മഴ കഴിഞ്ഞുള്ള പുലരിയായതുകൊണ്ടാവാം, കാവിനുള്ളിൽ നേർത്ത പുകപടലം പോലെ മഞ്ഞ് കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. അതിന്റെ ആധിക്യത്തിൽ തണുപ്പിന് കാഠിന്യവും കൂടുതലായിരുന്നു.
മഞ്ഞുതുള്ളികൾ നിറുകയിൽ വീഴാതിരിക്കാനായി കയ്യിലുള്ള തോർത്ത് മടക്കി തലയിലിടും നേരം ശങ്കരി അരികത്തിരിക്കുന്ന മരുമകളെ നോക്കി. കണ്ണപ്പെരുമലയന്റെ ഒറ്റക്കോലത്തിലുള്ള ഉറഞ്ഞാട്ടത്തിൽ എല്ലാം മറന്നിരിപ്പാണ് തുളസി! ഇരുപത്തിയൊന്ന് ദിവസത്തെ വ്രതത്തിന്റെ ക്ഷീണമുണ്ടാ മുഖത്ത്, ഉറക്കമിളച്ചിരുന്നതിന്റെ കറുത്ത നിഴൽപ്പാടുകൾ കൺതടങ്ങളിലുമുണ്ട്. എന്നിരുന്നാലും ആ ശോണിമ നിറഞ്ഞ മുഖത്തിലെ വിഷാദഛായ ഒരമ്മയെന്ന നിലയിൽ ശങ്കരിക്ക് മനസിലാവാതിരുന്നില്ല.
മടിക്കുത്തിൽ നിന്നും വെറ്റിലയെടുത്ത് ചുണ്ണാമ്പു തേച്ച് ഒരു കഷ്ണം അടയ്ക്കയും കൂട്ടി വായിലോട്ടിടുമ്പോൾ ചിന്തകൾ പിറകോട്ട് പോയി.
കണ്ണൻ ചെക്കൻ പഠിച്ച് വലിയൊരാളായി ഉദ്യോഗമൊക്കെ നേടിയാൽ അനുഭവിച്ചോണ്ടിരുന്ന ദുരിതക്കടലിൽ നിന്നും കരകേറാന്ന് ശങ്കറിയും, പണിക്കരും ഏറെ മോഹിച്ചതാണ്. പച്ചേങ്കില്, ചെക്കൻ പത്തിൽ വെച്ചേ പഠിത്തോം നിർത്തി കുലത്തൊഴിലിലോട്ട് തിരിഞ്ഞു. പത്തിരുപത്തിനാല് വയസായപ്പോ; കാവിൽ തെയ്യം കൂടാൻ വന്ന തൊളസിപ്പെണ്ണുമായി ലോഹ്യത്തിലുമായി. ചെണ്ടമേളക്കൊഴുപ്പിന്റെ അകമ്പടിയില്ലാതെ, കാവിൽ വെച്ച് തന്നെ പുടവ കൊട്ത്ത് കൂടെ കൂട്ടി. ആ നിമിഷം മുതൽ മരുമകൾ ആയിരുന്നില്ല. മകൾ തന്നെയായിരുന്നു തനിക്കവൾ. അവളെ കൂടി ദുരിതക്കയത്തിലാക്കുന്നതു കണ്ടപ്പോൾ പലപ്പോഴും നെഞ്ഞ് പൊടിഞ്ഞിറ്റ്ണ്ട്.
ഒറ്റക്കോലത്തിൽ കണ്ണപ്പെരുമലയൻ ദൈവത്തിന്റെ പ്രതിപുരുഷനായി ജനമനസുകളിൽ ഭക്തിയുടെ തീപ്പൊരി നിറയ്ക്കുമ്പേൾ സ്വന്തം വീട്ടിൽ പലപ്പോഴും തീയെരിയാതെയായി. എത്രയൊക്കെ സമ്പാദ്യം കിട്ടിയാലും കൈകുമ്പിളിൽ കോരുന്ന ജലം പോലെ പലപ്പോഴുമത് ചോർന്നു പ്പോകുന്നതെങ്ങനെയെന്ന് ശങ്കരിക്കറിയില്ലായിരുന്നു. ഒരിക്കലും, ഉയർച്ചയിലേക്ക് പോകാതെ താഴേക്കടിയിൽ നിന്ന് താൻ പേറെടുത്തും, പണിക്കർ ചെണ്ട മുട്ടിയും, മക്കൾ കോലം തുള്ളിയും ജീവിതം തീർക്കണമെന്നുമായിരിക്കും ദൈവഹിതം. സാരില്ല, കുലത്തൊഴിലാണെന്ന് കരുതി സന്തോഷിക്കാലോ...?
പച്ചേങ്കില് ആ കുലത്തൊഴിലിലൂടെയായാലും സന്തോഷംണ്ടാ ഞങ്ങക്ക്, ഇല്ലല്ല. പതിനാല് കൊല്ലായില്ലേ കണ്ണൻകുട്ടീം, തൊളസിപ്പെണ്ണും ഒന്നായിട്ട് എന്നിട്ട് ഓമനിക്കാനൊരു കുഞ്ഞിക്കാല് തന്നില്ല തെയ്വ്വം, എത്രയെത്ര പേറെട്ത്തിന്! നല്ലതും, ചീത്തയുമായി, ഇരുളണയുമ്പോൾ ശങ്കരി പേറ്റിച്ചിയെ തേടി അവിഹിത ഗർഭം അലസിപ്പിക്കാൻ ആളോള് വെരും. പച്ചമരുന്നിൽ കൊടുക്കുന്ന വിഷാംശം നുകർന്ന് മരിക്കുന്ന ചാപിള്ളകളെ വലിച്ചെടുക്കുമ്പോൾ കൈവിറയ്ക്കാറില്ല. അത് തന്റെ തൊഴിലാണ്. തെയ്വ്വം തന്ന വരമാണെന്ന് അടിയുറച്ച് വിശ്വസിച്ച്! ആയുസെത്താതെ ഗർഭത്തിൽ വെച്ചു തന്നെ മൃതിയടയുന്ന ചാപിള്ളകളുടെ ശാപമാണോ...? മകന്റെ ഒരു കുഞ്ഞിനെയെങ്കിലും താലോലിക്കാൻ ഭാഗ്യമില്ലാതാക്കീത്. അവന്റെയൊരു കുഞ്ഞിനെയെങ്കിലും തന്റെ കൈയോണ്ട് എടുത്തിട്ട് ചത്താ മതിയെന്റെ പെരുമാളെ..... !
ഓർക്കാപ്പുറത്തുള്ള ശങ്കരിയുടെ പെരുമാളെന്ന വിളിയാണ്, തുളസിയുടെ മനസിനെ പൂർവ്വസ്ഥിതിയിൽ എത്തിച്ചത്.
ചമയങ്ങളുടെ നിറവിൽ വിഷ്ണുമൂർത്തിയുടെ രൂപത്തിൽ തന്റെ കണ്ണേട്ടൻ ജ്വലിച്ചു നിൽക്കുകയാണ് ! എത്രയോ വട്ടം ഈ വേഷത്തിൽ കണ്ണേട്ടനെ കണ്ടിട്ടുണ്ട്. പക്ഷെ അന്നൊന്നും ഇത്രയും ഭക്തി പാരവശ്യം തോന്നീട്ടില്ല. ന്താപ്പാ ഇന്നിങ്ങനെ, അറിയില്ലല്ലോന്റ തേവരേ.ഭക്തിയുടെ നിറവിൽ അതിങ്ങനെ ആളിപ്പടരുകയാണ്.സങ്കടവും, വിഷാദവും ആ ദൈവത്തിങ്കൽ അർപ്പിക്കാൻ മനം കുതികുത്തുകയണ്. ഒരു വേള ശങ്കരിയെ മറന്നവൾ ഇരിപ്പിടത്തിൽ നിന്നും കൈകൾ കൂപ്പി പിടഞ്ഞെണീച്ചു.
അവളുടെ ആ പ്രവൃത്തി കണ്ട് അവരും കൂടെ എണീച്ചു.
"ന്താ...ന്റെ തൊളസിയെ ന്തേ പറ്റീത്?" അവരവളുടെ കൈത്തണ്ടയിൽ പിടിച്ച് കുലുക്കി.
''അമ്മ കാണുന്നില്ലേ ആ രൂപം! കുറി വാങ്ങാനും, അനുഗ്രഹം തേടാനും മനസ് കൊതിക്കുവാണ്."
"അതിന് ആയില്ലല്ലോ മോളെ... ,ഇപ്പൊ
ത് ലാഭാരം തൂക്കുന്ന തെരക്കല്ലെ, അത് കയിഞ്ഞ് തെരക്കൊക്കെയൊന്ന് അയഞ്ഞ് നമ്മക്കും കുറി വാങ്ങാം''.
"പറ്റില്ലമ്മേ എനക്ക് ഇപ്പ തന്നെ കുറി വാങ്ങണം.''
ഒരു വാശി പോലുള്ള തൊളസി പെണ്ണിന്റെ വാക്കുകൾ ശങ്കരിയിൽ അന്ധാളിപ്പ് ഉളവാക്കി.
അവരുടെ കൈകൾ വിടുവിച്ച് ആളുകളെ വകഞ്ഞ് മാറ്റി തുളസി വിഷ്ണുമൂർത്തി തെയ്യത്തിനരികിലെത്തി. ഏതോ അമ്മയേയും കുഞ്ഞിനെയും തുലാഭാര കെട്ടിലിരുത്തി അനുഗ്രഹം വാരി ചൊരിയുന്ന പ്രീയതമനെ തുളസി ഒരു മാത്ര നോക്കി നിന്നു.
എത്രയോ പ്രാർത്ഥനക്കൊടുവിൽ കിട്ടിയതാവണം ആ കുഞ്ഞിനെ ഒരു പക്ഷെ പ്രാർത്ഥിച്ചതു മുഴുവൻ ഈ ദൈവത്തോടാവാം അതല്ലേ തുലാഭാരം ഈ കൈകൾ കൊണ്ട് തന്നെ നടത്തിയത്.
പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ വികാരങ്ങൾ ഉള്ളിൽ തുടികൊട്ടി ഉണരുന്നതവൾ അറിഞ്ഞു. വിഷ്ണുമൂർത്തി തെയ്യത്തിനു മുന്നിൽ അവളും വെറുമൊരു പെണ്ണായി. വർഷങ്ങളായി ഒരു കുഞ്ഞിനു വേണ്ടി ദാഹിക്കുന്ന വെറുമൊരു പെണ്ണ്, തന്റെ ആലിലവയറിൽ കുഞ്ഞുകൈകളുടെ ഇക്കിളിപ്പെടുത്തലുകൾ അനുഭവിക്കാൻ ഉള്ളം കൊതിച്ചു.
"ന്റെ ദൈയ് വേ...എനക്കും വേണം ഒരു പൊന്നോമനയെ...! ലാളിക്കാനും, ഓമനിക്കാനും, പാലൂട്ടാനും എനക്കും വേണം ഒരു കുഞ്ഞിനെ."
എല്ലാം മറന്നവൾ കൈകൾ കൂപ്പി വിലപിക്കുകയായിരുന്നു.
"എത്രയോ ദമ്പതികൾക്ക് അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു ന്റെ ദൈയ്‌വം ഈ മകളുടെ ആത്മവ്യഥ എന്തേ അറിയാതെ പോയത്...?
ചോയിക്കാഞ്ഞത് കൊണ്ടാേണ്ടോ.? കണ്ണടച്ചത്." ദൈവത്തോടുള്ള അവളുടെ ചോദ്യം.
പെരുമലയന്റെ ഉള്ളമൊന്നു കിടുങ്ങി, കൈകൾ വിറകൊണ്ടു. മനസിൽ പരദേവതയുടെ മുഖം! മുന്നിലുള്ള ആൾക്കൂട്ടത്തെ മറന്നു, ഉള്ളിൽ ഒന്നുമാത്രം. കെട്ടിയാടുന്ന മൂർത്തി മാത്രം. മഞ്ഞൾ ക്കുറി പുരണ്ട കൈകൾ തുളസിക്കു നേരെ നീണ്ടു.
"ന്റെ പരദേവതേ... " ന്ന ആർത്തനാദത്തോടെ കണ്ണപ്പെരുമലയൻ മഞ്ഞൾക്കുറി തുളസിയുടെ നെറുകയിലിട്ട് അനുഗ്രഹവർഷത്തോടെ തന്റെ ആടയാഭരണങ്ങളോടൊപ്പം ചേർത്തു. അവിടെയപ്പോൾ കണ്ണപ്പെരുമലയൻ വിഷ്ണുമൂർത്തി തെയ്യവും, തുളസി അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാൻ നിൽക്കുന്ന വെറുമൊരു പെണ്ണുമായി മാറുകയായിരുന്നു.