ഇന്ന് മഴപ്പെയ്ത്ത് ശക്തമാണ്. ഉണങ്ങിയ ഓലക്കീറിൽ തട്ടി ജലകണങ്ങൾ പെയ്തിറങ്ങി. ഒരു മഴ കണ്ടിട്ടെത്ര വർഷങ്ങൾ… കുട്ടിക്കാലത്ത് മുറ്റം നിറയെ മഴ പെയ്തു നിറയുമ്പോൾ ചപ്ലി കൂട്ടാൻ എന്ത് രസായിരുന്നു.
താൻ ഒഴുക്കി കളിക്കുന്ന കടലാസ് തോണികളെ വെള്ളത്തിൽ മുക്കുന്ന ഏട്ടനെ മഴവെള്ളത്തിൽ തട്ടിയിട്ട് അകത്തേക്ക് ഓടുമ്പോൾ ഏട്ടൻ പിടിക്കല്ലേ എന്ന പ്രാർത്ഥന ആയിരുന്നു. വർഷങ്ങൾക്ക് ശേഷം അങ്ങാടിപ്പുറത്ത് നിന്നും പുറപ്പെടുന്ന അവസാന ട്രെയിനിൽ കയറി ഇരിക്കുമ്പോഴും അതേ പ്രാർത്ഥന ആയിരുന്നു മനസ്സിൽ. നാട്ടിൽ കച്ചവടം നടത്തുന്ന ഏട്ടന്റെ സുഹൃത്തിന്റെ കടയിൽ വെച്ചാണ് മഹേഷിനെ ആദ്യം കണ്ടത്. ആ കാണൽ പ്രണയമായി വളർന്നു. തഞ്ചാവൂരുള്ള ചെറിയ ഗ്രാമം ആയിരുന്നു അവന്റെ ലോകം. ആ ലോകത്തിലേക്കുള്ള ട്രെയിൻ യാത്രയിൽ തന്നെ കാത്തിരിക്കുന്ന മഹേഷ് ആയിരുന്നു മനസ്സ് നിറയെ. സെൽവി എന്ന് പേര് മാറ്റി ഞാനും ഒരു തമിഴ് പെൺകൊടി ആയി.
ഒരു മഞ്ഞച്ചരടിൽ ജീവിതം മാറിമറിഞ്ഞു. രഹസ്യമായി വിവാഹം കഴിക്കുമ്പോൾ പ്ലസ് ടുവിന് പഠിച്ച ശാകുന്തളം ആയിരുന്നു മനസ്സിൽ. അവന്റെ വീട്ടിൽ എന്നെ കയറ്റാൻ കഴിയുമായിരുന്നില്ല. വലിയ ജന്മി കുടുംബം ആയിരുന്നു അവന്റേത്. എല്ലാ രാത്രിയിലും അവൻ വരുമായിരുന്നു. ഉടനെ വീട്ടിൽ പറഞ്ഞ് തന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് താലി കെട്ടും എന്നായിരുന്നു പ്രതീക്ഷ. മാസങ്ങൾ കടന്നു പോയി. ഞാൻ പ്രണയത്തിൽ മുഴുകി നാടും വീടും മറന്നു. പതുക്കെ പതുക്കെ അവൻ വരാതായി. അന്വേഷിച്ചു ചെല്ലാൻ അവന്റെ മേൽവിലാസവുമായി ഞാൻ ഇറങ്ങി. അപ്പോഴാണ് അത് തെറ്റായ വിലാസം ആണെന്നറിഞ്ഞത്.
എന്ത് ചെയ്യുമെന്ന് അറിയാതെ കുറേ കാലം. മഹേഷ് എന്ന പേരിൽ ഒരാളെ ആർക്കും അറിയില്ല. കബളിക്കപ്പെട്ടു എന്ന് ഉറപ്പായപ്പോൾ അതിജീവനം ആയി മനസ്സിൽ. നാട്ടിൽ പോകാൻ എല്ലാരും നിർബന്ധിച്ചു. പോകാൻ മനസ്സ് അനുവദിച്ചില്ല. കുറച്ചുകാലം ജീവിക്കാൻ ഉള്ളത് കയ്യിൽ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ജീവിതം എന്താവും എന്ന് ഭയം തോന്നി. ചെറ്റവാതിൽ തട്ടുന്ന ശബ്ദം പലപ്പോഴും ഉറക്കം നഷ്ടപ്പെടുത്തി. തലയണക്കീഴിൽ അരിവാൾ സൂക്ഷിച്ചു.
അങ്ങനെ ആണ് ഞാൻ ഒപ്പാരി പാടുന്നവളായത്. അടുത്ത വീട്ടിലെ അക്കയാണ് ആദ്യമായി മരിച്ച വീട്ടിൽ ചെന്ന് കരയുന്ന ജോലി എനിക്ക് തന്നത്. വിശപ്പടക്കാനും അത്യാവശ്യം ജീവിക്കാനും അത് ധാരാളം. ആദ്യമൊക്കെ ശവശരീരം കാണാൻ പേടി ആയിരുന്നു. കൂടെ ഉള്ളവർ പാട്ട് പാടി തലതല്ലി കരയുമ്പോൾ എനിക്ക് ചിരി വരുമായിരുന്നു. അപ്പോൾ ഞാൻ എന്റെ മുന്നിൽ മരിച്ചു കിടക്കുന്നത് മഹേഷ് ആണെന്ന് സങ്കൽപ്പിക്കും. കുട്ടിക്കാലം മുതലേ എനിക്ക് ദേഷ്യം വന്നാൽ ആണ് കണ്ണുനീർ വരിക. അത്കൊണ്ട് തന്നെ ആ സങ്കല്പം എന്റെ മിഴികളിലൂടെ നിറഞ്ഞൊഴുകി. പാട്ട് പഠിച്ചെടുക്കാനും ഞാൻ കുറച്ചു കഷ്ടപ്പെട്ടു. അങ്ങനെ അങ്ങനെ അങ്ങാടിപ്പുറത്തുകാരി സീന എന്ന സെൽവി നല്ലൊരു ഒപ്പാരി പാട്ടുകാരിയായി.
"അക്കാ.. " മുരുകന്റെ ശബ്ദം എന്നെ ചിന്തയിൽ നിന്നും ഉണർത്തി. അടുത്ത ഒപ്പാരി ബുക്കിങ് ആയി വന്നതാണവൻ. ചില വീടുകളിൽ പോയാൽ അവരുടെ ദുഃഖം കണ്ടാൽ നമുക്ക് അറിയാതെ വേദന തോന്നും, മനസ്സറിഞ്ഞ് പാടും. വേഷം മാറി അടുത്ത ഊര് ലക്ഷ്യമാക്കി നടന്നു. പൂമുഖത്തിലൂടെ അകത്തളത്തിലേക്ക് കയറി. അവിടെ മുടിയൊക്കെ അഴിഞ്ഞുലഞ്ഞ്, സിന്ദൂരം മായ്ച്ചു കളഞ്ഞ് കുപ്പിവളയൊക്കെ അടിച്ചുടച്ച് കളയാൻ തയ്യാറായി ഒരു സ്ത്രീ രൂപം. ഞാനും കൂട്ടാളികളും ഞങ്ങളുടെ ജോലി നിർവഹിച്ചു കൊണ്ടേ ഇരുന്നു. പെട്ടെന്നാണ് ആ മുഖം എന്റെ കണ്ണിൽ തെളിഞ്ഞത്. പോയ പത്ത് വർഷങ്ങൾ മനസ്സിലൂടെ ഓടിനടന്നു. എപ്പോഴും മരിച്ചു കൊണ്ടിരുന്ന ആ മുഖം കണ്ടപ്പോൾ ഞാൻ ഒപ്പാരി പാടാൻ മറന്നു. കയ്യിൽ കിടന്ന കുപ്പിവളകളും മഞ്ഞച്ചരടും തനിയെ അഴിഞ്ഞുപോയി. പക കൊണ്ട് മനസ്സ് നിറഞ്ഞു. കണ്ണുകൾ ധാര ധാരയായി ഒഴുകി. എന്റെ മനസ്സ് എന്നോട് ചോദിച്ചു… ഈ കണ്ണീർ എന്തിന്റെ ഭാഗമാണ്… നിസ്സഹായതയുടെ, പ്രണയത്തിന്റെ,നഷ്ടബോധത്തിന്റെ അതോ വഞ്ചിക്കപ്പെട്ടതിന്റെ… ആർത്തലച്ചു കരയുന്നതിനിടയിൽ ഞാൻ മന്ത്രിച്ചു….സ്വാതന്ത്ര്യത്തിന്റെ മിഴിനീർപ്പൂക്കൾ ആണിത്. പ്രതീക്ഷയിൽ നിന്നും യാഥാർഥ്യത്തിന്റെ വഴികളിലൂടെ ഒഴുകി വന്ന ജ്വലിക്കുന്ന ജീവിതനൊമ്പരത്തുള്ളികൾ എന്നും പറഞ്ഞ് ഞാൻ കിണറ്റിൽ നിന്നും വെള്ളം കോരി തലയിലൂടെ ഒഴിച്ച് കുപ്പിവളകൾ ശക്തമായി കല്ലിലിടിച്ചു തകർത്തു. ആ ശക്തിയിൽ വിറകൊണ്ട് പ്രപഞ്ചം തോരാമഴയിൽ കുളിച്ചു നിന്നു.