ഓർക്കാപ്പുറത്തായിരുന്നു പിറകിൽനിന്ന് നിലവിളികേട്ടത്. എൻജിന്റെമുരൾച്ചയും യാത്രക്കാരോടുള്ള അനൗൺസ്മെൻറും യാത്രികരുടെ കലപിലയും പ്ലാറ്റ്ഫോമിൽ മുഖരിതമാവുന്നുണ്ടെങ്കിലും അയാളതു വ്യക്തമായി കേട്ടിരുന്നു. ഉള്ളൊന്നുനടുങ്ങി. അതൊരുപക്ഷേ ആ സ്ത്രീയാണെങ്കിൽ..
ആരൊക്കെയോ ഓടിക്കൂടുന്നു. 'കള്ളൻ..കള്ളൻ..' എന്നാക്രോശിക്കുന്നു. നിമിഷങ്ങൾക്കകം വലയംചെയ്യപ്പെടുന്നു. ഒരുപറ്റം ഉരുക്കുമുഷ്ടികൾക്കിടയിൽ ഞെരിഞ്ഞമർന്ന്.. തന്റെ ഇത്രയുംകാലത്തെ സല്പേര് മുഴുക്കെ തകർന്നുവീഴുന്നു. കണ്ണുകളിറുക്കെച്ചിമ്മി.
''ങ്ഹേ.. ഇത് ഗോപിയല്ലേ..? പരസ്യങ്ങൾ അനൗൺസ്ചെയ്യുന്ന ഗോപീകൃഷ്ണൻ..?"
''നിനക്കൊക്കെ പോയിച്ചത്തൂടെ..?''
"ദേ.. ഒരു മാന്യൻ.. വലിച്ചുകീറെടാ ഈ പന്നിയെ!''
ചുറ്റിലും പരിഹാസശരങ്ങൾ.
തിരിഞ്ഞുനോക്കാൻ ധൈര്യമുണ്ടായില്ല. ശരീരമൊട്ടാകെ വിറയൽ ബാധിച്ചമാതിരി. കാലുകൾ നിന്നേടത്തുതന്നെ ഉറച്ചിരിക്കുന്നു. നിമിഷങ്ങളെണ്ണി..
"മാറിനില്ക്ക് മനുഷ്യാ കുറ്റിയടിച്ചതുപോലെ നില്ക്കാതെ..!'' ആരോ പിടിച്ചുതള്ളി.
ഞെട്ടിത്തെറിച്ച് കണ്ണുമിഴിച്ചുനോക്കി. ഇല്ല.. ഒന്നും സംഭവിച്ചില്ല. പക്ഷേ.. ഏതുനിമിഷവും ഇങ്ങനെയെന്തെങ്കിലും പ്രതീക്ഷിക്കാമെന്ന് മനസ്സുപറഞ്ഞു. തിരക്കിനെ വകഞ്ഞുമാറ്റി അയാൾ ധിറുതിപ്പെട്ട് നടന്നു. സത്യത്തിൽ നടക്കുകയായിരുന്നില്ല. നടത്തത്തിനും ഓട്ടത്തിനുമിടയിലുള്ള കുതിപ്പായിരുന്നു.
കുതിപ്പിന്നിടയിൽ തന്റെ നേർക്കു നീളുന്ന കണ്ണുകളിൽ കാരമുള്ളിന്റകൂർപ്പ്. തിരക്കിൽ ഉടലുകൾതമ്മിൽ കൂട്ടിമുട്ടുമ്പോഴുണ്ടാവുന്ന തുറിച്ചുനോട്ടത്തിൽ ആരെയോ തിരയുന്ന വ്യഗ്രത നിഴലിക്കുന്നുവോയെന്ന സംശയം.. ഇതാദ്യമായാണല്ലോ ഇങ്ങനെയൊരവസ്ഥ അയാൾ നേരിടുന്നത്.
തന്നെയാരെങ്കിലും പിന്തുടരുന്നുവോ എന്ന ആശങ്ക തിരിഞ്ഞുനോക്കുവാനുള്ള ഉത്ക്കടമായത്വര ജനിപ്പിക്കുന്നുവെങ്കിലും ധൈര്യമൊക്കെ ചോർന്നുപോയിരിക്കുന്നു. ഷോൾഡർബാഗ് കക്ഷത്തിൽ ബലമായി അമർത്തിപ്പിടിച്ചു. തിരക്കിൽപെട്ട് എങ്ങാനും തെറിച്ചുപോയാൽ ഇക്കണ്ടനേരമത്രയും പാടുപെട്ടതൊക്കെ വൃഥാവിലാവും.
പ്രധാനകവാടത്തിൽ തിരക്കോടുതിരക്ക്. നീണ്ടുകിടക്കുന്ന ഫ്ലാറ്റ്ഫോമിന്റെയറ്റത്തേക്ക് പാളിനോക്കി. ദൂരെ..പാളംമുറിച്ചുകടന്നാൽ പോർട്ടർമാരുടെ ക്വാർട്ടേഴ്സിന്റെമുന്നിലുള്ള നടവഴിയിലൂടെ ആരുടെയും ശ്രദ്ധപതിയാതെ ബസ്റ്റാന്റിലെത്താം. ഏതെങ്കിലും ബസ്സിൽ കയറിപ്പറ്റിയാൽ തൽക്കാലം രക്ഷപ്പെടാമെന്ന് അയാൾ കണക്കുകൂട്ടി.
ഇന്ന് പതിവിലേറെ യാത്രക്കാരുണ്ടെന്ന് തോന്നുന്നു. ഇവിടെ ചിലർ യാത്രയവസാനിപ്പിക്കുമ്പോൾ മറ്റുചിലർ തുടങ്ങുന്നു. 'ഒന്നിന്റെ അന്ത്യം മറെറാന്നിന്റെ തുടക്കം.' എതോ പരസ്യവീഡിയോയിൽ താൻതന്നെ പറഞ്ഞ വാചകമോർത്തു. ഫ്ലൈഓവർവഴി ഇറങ്ങിവരുന്നവരെ തട്ടിവീഴാതിരിക്കാൻ അയാൾ നന്നേ പാടുപെട്ടു. ബസ്റ്റാന്റിലേക്കുതിരിയുന്ന കവലയിൽനിന്ന് തിരിഞ്ഞുനോക്കി. ഇല്ല..ആരുമില്ല..! സ്റ്റാന്റിൽ പുറപ്പെടാനൊരുങ്ങുന്ന ബസ്സ്. സീറ്റിൽ ചാരിക്കിടന്ന് കണ്ണടച്ച് കിതപ്പൊതുക്കി.
തികച്ചും അസാധാരണമായ, ഇത്തരമൊരുവേഷം അണിയേണ്ടിവന്നത് യാദൃച്ഛികവും സ്വപ്നേപിചിന്തിക്കാത്തതുമാണെന്ന് ആശ്വസിക്കുമ്പോഴും നിസ്സഹായയായ ഒരു പെൺകുട്ടിയുടെ ജ്വലിക്കുന്നകണ്ണുകൾ ഇനിയുള്ളകാലംമുഴുക്കെ തന്നെ വേട്ടയാടുമെന്നോർത്ത് ഉള്ളിലൊരുപുകച്ചിൽ അനുഭവപ്പെട്ടു. ആരും കണ്ടിട്ടുണ്ടാവില്ലെന്നുതന്നെയാണ് വിശ്വാസം. ബാഗിലുള്ളത് ഏറെവിലപിടിച്ചതും അപൂർവ്വമാണെന്നുമറിയാം. വണ്ടിയിൽവച്ചതു നേരിട്ടുകണ്ടതുമാണ്. എത്രസൂക്ഷ്മമായാണ് ആ സ്ത്രീ ഡിവൈസ് കൈകാര്യം ചെയ്തിരുന്നത്? തിങ്ങിനിറഞ്ഞ ജനറൽകംപാർട്ട്മെന്റിൽ എവിടെനിന്നാണു് അവർ കയറിയതെന്നറിയില്ല. ആറോ ഏഴോ വയസ്സുള്ള മെലിഞ്ഞപെൺകുട്ടിയും കൂടെയുണ്ടായിരുന്നു.
കാണുമ്പോൾ കുട്ടിയെ ചേർത്തുപിടിച്ച് തന്റെ എതിരേയുള്ള സീറ്റിൽ ചാരിനില്ക്കുകയായിരുന്നു അമ്മ. സാരമായി പരിഭ്രമിച്ചിരുന്നു അവർ. സാരിത്തുമ്പിനാൽ ഇടയ്ക്കിടെ വിയർപ്പുതുള്ളികളൊപ്പുന്നുണ്ടായിരുന്നു. എന്നാൽ ഈ ലോകത്തൊന്നുമല്ലെന്നഭാവമായിരുന്നു പെൺകുട്ടിക്ക്. കാഴ്ചകൾ കാണുമ്പോൾ കുഞ്ഞുങ്ങളിൽ പൊതുവേ കാണപ്പെടുന്ന കൗതുകം അവളിൽ അന്യമായിത്തോന്നി.
അന്നേരം അയാൾ മനുവിനെക്കുറിച്ചോർത്തു, തൊടിയിലെ മൂവാണ്ടൻമാവിനെയും. ഋതുഭേദങ്ങളറിയാതെ വെയിലും മഞ്ഞും മഴയുമേററ് പുഷ്പിണിയാവാൻ മറന്നുപോയ മൂവാണ്ടൻമാവ്. അതിന്റെ ഓരോരോഇലയനക്കങ്ങളിലും കണ്ണുനട്ട് ഉമ്മറത്തെ കുഞ്ഞുകസേരയിൽ നിശ്ചലനായി എത്രനേരം വേണമെങ്കിലും അവനങ്ങനെയിരിക്കും; ശബ്ദമില്ലാതെ കഥകൾ കൈമാറിക്കൊണ്ട്.
കുറെ വർഷങ്ങൾക്കുമുമ്പ് നഗരത്തിലെ ഒരു നേഴ്സറിശാലയിൽവച്ചാണ് അയാൾ ആ മാവിൻതൈ വാങ്ങിയിരുന്നത്. മനു പിറക്കുന്നതിനുമുമ്പ്, പരിശോധനയ്ക്കായി ഗോമതിയെ ധർമ്മാശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴായിരുന്നു അത്. മൂന്നാണ്ട് കഴിഞ്ഞാൽ തൊടിനിറയെ പൂത്തുലഞ്ഞുകായ്ക്കുന്നതും സ്വർണ്ണനിറമാർന്ന പഴുത്തമാമ്പഴം തൂങ്ങിയാടുന്നതും മനംകുളിർക്കെ കണ്ടിരുന്നു. പക്ഷേ ഒത്തമരമായിവളർന്നിട്ടും ഒരു ചില്ലയിലും പൂവിരിഞ്ഞില്ല. പൂമ്പാറ്റകളും മൂളിപ്പാട്ടുമായിവരുന്ന വണ്ടുകളും മുഖംതിരിച്ച് പറന്നകന്നു. പ്രായംതികഞ്ഞിട്ടും മംഗല്യഭാഗ്യമില്ലാത്ത പെണ്ണിനെപ്പോലെ നിർവ്വികാരയായ മാവിന് കൂട്ടായി മനുമാത്രമായിരുന്നു.
ഏതോ സ്റേറഷനിൽനിന്ന് വണ്ടി വീണ്ടും യാത്രയാരംഭിച്ചപ്പോഴായിരുന്നു അതു സംഭവിച്ചത്. പെൺകുട്ടിയിൽനിന്നും ആശ്ചര്യസൂചകമായ ശബ്ദം കേട്ടപ്പോൾ മനുവും മൂവാണ്ടനും കാഴ്ച്ചയിൽനിന്ന് തെന്നിമാറി. ജലാശയത്തിന്റെ നിശ്ചലതയ്ക്കു ഭംഗംവന്നാലെന്നപോലെ വികാരരഹിതമായിരുന്ന പെൺകുട്ടിയുടെ മുഖത്ത് ഭാവചലനങ്ങളുടെ വേലിയേറ്റം. ഇപ്പോൾ സീറ്റുകൾ മിക്കതും ആളൊഴിരിക്കുന്നു. അമ്മയും മകളും മുന്നിലെ ജനാലയോടുചേർന്ന സീറ്റിലിരിക്കുകയാണ്. ബാഗുതുറന്ന് കുട്ടിയുടെചെവിയിൽ എന്തോതിരുകിവെക്കുകയാണ് അമ്മ.
മഹാമൗനത്തിന്റെ പുറന്തോടുഭേദിച്ച് ശബ്ദപ്രപഞ്ചത്തിലേക്കുള്ള പ്രയാണം അവളെ ഉല്ലാസവതിയാക്കിയിരിക്കുന്നു. സ്വരങ്ങൾക്ക് നിറമുണ്ടെങ്കിൽ അതിന്റെ മായികക്കാഴ്ചയിലാണ് അവളിപ്പോൾ. ഉത്സാഹത്തിമർപ്പിൽ അസ്പഷ്ടമായ സ്വരത്തിൽ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ചുണ്ടിൽ ഇളംചിരി വിരിയുന്നുണ്ടെങ്കിലും ഫോണിൽ ആരെയോവിളിക്കുകയും കിട്ടാത്തതിനാൽ തീർത്തും അസ്വസ്ഥയുമായിരുന്നു അവർ. ചിലപ്പോൾ കൂടെ സഹായത്തിനാരുമില്ലെന്നുള്ളതാവാം. അല്ലെങ്കിൽ വൈകിവീട്ടിലെത്തുന്നതിന്റെ വേവലാതിയുമാവാം.
ലക്ഷങ്ങൾ വിലയുള്ള ഇത്തരമൊരു ഹിയറിംഗ്എയ്ഡ് മനുവിനുവേണ്ടി വാങ്ങാൻ തനിക്കെന്നാണ് കഴിയുക?അവന്റെ മരവിച്ച ശ്രവണഗ്രന്ഥികൾ സ്പന്ദിക്കുന്നത് എന്നായിരിക്കും? താൻ കൂട്ടിയാൽ കൂടില്ലെന്നതാണ് സത്യം. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശബ്ദം വില്ക്കുന്നൊരാൾ സ്വന്തം മകനെ ഒച്ചകേൾപ്പിക്കുവാൻ കഴിയാതെ ഉഴലുന്നത് വിരോധാഭാസംതന്നെ. സ്വന്തമായി ഒരു അഡ്വർടൈസിംഗ്കമ്പനി എന്നത് കരിഞ്ഞ സ്വപ്നമായി ഇപ്പോഴും അവശേഷിക്കുന്നു.
മുമ്പൊക്കെ രാഷ്ട്രീയപ്പാർട്ടികളുടെയും ക്ലബ്ബുകളുടെയും ഏതുപരിപാടികൾക്കും ഗോപീകൃഷ്ണൻ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു. പുതിയ ഷോപ്പുകളുടെ ഉദ്ഘാടനത്തിന് പുറനാട്ടിൽനിന്നുപോലും ആവശ്യക്കാർ അയാളെത്തേടിയെത്താറുണ്ട്. ഗാംഭീര്യമാർന്ന ശബ്ദമാണ് വില്പനച്ചരക്ക്. കൈനിറയെ കാശുകിട്ടും. ശ്രോതാക്കളെ പിടിച്ചിരുത്തുന്ന വാഗ്ദ്ധോരണിയും ആരെയുമാകർഷിക്കുന്ന ശൈലിയും. ജീപ്പിനുപുറത്ത് ഉച്ചഭാഷിണി കെട്ടിവച്ച് ചരൽനിറഞ്ഞവഴിയിലൂടെയോ ടാറിട്ടറോഡിലൂടെയോ കടന്നുപോകുമ്പോൾ പീടികത്തിണ്ണയിലും വഴിയരികിലുമെല്ലാം ആളുകൾ കാത്തിരിക്കുമായിരുന്നു.
അക്കാലത്താണ് മനുവിനെ കോഴിക്കോട്ടെ പ്രശസ്തഹോസ്പിറ്റലിൽ കൊണ്ടുപോയത്. കുറച്ചൊക്കെ മാറ്റംവന്നുതുടങ്ങിയിരുന്നു. പുത്തൻടെക്നോളജിയുടെ കടന്നുകയറ്റം വരുമാനത്തെ സാരമായിബാധിച്ചതോടെ മനുവിന്റെ ചികിത്സ പാതിവഴിക്ക് നിറുത്തേണ്ടിവന്നു.
''ഞാനിപ്പോവരാം..മോളെ ശ്രദ്ധിക്കാമോ?''
സഹയാത്രികയുടെ അഭ്യർത്ഥന.
താനിക്കിറങ്ങേണ്ട സ്റ്റേഷനെത്തിയെന്ന് പറയാൻ ഭാവിച്ചപ്പോഴേക്കും ടോയ്ലറ്റിലേക്കു അവർ പോയ്ക്കഴിഞ്ഞു. പെൺകുട്ടിയുടെമുഖം നിശ്ചലമായ ജലോപരിതലംപോലെ വീണ്ടും അനക്കമറ്റിരുന്നു. മനു ഇപ്പോൾ എന്തുചെയ്യുകയായിരിക്കും? മൂവാണ്ടൻമാവിൽനിന്ന് കണ്ണെടുത്ത് പടിഞ്ഞാറൻചരുവിലെ അസ്തമയച്ചുവപ്പിൽ നോക്കിയിരിപ്പുണ്ടാവും.
വേഗം കുറഞ്ഞ് വണ്ടി മന്ദഗതിയിലായി. അവരിനിയും തിരികെവന്നിട്ടില്ല. പൊടുന്നനെ ഗോപീകൃഷ്ണന്റെയുള്ളിൽ കൊള്ളിയാൻ മിന്നി. കൊളുത്തിൽ തൂങ്ങിയാടുന്നബാഗിലെ ഡിവൈസ് അയാളെ വല്ലാതെഭ്രമിപ്പിച്ചു. തെറ്റാണെന്നറിയാം. അല്ല..കൊടുംപാതകം..
കൈയെത്തിച്ച് ബാഗുകവരുമ്പോൾ കുട്ടിയുടെ നിശ്ചലമായമിഴികളിൽ നേർത്തകനലാട്ടം. കണെക്കാണെ അതിൽനിന്ന് അഗ്നിപടരുന്നു. കത്തുന്നചൂടിൽ താൻ വെന്തുരുകുമോ എന്നയാൾ ഭയന്നു. ജീവിതത്തിലെ ആദ്യമോഷണം. അതും പട്ടാപ്പകൽ..! കുഞ്ഞേ പൊറുക്കുക..! ചെവിവട്ടംപിടിച്ച് നാലുപാടും വട്ടംതിരിഞ്ഞ് അത്ഭുതമൂറുന്ന മനുവിന്റെ മിഴികളിലെ നിറകൺചിരി ഒരിക്കലെങ്കിലും കാണണമെനിക്ക്..! അവന്റെ മൃതസമാനമായ ശ്രോത്രഗ്രന്ഥികളെ തഴുകിവരുന്ന ഉണർത്തുപാട്ട് ഒരിക്കൽമാത്രം കേൾക്കണം.. അതുകഴിഞ്ഞ് മേൽവിലാസം കണ്ടെത്തി ഞാനിതു തിരികെയെത്തിക്കാം.. അതുവരെ ക്ഷമിക്കുക.. അയാൾ മന്ത്രിച്ചു. സമയമില്ല.. അവർ തിരിച്ചെത്തും മുമ്പ് വേഗം.. വേഗം.. ഉള്ളിൽനിന്നാരോ ധിറുതികൂട്ടി. പിന്നെ ഒട്ടുംഅമാന്തിച്ചില്ല..
ഇറങ്ങാനാളുണ്ടോ എന്ന കണ്ടക്ടറുടെ ചോദ്യം ചിന്തയിൽനിന്നുണർത്തി. ബസ്സിറങ്ങി ഉടനീളം ഇരുൾപതിയിരിക്കുന്ന വഴിയിലൂടെ നടന്നു. വഴിയിലല്ലാ തന്റെ ഇടനെഞ്ചിലാണ് ഇരുട്ടുനിറഞ്ഞതെന്ന് അയാൾക്കുതോന്നി. അരിച്ചെത്തുന്ന മഞ്ഞുതുള്ളികളുടെ സാന്ത്വനം നെഞ്ചിലെരിയുന്ന കനൽച്ചൂടിന് ഒട്ടും കുളിരേകുന്നില്ല. ജലകണങ്ങൾ പറ്റിപ്പിടിച്ച ചില്ലുജാലകത്തിനപ്പുറത്ത് ഒരമ്മയും മകളും.. ഏതോചിത്രകാരൻ വരച്ച നിഴൽച്ചിത്രമായി അയാളുടെയുള്ളിൽ തിണർത്തുവന്നു. നിധിപോലെസൂക്ഷിച്ച ബാഗും ഡിവൈസും നഷ്ടമായപ്പോൾ ആയമ്മ നെഞ്ചുരുകിക്കരഞ്ഞിട്ടുണ്ടാവും. കരയാൻപോലും കഴിയാതെ പെൺകിടാവും.
ശക്തിയേറിയ ടോർച്ചുവെട്ടം കണ്ണിൽ തറച്ചുകയറി. ഒരുനിമിഷം പതറി.
''ഗോപീ.. നീയെവിടെയായിരുന്നു? നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാന്ന് ഗോമതി പറേണ കേട്ടു. മനുവിന് ദീനംകൂടിയിരുന്നു. നീ വേഗംചെല്ല്.. വിഷമിക്കേണ്ടാ.. ഇപ്പോൾ ഭേദമുണ്ട്.''
ചെറിയച്ഛനാണ്. സന്ധ്യാസമയത്ത് കവലയിലെ രാമേട്ടന്റെ കടയിലേക്കു പോകുന്നത് പതിവാണ്. കളിക്കൂട്ടുകാരനോട് വെടിവട്ടം പറഞ്ഞ് അത്യാവശ്യം വീട്ടുസാധനങ്ങളുമായി തിരിച്ചുവരുമ്പോൾ രാത്രിയാവും. മൊബൈലെടുത്തു. സ്വിച്ചോഫായിരുന്നു.
നടത്തത്തിന് വേഗതകൂട്ടി. കിളിവാതിലിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിലാണ് അയാൾ ആ അത്ഭുതം കണ്ടത്. മുറ്റത്തെ മൂവാണ്ടന്റെ ചില്ലയിലൊരു തിളക്കം. സ്വർണ്ണനിറമുള്ള ഒരുകുല പൂവിരിഞ്ഞിരിക്കുന്നു..! കാലംതെറ്റിപ്പൂവിട്ടതെങ്കിലും ഉള്ളിലൊരു കുളിർമയനുഭവപ്പെട്ടു.
മുറ്റത്തേക്കിറങ്ങവേ പിറകിൽ വാഹനം ബ്രേക്കിടുന്നശബ്ദംകേട്ട് തിരിഞ്ഞുനോക്കി. കാറിൽനിന്ന് ഒരു സ്ത്രീയും കാക്കിധാരിയും പുറത്തിറങ്ങി. ഉമ്മറത്തേക്കുവന്ന ഗോമതി ഒന്നുമറിയാതെതെ മിഴിച്ചുനിന്നു.
''മിസ്റ്റർ ഗോപീകൃഷ്ണൻ..?"
കാക്കിവേഷത്തിന്റെ ചോദ്യത്തിൽ മൂർച്ച. കൂടെയുണ്ടായിരുന്ന സ്ത്രീയുടെമുഖത്ത് ഇപ്പോൾ പരിഭ്രമമല്ല.. തികഞ്ഞ ആത്മവിശ്വാസം. തൊണ്ടിമുതലുമായി അവരോടൊപ്പമിറങ്ങുമ്പോൾ ഗോമതി ആർത്തലച്ചുപെയ്യുന്നുണ്ടായിരുന്നു. മിഴിച്ചുനില്ക്കുന്ന മനു. നിശ്ശബ്ദമായ ഒരുതേങ്ങൽ കേട്ടുവോ? ഇല്ല.. ഒരുപക്ഷേ തനിക്കുതോന്നിയതാവും. കാറിനുള്ളിലേക്കുകയറുമ്പോൾ പൊടുന്നനെ മൂവാണ്ടൻമാവിന്റെ ചില്ല കിലുങ്ങി. അകന്നുപോകുന്ന പക്ഷിയുടെ ചിറകടിശബ്ദം. കാലംതെറ്റിവിരിഞ്ഞ പൂക്കുല ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു.