരം മുഴുവന്‍ തിരച്ചിലും ചോദ്യം ചെയ്യലുമായി ഇല്ലാത്ത പ്രയാസങ്ങളെല്ലാം അനുഭവിക്കേണ്ടി വരും. അങ്ങോട്ടുള്ള പെരുമാറ്റത്തിനനുസരിച്ച് രണ്ടു തന്ന് ഓടിച്ചു വിടുകയോ, അതല്ലെങ്കില്‍ സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ടു പോകുകയോ ചെയ്യാം. ഒറ്റയ്ക്കും തെറ്റയ്ക്കും സന്ധ്യാസമയത്ത് പോലീസിന്റെ മുന്നില്‍ പെട്ടാല്‍ അടി ഉറപ്പ്. വാങ്ങാതെ ഓടി രക്ഷപ്പെടാന്‍ അവിടെ വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ല.
എത്രയൊക്കെ റിസ്‌ക്കാണെന്നറിഞ്ഞാലും നിത്യവും സന്ധ്യയാകുമ്പോള്‍ പാടത്ത് വന്ന് പാലത്തില്‍ കയറിയിരിയ്ക്കാതെ ഒരു സുഖവുമുണ്ടാകില്ല. ഹൈസ്‌ക്കൂള്‍ പ്രായം മുതലുള്ള ശീലമായിപ്പോയി അത്. അവിടെയിരുന്ന് വിശാലമായ കോള്‍പടവുകളെ നോക്കിയിരിക്കാന്‍ വല്ലാത്തൊരു ഭ്രാന്താണ്. സന്ധ്യയ്ക്ക് കൂടണയാന്‍ പോകുന്ന അനേകം വര്‍ഗ്ഗത്തില്‍ പെട്ട പക്ഷിക്കൂട്ടങ്ങള്‍ എന്നും കൗതുകകരമാണ്. ആകാശം ഇരുട്ടുമ്പോള്‍ മാനത്ത് വിടരുന്ന താരക്കുഞ്ഞുങ്ങളുടെ മിഴിചിമ്മലുകള്‍ അതിലേറെ മനോഹരം. വിശാലമായ വയലിലെ നാട്ടുവെളിച്ചം സന്ധ്യയിലേയ്ക്ക് അലിഞ്ഞു ചേരുന്നതിന്റെ മനോഹാരിതയെ പറഞ്ഞറിയീക്കല്‍ അസാധ്യം. എഴുത്തുകാരനായിരുന്നെങ്കില്‍ അതെല്ലാം എഴുതി പൊലിപ്പിക്കാമായിരുന്നെന്ന് പലപ്പോഴും തോന്നാറുണ്ട്. ഈ മായാപ്രപഞ്ചത്തിന്റെ മനോഹാരിത ആസ്വദിക്കുന്നതിന് ഈ വയല്‍ വഴിയില്‍ വന്നിരിക്കുന്നതില്‍ എന്താണ് തെറ്റ്. ആര്‍ക്കാണ് പ്രശ്‌നം. ഇവിടത്തെ പ്രശ്‌നക്കാരെ മാത്രം അവര്‍ക്ക് വന്ന് പൊക്കിയാല്‍ പോരേ... അതെങ്ങനെ തിരിച്ചറിയാനാണ് അല്ലേ... പലപ്പോഴും മാന്യനാണെന്ന് അഭിനയിച്ചിരിക്കുന്നവനായിരിക്കും ഇതെല്ലാം നിയന്ത്രിക്കുന്നത്. അതെങ്ങനെയാണ് പോലീസിന് തിരിച്ചറിയാനാവുക. അതിനാല്‍ ഈ ത്രിസന്ധ്യയില്‍ പാടത്ത് റോഡരുകില്‍ കാണുന്ന എല്ലാവരേയും പോലീസ് സംശയിക്കുന്നതില്‍ അവരെ കുറ്റം പറയാനാകില്ല. ആര്‍ക്കും അസൗകര്യമുണ്ടാക്കാതെ മനസ്സിന് അല്പം സന്തോഷം കണ്ടെത്തുന്നതിനായി ഈ നിശ്ശബ്ദയാമങ്ങളില്‍ വന്നിരിക്കുന്നതിനുപോലും ഭയക്കേണ്ട ഗതികേടിലായിരിക്കുന്നു.
രമേശന്‍ കൂടെയുള്ളപ്പോള്‍ എത്രസമയം വേണമെങ്കിലും ഇവിടെ വന്നിരിയ്ക്കാന്‍ എന്തൊരു സുഖമായിരുന്നെന്നോ... തനിച്ചായപ്പോള്‍ സന്ധ്യ മയങ്ങി ഇരുട്ടു വീഴാന്‍ തുടങ്ങിയപ്പോള്‍ പാലവും പാലത്തിനടുത്തുള്ള പാലയും നേരംപോക്കിനുള്ള സ്ഥലമല്ലാതാകുന്നതുപോലെ... അത്രയേറെ കഥകള്‍ പാലത്തേയും പാലയേയും പറ്റി നാട്ടില്‍ പാടിപതിഞ്ഞു കിടപ്പുണ്ട്. കുട്ടിക്കാലം മുതല്‍ അത്തരം കഥകള്‍ കേട്ടാണ് ഈ ഗ്രാമത്തിലെ ഓരോ കുഞ്ഞും വളരുന്നതും. എന്നാല്‍ ഒരാള്‍ കൂട്ടുണ്ടാകുമ്പോള്‍ അതൊന്നും യാതൊരുതരത്തിലുള്ള ഭയവുമുണ്ടാക്കാറില്ല. എന്നാല്‍ തനിച്ചാവുമ്പോള്‍ പലതരത്തിലും ഭയം അരിച്ചരിച്ചു വരും. അവ നട്ടെല്ലിലൂടെ ത്രസിപ്പായി തലയോട്ടിയിലേയ്ക്ക് അരിച്ചുകയറും. അപരിചിതത്വവും ആലംബമില്ലായ്മയും വന്നു പൊതിയും. പിന്നെ ഉദിച്ചുയരുന്ന നക്ഷത്രക്കൂട്ടത്തെ നോക്കുന്നതുപോലും ഭയമാണ്.
പാലത്തിനടുത്ത് തനിച്ചിരിക്കുമ്പോള്‍ പേടിയുണ്ടാക്കുന്ന ഒരു കാര്യം പോലീസ് ജീപ്പുകള്‍ വരുന്നുണ്ടാകുമോ എന്ന ഭയമല്ല. സ്ഥിരമായി പാലത്തിനടുത്ത് ഒരു വലിയ പാമ്പ് താമസിക്കുന്നുണ്ടെന്നതാണ്. നല്ല നീളമുള്ള പത്തിയുയര്‍ത്തി ശീല്‍ക്കാരശബ്ദമുയര്‍ത്തുന്ന ഒരു വലിയ സര്‍പ്പം. പകല്‍ ആരും അതിനെ കണ്ടതായി പറഞ്ഞറിവില്ല. എന്നാല്‍ രാത്രിയില്‍ പത്തുമണിയ്ക്കുശേഷം അങ്ങാടിയില്‍ പോയി വൈകി തിരിച്ചുവരുന്നവരും ആണ്ടവറില്‍ സെക്കന്റ്‌ഷോയ്ക്കു പോയി നടന്നു വരുന്നവരും അതിനെ കണ്ടിട്ടുണ്ട്. രാത്രിയുടെ നിശ്ചലതയില്‍ അത് റോഡില്‍ പാലത്തിനു കുറുകേ നീണ്ടു നിവര്‍ന്നു കിടക്കും. പാലം കടന്ന് നാട്ടിലെത്തണമെങ്കില്‍ അവന്‍ വഴി മാറിത്തരണം. അല്ലെങ്കില്‍ അതിനെ ചാടി മറികടക്കണം. അതിനുമാത്രം ആര്‍ക്കും ധൈര്യം ഉള്ളവര്‍ നാട്ടിലില്ല. രാത്രിയില്‍ റോഡില്‍ നിന്നും താഴെയിറങ്ങി വയലിലൂടെ മറികടന്നു പോകാന്‍ സൗകര്യങ്ങളൊന്നുമില്ല. വയലിലൂടെ ഇറങ്ങി നടന്ന് അക്കരെയെത്തുകയെന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. അത്തരം റിസ്‌ക് ഏറ്റെടുക്കാന്‍ ആരും ധൈര്യപ്പെടാറില്ല. അതിനാല്‍ അവനെ മറികടന്ന് പോകാന്‍ മറ്റു വഴികളൊന്നുമില്ല. യാത്രികന്‍ ആരായാലും പകച്ചുപോകുന്ന നിമിഷങ്ങളാണ് അതെല്ലാം. കത്തിച്ചു പിടിച്ച ടോര്‍ച്ച്‌ലൈറ്റ് കെടുത്താതെ അവനുനേരെ അടിച്ചുകൊണ്ടിരിക്കും. ഏതു നിമിഷമാണ് അവന്‍ തനിക്കുനേരെ ചീറിപാഞ്ഞ് വരികയെന്നറിയില്ലല്ലോ... കുറേ സമയം ഒരേ നില്‍പ്പുനിന്നിട്ടും അവന്‍ വഴി മാറാതാകുമ്പോള്‍ അവനെ നോക്കി യാചിച്ചുകൊണ്ടു പറയും.
''വഴി മാറി താടാ... ഞാന്‍ എന്റെ വീട്ടിലേയ്ക്ക് പോയിക്കോട്ടെ...''
ടോര്‍ച്ച് ലൈറ്റ് കെടുത്താതെ അടിച്ചുകൊണ്ടുതന്നെ അവനെ നോക്കി നില്‍ക്കും. അവന്റെ ചലനങ്ങള്‍ ഏതു ദിശയിലേയ്ക്കാണ് എന്നറിയാന്‍ ആകാംക്ഷയുണ്ടാകും. തങ്ങളുടെ നേരെയാണോ വരിക അതോ ഒഴിഞ്ഞു പോകുന്നുണ്ടോ എന്നൊക്കെ ശ്രദ്ധ പാര്‍ത്തു നില്‍ക്കും. എന്നാല്‍ നോക്കിനോക്കി നില്‍ക്കേ അവനെ കാണില്ല. ചുറ്റിലും ടോര്‍ച്ച് തെളിച്ചു നോക്കും. അവിടെയെവിടേയ്ക്കാണ് പോയിട്ടുണ്ടാകുകയെന്നറിയാല്‍ ഉത്സാഹമേറും. എന്നാല്‍ അവന്‍ എവിടെ പോയി എന്നത് കണ്ടെത്താനാകാറില്ല. അത് ഭയത്തെ ഇരട്ടിപ്പിക്കും. പിന്നെ പേടിച്ചുപേടിച്ച് ടോര്‍ച്ച് ലൈറ്റിന്റെ ധൈര്യത്തില്‍ പതുക്കെപ്പതുക്കെ മുന്നോട്ടുനീങ്ങി പാമ്പുകിടന്നിരുന്ന സ്ഥലം പിന്നിടുമ്പോള്‍ ഒറ്റ ഓട്ടമാണ്. വയലിലെ റോഡില്‍ നിന്നും കരയ്ക്ക് എത്തിയാലേ ആ ഓട്ടം നിലയ്ക്കാറുള്ളൂ. ഓട്ടത്തിനിടയ്ക്ക് ടോര്‍ച്ച് വശങ്ങളിലേയ്ക്കും പുറകിലേയ്ക്കും തെളിച്ചു നോക്കി ഉറപ്പു വരുത്തും. പഴമക്കാര്‍ പറയും.
''അവന്‍ ആരേയും ശല്യപ്പെടുത്തില്ല. അവനെ ശല്യപ്പെടുത്തിയാല്‍ ആരേയും വെറുതേ വിടില്ല. അവന്‍ സത്യമുള്ളവനാ...''
''അറിയാതെ അതിന്റെ മേല്‍ ചവുട്ടിപ്പോയാലോ...''
''എന്നാല്‍ കഴിഞ്ഞു. ഉഗ്രവിഷഹാരിയല്ലേ...''
കുട്ടിക്കാലം മുതല്‍ അവനെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഇപ്പോഴും അവന്‍ അവിടെയുണ്ടെന്ന് എല്ലാവരും വിശ്വസിക്കുന്നു. വര്‍ഷക്കാലത്ത് ഏറ്റുവെള്ളം കോള്‍പടവിലേയ്ക്ക് ഇരച്ചുകയറുമ്പോള്‍ പാലം മാത്രം മുങ്ങാതെ മറ്റെല്ലാം വെള്ളത്തിനടിയിലാകും. അപ്പോഴവന്‍ അക്കരെയുള്ള നെടുമ്പുള്ളിയിലെ കാടുമൂടി കിടക്കുന്ന മനപറമ്പിലേയ്ക്ക് തലയുയര്‍ത്തിപിടിച്ച് നീന്തിപ്പോകും. വര്‍ഷക്കാലം മുഴുവന്‍ അവിടെ കഴിയും. വെള്ളമിറങ്ങിയാല്‍ അവന്‍ തിരിച്ചു വരും. പാലത്തിനടുത്തുള്ള പാലയുടെ അടിയിലാണ് അവന്റെ താവളം എന്നാണ് എല്ലാവരും വിശ്വസിച്ചുപോരുന്നത്.
പാലത്തിനടുത്ത് തനിയെ മുളച്ചുപൊന്തിയ ഏഴിലംപാലയാണ് മറ്റൊരു കഥാപാത്രം. രാത്രി ഏറെ കഴിഞ്ഞാല്‍ ജനങ്ങളെല്ലാം നിദ്രയിലേയ്ക്കൂര്‍ന്നിറങ്ങിയാല്‍ ആരും തനിച്ച് അതുവഴി സഞ്ചരിക്കില്ല. വെളുത്ത വസ്ത്രം ധരിച്ച് ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന ഗന്ധര്‍വ്വനെ കണ്ടവര്‍ ഒരുപാടു പേരുണ്ട്. ഒരാള്‍ ഗന്ധര്‍വ്വനെ പറ്റി ഒരനുഭവം പറയുമ്പോഴേയ്ക്കും മറ്റുള്ളവര്‍ക്ക് പറയാന്‍ മുട്ടി നില്‍ക്കും. അങ്ങനെ പലപല കഥകള്‍ കേട്ടുകേട്ടു വളര്‍ന്നതിനാലാകാം അതെല്ലാം ശരിയായിരിക്കുമോ എന്ന സന്ദേഹം തനിച്ചു യാത്ര ചെയ്യുമ്പോഴെല്ലാം തലയുയര്‍ത്തുന്നത്.
ഒരിക്കല്‍ സെക്കന്റ് ഷോ കഴിഞ്ഞ് തനിച്ച് വരികയായിരുന്ന ശിവരാമന്‍ പാലത്തിനടുത്തെത്തിയ നേരം പാലയുടെ നേരെ ഒരിക്കലേ നോക്കിയുള്ളൂ. ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന വെള്ളവസ്ത്രധാരിയായ ആ രൂപത്തെ ശരിക്കുകാണാന്‍ പോലും ശിവരാമനായില്ല. അതിവേഗതയിലായിരുന്നു ഓട്ടം. വീട്ടിലെത്തി വാതിലില്‍ ഇടിയ്ക്കുമ്പോള്‍ മിഴികളില്‍ മഞ്ഞവെളിച്ചം നിറഞ്ഞു നില്‍ക്കുകയായിരുന്നു. അമ്മയാണ് വാതില്‍ തുറന്നത്. പാതി തുറന്ന വാതില്‍ പഴുതിലൂടെ അകത്തേയ്ക്ക് തെറിച്ചു വീണു. നിവര്‍ത്തിയിട്ടിരുന്ന പായയിലേയ്ക്ക് വീണ ശിവരാമന്‍ ഒരാഴ്ച കഴിഞ്ഞാണ് എണീറ്റത്. പനിയും പിച്ചും പേയുമായി കുറേ ദിനങ്ങള്‍. കുളങ്ങര ഭഗവതിയുടെ കോമരത്തെ കൊണ്ടു വന്ന് ഉഴിഞ്ഞുഭസ്മമിട്ടപ്പള്‍ കോമരം ഉറഞ്ഞുതുള്ളി. ചിലമ്പും വാളും അസാധാരണമായി വിറപ്പിച്ചുകൊണ്ട് അലറി. അതിനുശേഷമാണ് ശിവരാമന്‍ കണ്ണുതുറന്നത്. പിച്ചുംപേയും നിറുത്തിയത്. പനി കുറഞ്ഞത്. ഇന്നും ഇത്തരം കഥകള്‍ കൈമാറപ്പെടുന്നുണ്ട്. അതെല്ലാം അറിയാതെ അതിര്‍വരമ്പുകളില്ലാത്ത ത്രിസന്ധ്യപോലെ മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കും. അതിന്റെ ത്രസിപ്പിക്കുന്ന കഥകളില്‍ പല വേഷങ്ങളാലും പലരും ആട്ടമാടിത്തിമര്‍ക്കുന്നു.
ആകാശത്ത് നക്ഷത്രങ്ങള്‍ പൊട്ടി വിരിയാന്‍ തുടങ്ങിയപ്പോള്‍ എണീറ്റു. വടക്കുകിഴക്കുദിശയിലായി സപ്തര്‍ഷികള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിരുന്നു. കിഴക്കോട്ട് മാധവന്റെ കടയിലേയ്ക്ക് നടക്കാന്‍ യാതൊരു താല്പര്യവുമില്ലായിരുന്നു. രമേശന്‍ കൂട്ടില്ലാതായപ്പോള്‍ അത്തരം യാത്രകള്‍ക്ക് കൗതുകം തോന്നാതായി. ഇനി എന്നാണ് അവനെ കാണാനാകുക. അറേബ്യയിലേയ്ക്ക് നിധിതേടി പോയ അവന്റെ ചേട്ടന്റെ അടുത്തേയ്ക്ക് ഇന്നു രാവിലത്തെ ഫ്‌ളൈറ്റില്‍ അവനും നെടുമ്പാശ്ശേരിയില്‍ നിന്ന് പറന്നുപോയിരിക്കുന്നു. ഇപ്പോള്‍ അവന്‍ അറേബ്യയുടെ ഏതോ നഗരത്തില്‍ കൂടുപറ്റിയിട്ടുണ്ടാവാം. രണ്ടുവര്‍ഷമെങ്കിലും കഴിയാതെ അവനിനി നാട്ടില്‍ തിരിച്ചെത്താനാകില്ല. അപ്പോള്‍ ഞാന്‍ ഇവിടെത്തന്നെയുണ്ടാകുമെന്ന് എന്താണുറപ്പ്. ഒരു പ്രിയ സുഹൃത്ത് നഷ്ടപ്പെട്ടുക്കഴിഞ്ഞു അത്രതന്നെ. അവന് അവന്റെ കുടുംബത്തിന്റെ കരുതല്‍ എപ്പോഴുമുണ്ടായിരുന്നു. അവന്‍ ആ കാര്യത്തില്‍ ഭാഗ്യവാനാണ്.
ഇഷ്ടമില്ലാതിരുന്നിട്ടും വീട്ടിലേയ്ക്കുതന്നെ തിരിച്ചു പോന്നു. അല്ലാതെ എവിടെപോകാന്‍... അവിടെ മരണം കാത്തു കിടക്കുന്ന അച്ഛന്റെ ദയനീയ മുഖം കാണാന്‍ മനസ്സു വരില്ല. അതിനാല്‍ അച്ഛന്‍ കിടക്കുന്ന നടുവിലെ അകത്തേയ്ക്ക് പോകാറില്ല. അതുവഴി കടന്നു പോകുമ്പോളെല്ലാം അച്ഛന്റെ മിഴികള്‍ നനഞ്ഞു കുതിര്‍ന്ന് ചെവിയുടെ വശങ്ങളിലേയ്ക്ക് ധാരയായൊഴുകും. മരണം സുനിശ്ചിതമായി മുന്നില്‍ നില്‍ക്കുമ്പോള്‍ യാതൊരു ഗതിയുമില്ലാതെ അലഞ്ഞു നടക്കുന്ന തന്റെ ഇളയമകന് വേണ്ടി എന്താണ് അദ്ദേഹത്തിന് ചെയ്യാനാകുക. ഇടനെഞ്ചില്‍ കുറുകുന്ന ആ വേദന അച്ഛനില്‍ തിരിച്ചറിയുന്നതിനാല്‍ അടുത്തു ചെന്ന് നില്‍ക്കാന്‍ കൂടി ഭയമാണ്. ഒരിക്കല്‍ ഗള്‍ഫില്‍ നിന്നും ലീവിന് വന്ന മൂന്നാമത്തെ ചേട്ടന്‍ അച്ഛന്റെ അടുത്തിരുന്ന് ആശ്വസിപ്പിച്ച് സംസാരിക്കുമ്പോഴാണ് ഞാന്‍ അതുവഴി അടുക്കളയിലേയ്ക്ക് കടന്നു പോയത്. അപ്പോള്‍ അച്ഛന്റെ മിഴികള്‍ നിറഞ്ഞൊഴുകി. അതുകണ്ട് ചേട്ടന്‍ പറഞ്ഞു.
''അച്ഛനെന്തിനാ വിഷമിക്കുന്നേ... അവന് ഞങ്ങളൊക്കെയില്ലേ...''
അച്ഛനതിന് മറുപടിയായി കൈകൊണ്ട് ആംഗ്യം കാണിച്ചു. അമ്മയാണ് അത് ചേട്ടന് വിശദീകരിച്ചുകൊടുത്തത്.
''അച്ഛന്‍ പറയ്വാണ് നിന്നെ ആ കാര്യത്തില്‍ അച്ഛന് വിശ്വാസമില്ലെന്ന്.''
അദ്ദേഹം അതുകേട്ടതും പതുക്കെ എണീറ്റ് സ്ഥലം വിട്ടു. ഇടയ്ക്ക് ഇവിടെ വന്നുപോകുന്നുവെന്നു മാത്രം. താമസം ഭാര്യവീട്ടിലായതിനാല്‍ ഇവിടത്തെ കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധിക്കാറൊന്നുമില്ലായിരുന്നു. അത് അച്ഛന് നന്നായി അറിയാം. അതിനുള്ള പ്രതികരണമായിരുന്നു അച്ഛന്റേത്. അതുകേട്ട് പോകുമ്പോള്‍ ചേട്ടന്‍ പിറുപിറുത്തുകൊണ്ടാണ് പോയത്.
''ചാവാന്‍ കിടക്കുമ്പോഴും കിളവന് വിശ്വാസം ഇല്ല. വേണ്ട. ഞാന്‍ സഹായിച്ചിട്ട് ആരും അങ്ങനെ നന്നാവണ്ട. സ്വയം നന്നാവുന്നവര് നന്നായാല്‍ മതി.''
'അതേ സ്വയം നന്നാവുന്നവരേ നന്നാവൂ.' ഞാന്‍ മനസ്സില്‍ പറഞ്ഞു. തനിക്കും പുറത്തുപോയാല്‍ നന്നാവാവുന്നതേ ഉള്ളൂ. എന്നാല്‍ അച്ഛന്‍ ഇങ്ങനെ കിടക്കുമ്പോല്‍ പുറംദേശങ്ങളില്‍ പോകാന്‍ വല്ലാത്ത മടി. ഒരിക്കല്‍ മദ്രാസ് വരെ പോയതാണ്. നസീര്‍ ഒരു ജോലി ശരിയാക്കി വിളിച്ചപ്പോള്‍ അവന്റെ ക്ഷണം സ്വീകരിച്ച് പോയി. അവിടത്തെ ജീവിതസൗകര്യങ്ങളും ശമ്പളവും ഒന്നും തരക്കേടില്ലായിരുന്നു. എന്നാലും ഒന്നു രണ്ടുമാസം നിന്നപ്പോഴേയ്ക്കും വല്ലാത്ത ഒരസ്‌കിത. വീട്ടിലേയ്ക്ക് തിരിച്ചുപോകണം. ലീവ് പറഞ്ഞാണ് പോന്നത്. എന്നാല്‍ വരുമ്പോള്‍ അച്ഛന്‍ ആശുപത്രിയിലായിരുന്നു. അതോടെ വീണ്ടും അങ്ങോട്ട് തിരിച്ചുപോയില്ല. എന്നെ കണ്ടപ്പോള്‍ അച്ഛന്റെ മുഖത്ത് തെളിഞ്ഞ സന്തോഷം കണ്ണുവിടര്‍ത്തി കാണേണ്ടത് തന്നെയാണ്. അതിനേക്കാള്‍ വിലപിടിച്ചതല്ല മറ്റൊന്നും. ആരേയും ഒന്നിലും സഹായിക്കാന്‍ കഴിയാറില്ലെങ്കിലും വീട്ടിലുണ്ടായിരിക്കുമ്പോള്‍ ഒരു സമാധാനം. രമേശന്‍ പോകുമ്പോള്‍ പലതവണ പറഞ്ഞതാണ്.
''ഗസ്റ്റ് വിസയെടുത്ത് നീ കൂടി വന്നോളൂ. അതിനുള്ള പണം ഞാന്‍ കണ്ടെത്തിക്കോളാം. പിന്നീട് വരുമാനമുണ്ടാവുമ്പോള്‍ തന്നാല്‍ മതി. നമുക്കവിടെ ചെന്നതിന് ശേഷം ജോബ് വിസ ശരിയാക്കാം. ഞാന്‍ മാത്രമല്ലല്ലോ എന്റെ ചേട്ടനും അവിടെയുണ്ടല്ലോ...''
''ഇപ്പോള്‍ അതൊന്നും ചിന്തിക്കണ്ട രമേശാ... എന്റെ ചേട്ടനും ഒരാളുണ്ടല്ലോ... എന്നീട്ടും ഞാന്‍ പോകാന്‍ താല്പര്യം കാണിക്കാത്തതെന്താ... ആ പ്രശ്‌നം ഇപ്പഴും ഉണ്ട്. നീ പോയി ജോലിയെല്ലാം ശരിയാക്ക്. പിന്നീട് നമുക്ക് ആലോചിക്കാം. അന്ന് നിനക്ക് സൗകര്യപ്പെടുമെങ്കില്‍ മാത്രം എന്തെങ്കിലും സഹായം ചെയ്താല്‍ മതി.''
വീട്ടില്‍ ഇരിയ്ക്കാന്‍ പ്രയാസമേറുമ്പോള്‍ രമേശനുണ്ടായിരുന്നപ്പോള്‍ അവന്റെ വീട്ടിലേയ്ക്ക് പോകുമായിരുന്നു. ഉറക്കം വരുവോളം അവന്റെ വീട്ടില്‍ ഓരോ വിഷയങ്ങളുമായി നേരം പോക്കും. ഇതിപ്പോള്‍ ഒരാശ്രയവുമില്ലാത്തവനായി അലയാനാണ് തോന്നുന്നത്. എങ്ങോട്ടാണ് അലയുക. രാത്രിയ്ക്ക് കനം വെയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. രാത്രിയില്‍ ഒളിഞ്ഞിരിക്കുന്ന ആയിരക്കണക്കിന് അദൃശ്യശക്തികളുടെ വിളയാട്ടങ്ങള്‍ പലപ്പോഴും മനസ്സിന്റെ അകത്തളങ്ങളില്‍ വന്ന് കോലമാടും. അപ്പോഴെല്ലാം അതിനെ വെല്ലാനാകാതെ അകത്ത് ഓടിയൊളിക്കും. നഗരത്തില്‍ ഇതൊന്നും ഒരു ശല്യമേയല്ലെന്ന് ചെന്നൈയില്‍ പോയ സമയത്ത് ബോധ്യമായ കാര്യങ്ങളാണ്. എന്തേ ഗ്രാമങ്ങളില്‍ മാത്രം ഇവര്‍ താവളമാക്കുന്നത്. കെട്ടിടസമുച്ചയങ്ങളും വൈദ്യുതവിളക്കുകളും എല്ലാ നിഗൂഢതകളും ഇല്ലാതാക്കുന്നു. നാട്ടില്‍പുറങ്ങളില്‍ വിശാലമായ വയല്‍പരപ്പുകളും നിബിഡമരങ്ങളും രാത്രികളില്‍ തീര്‍ക്കുന്ന മനോഹാരിത ഭീകരമാണ്.
വീടിനോട് അടുക്കുന്തോറും കൂട്ടനിലവിളികള്‍ ഉയരുന്നുണ്ടോ എന്നൊരുസംശയമുണരാതിരുന്നില്ല. എവിടെ നിന്നോ ചില കരച്ചിലുകള്‍ തന്നെ തേടി വരുന്നതുപോലെ... വഴിയില്‍ കണ്ട ആരോ ഒരാള്‍ എന്നെ കണ്ടതും കൂടെ കൂടി. അയാള്‍ പതുക്കെ സൗമ്യമായി ചോദിച്ചു.
''എവിടെ പോയതായിരുന്നു.''
അയാള്‍ക്കെന്തിനാണ് ഇതെല്ലാം അറിയേണ്ടത് എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും അതയാളോട് പ്രകടിപ്പിച്ചില്ല. സൗമ്യനായി തന്നെ മറുപടി നല്‍കി.
''വെറുതേ പുറത്തേയ്ക്കു പോയതാണ്.''
അയാള്‍ എന്നോട് ചേരെതന്നെ നടന്നു. എന്നീട്ട് പതുക്കെ പറഞ്ഞു.
''വീട്ടിലെ കാര്യങ്ങള്‍ അറിയുമ്പോള്‍ വിഷമിക്കരുത്.''
എന്താണ് അയാള്‍ പറയാന്‍ തുടങ്ങുന്നത്. മനസ്സ് സന്ദേഹങ്ങളുടെ കുത്തൊഴുക്കായിത്തീര്‍ന്നു.
''എന്താണ് പറഞ്ഞത്.''
''കുറച്ചുമുന്നേ നിങ്ങളുടെ അച്ഛന്‍ പോയി.''
അയാള്‍ അതുപറയുമ്പോഴും എന്റെ മുഖത്തേയ്ക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ മനസ്സ് അതിശക്തമായി മിടിയ്ക്കാന്‍ തുടങ്ങി. അതുവരെ സംഭരിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം അണപൊട്ടിയൊഴുകുകയാണോയെന്ന് സന്ദേഹമുയര്‍ന്നു. എങ്കിലും പിടിച്ചു നിന്നു. ഇല്ല തളരാന്‍ പാടില്ല. ഓരോ നിയോഗങ്ങളില്‍ നീന്തിത്തുടിച്ച് അതിശക്തമായി മുന്നോട്ടു പോകണം. അയാള്‍ എന്റെ ചേരേ ചേര്‍ന്നുതന്നെ നടക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ അകത്തുനിന്ന് അമ്മയുടേയും പെങ്ങള്‍മാരുടേയും കരച്ചിലുയരുന്നത് ശ്രദ്ധയില്‍ വന്നു. നടുവിലകത്തേയ്ക്ക് കടക്കാന്‍ തോന്നിയില്ല. പുറത്തെ മുറിയില്‍ നിവര്‍ത്തിയിട്ട പായയില്‍ കമഴ്ന്നു കിടന്ന് തേങ്ങി. ചുണ്ടുകളുടെ വിതുമ്പലുകളെ അടക്കിയൊതുക്കി നിര്‍ത്താനാകാതെ നിയന്ത്രണാതീതമായി അവ വിറകൊണ്ടു. ഹൃദയഭിത്തികളില്‍ കൊളുത്തി വലിച്ചിരുന്ന ഒന്ന് അറ്റു പോയിരുന്നു. താന്‍ സ്വതന്ത്രനായിരിക്കുന്നു. യൗവ്വനത്തിലെത്തിയ ഒറ്റയാനായ തനിക്ക് ഇനി ഭാരം വലിയ്‌ക്കേണ്ടതില്ലെന്ന് ഹൃദയം പെരുമ്പറയടിച്ച് വിളംബരം ചെയ്തുകൊണ്ടിരുന്നു. ചേട്ടന്മാരും പെങ്ങന്മാരും കുടുംബവും കുട്ടികളുമായി കഴിയുന്നവര്‍. അമ്മ അവരിലാരുടെയെങ്കിലും കൂടെ സുഖമായി കഴിഞ്ഞുകൊള്ളും. തനിയ്ക്കിനി ആരേയും കാത്തിരിക്കേണ്ടതില്ല. കൂട്ടിരിക്കേണ്ടതില്ല. ലോകം തുറക്കപ്പെട്ടിരിക്കുന്നു. ആ ലോകത്തിന്റെ ഏതറ്റത്തേയ്ക്കും അപ്പൂപ്പന്‍താടിയായി പറന്നുപോകാന്‍ പാകത്തില്‍ ആത്മാവിന്റെ തേങ്ങലായി സന്ധ്യകള്‍ അവിടമാകെ അലിഞ്ഞിറങ്ങിയിരുന്നു. അതിലേയ്ക്ക് അലിഞ്ഞിറങ്ങിയ അച്ഛന്റെ ആത്മാവിനോട് പറയാന്‍ ഒരു വേദനയേ അവശേഷിച്ചിരുന്നുള്ളൂ. അച്ഛന്റെ വിയര്‍പ്പൂറ്റി ഇതുവരെ വളര്‍ന്നിട്ടും എന്റെ വിയര്‍പ്പില്‍ നിന്നൊരു അംശം കൈപ്പറ്റാനുള്ള ഒരു ഭാഗ്യം അച്ഛന് സിദ്ധിച്ചില്ലല്ലോ... എന്നെ ചൊല്ലിയുള്ള വേദനയും അരക്ഷിതാവസ്ഥയുമാണല്ലോ അച്ഛന്റെ യാത്രയ്ക്ക് കൂട്ടായി ചേര്‍ന്നത്.