മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

  • MR Points: 100
  • Status: Ready to Claim

“അടുത്ത തിങ്കളാഴ്ച ഒരു ബോഡി നാട്ടിലേക്ക് കൊണ്ടുപോകാനായി ഫ്ലൈറ്റ് ചാർട്ട് ചെയ്യണം. ഡീറ്റെയിൽസ് ഞാൻ പിന്നീട് അറിയിക്കാം.”

അസഹ്യമായ വേദനയാൽ തിരിഞ്ഞു കിടക്കാനുള്ള ശ്രമത്തിനിടയിൽ രാമേട്ടൻ ഫോണിൽ സംസാരിക്കുന്ന മിർദാദിനെ നോക്കി ചിരിച്ചു. 

“താനെന്‍റെ കാര്യമാണോ ബുക്ക് ചെയ്യുന്നത്..?”

മിർദാദ് അതിനുത്തരം പറയാതെ രാമേട്ടന്‍റെ മുടിയിൽ തലോടി. എണ്ണമയമില്ലാത്ത ആ മുടിയിഴകൾ മരുഭൂമിയിലെ ഭൂതകാല ജീവിതത്തിന്‍റെ ഊഷരത പേറുന്നതായി  അയാൾക്ക്  തോന്നി. മിർദാദിൽ നിന്നും മറുപടിയൊന്നും കിട്ടാത്തതിൽ രാമേട്ടൻ തുടർന്നു.

“ഈ ആശുപത്രിയും പരിസരങ്ങളും ഞാൻ എത്ര തവണ കടന്നു പോയിട്ടുള്ളതാണ്. അന്നൊന്നും കാണാത്ത കാഴ്ചകൾ ഈ കിടപ്പിൽ എന്‍റെ കണ്ണിലും മനസ്സിലുമെത്തുന്നു. മുറ്റത്തു വന്നിറങ്ങുന്ന ഓരോ രോഗിയുടെയും അവസ്ഥ ഇപ്പോൾ എനിക്ക് വ്യക്തമായറിയാം..”

ഡോക്ടർ മുറിയിലേക്കു കടന്നു വന്നതും രാമേട്ടന്‍റെ വാക്കുകൾ മുറിഞ്ഞു. 

“എങ്ങനെയുണ്ട്..?”

“ഡോക്ടർ.. സമയം തീരാറാവുന്നു. എന്‍റെ പ്രിയ സുഹൃത്ത് ഇപ്പോൾ തന്നെ ഭൌതികശരീരം നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു തുടങ്ങി..” 

ഡോക്ടർ എന്തു പറയേണ്ടൂ എന്നറിയാതെ ഒരു നിമിഷം പകച്ചു. പിന്നെ മിർദാദിനടുത്തു ചെന്നു തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. 

“ജോർജ് ഓർവെല്ലിന്‍റെ കഥയിൽ രോഗം ബാധിച്ച് മരിക്കാൻ കിടക്കുന്ന ഒരു കഥാപാത്രമുണ്ട്. ജനലിനു പുറത്തെ വള്ളിയിൽ നിന്നും ഓരോ ഇല പൊഴിയുമ്പോഴും തന്‍റെ ഓരോ ദിവസം നഷ്ടപ്പെട്ടതായി വിശ്വസിച്ചവൾ. പ്രതീക്ഷയുടെ അവസാനത്തെ ഇല ആരുമറിയാതെ അവിടെ വരഞ്ഞു വെച്ച ഒരു ചിത്രകാരനാണ് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. നിങ്ങളുടെ മോട്ടിവേഷനാണ് ഇപ്പോൾ രാമേട്ടനാവശ്യം.. നമുക്ക് നല്ലത് പ്രതീക്ഷിക്കാമെന്നേ...”

ഡോക്ടർ പോയതും മുറിയിൽ നിശ്ശബ്ദത വളരാൻ തുടങ്ങി. ആ നിശ്ശബ്ദത ആകാശത്തോളം ഉയർന്ന് തന്‍റെ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നതായി മിർദാദിനു തോന്നി. പൊള്ളുന്ന അറേബ്യൻ മണലാരണ്യത്തിലേക്ക് അതിനേക്കാൾ ചൂടുള്ള ജീവിതവുമായി വന്നിറങ്ങിയ മിർദാദ് എന്ന ചെറുപ്പക്കാരന് രാമേട്ടൻ പങ്കുവെച്ച പട്ടിണിയുടെ മറുപാതിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. പാഠശാലക്കവലയിലെ തന്‍റെ കുടുംബം ഏൽപിച്ചു കൊടുത്ത സ്വപ്നങ്ങളിലേക്ക് അയാൾ മിർദാദിനെയും കൂടെക്കൂട്ടി. പൊരിവെയിലിൽ കല്ലും മണ്ണും ചുമന്നും, ഉണ്ണാതെയും ഉറങ്ങാതെയുമുണ്ടാക്കിയ പണം കൊണ്ട് രാമേട്ടൻ മക്കളെ പഠിപ്പിച്ചു. വീടു കെട്ടി. കടങ്ങൾ വീട്ടി. എന്നിട്ടിപ്പോൾ എന്തു ഫലം. മൂത്ത മകൾ രജനി കല്യാണാലോചനകൾ നടക്കവെ ഏതോ ഒരു വിഭാര്യന്‍റെ കൂടെ ഒളിച്ചോടിപ്പോയി. അനന്തരാമനെ പഠിപ്പിച്ചു ഡോക്ടറാക്കിയെങ്കിലും അവസാന കാലത്ത് അച്ഛനെ തിരിഞ്ഞു നോക്കാതായി. രാമേട്ടൻ ഇപ്പോഴും അദ്ധ്വാനിക്കുന്നു. എങ്ങുമെത്താതെ നട്ടം തിരിയുന്നു. എന്നാൽ രാമേട്ടനാൽ രക്ഷപ്പെട്ടവർ നിരവധിയാണ്. മിർദാദ് അടക്കം. 

“ഇതൊക്കെയാണു രാമേട്ടാ ലോകത്തിന്‍റെ ഇപ്പഴത്തെ അവസ്ഥ. ഒന്നു നടുനിവർത്താൻ തോന്നുമ്പോഴേക്കും നമ്മെ ആർക്കും വേണ്ടാതാവും.”

മിർദാദ് രാമേട്ടന്‍റെ തോളിൽ കയ്യിട്ടു പറയും. പത്തു വയസ്സിന്‍റെ വ്യത്യാസമുണ്ട് അവർ തമ്മിൽ. തന്‍റെ ആരുമല്ലാത്ത മിർദാദ് എല്ലാമായി തീർന്നതിനു പിന്നിൽ വലിയ കഥയൊന്നുമില്ല. ഒന്നിനും വേണ്ടിയല്ലാതെ മിർദാദ് രാമേട്ടന്‍റെ പിന്നിൽ ഒരു നിഴൽ പോലെ നടന്നു. സങ്കടങ്ങൾ പരസ്പരം പങ്കു വെച്ചു. 

ഭാര്യ മരണപ്പെട്ടപ്പോഴാണ് രാമേട്ടൻ അവസാനമായി നാട്ടിൽ പോയത്. പെട്ടെന്നു തന്നെ തിരിച്ചു പോരുകയും ചെയ്തു. തനിക്കാരുമില്ലാഞ്ഞിട്ടും തന്നെയാർക്കും വേണ്ടാഞ്ഞിട്ടും രാമേട്ടൻ അദ്ധ്വാനം തുടർന്നു കൊണ്ടേയിരുന്നു. അവയൊന്നും വലിയ സമ്പാദ്യങ്ങളായി പരിണമിച്ചില്ലെന്നു മാത്രം. ഒടുവിൽ ആശുപത്രിക്കിടക്കയിൽ മരണം കാത്തു കിടക്കുന്ന വേളയിലും തന്നെ വേണ്ടാത്ത മക്കളെ കാണണമെന്നു മാത്രം ആഗ്രഹിക്കുന്നു പാവം രാമേട്ടൻ. എത്ര പറഞ്ഞിട്ടും ഫലമില്ലെന്നു കണ്ടപ്പോഴാണ് മിർദാദ് സേതുവിനെ നാട്ടിലേക്കയച്ചത്.

രവി കൂമൻകാവിൽ ബസ്സിറങ്ങിയതു പോലെ തന്നെയാണ് സേതു പാഠശാലക്കവലയിൽ ചെന്നിറങ്ങിയത്. തന്‍റെതല്ലാത്ത സ്വത്വത്തിൽ ഒരു റിമോട്ട് കൺട്രോൾ സംവിധാനത്തിലാണെന്നു മാത്രം. സ്ഥലവും കാലവുമെല്ലാം വ്യത്യസ്തമായിരുന്നെങ്കിലും സേതുമാധവനെന്ന സേതുവിന് ആ യാത്ര തുടക്കം മുതൽ രസകരമായി തോന്നി. ഒരുപക്ഷെ ലക്ഷ്യവും മാർഗ്ഗവുമൊന്നും തനിക്കു വേണ്ടിയുള്ളതോ, തന്നെ ബാധിക്കുന്നതോ അല്ലാത്തതു കൊണ്ടാവാം. വഴിയരികിലെ സിനിമാ പോസ്റ്റർ വരെ കണ്ടും ആസ്വദിച്ചും അയാളുടെ നടത്തം വളരെ പതുക്കെയായിരുന്നു. 

അടയാളങ്ങളെല്ലാം കൃത്യമാണ്. പക്ഷെ മനസ്സിലുണ്ടായിരുന്ന ചിത്രം യാഥാർത്ഥ്യവുമായി ഒട്ടും യോജിക്കുന്നില്ലെന്നു മാത്രം. നാട്ടുമ്പുറത്തെ ചായക്കടയും പച്ചയായ മനുഷ്യരും കഥകളിലെന്ന പോലുള്ള ഗ്രാമീണതയുമൊന്നും പാഠശാലക്കവലയിൽ കണ്ടില്ല. ഫോട്ടോയിലുണ്ടായിരുന്ന ചെറു കെട്ടിടങ്ങളുടെ സ്ഥാനത്ത് സാമാന്യം വലുപ്പമുള്ളവ സ്ഥാനം പിടിച്ചിരിക്കുന്നു. എങ്ങനെ മാറാതിരിക്കും. ഒന്നും രണ്ടുമല്ല, ഇരുപത്തെട്ടു വർഷങ്ങളാണ് കടന്നു പോയത്. അതിനിടയിൽ ഗ്രാമവും നഗരവുമല്ലാത്ത ഒരു സബർബൻ ഏരിയയായി പാഠശാലക്കവല പരിണമിച്ചതായിരിക്കാമെന്ന് സേതു സ്വയം തീരുമാനിച്ചു.  

പരമാവധി ആരോടും ചോദിക്കാതെ തനിക്കെത്തേണ്ടിടം കണ്ടുപിടിക്കുക എന്നുള്ളതായിരുന്നു അയാളെ ഏൽപിച്ച ദൌത്യം. പുറത്തെ ബാഗിന്‍റെ ഭാരം തന്‍റെ നടത്തത്തെ തെല്ലൊന്നു പിറകോട്ടു വലിക്കുന്നുണ്ടെങ്കിലും സേതു അത് കാര്യമാക്കിയില്ല. ബസ്സിറങ്ങിയാൽ നേരെ ദിശയിലേക്കു തന്നെ നടക്കണം. ഇടതുഭാഗത്തായി ഒരു ഓഡിറ്റോറിയം കാണാം. അൽപം കൂടി മുമ്പോട്ടു നടന്നാൽ ഒരു പെട്രോൾ പമ്പ്. തൊട്ടടുത്തൊരു സൂപർ മാർക്കറ്റ്. പാഠശാലക്കവലയുടെ പുതിയ മുഖം മിർദാദ് നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്.

‘ഇനിയങ്ങോട്ട് കെട്ടിടങ്ങളില്ല, വശങ്ങളിൽ പൊന്തക്കാടുകൾ വളർന്നു നിൽക്കുന്ന വിശാലമായ വഴി മാത്രം.’ 

‘സേതു, താങ്കൾ ശരിയായ ദിശയിൽ തന്നെയാണ്. മുമ്പോട്ട് നടക്കുക. അഞ്ഞൂറ് മീറ്റർ കൂടി പിന്നിട്ടാൽ ഇടത്തോട്ട് താഴേക്കായി കോൺക്രീറ്റ്  റോഡു കാണാം. റോഡല്ല, നടപ്പാത. കുറച്ചു ദൂരം ചെല്ലുമ്പോൾ വഴി രണ്ടായി പിരിയും. ഇടതു ഭാഗത്തുളളതിൽ മൂന്നാമത്തെ വീട്.’

സേതു ഗേറ്റിനു മുന്നിൽ നിന്ന് ചുറ്റുപാടും വീക്ഷിച്ചു. തനിക്ക് തെറ്റിയിട്ടില്ലെന്ന് ഉറപ്പ് വരുത്തി. 

ഡോക്ടർ അനന്തരാമനെന്നെഴുതിയ ബോർഡ് സേതു പലതവണ വായിച്ചു. രാമകൃഷ്ണൻ എന്ന രാമേട്ടൻ മകനിട്ട പേര് അനന്തൻ എന്നാണ്. അതിൽ തന്‍റെ ഭാഗം കൂടി കൂട്ടിച്ചേർത്താണ് അനന്തരാമനാക്കിയത്. ഭാഗ്യം, വളർന്നപ്പോൾ മകന് അത് മാറ്റാൻ മാത്രം തോന്നിയില്ലല്ലോ. 

അയാൾ ഉച്ച വെയിലിൽ നിന്ന് ഉമ്മറത്തെ തണലിലേക്ക് കയറി. മുൻവശത്തെ വാതിൽ അടഞ്ഞു കിടക്കുന്നു. തെക്കു ഭാഗത്തായി രോഗികൾക്ക് ഇരിക്കാനുള്ള സൌകര്യമൊരുക്കിയിട്ടുണ്ട്. പത്തിരുപതുപേർ അവിടെ നിശ്ശബ്ദരായിരിക്കുന്നുണ്ട്. മിക്കവാറും പേരുടെ മുഖത്ത് പ്രതീക്ഷയോ നിരാശയോ അല്ല, ഒരുതരം നിസ്സംഗ ഭാവമാണുള്ളതെന്ന് അയാൾക്ക് തോന്നി. 

ഔചിത്യം നോക്കാതെ സേതു മുറിയിലേക്കു പ്രവേശിച്ചു. ഡോക്ടർ അനന്തരാമൻ കറങ്ങുന്ന കസേരയിൽ മുന്നോട്ടാഞ്ഞിരുന്ന് എന്തേ എന്ന ഭാവത്തിൽ നോക്കി. തന്‍റെ കണക്കു കൂട്ടലുകൾ അവിടെയും തെറ്റിയല്ലോ എന്ന് സേതുവിന് തോന്നി. തടിച്ചു കൊഴുത്ത ഒരു പണക്കൊതിയനു പകരം സൌമ്യനും സുമുഖനുമായ ഒരു ചെറുപ്പക്കാരന്റെ രൂപമായിരുന്നു അനന്തരാമന്.

“ഞാൻ.. സേതുമാധവൻ. ഡോക്ടറുടെ അച്ഛന്‍റെ അടുത്തുനിന്നും വരികയാണ്.”

അതു കേട്ടതും അനന്തരാമന്‍റെ മുഖം അൽപമൊന്നു വല്ലാതായി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം അയാൾ പറഞ്ഞു.

“നമുക്ക് ഉച്ച കഴിഞ്ഞ് സംസാരിച്ചാലോ. അതുവരെ ഇവിടെ വിശ്രമിക്കാനുള്ള ഏർപ്പാടു ഞാൻ ചെയ്യാം..”

സേതു ഒന്നും പറയാതെ എഴുന്നേറ്റു. 

“വൈകുന്നേരമായപ്പോൾ അയാൾ എന്തു പറഞ്ഞു?”

മിർദാദ് അക്ഷമനായിരുന്നു. സേതുവാകട്ടെ രാമേട്ടനെ മുമ്പിൽ വെച്ചു തന്നെ എല്ലാം സംസാരിക്കുന്നതിൽ വല്ലാത്ത അസ്വസ്ഥത പ്രകടിപ്പിച്ചു.

“എന്തു പറയാൻ.. മരിച്ചു കഴിഞ്ഞാൽ ബോഡി പോലും നാട്ടിലേക്കയക്കരുത് എന്നാണയാളുടെ ആവശ്യം. വൃദ്ധസദനം, ഹോം നേഴ്സിംഗ് ഒക്കെ    നാട്ടിൽ പഴഞ്ചനായിക്കഴിഞ്ഞെടോ.. തമിഴ്നാട്ടിലെങ്ങാനുള്ള തലക്കുത്ത് എന്ന ആചാരം യൂതനേഷ്യ പോലെ നടപ്പിലാക്കലാണ് ഇപ്പഴത്തെ പുതിയ പരിപാടി. എന്തിനാ രാമേട്ടന് ഇപ്പോഴുള്ള മനസ്സമാധാനം കളയുന്നത്. നമ്മളൊക്കെയില്ലേ, നമുക്കിവിടയങ്ങ് കഴിഞ്ഞാൽ പോരേ..?”

മിർദാദ് സേതുവിന്‍റെ കൈ പിടിച്ചു വലിച്ച് കോറിഡോറിലേക്ക് നടന്നു. ചുവരിനോട് ചേർത്തു നിർത്തിയിട്ട് പതുക്കെ ചോദിച്ചു.

“നീയിതൊക്കെ കേട്ടിട്ട് ഒന്നും മിണ്ടാതിങ്ങ് പോന്നോ..”

“ഹേയ്.. അവസാനം നിങ്ങൾ പറഞ്ഞ നമ്പരിടേണ്ടി വന്നു. ഇവിടെയുള്ള രാമേട്ടന്‍റെ സ്വത്ത് അന്യാധീനപ്പെട്ടു പോവുമെന്ന് കേട്ടപ്പോൾ പുള്ളി മറ്റന്നാളത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. തിങ്കളാഴ്ച ഇവിടെ വന്ന് അച്ഛനെ കണ്ട ശേഷം ഓഫീസിലേക്കു വരാൻ വേണ്ടി ഏർപ്പാടു ചെയ്തിട്ടുണ്ട്. ഡോക്യുമെന്‍റ്സ് ട്രാൻസ്ഫർ ചെയ്ത് കഴിഞ്ഞേ പുള്ളിക്കാരൻ തിരിച്ച് പോവുള്ളൂ, പോരേ..”

മിർദാദിന്‍റെ മുഖത്ത് അസാധാരണമായൊരു ചിരി പടർന്നു. അതിൽ രാമേട്ടനോടുള്ള സ്നേഹം മുഴുവൻ പ്രതിഫലിച്ചിരുന്നു. മുറിയിൽ തിരിച്ചു ചെല്ലുമ്പോൾ രാമേട്ടൻ കട്ടിലിൽ എഴുന്നേറ്റിരിക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ടു പേരുടെയും സഹായത്തോടെ അയാൾ നേരെയിരുന്നു. പെട്ടെന്ന് പുറത്ത് മഴ പെയ്തു. മിർദാദ് ജനലഴികളിലൂടെ  വാഹനങ്ങളുടെ നനഞ്ഞ മേൽക്കൂരകൾ നോക്കി നിന്നു.

രണ്ടു ദിവസങ്ങൾ കൊണ്ട് രാമേട്ടനിൽ പ്രകടമായ മാറ്റമുണ്ടായി. രോഗം വരുന്നതു പോലെ തന്നെയാണ് ചിലപ്പോൾ അതിൽ നിന്ന് മോചനം നേടുന്നതും. പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയതോടെ അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു. ടെസ്റ്റു റിസൾട്ടുകൾ റിസ്ക് ഫാക്ടറുകൾ കുറഞ്ഞതായി കാണിച്ചു. അതോടെ സാമാന്യം ദീർഘിച്ച ആശുപത്രിവാസം മതിയാക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു.

അടുത്ത ദിവസം ഡോക്ടർ കടന്നു വരുമ്പോൾ രാമേട്ടൻ താഴെ ആശുപത്രി മുറ്റത്തെ കാഴ്ചകൾ കാണുകയായിരുന്നു. ഒരാംബുലൻസ് വന്നു നിൽക്കുന്നതും പരിക്കേറ്റ ഒരാളെ ആരൊക്കെയോ ചേർന്ന് താങ്ങിപ്പിടിച്ച് അകത്തേക്കു കൊണ്ടുപോകുന്നുതും കണ്ടു. അടിയന്തിര സന്ദേശം വന്നതിനാൽ  ഡിസ്ചാർജ് സമ്മറിയിൽ ഒപ്പിട്ട് ഡോക്ടർ തിടുക്കത്തിൽ മുറി വിട്ടു പോയി. 

ലിഫ്റ്റിൽ നിന്ന് പുറത്തു വന്ന രാമേട്ടനെ കസേരയിലിരുത്തി മിർദാദ് ബില്ല് അടക്കുന്നതിനിടയിലാണ് സേതു ഓടിക്കിതച്ചെത്തിയത്. 

“നാട്ടീന്ന് ഇന്ന് വന്നിറങ്ങിയതാ.. എയർപോർട്ടിൽ നിന്ന് വരുന്ന വഴിക്ക് സഞ്ചരിച്ചിരുന്ന കാറ് അപകടത്തിൽ പെട്ടു.. കണ്ടാൽ  ആരോ മനപ്പൂർവ്വം കൊണ്ടിടിച്ചതു പോലെ തോന്നും. എന്തു തന്നെയായാലും സംഭവ സ്ഥലത്തു വെച്ചു തന്നെ കാര്യം തീർന്നു. കഷ്ടം.”

മിർദാദ് നിർവ്വികാരനായി സേതുവിനെ നോക്കി.

“അങ്ങനെ എത്ര പേർ.. ജീവിച്ചിരിക്കാനല്ലേ കാരണങ്ങൾ വേണ്ടത്. മരിക്കാനല്ലല്ലോ.. അതു കൊണ്ടു തന്നെ ഡോക്ടർ പറഞ്ഞ ഓർവെലിന്‍റെ പ്രതീക്ഷയുടെ ഇലകൾ യഥാർത്ഥത്തിൽ കിടക്കുന്നത് ഓരോരുത്തരുടെയും മനസ്സിലാണ്..”

മിർദാദിന്‍റെ വാക്കുകൾ സേതുവിന് ശരിക്കങ്ങ് മനസ്സിലായില്ല. 

“താൻ വാപൊളിച്ചു നിൽക്കാതെ രാമേട്ടനെ ഫ്ലാറ്റിലെത്തിക്കാൻ നോക്ക്.”

അവർ രണ്ടു പേരും ഇടത്തു വലത്തുമായി രാമേട്ടന്‍റെ തോളിലൂടെ കയ്യിട്ട് പതുക്കെ ആശുപത്രിയിൽ നിന്നും പുറത്തേക്കു നടന്നു. പിന്നെ രാമേട്ടന്‍റെ വാസസ്ഥലത്തേക്ക് മിർദാദ് സ്വയം ഡ്രൈവ് ചെയ്തു.  

അന്നു രാത്രി സേതുവിനെ വിളിച്ച് മിർദാദ് പറഞ്ഞു. 

“കഴിഞ്ഞാഴ്ച ബുക്ക് ചെയ്ത ആളുടെ ഡീറ്റെയിൽസ് ഞാൻ മെയിൽ ചെയ്തിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി എംബാം ചെയ്ത ബോഡി ആശുപത്രി മോർചറിയിലാണുള്ളത്. നാളെത്തെ ഫ്ലൈറ്റിന് നാട്ടിലെത്തിക്കണം.”

മെയിൽ തുറന്നു വായിച്ചതും സേതുമാധവൻ അന്തം വിട്ടു നിന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ