(Abbas Edamaruku)
പോലീസുകാരുടെ സഭ്യമല്ലാത്ത നോട്ടത്തിനും സംസാരത്തിനുമെല്ലാം മുന്നിൽ അപമാനഭാരത്തോടെ അമ്മയ്‌ക്കൊപ്പം തലകുമ്പിട്ട് നിന്ന 'സിന്ധുവിന്റെ' രൂപം എന്റെമനസ്സിൽ വല്ലാത്ത വേദന സൃഷ്ടിച്ചു. ആ സമയം അവിടെ എത്തേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി.പക്ഷേ, ഞാനും കൂടി ഇതിന് ഇറങ്ങിതിരിച്ചില്ലെങ്കിൽ.?
പഴയ സിന്ധുവിൽ നിന്ന് ഇപ്പോഴത്തെ ഈ അവസ്ഥയിലേയ്ക്കുള്ള അവളുടെ മാറ്റവും... തുടർന്നുണ്ടായ പോലീസ്റ്റേഷനിൽ വെച്ചുള്ള ഈ ദയനീയമായ കണ്ടുമുട്ടലുമെല്ലാം എന്നെ വല്ലാതെ വിഷമിപ്പിച്ചു.
എഴുവർഷങ്ങൾക്കുമുൻപ് ഒരു മെയ്മാസത്തിലാണ് ആദ്യമായി അവളെ കണ്ടുമുട്ടുന്നത്. കുടുംബസ്വത്തായാ എലത്തോട്ടത്തിലെ നടത്തിപ്പുകാരനായിട്ടാണ് ഞാൻ ഹൈറേഞ്ചിലെത്തുന്നത്. താമസവും ഭക്ഷണവുമൊക്കെ എസ്റ്റേറ്റിലെ ജോലിക്കാരനായ കൃഷ്ണേട്ടനൊപ്പം തോട്ടത്തിലെ ഷെഡ്ഢിൽ തന്നെ.
തോട്ടത്തിലെ ജോലിക്കാരിയായ 'ലക്ഷ്മി'ചേച്ചിയുടെ വീട് അടുത്തുതന്നെയാണ്. ചേച്ചിയെ ജോലിക്ക് ക്ഷണിക്കാനും മറ്റുമായി വീട്ടിൽ സന്ദർശനത്തിനുപോയ ഞാൻ അവിടുത്തെ അംഗത്തെപ്പോലെയായി മാറി. തങ്ങളുടെ അന്നദാതാവായ എലത്തോട്ടം ഉടമയുടെ കൊച്ചുമകൻ അവർക്ക് അന്യനല്ലായിരുന്നു.
കുന്നിൻപുറത്തുള്ള ആ കൊച്ചുവീട്ടിൽ ലക്ഷ്മിചേച്ചിയും, അവരുടെ ഒരേയൊരു മകളായ സിന്ധുവും, പിന്നെ ഏതാനും ആടുകളും മാത്രമേ ഉണ്ടായിരുന്നു.
തോട്ടത്തിലെ ജോലിക്കാർക്ക് ശമ്പളം കൊടുക്കുക, ജോലിയുടെയും മറ്റും കണക്കുകൾ എഴുതിവെക്കുക എന്നതല്ലാതെ വേറൊന്നും എനിക്ക് ചെയ്യാനുണ്ടായിരുന്നില്ല. അങ്ങനെ വിരസതയ്ക്ക് വിരാമമിടാനായി എഴുത്തും വായനയുമൊക്കെ ആശ്രയമാക്കിയ സമയം.
ആ സമയത്താണ് ഒരിക്കൽ അമ്മയുടെ പണിക്കൂലി വാങ്ങിക്കാൻ വന്ന സിന്ധുവുമായി ഞാൻ ഉടക്കുന്നതും പിന്നീട് സൗഹൃദത്തിലായി മാറുന്നതുമൊക്കെ. വഴിപിഴച്ചുപോയ അമ്മയെക്കുറിച്ചും, വിരസതനിറഞ്ഞ ജീവിതത്തേക്കുറിച്ചുമൊക്കെ നിരാശപൂണ്ട് ദുഖിച്ചുകഴിഞ്ഞ അവളുമായി ഞാൻ വളരെവേഗം അടുത്തു. അവളുടെ ദുഃഖങ്ങൾ എന്റേയുംകൂടി ദുഖങ്ങളായി കണ്ട് അവളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയുമൊക്കെ ചെയ്തു.അവൾക്ക് സുഹൃത്ത് മുഖേനെ ടൗണിലൊരു ജോലി വാങ്ങിക്കൊടുക്കുകയും, അമ്മയെ നല്ലജീവിതത്തിലേയ്ക്ക് നയിക്കുകയുമൊക്കെ ചെയ്തു.
നാട്ടിൽനിന്ന് വായിക്കാൻ കൊണ്ടുവന്ന പുസ്തകങ്ങൾ ഞാൻ അവൾക്ക് കൊടുത്തു.
ഒരുനാൾ ജോലി വാങ്ങികൊടുത്തതിനുള്ള സമ്മാനമായി അവൾ കൊണ്ടുവന്നുതന്ന ഏതാനും പുതിയ പുസ്തകങ്ങളോടൊപ്പം ആ മനസ്സും എനിക്കായി തുറന്നുവെച്ചു. സൗഹൃദത്തിന്റെ അതിരുകൾവിട്ട് പ്രണയത്തിന്റെ കാണാത്തലങ്ങളിലേയ്ക്ക് അവൾ വഴുതിവീഴുന്നത് ഞാനറിഞ്ഞു.
ഒരുദിവസം എന്നെത്തേടി വീട്ടിൽ നിന്ന് ഫോൺ വന്നു.
വല്ല്യാപ്പയ്ക്ക് നെഞ്ചുവേദനയുണ്ടായെന്നും സീരിയസ്സായി ഹോസ്പിറ്റലിലാണ് ഉടനേ വരണമെന്നും അറിയിച്ചുകൊണ്ട്. പുറപ്പെടാനായി ഒരുങ്ങവേ... ആരുംകാണാതെ അവളൊരു ഡയറി എനിക്ക് കൊണ്ടുവന്നു തന്നു.
"ഇതൊരു ഡയറിയാണ്.എന്റെ ജീവിതവും അഭിലാഷങ്ങളുമൊക്കെ കോറിവെച്ചിട്ടുള്ളത്. സമയംപോലെ വായിച്ചുനോക്കണം. എനിക്ക് പറയാനുള്ളതത്രയും ഞാൻ ഇതിൽ കുറിച്ചിട്ടുണ്ട്."
ആകാംഷയോടെ ഞാൻ ഡയറി കൈയിൽ ഏറ്റുവാങ്ങുമ്പോൾ അവൾ വീണ്ടും പറഞ്ഞു.
"അത്ഭുതപ്പെടാനൊന്നുമില്ല...എന്റെ മനസ്സിൽ തോന്നിയൊരു ആഗ്രഹം ഞാനിതിൽ കുറിച്ചിട്ടുണ്ട്. അത് തോന്നാനുള്ള കാരണങ്ങളും. അതുകൊണ്ട് ആദ്യംമുതൽ വായിക്കണം. എങ്കിൽ യാത്ര വൈകിക്കണ്ട. വീട്ടിലെല്ലാവരും കാത്തിരിക്കുകയാവും. വേഗം പുറപ്പെട്ടോളൂ..." അവൾ യാത്രപറഞ്ഞുപോയി.
അവൾ തന്ന ഡയറി ഞാൻ വായിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്തു. രണ്ടാഴ്ചനീണ്ടുനിന്ന ആശുപത്രി വാസത്തിനുശേഷം വല്ല്യാപ്പയെ വീട്ടിൽ കൊണ്ടുവന്നാക്കി വിശ്രമിക്കാൻ പറഞ്ഞിട്ട് ഞാൻ വീണ്ടും തോട്ടത്തിലെത്തി.
സിന്ധു എന്നെ കാത്തിരിക്കുകയായിരുന്നു എന്നുതോന്നി. തോട്ടത്തിലെത്തിയതിന്റെ അന്നുവൈകിട്ട് ജോലി കഴിഞ്ഞു കവലയിൽ ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടക്കവേ വഴിയിൽ വെച്ച് എന്നെ കണ്ടപ്പോൾ... ആകാംഷയോടെ അവൾ തിരക്കി.
"ഞാൻ തന്ന ഡയറി വായിച്ചോ?"
"വായിച്ചു... അതിലുള്ളത്രയും... അതുവഴി അതെഴുതിയ ആളെയും." ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.
ആ ഡയറി എനിക്ക് അവളോടുള്ള സമീപനത്തിന് മാറ്റം വരുത്തുകയായിരുന്നു. ഒരു ഞായറാഴ്ച ദിവസം പുതുതായി തീർത്ത കൊടിത്തോട്ടത്തിനടുത്തുള്ള ചാരുപാറയിൽ സായാഹ്നവെയിലും കൊണ്ട് മാനംനോക്കി കിടക്കുമ്പോൾ... അരികിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം.
തൊട്ടരികിൽ നിറപുഞ്ചിരിയുമായി അവൾ. വിസ്മയത്തോടെ അവളെനോക്കി പുഞ്ചിരിപൊഴിച്ചുകൊണ്ട് പാറപ്പുറത്ത് മെല്ലെ എഴുന്നേറ്റിരുന്നു. തൊട്ടരികിൽ അവളും.
"നിങ്ങള് തോട്ടം പാട്ടത്തിന് കൊടുത്തിട്ട് ഇവിടുന്ന് പോകുവാണെന്ന് കേട്ടു. ശരിയാണോ?"
"അതെ, ഏലത്തിനു വല്ലാത്ത വിലതകർച്ച... നഷ്ടം മാത്രം ബാക്കി.എനിക്ക് മനസ്സുണ്ടായിട്ടല്ല. വീട്ടുകാർ നിർബന്ധിക്കുമ്പോൾ..."
"ഇവിടുന്ന് പോയാൽ പിന്നെ എങ്ങനാണ് കാണുക... എന്നെക്കുറിച്ച് ഓർക്കുമോ?"
"അതെന്താ അങ്ങനെ ചോദിച്ചെ ... സിന്ധുവിനെ മറക്കാൻ എനിക്കാവുമോ?"
"സത്യമാണോ...നന്ദി. എന്നെ ഇഷ്ടമാണെന്നു പറഞ്ഞതിനും, ഇത്രനാൾ സഹായിച്ചതിനും. പക്ഷേ, ഇവിടം വിട്ടുപോകുകയാണല്ലോ എന്നോർക്കുമ്പോൾ..." അവളുടെ ശബ്ദം ഇടറി.
"ഏയ് എന്താണിത്.?" ഞാനവളുടെ കരം കവർന്നു.
"വെറുതേ...അബ്ദുവിന്റെ ഈ നല്ലമനസ്സ് അതുമാത്രം മതി എനിക്ക് ഓർത്തുവയ്യ്ക്കാൻ." അവളുടെ മിഴികൾ നിറഞ്ഞു.
അവളുടെ കാർകൂന്തൽ ഇളം കാറ്റേറ്റ് എന്റെ മുഖത്തേയ്ക്ക് പാറിവീണു. ഒപ്പം അവളുടെ ഗന്ധവും. ഞാനവളെ ചേർത്തുപിടിച്ചു. കുന്നിറങ്ങിവന്ന കുളിരുള്ള കാറ്റ് ഞങ്ങളെ പൊതിഞ്ഞു. സായാഹ്നംവെയിലിൽ ഇരുശരീരങ്ങൾ തെരുവപ്പുല്ലിന്റെ മറവിൽ നിഴൽനാടകമാടി. വികാരത്തള്ളലുകൾ... പകലിന്റെ അവസാനയാമത്തിൽ എന്റെ ചുംബനങ്ങളേറ്റ് അവൾ മാനംനോക്കി കിടന്നു.
"ഹലോ... അകത്തേയ്ക്ക് ചെല്ലാൻ സാറ് പറഞ്ഞു."പോലീസുകാരന്റെ ശബ്ദം എന്നെ ഓർമ്മകളിൽ നിന്നുണർത്തി. സുഹൃത്ത് 'സിജോയും' ഞാനുംകൂടെ എസ് ഐ യുടെ ക്യാബിനിലേയ്ക്ക് പ്രവേശിച്ചു.
"നിങ്ങടെ ആരാണെന്നാ പറഞ്ഞത് ആ സ്ത്രീയും മകളും?"
"എന്റെ തോട്ടത്തിലെ പണിക്കാരാണ്. പാവങ്ങളാണ്...ഒരബദ്ധം പറ്റിപ്പോയി. ഇത്തവണത്തേയ്ക്ക് മാപ്പ് കൊടുക്കണം." ഞാൻ പറഞ്ഞു.
"ഉം എല്ലാം മനസ്സിലായി. സർക്കിൾ വിളിച്ച് പറഞ്ഞതുകൊണ്ട് മാത്രം വിടുകയാണ്. ഇനിയൊരുതവണകൂടി ചാരായം വിറ്റെന്നറിഞ്ഞാൽ പിന്നെ ഇതായിരിക്കില്ല അവസ്ഥ." എസ് ഐ പറഞ്ഞു.
ഇരുവരേയും കൂട്ടി സ്റ്റേഷനിൽ നിന്ന് ഇറങ്ങുമ്പോഴും ജീപ്പിൽ തോട്ടത്തിലേയ്ക്ക് തിരിക്കുമ്പോഴും ആരും ഒന്നും മിണ്ടിയില്ല. ഇരുവരും തലകുമ്പിട്ട് അങ്ങനെയിരുന്നു.
ഒടുവിൽ വീട്ടിത്തിലെത്തിക്കഴിഞ്ഞപ്പോൾ സിന്ധുവിനെമാത്രം ഒരരികിലേയ്ക്ക് മാറ്റിനിറുത്തിക്കൊണ്ട് ഞാൻ ചോദിച്ചു.
"പറയൂ...നിങ്ങൾക്ക് എന്താണ് സംഭവിച്ചത്. നിന്റെ വിവാഹം കഴിഞ്ഞതൊക്കെ ഞാനറിന്നിരുന്നു. ഭർത്താവ് എവിടെ... ഒരു നല്ലസ്ഥിതിയിൽ എത്തിയിട്ടുണ്ടാവും എന്നാണ് ഞാൻ കരുതിയത് ഇതിപ്പോൾ...!"
"വിവാഹം...എനിക്ക് പറ്റിയൊരബദ്ധം. പ്രണയംനടിച്ചു പിന്നാലെ കൂടിയപ്പോൾ അറിഞ്ഞില്ല ചതിക്കാനാവുമെന്ന്. എന്നിലെ വിലപ്പെട്ടതെല്ലാം കവർന്നെടുത്തു കഴിഞ്ഞപ്പോൾ വഴിപിഴച്ചവളെന്നു മുദ്രകുത്തിക്കൊണ്ട് അയാൾ എന്നെ ഉപേക്ഷിച്ചുപോയി. ഇപ്പോൾ ദൂരെയെങ്ങോ വേറൊരുത്തിയേം കെട്ടി കഴിയുന്നുണ്ടെന്നു കേട്ടു. എന്തായാലും ഉണ്ടായിരുന്നതൊക്കെയും കുടിച്ചും പെണ്ണുപിടിച്ചും നശിപ്പിച്ചിട്ടാണ് അയാൾ പോയത്. ഒരിക്കൽ വഴിപിഴച്ച എന്നെയും അമ്മയേയും കൈപിടിച്ചുയർത്താൻ നിങ്ങളുണ്ടായിടുന്നു. എന്നാൽ രണ്ടാമതും അതെ അവസ്ഥയിൽ പെട്ടുപോയ ഞങ്ങളെ ആരും കൂടെക്കൂട്ടിയില്ല. ഒടുവിൽ ജീവിക്കാൻ ഒരുമാർഗ്ഗവുമില്ലാതെ വന്നപ്പോഴാണ് അമ്മയുടെ ഒരുപരിചയക്കാരൻ ഉണ്ടാക്കിക്കൊടുക്കുന്ന ചാരായം വീട്ടിൽകൊണ്ടുവന്നുവെച്ച് രഹസ്യമായി വിൽക്കാൻ തുടങ്ങിയത്. ഒടുവിൽ പോലീസ് പിടിയിലുമായി." പറയുമ്പോൾ അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു. ശബ്ദം വല്ലാതെ നേർത്തുപോയി.
"പോട്ടേ... സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചുതന്നെയേ തീരൂ...അതോർത്ത് ദുഖിച്ചതുകൊണ്ട് ഇനി ഫലമില്ല. ഇനിയും ഒരു ജോലികിട്ടുമോ എന്ന് ഞാനന്വേഷിക്കാം. ... പഴയതുപോലെ സഹായത്തിനു ഞാനുണ്ടാകും."
"വേണ്ട... ഇനിയും ഞങ്ങൾക്കുവേണ്ടി....അതിനുള്ള അർഹത ഞങ്ങൾക്കില്ല. അല്ലെങ്കിലും അർഹതയില്ലാത്തതൊന്നും നമ്മൾ ആഗ്രഹിച്ചുകൂടാ. ഒടുവിൽ ചിലപ്പോൾ നമ്മൾ ദുഖിക്കേണ്ടിവരും." അവൾ അകത്തേയ്ക്ക് നടന്നു.
അവൾ പറഞ്ഞിട്ടുപോയതിന് ഒരുപാട് അർഥങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ഏതാനും നേരം അവളുടെ വീടിനുനേർക്ക് നോക്കിനിന്നിട്ട് ഞാൻ മെല്ലെ തിരിഞ്ഞുനടന്നു.