ഞാനും അവളും പത്താം ക്ലാസിലായിരുന്നു.അത്രയും കാലം പ്രണയിക്കാൻ ഒരാഗ്രഹം പോലുമില്ലാതിരുന്ന എന്നിലേക്ക് പെട്ടെന്നാണ് പ്രണയത്വര കടന്നുവന്നത്.
ഉച്ച കഴിഞ്ഞ് ഓരോ ദിവസവും അവളെയും കാത്ത് ഞാൻ സ്റ്റെപ്പിറങ്ങുന്നിടത്ത് നിൽക്കും.കാത്ത് നിൽക്കുന്നത് അവളോട് മിണ്ടാനൊന്നുമായിരുന്നില്ല. ഒന്നവളെ കാണുക അത്രയേ ആ കാത്തുനിൽപ്പിലുണ്ടായിരുന്നുള്ളൂ. ചുവന്ന ചുണ്ടുകളുള്ള, മാൻപേടയുടെ കണ്ണുകളുള്ള, പോണി ടെയിലായി മുടികെട്ടിയിട്ടുള്ള, എന്റെ ഹൃദയത്തെ ചാഞ്ചാടിപ്പിക്കാൻ കഴിവുള്ള; എന്റെ സൗന്ദര്യ സങ്കൽപ്പങ്ങളിലെ മൂർത്തീഭാവത്തെ കാണാൻ.ഒരിക്കൽ അവളെന്റെ കണ്ണുകളിലേക്കൊന്ന് നോക്കി. ആ കണ്ണുകളിൽ സ്നേഹമാണോ ദേഷ്യമാണോ എന്ന് അന്നെനിക്ക് തിരിച്ചറിയാനായില്ല. അത്രക്ക് തീക്ഷ്ണമായിരുന്നത്.പിന്നീട് ഞാൻ തിരിച്ചറിഞ്ഞു.എന്തെന്നോ അവളുടെ കണ്ണുകളിൽ സ്നേഹമായിരുന്നു. ഒരിക്കലും വിവരിക്കാനാകാത്ത സ്നേഹം. സ്നേഹം അത്ഭുതമാണ് മനുഷ്യനേക്കാൾ വലിയ അത്ഭുതം. അന്ന് ഡിസംബറിന്റെ ആ മനോഹര ഞായറിൽ ഞാനും അവളും അടുത്തു. ഇഴ പിരിയാനാകാത്ത വണ്ണം ഞാനവളോട് അലിഞ്ഞുചേർന്നു.
കൊടൈക്കനാലിലേക്കുള്ള ടൂർ ആരംഭിച്ചത് ആ ഞായറാഴ്ചയായിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് അവളുടെ ക്ലാസുകാരും മലയാളം മീഡിയത്തിൽ നിന്ന് ഞങ്ങളുടെ ക്ലാസുകാരും.അധ്യാപികമാരായി പ്രമീള ടീച്ചറും ശൈലജ ടീച്ചറും.ഹെയർപിൻ വളവുകൾ കടന്ന് ഞങ്ങൾ ആ കൊച്ചുസ്വർഗ്ഗത്തിലേക്കെത്തി.
ചിലർക്കതൊരു നരകമാണെന്ന് എനിക്ക് തോന്നുന്നു.തണുപ്പിനാൽ കോച്ചിവിറക്കുന്ന വൃദ്ധജനങ്ങൾക്ക്,ബോർഡിങ്ങിൽ ഊരും പേരുമില്ലാതെ കഴിയുന്ന അനാഥബാല്യങ്ങൾക്ക്.മനസ്സിലതൊരു ചെറുനീറ്റലുണ്ടാക്കിയെങ്കിലും അവളുടെ സാമീപ്യം അതെല്ലാം മറക്കാൻ എന്നെ പ്രേരിപ്പിക്കുകയായിരുന്നു.അവളെത്ര സുന്ദരിയായിരുന്നു അന്ന്.ലിപ്സ്റ്റിക്ക് തേക്കാതെ,കണ്ണെഴുതാതെ,മുല്ലപ്പൂ ചൂടാതെ തന്നെ അവളൊരു പുതുനാരിയായിരുന്നു.
കൊടൈക്കനാലിലെ തടാകം അതിമനോഹരമായിരുന്നു.തലയ്ക്ക് മുകളിൽ മഞ്ഞ് പാറിക്കളിക്കുമ്പോൾ ഒരു നിമിഷം എനിക്കത്ഭുതമായി.മഞ്ഞ് കണ്ടിരുന്നെങ്കിലും ഇത്രയധികം മഞ്ഞ് ഞാൻ ആദ്യമായി കാണുകയായിരുന്നു.പുഷ്പ്പിച്ച പൂക്കളുടെ നാമം എനിക്കറിയില്ലായിരുന്നു.പക്ഷേ അവയെല്ലാം സുന്ദരമായിരുന്നു.ചിലവസ്തുക്കൾ അങ്ങനെയാണ്.ദൈവം തന്റെ സൗന്ദര്യത്തിൽ നിന്നൊരല്പം അവനിഷ്ടമുള്ളവയ്ക്കും നൽകും.അങ്ങനെ കിട്ടിയതാണ് പൂക്കൾക്ക് ഈ സൗന്ദര്യം.
തണുത്തുറഞ്ഞ ആ വായുവിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു.ബോട്ടിങ്ങായിരുന്നു ഞങ്ങളുടെ ലക്ഷ്യം.കൂടെയുള്ളവരെല്ലാം കയറിപ്പോഴപ്പോഴും ഞാൻ പുറകോട്ട് വലിഞ്ഞുനിന്നു.പെട്ടെന്ന് അവളൊരു ബോട്ടിലേക്ക് മുന്നിടുന്നത് ഞാൻ കണ്ടു.അന്നേരം അവൾക്ക് മുന്നേ ഞാനതിലേക്ക് നടന്നടുത്തു.അവളെന്നെയൊന്ന് നോക്കി.പിന്നെ ഒന്നും പറയാതെ എന്റെയരികിലേക്കിരുന്നു.സാന്നിധ്യം കൊണ്ട് സ്നേഹിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പുരുഷന്മാരാണ്.ഞാനുൾപ്പെടുന്ന പുരുഷ സമൂഹം.
അവളെന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു.അത് പുഞ്ചിരിയായിരുന്നില്ല മറിച്ചൊരു തേൻചിരിയായിരുന്നു.രുചിച്ചാൽ മധുരിച്ച് ചാകുന്ന അത്യപൂർവ്വചിരി.
‘എന്തേ ഇതിലന്നെ കേറിയെ’
അവളെന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
‘നീ ഇതില് കയറി അതോണ്ട് ഞാനും ഇതിലന്നെ കയറി’
അന്നേരം അവളൊന്ന് പുഞ്ചിരിച്ചു.ഞാൻ അവളിൽ ലയിച്ച് ചേരുകയായിരുന്നു.അവളുടെ ശരീരത്തിലോ മനസ്സിലോ ആയിരുന്നില്ല ഞാൻ ലയിച്ചിരുന്നത്.എനിക്ക് പറയാനറിയാത്ത,എനിക്ക് വിവരിക്കാനാകാത്ത എന്തോ ഒന്നിൽ.
‘നെനക്ക് എന്നെ ഇഷ്ടാണോ?’
ഞാനവളോട് ചോദിച്ചു.അന്നേരം അവളെന്നെ നോക്കി വീണ്ടും തേൻചിരി പൊഴിച്ചു.എന്നിൽ അന്നേരമുണ്ടായിരുന്നത് ലെെംഗികാസക്തിയായിരുന്നില്ല.അത് സ്നേഹമായിരുന്നു.ഒരായുഷ്കാലം കാലം മുഴുവൻ അവളെ എന്റെ നെഞ്ചോട് ചേർത്തികിടത്താനുള്ള സ്നേഹം.ഭോഗിക്കാനല്ല ചുംബിച്ച് ചുംബിച്ച് അവളുടെ കവിളിൽ ഒരടയാളമുണ്ടാക്കാനുള്ള മോഹം.
‘ഈ ബോട്ടീന്ന് എറങ്ങീട്ട് പറയാ’
അത് കഴിഞ്ഞ് അവൾ തന്റെ മുടിയിഴകളെ ഒന്ന് തലോടുന്നത് ഞാൻ കണ്ടു.എന്റെയും അവളുടേയും മുന്നിൽ ഇരുന്നിരുന്ന രണ്ട് പേരില്ലായിരുന്നുവെങ്കിൽ ആ മുടിയിഴകളത്രയും ഒരായിരം തവണ ഞാൻ തലോടിയേനെ.അത്രക്ക് ഇഷ്ടമായിരുന്നു എനിക്കവളെ.തണുത്ത വെള്ളത്തിൽ കൈയ്യിട്ട് അവൾ ഓളമുണ്ടാക്കി.തൊട്ടപ്പുറത്തുണ്ടായിരുന്ന ബോട്ടിലെ കുട്ടികൾക്കവൾ കൈ വീശി കാണിച്ചു.അന്നേരം ഞാൻ എനിക്കുണ്ടാകാൻ പോകുന്ന കുഞ്ഞിനെ സങ്കൽപ്പിക്കുകയായിരുന്നു.അവളെപ്പോലെ കുട്ടിത്തം നിറഞ്ഞ ഒരു കുഞ്ഞിനെ; എന്റെ കണ്ണുകളും അവളുടെ ചുണ്ടുകളുമുള്ള ഒരു സന്താനത്തെ.
ബോട്ടിലിരുന്നിരുന്ന മിക്ക സമയവും എന്റെ കണ്ണുകൾ അവളുടെ മുഖത്തായിരുന്നു.ഞങ്ങൾ ബോട്ടിറങ്ങി.സെെക്ലിങ്ങിന് പോകാൻ തയ്യാറായി.അന്നേരം ചെറിയൊരു പ്രശ്നം ബാക്കിയായി.കൂട്ടത്തിൽ ഞാനക്കടക്കം മൂന്നുപേർക്ക് സെെക്കിളോടിക്കാനറിയില്ല.എനിക്ക് തെല്ലൊരു നാണക്കേട് തോന്നി.ഒടുവിൽ അവളെന്നെ ഏറ്റെടുത്തു.രണ്ട് പേർക്കിരിക്കാവുന്ന ഒരു സൈക്കിളിൽ എന്നെ പുറകിലുമിരുത്തി അവൾ സൈക്കിളോടിക്കാൻ തുടങ്ങി.എന്തെന്നില്ലാത്ത ആനന്ദമായിരുന്നു മനസ്സ് മുഴുവനും.പെട്ടെന്നാണ് കൂട്ടത്തിൽ നിന്നും ഞങ്ങളുടെ സെെക്കിള്‍ വഴിമാറി സഞ്ചരിക്കാൻ തുടങ്ങിയത്.ഞാനതവളെ അറിയിച്ചു.ഒന്നും ഉരിയാടാതെ അവളാവഴിയേ സൈക്കിൾ തെളിച്ചു.ഞാൻ പുറകിലിരുന്നത് കാരണം എനിക്കൊന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല.
കുറച്ച് ദൂരം കൂടി താണ്ടിയപ്പോൾ സൈക്കിൾ നിന്നു.അവൾ മണ്ണിലേക്ക് കാലുകുത്തി.പിന്നെ പതിയെ തലതിരിച്ച് എന്നോടിറങ്ങാൻ ആവശ്യപ്പെട്ടു.സന്തോഷിക്കാണോ അതോ സങ്കടപ്പെടണോ എന്നറിയാതെ ഞാൻ ശങ്കിച്ച് നിന്നു.സൈക്കിൾ സ്റ്റാന്റിട്ട് അവളും ഇറങ്ങി.എന്റെ അഭിമുഖമായി അവൾ നിന്നു.പിന്നെ എന്റെ കണ്ണുകളിലേക്ക് തന്നെ അമർത്തി നോക്കാൻ തുടങ്ങി.
‘നിക്ക് നിന്നെ ഇഷ്ടാണ് ഒരുപാട്’
ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു.ശീതവായുവിൽ ഒരുഷ്ണമേനി എന്നോടണഞ്ഞ നിമിഷം ഞാനൊന്ന് മന്ദഹസിച്ചു.ഞാനവളുടെ തലയിലൂടെ കൈയ്യോടിച്ചു.അന്നേരം അവൾക്ക് ലഭിച്ചതിനേക്കാൾ ആനന്ദം എനിക്കാണ് ലഭിച്ചത്.ഞങ്ങൾ രണ്ടുപേരും അവിടെയിരുന്നു.മഞ്ഞ് വീണ് പുല്നാമ്പുകൾ നനഞ്ഞിരുന്നു.കുറച്ച് കുരുവികൾ ഞങ്ങളുടെ സ്നേഹസംഭാഷണത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നുണ്ടായിരുന്നു.ഒരുമണിക്കൂറാകുമ്പോഴേക്കും സൈക്കിളോടിക്കാൻ തുടങ്ങിയിടത്ത് തിരിച്ചെത്തണമെന്ന് ടീച്ചർമാർ ഓർമിപ്പിച്ചിരുന്നു.ഞങ്ങൾക്കപ്പോഴും മുക്കാൽ മണിക്കൂറിലേറെ സമയം ബാക്കിയുണ്ടായിരുന്നു.
ഞാനവളുടെ മടിയിലേക്ക് എന്റെ തല ചായ്ച്ചു.അവളെന്റെ മുടികൾക്കിടയിലൂടെ വിരലോടിക്കാൻ തുടങ്ങി.ജനിച്ച ശേഷം ഇത്രയും ആനന്ദനിർവൃതി നൽകിയ തലോടൽ ഞാനനുഭവിച്ചിട്ടില്ലായെന്ന് എനിക്കപ്പോൾ മനസ്സിലായി.അത് കഴിഞ്ഞ് അവളെന്റെ ചെവിയിൽ പതിയെ ഉരസാൻ തുടങ്ങി.അതിന് ശേഷം അവളെന്റെ കവിളിനു നേരേ അവളുടെ ചുണ്ടുകൾ കൊണ്ടുവന്നു.മലീമസമായ ഒരു തടാകത്തെ ശുദ്ധികലശം ചെയ്യാനെന്നപോലെ അവളെന്നെ ചുംബിച്ചു.ഒരായിരം വർഷം ഓർമയിൽ തങ്ങിനിൽക്കുന്ന ചുംബനം.എന്റെ ജീവിതത്തിലെ ആദ്യത്തെ സ്വകാര്യ ചുംബനം.പിന്നെയും അവളെന്നെ ചുംബിച്ചു; മൂക്കിൽ,മിഴികളിൽ,നെറ്റിത്തടത്തിൽ……
കൊടൈക്കനാലിൽ നിന്ന് തിരിച്ച് പോകാൻ നേരം എനിക്ക് വീണ്ടുമവളോടൊന്ന് മിണ്ടാൻ തോന്നി.സ്നേഹമെന്നെ പിടിച്ചുന്തുകയായിരുന്നു; അവളോടൊന്ന് മിണ്ടാൻ.അവളോട് മാത്രം.ഒരു വ്യൂ പോയിന്റിൽ വെച്ച് വീണ്ടും ഞാനവളോട് മിണ്ടി.
‘ഈ മഞ്ഞിനേക്കാൾ സുന്ദരിയാണ് നീ’
അന്നേരം ലജ്ജിച്ച് കൊണ്ടവൾ തലതാഴ്ത്തി ചിരിച്ചു.എന്നിട്ടവൾ ചോദിച്ചു.
‘ഞാൻ അത്രയ്ക്ക് സുന്ദരിയാണോ’
‘മ്ം മറ്റെന്തിനേക്കാളും മറ്റെല്ലാത്തിനേക്കാളും’
ആ നിമിഷം അവളെന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി.പ്രകടിപ്പിക്കാൻ കഴിയാതെ പോകുന്ന ഒരു ടൺ സ്നേഹം ആ കണ്ണുകളിലപ്പോഴും ബാക്കിയായിരുന്നു.
അവിടെ നിന്നും ഞാനൊരു പാക്കറ്റ് ചോക്ലേറ്റ് വാങ്ങി.രണ്ട് ദിവസം കഴിഞ്ഞ് സ്കൂളിൽ വെച്ച് അതിൽ നിന്നൊരു കഷ്ണം ഞാനവളുടെ വായിലേക്ക് വെച്ചുകൊടുത്തു.സ്കൂൾ വിട്ടാൽ ഞാൻ എന്റെ ക്ലാസിൽ തന്നെയിരിക്കും അവൾ അവളുടെ ക്ലാസിലും.എല്ലാവരും പോയിക്കഴിഞ്ഞാൽ അവൾ എന്റെയടുത്തേക്ക് വരും.എന്റെ അരികിലായി അവൾ വന്നിരിക്കും.ഞാനവളുടെ കൈ പിടിച്ച് പതിയെ തലോടും.അന്നേരം അവളെന്റെ മടിയിലേക്ക് ചായും.അങ്ങനെ പോയികൊണ്ടിരിക്കുന്നതിനിടക്ക് ഞാൻ പ്രതീക്ഷിക്കാത്ത ഒരു കാര്യം സംഭവിക്കുകയുണ്ടായി.
എന്റെ മുന്നിൽ വെച്ച് അവൾ ചോര ഛർദിച്ചു.ആദ്യം എനിക്കെന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.പിന്നെ ടീച്ചർമാരേയും കൂട്ടി അവളെ ഞാൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഡോക്ടർ ഡോപിംങ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചു.ആദ്യം അതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.യഥാർത്ഥത്തിൽ ആരുമെന്നോട് പറയാതിരിക്കുകയായിരുന്നു.രാത്രി വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഞാൻ ഒന്ന്കൂടി അവളുടെ അരികിലേക്ക് പോയി.
‘നിക്കെന്താ രോഗംന്ന് നെനക്കറിയോ?’
ജീവിച്ച് കൊതിതീർന്നിട്ടില്ലാത്ത എന്റെ മാലാഖ അത് മൊഴിയുമ്പോൾ എന്റെ കണ്ണുകൾ നനഞ്ഞിരുന്നു.ചില കാര്യങ്ങൾ നാവ് ഉയരാതെ തന്നെ നമുക്കറിയാം.കണ്ണുകളിൽ നിന്ന്,ചിരിയിൽ നിന്ന്.
‘ഇല്ല’
ഞാൻ തലയൊരല്പം ഇടത്തോട്ടും വലത്തോട്ടുമായി ആട്ടിക്കൊണ്ട് പറഞ്ഞു.
‘നിക്ക് ക്യാൻസറാ’
സ്വപ്‌നങ്ങൾ കൊണ്ട് ഞാൻ പണിതുവെച്ച സ്വർഗ്ഗം അവിടെ തകർന്നടിയുകയായിരുന്നു; ഒരു ചീട്ടുകൊട്ടാരം കണക്കെ.എനിക്കവളുടെ അരികിലിരുന്ന് ആ മുടിയിഴകളെ തലോടാൻ തോന്നി.പക്ഷേ അവളുടെ മാതാപിതാക്കളുടെ സാന്നിധ്യം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.ഞാൻ അവളോട് എന്തുപറയണമെന്നറിയാതെ ഒരു തെരുവുവിളക്കിനെ പോലെ നിന്നു.പകൽ പ്രകാശിക്കാതെ നിൽക്കുന്ന തെരുവുവിളക്കിനെ പോലെ.എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.അന്നേരം അവൾ ചിരിക്കുകയായിരുന്നു.ഒരു കുസൃതിപെണ്ണിനെപ്പോലെ എന്നെ കളിയാക്കുകയായിരുന്നു.നമ്മൾ കരഞ്ഞാൽ ആർക്കെങ്കിലും ചിരിക്കാൻ കഴിയുമെങ്കിൽ ഒന്ന് കരയുക.അന്നേരം നമ്മൾ ചെയ്യുന്നത് ദൈവത്തിന് മാത്രം ചെയ്യാൻ കഴിയുന്നതാണ്.ഒരു നിമിഷത്തേക്കെങ്കിലും ഒരാളുടെ ആയുസ്സ് വർധിപ്പിക്കുന്നത് ദൈവീകതയാണ്.ദൈവം മനുഷ്യനിൽ നിക്ഷേപിച്ച ഏറ്റവും വലിയ ദൈവീകത.
അന്നവിടെ നിന്നും ഞാനിറങ്ങിയത് രാത്രിയിലായിരുന്നു.ചീവീടുകളുടെ അലർച്ചയില്ലാത്ത,മഴ മണ്ണിനെ ഉമ്മ വയ്ക്കുന്ന ശബ്ദമില്ലാത്ത,ഇരുട്ടിന്റെ മറവിൽ ആരുടേയും മുരൾച്ചയില്ലാത്ത ഒരു രാത്രിയിൽ.മൂകമായ ആ നിശയെനിക്ക് സമ്മാനിച്ചത് ജീവിതത്തിലെ ഏറ്റവും ദുംഖകരമായ ദിനമായിരുന്നു.അമ്മയില്ല അച്ഛനില്ല ചേറ്റിയോ ചേട്ടനോ ഇല്ല.ഒരനിയനോ അനിയത്തിയോ ഇല്ല ആകെയുള്ളത് ഒരു മുത്തച്ഛൻ മാത്രം.കഥകൾ പറഞ്ഞുതരുന്ന,പാട്ടുകൾ പാടിത്തരുന്ന എന്റെ മുത്തച്ഛൻ.രണ്ടുതലമുറക്ക് ഒരു വിഷമവും അനുഭവിക്കാതെ കഴിയാനുള്ളത് എന്റെ മുത്തച്ഛൻ തന്നെ ഉണ്ടാക്കിയിരുന്നു.മുത്തച്ഛൻ എന്തായിരുന്നു എന്നെനിക്കറിയില്ല.പക്ഷേ ഇന്ന് എന്താണെന്ന് എനിക്ക് നന്നായി അറിയാം.എല്ലാ മനുഷ്യരുടെ ജീവിതത്തിലും ഒരു നായകനുണ്ട്.അത് അവൻ തന്നെയാണ്.അത് കൂടാതെ ഒരുപാട് പേർ പിന്നെയും ഉണ്ടാകും.നായികയായി,സഹനടനായി,വില്ലനായി അങ്ങനെ ഒരുപാട് പേർ.ഇവരൊന്നും എല്ലാവരുടെ ജീവിതത്തിലും ഉണ്ടായികൊള്ളണമെന്നില്ല.പക്ഷേ ഒരു സഹനടൻ എല്ലാവരുടെ ജീവിതത്തിലുമുണ്ടാകും.എന്റെ മുത്തച്ഛനാണ് എന്റെ സഹനടൻ.
അവളെക്കുറിച്ച് ഞാനെല്ലാം മുത്തച്ഛനോട് പറഞ്ഞിരിക്കുന്നു.പക്ഷേ ഇന്ന് സംഭവിച്ചത് പറയാൻ എനിക്ക് മനസ്സുവന്നില്ല.മനസ്സ് കൊണ്ട് ഞാൻ ഒരായിരം തവണ ഇഹലോകവാസം വെടിഞ്ഞ് കഴിഞ്ഞിരിക്കുന്നു.ഈ വയസ്സുകാലത്ത് മുത്തച്ഛനെ കൂടി വിഷമിപ്പിക്കേണ്ടല്ലോയെന്ന് വിചാരിച്ച് ഞാനൊന്നും പറഞ്ഞില്ല.
പിന്നെ കുറച്ച് ദിവസം അവൾ സ്കൂളിലേക്ക് വന്നില്ല.ഒരു ദിവസം അവൾ വന്നു.അന്ന് കളർ ഡ്രെസ്സയിരുന്നു5അവൾ ധരിച്ചിരുന്നത്.ചാച്ചന്‍ അവളെ സ്കൂളിലാക്കി എങ്ങോട്ടോ പോയി.അന്ന് അവൾ വല്ലാത്ത സന്തോഷത്തിലായിരുന്നു.ആരോരും കാണാതെ അവളോടൊന്ന് സംസാരിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു.എന്തിനാണ് ആരും കാണാതെ സംസാരിക്കുന്നത്,എന്തിനാണ് ആരും കാണാതെ അവളെ തലോടുന്നത്.എല്ലാവരും കാൺകെ തന്നെ അവളോട് സംസാരിക്കണം,എല്ലാവരും കാൺകെ തന്നെ അവളെ തലോടണം.അവൾക്കൊരു പ്രാണനുണ്ടെന്നും അത് ഞാനാണെന്നും ഈ ലോകം മൊത്തം അറിയട്ടെ.
‘എന്നെ നീ മിസ്സ് ചെയ്തിര്ന്നോ’
അവളെന്നോട് അത് ചോദിക്കുമ്പോൾ വീണ്ടും ഞാൻ ആ ചിരി കണ്ടു.കൊടൈക്കനാലിൽ വെച്ച് ഞാൻ കണ്ട തേൻ ചിരി.എന്നെ മയക്കിയ ദേവതയുടെ ചിരി.
‘ഉം നിന്റെ വീട്ടില്ക്ക് വരണംന്ന്ണ്ടായിരുന്നു പിന്നെ സീനാകും വിചാരിച്ചപ്പോ എനിക്കയിന് തോന്നീല്ല’
താഴ്ന്നുപോയ എന്റെ തലയുയർത്താനെന്നോണം അവളെന്റെ താടിയെല്ലിൽ പിടിച്ചൊന്ന് പൊക്കി.
‘ഇന്ന് നീയെന്റെ കൂടെ വരോ’
‘എങ്ക്ട്’
‘ന്റെ വീട്ടില്ക്ക് ചാച്ചനും അമ്മച്ചീം ഒന്നും പറീല്ല നീ വരണം’
വൈകുന്നേരം സ്കൂൾ വിടാൻ നേരത്ത് അവളുടെ ചാച്ചൻ ജീപ്പ് കൊണ്ട് വന്നു.ഞാൻ അവളുടെ ഒപ്പം നടന്നു.ഒരുത്തമ വരനെ കിട്ടിയത് പോലെ അവളെന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.പഠിപ്പിച്ച അധ്യാപകരുടെ മുന്നിലൂടെ,സ്നേഹഭാജനങ്ങളായ കൂട്ടുകാരുടെ മുന്നിലൂടെ ഞാൻ അവളോടൊപ്പം നടന്നു; ജീവനാം പ്രിയയായ എന്റെ സഹാത്മാവിനോടൊപ്പം.ഒരമ്മയുടെ സ്നേഹം ലഭിച്ചിട്ടില്ലാത്ത മകനെന്ന നിലയിൽ ഞാൻ അതും അവളിൽ നിന്നാണ് അനുഭവിച്ചറിഞ്ഞത്.ബുദ്ധിവെച്ച കാലം മുതലുള്ളതേ മനുഷ്യന് ഓര്‍മയുണ്ടാവുകയുള്ളൂ.ഒരു പക്ഷേ ജനനീസ്‌നേഹം ഞാൻ അനുഭവിച്ചിട്ടുണ്ടാകാം.എന്നാൽ എനിക്കത് ഓർമയില്ല.
ഞാൻ അവളുടെ വീട്ടിലെത്തി.സന്തോഷമില്ലാത്ത ഒരാഘോഷത്തിന്റെ പ്രതീതിയായിരുന്നു അവിടെയാകമാനം.അന്ന് സൂര്യനസ്തമിച്ച് കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ മൂക്കിലൂടെ രക്തം പുറത്തേക്കൊഴുകി.അന്നേരം അവളെന്റെ മടിയിലേക്ക് തല ചായ്ച്ചു.ഞാനും ആ സത്യം മനസ്സിലാക്കി കഴിഞ്ഞിരുന്നു.ഇന്നവളുടെ അവസാനത്തെ ദിവസമാണെന്ന സത്യം.ഇത്രയും കാലം ഞാൻ ജീവിച്ചത് ഒരുപാട് ദുഃഖത്തോടെയായിരുന്നു.ആ ജീവിതത്തിലേക്കാണ് അവൾ കടന്നുവന്നത്.എന്റെ ദുഃഖങ്ങളെയെല്ലാം അവൾ സന്തോഷമാക്കി മാറ്റി.നിർവികാരനായിരുന്ന എന്നെ അവളിപ്പോൾ വികാരഭരിതനാക്കുന്നു.ഞാനവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു.അവളെന്റെ മുഖത്തേക്ക് നോക്കി കണ്ണീർ വാർക്കുന്നുണ്ടായിരുന്നു.ഞാനെന്റെ വായ അവളുടെ ചെവിയോട് ചേർത്തൊരു കാര്യം പറഞ്ഞു.
‘വസന്തങ്ങളിനിയും വരും പക്ഷേ അവയൊന്നും നിന്നോളമാകില്ല’
അന്നേരം പുഞ്ചിരിച്ചുകൊണ്ടവൾ പറഞ്ഞു.
‘ഈ ശിശിരത്തിൽ പൊഴിയുന്നത് ഞാനല്ല,നമ്മളാണ് ഒരു പക്ഷേ വസന്തങ്ങൾക്ക് നിന്റെ ശരീരത്തെ ആസ്വദിക്കാൻ കഴിയുമായിരിക്കും എന്നാൽ അവയ്ക്ക് നിന്റെ മനസ്സും ആത്മാവും ലഭിക്കില്ല കാരണം ഞാനത് സ്വന്തമാക്കിയത് എന്നെന്നേക്കുമായാണ്’
ആ നിമിഷം എന്റെ ചങ്കിടറി.കൈകൾ തളർന്നു.ഞാനവളുടെ വായ പൊത്താൻ ശ്രമിച്ചു.
‘ഇല്ല ഇനിയെനിക്കൊരു വസന്തമില്ല’
‘ഞാൻ കാത്തിരിക്കും’
ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി.പ്രണയം അതിന്റെ ഉച്ചിസ്ഥായിയിലെത്തുന്നത് മരണം കൊണ്ടാണെന്ന് അന്നേരം ഞാൻ തിരിച്ചറിഞ്ഞു.അവളുടെ ചക്രാശ്വാസം എന്റെ ഹൃദയത്തിൽ നിന്നാണ് വലിക്കപ്പെട്ടത്.ഞാനവളുടെ മുഖത്തേക്ക് തലചായ്ച്ച് വെച്ചു.ദൈവം ഭോഗിക്കാൻ ആഗ്രഹിച്ചാൽ ഒരായിരം ദിനം തരും എന്നാൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചാൽ ഒരുനിമിഷം പോലും അധികം തരില്ല.അന്ന് ഞാനവൾക്ക് കാവൽ നിന്നു.കഴിഞ്ഞുപോയ ഓരോ നിമിഷവും ഞാൻ ആലോചിക്കുകയായിരുന്നു.എനിക്ക് സങ്കടം തോന്നാതിരുന്നില്ല.അവളെ ചുംബിക്കാനാകാത്തതിലോ അവളുടെ മുടിയിഴകൾ തലോടാനാകാത്തതിലോ ആയിരുന്നില്ല എനിക്ക് സങ്കടം.ആ സാന്നിധ്യം ഇല്ലാതാകുന്നതിലായിരുന്നു എന്റെ സങ്കടമത്രയും.ഒരു ചെടിക്ക് സൂര്യപ്രകാശം എങ്ങനെയാണോ അതുപോലെയാണ് സ്നേഹം ഒരു മനുഷ്യന്.എനിക്കിത്രയും കാലം കിട്ടിക്കൊണ്ടിരുന്നത് ആ പ്രകാശമായിരുന്നു; പ്രണയപ്രകാശം.
എങ്ങനെയോ അവളുടെ മരണവർത്തയറിഞ്ഞ് എന്റെ മുത്തച്ഛൻ അവിടെ വന്നെത്തി.അവളെ മറമാടിയതിന് ശേഷം വന്നാൽ മതിയെന്ന് അദ്ദേഹമെന്നോട് പറഞ്ഞു.പിറ്റേന്ന് ഞാൻ മറ്റൊന്ന് കൂടി അറിഞ്ഞു.എന്താണെന്നോ ലോകത്തിലെ ഏറ്റവും സ്ഫേദമായ ചുംബനം ഏതാണെന്ന്.മണ്ണോട് ചേരും മുമ്പ്,ഭൂമിയോടലിയും മുമ്പ് നാം സ്നേഹിച്ച,നാം ആശിച്ച ഒരു ദേഹത്തിന് നൽകുന്ന അന്ത്യചുംബനം.അതിൽ കളങ്കമുണ്ടാകില്ല.അത് ഞാൻ തിരിച്ചറിഞ്ഞത് അവളുടെ ചാച്ചൻ അവൾക്ക് അന്ത്യചുംബനം നൽകിയപ്പോഴാണ്.അത് കഴിഞ്ഞ് അതേ മനുഷ്യൻ എന്റെ ചുമരിലൊന്ന് തട്ടി മുന്നോട്ട് പോകാൻ ആവശ്യപ്പെട്ടു.ഞാൻ രണ്ടടി മുന്നോട്ട് നടന്നു.ഒരു മരപ്പെട്ടിയിൽ കറകളഞ്ഞ വെള്ളക്കുപ്പായത്തിൽ അവൾ കിടക്കുന്നുണ്ടായിരുന്നു; ഒന്നും മിണ്ടാതെ,ഒന്നും ചെയ്യാതെ.
ഞാൻ അവളുടെ നെറ്റിത്തടത്തിലേക്ക് എന്റെ ചുണ്ടുകൾ താഴ്ത്തി.അന്നേരം ഞാൻ മറ്റൊന്ന് കൂടി തിരിച്ചറിഞ്ഞു.ഒരുപക്ഷേ ആദ്യചുംബനം നൽകുന്ന നേരത്ത് വികാരം നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞേക്കാം എന്നാൽ അന്ത്യചുംബനം നൽകുന്ന നേരത്ത് വികാരത്തെ നിയന്ത്രിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അവരിൽ ഒരമാനുഷികതയുണ്ട്.അധികമാരിലും ഇല്ലാത്ത അമാനുഷികത.
ചുംബിച്ച നെറ്റിത്തടം മണ്ണോടണഞ്ഞു,വാരിപ്പുണർന്ന മേനി ധരണിയിൽ കുതിർന്നു,ചിരിതൂകിയ ചുണ്ടുകൾ എന്നിൽ നിന്നകന്നു,തലോടിയ മുടിയിഴകൾ സൂക്ഷ്മജീവികൾ തിന്നുതീർത്തു.അപ്പോഴും എന്നെ വിട്ടുപോകാത്തൊരു സാധനമുണ്ടായിരുന്നു; അവളുടെ മനസ്സ്.പ്രണയം ഒരു പണയം വയ്ക്കലാണ്.ഒരു മനസ്സ് ഇങ്ങോട്ട് നല്‍കുമ്പോള്‍ ഒരു മനസ്സ് അങ്ങോട്ടും തരാമെന്ന വ്യവസ്ഥയില്‍ നടക്കുന്ന പണയം.ഒരു പക്ഷേ ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ പണയം വയ്ക്കൽ……
പിന്നീടുള്ള ഓരോ നിമിഷവും ഞാൻ മരിക്കാതെ മരിക്കുകയായിരുന്നു.സ്കൂളിലെ പരീക്ഷ കഴിഞ്ഞപ്പോൾ അതെനിക്ക് കൂടുതൽ വ്യക്തമായി പഠനത്തിൽ ഒന്നാമനായിരുന്ന ഞാൻ പുറകിലോട്ട് വീണിരിക്കുന്നു.എനിക്ക് സങ്കടം സഹിക്കവയ്യാതെയായപ്പോൾ ഞാൻ മുത്തച്ഛനോട് പറഞ്ഞു.
‘മുത്തച്ഛാ നിക്ക് വയ്യാ ഞാനെന്താ ചെയ്യാ?’
മുത്തച്ഛൻ തന്റെ ചാരുകസേരയിലേക്ക് തലചാരിവെച്ചു.എന്നിട്ടെന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.
‘നെനക്ക് ഞാനൊരു കഥ പറഞ്ഞ് തരാ ഈ കഥ ഞാൻ പറഞ്ഞ കഥേളെ പോലെ ഒന്നും അല്ല’
‘പിന്നെ’
‘ഈ കഥ ന്റെ കഥേണ്’
ഞാൻ ഒരു നിമിഷം കണ്ണുകൾ ചിമ്മി.എന്തായിരിക്കും ആ കഥ.
‘ഞാനും നെന്നെ പോലെ പ്രണയിച്ച്ട്ടണ്ട് പ്രണയിച്ച പെണ്ണിനെ തന്നെ കെട്ടീന്ന്ള്ളതാണ് ഞാനും നിയ്യും തമ്മില്ള്ള ഏറ്റം വല്ല്യ വിത്യാസം പക്ഷേ………..’
ഒരു നിമിഷം മുത്തച്ഛന്റെ കണ്ഠമിടറി.
‘കല്യാണം കഴിച്ച് ജീവിക്കാൻ തൊടങ്ങി എല്ലാം ഇപ്പഴും ഓര്‍മ്മയില്ണ്ട് നെന്റെ അച്ഛനെ പ്രസവിച്ചിട്ട് അവള് പോയി കല്യാണം കഴിഞ്ഞിട്ട് ഒന്നരകൊല്ലേ ആയിര്ന്ന്ള്ളൂ അവള് പോയിട്ട്പ്പോ നാല്‍പ്പത്തഞ്ച് കൊല്ലം കഴിഞ്ഞു ഇന്ക്കും സങ്കടൊക്കെ ണ്ടായിര്ന്നു പക്ഷേ ഞാൻ ജീവിച്ചു അവള്ടെ ആത്മാവ് ഇന്റൊപ്പം ണ്ട്ന്ന് ഞാൻ വിശ്വസിച്ചു അതോണ്ട് മാത്രം ഞാൻ ഇത്രേം കാലം ജീവിച്ചു നമ്മടെ കൂടെ ഓടാൻ തൊടങ്ങിയ ഒരുപാട് പേരുണ്ടാകും ചിലര് നമ്മടെ മുന്നിൽ വെച്ച് വീഴും നമ്മക്കും ഓട്ടം നിർത്തിയാലോ ന്നൊക്കെ തോന്നും പക്ഷേ നിർത്തരുത് ആ നിമിഷം മുതൽ നമക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആ വീണുപോയ മനുഷ്യനും കൂടിണ്ടാവും’
ഞാനൊരു നിമിഷം തറയിലേക്ക് നോക്കി.മുത്തച്ഛൻ ചാരുകസേരയിൽ നിന്നും വലിഞ്ഞിരുന്നു.
‘നെന്റെച്ഛൻ കല്യാണം കഴിച്ചതും പ്രണയിച്ചിട്ടായിരുന്നു ഒരു അനാഥക്കുട്ടീനെ ഞാനൊന്നും പറഞ്ഞില്ല കാരണം സ്നേഹത്തിന്റെ വെല എന്താന്ന് ഇൻക്ക് നന്നായിട്ടറിയാ നീ പഠിക്ക് നന്നായി പഠിക്ക് അപ്പഴേ ഓൾക്ക് സന്തോഷാകൊള്ളൂ. ഓൾക്ക് സന്തോഷാകന്നല്ലേ നെനക്കും വേണ്ട്’
ഞാനൊന്നും പറയാതെ മുത്തച്ഛന്റെ കാലുകളിലേക്ക് ചാഞ്ഞു.മുത്തച്ഛനെന്നെ തലോടാൻ തുടങ്ങി……….