mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

രാവിലെ ഇളയേട്ടൻ വിളിച്ചപ്പോൾ ഞാൻ ബാത്ത്റൂമിൽ ആയിരുന്നു. ഞായറാഴ്ച എല്ലാക്കാര്യങ്ങൾക്കും പതിവുതെറ്റും.. എട്ടുമണിവരെ കിടന്നുറങ്ങും.. നന്ദന പലതവണ വന്നുവിളിച്ചാലും തിരിഞ്ഞുംമറിഞ്ഞും കിടക്കും. അതൊരു സുഖമാണ്.

അഖിൽ ട്യൂഷനു പോയിക്കാണും. അഖില സുഖമായുറങ്ങുകയാവും. തിരികെവന്നു ഒരിറക്ക് ചായകുടിച്ചു പത്രവും കൈയിലെടുത്തു സിറ്റ്ഔട്ട് ലക്ഷ്യമാക്കി നടക്കുമ്പോഴാണ് നന്ദന ഏട്ടന്റെ കോൾവന്നകാര്യം പറഞ്ഞത്. അത്യാവശ്യമാണത്രെ!

ഞങ്ങൾ മൂന്നുപേരാണ്. എന്റെ മൂത്തയാൾ ഡൽഹിയിൽ സ്ഥിരതാമസം. കഴിഞ്ഞ പതിനേഴുവര്ഷങ്ങളായിട്ട് . ഇതുവരെ ഒരു ഗൃഹം വാങ്ങാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഏട്ടനെ അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ട്. അതെനിക്കും സാധിച്ചിട്ടില്ല എന്നുള്ളത് വേറൊരുകാര്യം. മിക്കവാറും എല്ലായിടത്തും പതിനൊന്നുമാസത്തെ സുഖവാസം. പിന്നെ കെട്ടിപ്പെറുക്കി അടുത്തയിടത്തേക്ക് . പണ്ടൊക്കെ മൂന്നുംനാലും വർഷം ഒരു ഫ്ലാറ്റ്തന്നെ കിട്ടിയിരുന്നു. ഇപ്പോൾ അതൊന്നും നടക്കില്ലത്രേ. ഏട്ടന്റെ മോൾ വിവാഹപ്രായമെത്തിനില്ക്കുന്നു. എം ബി എ കഴിഞ്ഞവൾ ഏതോ ന്യൂജനെറേഷൻ ബാങ്കിൽ ജോലിയിലാണ്. അവിടെക്കയറിയിട്ട് കുറച്ചായാതെ ഒള്ളു. ഉടനെ ഒരുവീട്.  'അസംഭവ്യം' എന്നാണു ഏട്ടൻ പറയാറുള്ളത്. ഇനിയാകെയുള്ള ഒരുമാർഗ്ഗം കുടുംബസ്വത്ത് ഭാഗം വെക്കുകയാണ്. അതാണെങ്കിൽ അമ്മയുടെ കാലശേഷമേ പറ്റുകയുള്ളു.

ഏറ്റവും മൂത്തയാൾ നാട്ടിലാണ്. കുടുംബത്ത് താമസിക്കുന്നു. അമ്മ മൂത്തേട്ടന്റെകൂടെയാണ്. വയ്യ....അച്ഛന്റെമരണത്തോടെ എല്ലാരിൽനിന്നും ഉൾവലിഞ്ഞു അമ്മ. ഇപ്പോൾ ആരോഗ്യമൊക്കെ വല്ലാണ്ട് ക്ഷയിച്ചൂന്നു കഴിഞ്ഞദിവസം വിളിച്ചപ്പോൾ മൂത്തേട്ടൻ പറഞ്ഞു,  രണ്ടു വർഷമായി അമ്മയെ ഒന്നുകാണാൻ പോയിട്ട്. പണ്ട് ഫോണിൽ സംസാരിച്ചിരുന്നു. മൊബൈൽ ആയപ്പോൾ അമ്മയ്ക്ക് അങ്ങിനെയുള്ള സംസാരം ഇഷ്ടമല്ലാതായി. ഏട്ടൻ കൃഷിയൊക്കെയായി കഴിഞ്ഞുപോകുന്നു. എന്നും കടം കടം എന്നുള്ള പരാതികൾ തന്നെ. ഏട്ടനൊരു മകൻ. മനു. അവനെക്കൊണ്ടുള്ള ദുരിതങ്ങളാണ് ഏറെയും. ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ അവനിൽ ചിലമാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നു. പലയിടത്തും ഏട്ടൻ ഓടിനടന്ന്  പലഡോക്ടർമാരെയും കാണിച്ചു.  അവനൊരു രോഗവുമില്ലത്രേ..! പക്ഷേ അവന്റെചെയ്തികൾ അവരെ ഏറെ ദുഖിപ്പിച്ചു. പലപ്പോഴും വീട്ടിൽ ഉണ്ടായിരിക്കില്ല. വീട്ടിലുള്ള സമയത്തു കുളിയാണ് പുള്ളിയുടെ പ്രധാനഹോബി. നിരന്തരം കുളി. പിന്നൊന്ന് മുണ്ട് അരയിൽ വലിച്ചുമുറുക്കി ഉടുക്കുക. ആഹാരം വളരെക്കുറച്ചുമാത്രം. ഇപ്പോൾ വയറിനും അരയ്ക്കും ഇടയിൽ ചങ്ങലക്കിട്ടപോലെ തടിച്ച തഴമ്പും വടുക്കളും. അവൻ കഞ്ചാവിന് അടിമയാണെന്നുള്ള സത്യം വളരെവൈകിയാണ് എല്ലാവരുംഅറിഞ്ഞത്. 

ഞാൻ ഇവിടെ ചെന്നെയിൽ ഗിണ്ടി എന്നസ്ഥലത്തു താമസിക്കുന്നു. ചെറിയൊരു ജോലിയുണ്ട്. പക്ഷേ എന്റെ ജോലികൊണ്ടുള്ള വരുമാനം ഒന്നിനും തികയാറില്ല എന്നുള്ളസത്യം പലപ്പോഴും എന്നെനോക്കി കൊഞ്ഞനംകുത്താറുണ്ട്. പഠിത്തത്തിൽ മോശമായിരുന്നു. പകരം പ്രേമിച്ചുനടന്നു. ഒരു സമാധാനംമാത്രം. പ്രേമിച്ചവളെത്തന്നെ കെട്ടി.  അതുതന്നെ പലപ്പോഴും സമാധാനക്കേടുമാണ്. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പണ്ടുള്ളവർ പറഞ്ഞത് വെറുതെയല്ല. 

ഹോ.. മറന്നു.. ഇളയേട്ടനെ വിളിച്ചില്ല. ഇനിയിങ്ങോട്ടുവിളിച്ചാൽ സമയത്തുംകാലത്തും തിരിച്ചുവിളിക്കാത്തതിലുള്ള എല്ലാപ്രതിഷേധവും ചേട്ടൻ ചാട്ടുളിപോലെ ഏറിയും.

കേട്ടവാർത്ത.. വാർത്തയല്ല.. ഏട്ടൻ പറഞ്ഞകാര്യങ്ങൾ വിശ്വസിക്കാനാവാതെ തരിച്ചിരുന്നു. ഒരുനിമിഷം. നടുങ്ങിപ്പോയി. ഹൃദയം പെരുമ്പറകൊട്ടി ... ക്ഷണനേരംകൊണ്ടു വിയർപ്പിൽ കുളിച്ചു..കണ്ണിൽനിന്ന് തീമഴ പൊഴിഞ്ഞു.
"എങ്കിലും .. ഏട്ടാ " മുഖഭാവം മാറുന്നത് ശ്രദ്ധിച്ചിട്ടാകണം നന്ദന അടുത്തുവന്നു ആംഗ്യത്തിൽ തിരക്കി. 
"നീ ഒന്നും പറയണ്ട..കുറെ ആയില്ലേ നീയുംഞാനുമൊക്കെ നാട്ടിലോട്ട് പോയിട്ട്. അപ്പോ തീയതി ഫിക്സ് ചെയ്തു ഞാനറിയിക്കും. എന്നിട്ട് ടിക്കറ്റ് ബുക്ക് ചെയ്താ മതി.. കേട്ടല്ലോ."
ഏട്ടനങ്ങിനെയാണ് അങ്ങോട്ടൊന്നും കേൾക്കില്ല. എല്ലാം ആജ്ഞകൾ മാത്രം. അനുസരിച്ചോണം.
"ഞാൻ നോക്കട്ടെ ഏട്ടാ .." തൊണ്ടയിൽ ശബ്ദം കുരുങ്ങി.. 
"നോക്കണ്ട. ഇത് നടന്നില്ലെങ്കിൽ പിന്നെ മൂന്നുശവങ്ങൾ അടക്കാനുള്ള ഏർപ്പാടു ചെയ്യേണ്ടിവരും."
ഫോൺ കട്ട് ആയി. നന്ദനയുടെകണ്ണുകൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.. ശല്യപ്പെടുത്തില്ല..ഞാൻ പറയും എന്നറിയാം അവൾക്ക്.. അതിനുള്ള സാവകാശം തരും.. പക്ഷേ ഇന്നവൾ ചോദിച്ചു.
"എന്താ.. എന്തുപറ്റി.. ഏട്ടൻ എന്താ പറഞ്ഞേ ..?"
"ഓ.. ഒന്നുമില്ല..ഏട്ടന് കുറച്ചുപണം ആവശ്യമുണ്ടത്രെ. മാളു എന്തോ ഏടാകൂടത്തിൽ ചെന്നുപെട്ടു. അതിൽനിന്നൊഴിവാകാൻ. ഞാനെവിടുന്നു ഒപ്പിക്കാനാ."
ഒറ്റശ്വാസത്തിൽ പറഞ്ഞൊഴിഞ്ഞു വേഗം ബാത്റൂമിൽ കയറി കതകടച്ചു.

ചിലപ്പോൾ നമ്മൾ പദ്മവ്യൂഹത്തിൽ അകപ്പെടും. യുദ്ധമുറകൾ മറക്കും. തിരികെ പുറത്തിറങ്ങാൻ കഴിവുകൾ പോരാതെവരും.. തിരിച്ചിറങ്ങിയാലും, യുദ്ധം ജയിച്ചാലും ജീവിതാന്ത്യംവരെ നമ്മൾ നമ്മളെത്തന്നെ പഴിക്കും. തോൽക്കാനിഷ്ടപ്പെട്ടിട്ട് ജയിക്കുന്ന യുദ്ധങ്ങൾ മനഃസമാധാനം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തും.

പൈപ്പ് തുറന്നുവെച്ചു തല അതിനുതാഴെ പിടിച്ചു. കുറച്ചധികംനേരം. തലയിലൂടൊഴുകുന്ന വെള്ളത്തിനിത്ര ചൂടോ?

ഒന്നു കിടക്കണം.. നന്ദന വിഷമത്തിലായി.. അഖിൽ ട്യൂഷൻ കഴിഞ്ഞുവന്നു. അഖില ഉറക്കമുണർന്നു.. ഉച്ചകഴിഞ്ഞു രണ്ടുപേർക്കും ചെരിപ്പുമേടിക്കാൻ കൊണ്ടുപോകാമെന്നേറ്റിരുന്നതാ.. ഇന്നിനി സ്വൈര്യം തരത്തില്ല രണ്ടുപേരും.. പറഞ്ഞിട്ട് കാര്യമില്ല.. ഒരുമാസമായി ഒഴിവാക്കിക്കൊണ്ടിരുന്നതാ .. ഇനിയവർ സമ്മതിക്കില്ല...പോകാം ഉച്ചകഴിയട്ടെ.. അതുവരെ ഒന്നുമയങ്ങാം..പ്രാതൽ ഒഴിവാക്കിയപ്പോഴേ നന്ദന പരിഭവം കാണിച്ചുതുടങ്ങി.. അവളും കഴിച്ചില്ല.. 
"എന്നോടുപറ... എന്താ പ്രശ്നം.. ഏട്ടൻ എന്തോ മറച്ചുപിടിക്കുന്നു."
"ഒന്നുമില്ലെടീ..പെട്ടെന്ന് ലക്ഷങ്ങളുടെ കാര്യംകേട്ടപ്പോൾ.. നമ്മളെക്കൊണ്ടൊക്കെ എന്തോ ആവാനാ..?"
രണ്ടുദിവസം ഏട്ടന്റെ വിളിയൊന്നുംവന്നില്ല. ദൈവമേ ഏട്ടൻ വിളിക്കാതിരുന്നെങ്കിൽ.. 

ബുധൻ.. നാട്ടിൽനിന്നു മൂത്തേട്ടൻ വിളിച്ചു.. 
"നീ എന്നാ ടിക്കറ്റ് ബുക്ക് ചെയ്യുന്നേ? അവരെയും കൊണ്ടുവരുമോ?"
"ഏട്ടാ .... ഏട്ടനും..???"
"ഒന്നാലോചിച്ചാൽ. വേറെന്തോചെയ്യാനാ. എല്ലാം അവൻപറയുന്നപോലെ നടക്കട്ടെ. അല്ലാതെ?" ഏട്ടൻ അർധോക്തിയിൽ നിറുത്തി.
"എനിക്ക്.. "
"അവൻ നിന്നെ വിളിച്ചില്ലേ പിന്നെ..?"
"ഇല്ല.."
എഴുത്തുനിരുത്തിന്റെ സമയമാ നല്ലതെന്നാ അവൻ പറയുന്നത്.. അവൻ വിളിക്കും.. നീ ടിക്കറ്റ് നോക്കിക്കോ.."
ചേട്ടൻ ഫോൺ കട്ട് ചെയ്തു. അമ്മയെക്കുറിച്ചൊന്നു ചോദിക്കാൻപോലും പറ്റിയില്ല.. 

വൈകിട്ട് ഡൽഹിയിൽ നിന്നും ഏട്ടന്റെ ഫോൺ വന്നു."സൺ‌ഡേ ഞാൻ വരും.. അന്ന് ദുർഗ്ഗാഷ്ടമി .. മൂന്നുദിവസം കേരളത്തിൽ അവധിയല്ലേ.. ? വിജയദശമി കഴിഞ്ഞു തിരിച്ചുപോകാം അത്യാവശ്യമുള്ളവർക്ക്."
"നോക്കട്ടെ.. "
"എല്ലാവരെയും കൂട്ടിക്കോ. അതാ നല്ലത്.. ഇവിടെ മോൾക്ക് ലീവ് കിട്ടില്ല. അതുകൊണ്ടു ഏട്ടത്തിയെ കൂട്ടാൻ പറ്റില്ല. ഞാൻ തനിയേ വരാം."
"ഉം.."

നന്ദനയോടുപറയുമ്പോൾ അവൾ അത്ഭുതത്തോടെ നോക്കുന്നതുകണ്ടു. ആ മുഖത്തു സന്തോഷം വിടരുന്നതും. 

ശനിയാഴ്ചക്കുള്ള ട്രെയിനിനു ബുക്ക്ചെയ്തു. കുട്ടികൾക്ക് ആഹ്ലാദം അടക്കാനായില്ല.. 
"ഇത്തവണ അമ്മൂമ്മെക്കൊണ്ട് ഹരീശ്രീ എഴുതുപ്പിക്കും ഞാൻ" അഖിൽ ആകെ ത്രില്ലിലാണ്. അവൻ മൂന്നാം ക്ളാസ്സിലാണ്.. ആകെ രണ്ടുതവണയെ അമ്മൂമ്മേടെ അടുത്തവൻ നിന്നിട്ടുള്ളു. കഴിഞ്ഞതവണ പോയപ്പോൾ അഖില വളരെകുഞ്ഞായിരുന്നു..

വീണ്ടും ഒരു ഞായറാഴ്ച്ച ...നാട്ടിൽപോകാനുള്ള പണം ഒരുത്തനോടു സംഘടിപ്പിച്ചിരുന്നു. അതിൽനിന്നു ചെറിയരീതിയിൽ ഒരു ഷോപ്പിംഗ്.. അമ്മയ്ക്കൊരു സെറ്റും മുണ്ടും വാങ്ങി. സെറ്റിന് ചേരുന്ന ബ്ലൗസ് പീസ് നന്ദന തിരഞ്ഞെടുത്തു.

ട്രെയിൻ പതിനഞ്ചുമിനിറ്റ് ലേറ്റായിരുന്നു. വീട്ടിലെത്തിയപ്പോൾ ആറുമണി കഴിഞ്ഞിരുന്നു.. എങ്കിലും സന്ധ്യയായിരുന്നില്ല.. ഇപ്പോൾ പകലിനു ദൈർഘ്യം കൂടുതലാണ്. 
'അമ്മ സന്ധ്യാദീപം കൊളുത്താനുള്ള തിരക്കിലായിരുന്നു. പെട്ടെന്ന് ഞങ്ങളെ കണ്ടപ്പോൾ ആകെ ഒരങ്കലാപ്പ്. അപ്പോൾ ഞങ്ങൾ വരുന്നകാര്യം ഏട്ടൻ പറഞ്ഞിരുന്നില്ലേ?
ശുഷ്കിച്ചകൈകൾ കൊണ്ട് തലോടിയപ്പോൾ ഞാൻ വീണ്ടും ബാല്യത്തിലേക്കോടിപ്പോയി.
"അമ്മേ ...." എന്റെ കണ്ണുകൾ കലങ്ങിനിറഞ്ഞിരുന്നു. അപ്പോഴേക്കും 'അമ്മ അഖിലിനെയും അഖിലയെയും ചേർത്തുപിടിച്ചു. നന്ദനയുടെ മിഴികൾ ഈറനണിയുന്നതു കാണാമായിരുന്നു. മൂത്തേട്ടൻ എവിടെയോ പോയിരുന്നു. ഏട്ടത്തി ഞങ്ങളെ ചുറ്റിപ്പറ്റിനിന്നു.

ഡെൽഹീന്നു ഇളയേട്ടൻ വന്നപ്പോൾ 8 മണിയായി. വന്നു എന്നല്ല.. കൊണ്ടുവന്നു എന്നാണ് പറയേണ്ടത്. വന്നവഴിക്കുതന്നെ ഷാപ്പിൽ കയറി മൂക്കറ്റം കുടിച്ചു. അവിടെനിന്നു കിഴക്കേലെ ഗോവിന്ദൻ അവന്റെ ഓട്ടോയിൽ കൊണ്ടുവിട്ടു.

'അമ്മ ഏട്ടനെക്കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു.. 
"എന്താ മക്കളേ എല്ലാരുംകൂടെ. നിങ്ങൾക്കൊന്നു പറഞ്ഞൂടാരുന്നോ. സന്തോഷംകൊണ്ട് ഞാൻ ചത്തുപോകുവല്ലോടാ. അവരു വന്നില്ലേ?" അമ്മയുടെ കുഴിഞ്ഞുതാണ കണ്ണുകൾ അവിടെയെല്ലാം പരതിനടന്നു 
"ഇല്ല..മോൾക്ക് ലീവ് കിട്ടില്ല." കുഴഞ്ഞുപോകുന്നു ഏട്ടന്റെ ശബ്ദം.

അമ്മയും മറ്റുള്ളവരും അകത്തോട്ടുപോയി. പെട്ടെന്ന് ബാഗിൽനിന്നു അമ്മയ്ക്കുള്ള പൊതിയെടുത്തു കൊടുത്തു. തുറന്നുനോക്കിയ അമ്മയ്ക്ക് സന്തോഷമായി.. "എഴുത്തിനിരുത്തിനു ഒരെണ്ണം എടുത്തുതരണമെന്നു ഞാൻ അവനോടു പറഞ്ഞതെ ഒള്ളു. അടുത്തതവണ. ഞാനൊക്കെ ഒണ്ടോന്നു ആരുകണ്ടു."
ഏട്ടത്തി അത്താഴത്തിനു എന്തെങ്കിലും വാങ്ങിച്ചുകൊണ്ടുവരാൻ ഏട്ടനോട് വിളിച്ചുപറയാൻ തുടങ്ങിയപ്പോൾ മനസ്സിലായി. മൂത്തേട്ടൻ ഇവരോടൊന്നും ഞങ്ങൾ വരുന്നകാര്യം പറഞ്ഞിട്ടില്ലായിരുന്നുവെന്ന്. പുറത്തുപോയി ചപ്പാത്തിയും കിഴങ്ങുകറിയും വാങ്ങിവന്നപ്പോളും മനസ്സ് ഇവിടെയെങ്ങുമായിരുന്നില്ല.

മൂത്തേട്ടൻ വന്നപ്പോൾ സമയം ഒൻപത്. ഇളയേട്ടൻ അപ്പോഴേക്കും കൈയിൽ കരുതിയിരുന്ന സാധനം പുറത്തെടുത്തു. മൂന്നുഗ്ലാസ്സുകൾ നിരന്നു.. 
മനുവിനെ അന്നുകണ്ടില്ല.

മഹാനവമി. നന്ദന ഏട്ടത്തിയെയും കുട്ടികളെയും കൂട്ടി അമ്പലത്തിൽ പോയി. അവൾ വിളിച്ചിരുന്നു. പോകാൻ തോന്നിയില്ല. അമ്മയോ? .. അമ്മയെ അവിടെയെങ്ങും കണ്ടില്ല.
പുറത്തോട്ടിറങ്ങിയപ്പോൾ മൂത്തേട്ടൻ വിളിച്ചു.
ഒരുമേശക്കുചുറ്റും മൂവരും ഇരുന്നു.ത്രിമൂർത്തികൾ. വളരെക്കാലത്തിനുശേഷം. എനിക്കൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല. എല്ലാം അവർതന്നെ പറഞ്ഞു. എന്റെ മൗനം സമ്മതമെന്നോ അല്ലെന്നോ എനിക്കുതന്നെ മനസ്സിലായില്ല. ഒരു കൂര എനിക്കുംവേണം..പക്ഷേ?
"രാവിലെ ഓരോന്നൊഴിക്കട്ടെ?" ഇളയേട്ടനാണ് 
"എനിക്ക് വേണ്ടാ.. ഞാനൊന്നു പുറത്തേക്കിറങ്ങിയിട്ടു വരട്ടെ.. കവല വരെ."
വഴിയിൽ അവരെക്കണ്ടു. അമ്മയുമുണ്ട്. നന്ദന പിടിച്ചുനിറുത്തി ചന്ദനക്കുറി തൊടുവിച്ചു. അമ്മയുടെവക വേറെയും..
"ഏട്ടാ .. അമ്മ ഒത്തിരിയായീന്ന് അമ്പലത്തി പോയിട്ട്. അതോണ്ട് ഞങ്ങടെകൂടെ വന്നതാ.. "
"ഉം.."
"ദേ .. നോക്കിക്കേ.. നമ്മള് വാങ്ങിയ സെറ്റ്. അമ്മയ്ക്ക് അതിനുചേരുന്ന ബ്ലൗസ് ഉണ്ടായിരുന്നു."
നല്ല ചേലുണ്ട് അമ്മയെക്കാണാൻ ആ സെറ്റിലും മുണ്ടിലും..അമ്മ അതുടുത്തോണ്ടു ഭഗവാനെക്കാണാൻ പോയല്ലോ. അതുമതി.. എനിക്കും അമ്മയ്ക്കും.
"ഞാനിപ്പോ വരാം.. " ഞാൻ തിരിഞ്ഞുനോക്കാതെ നടന്നു. 
ജീവിതവും ഇതുപോലെ മുന്നോട്ടുതന്നെ..തിരിഞ്ഞുനോക്കിയിട്ട് അധികം കാര്യങ്ങളില്ല. പലതും ഓർമ്മിച്ചെടുക്കും. അത് വിഷമമുണ്ടാക്കും.. വേണ്ടാ. എന്തിനാ?

കാലപ്പഴക്കംവന്ന ആരും ഉപയോഗിക്കാതിരുന്ന ഒരു കട്ടിൽ ഇളയേട്ടൻ അന്നുവന്ന ആക്രിക്കച്ചവടക്കാരന് മുഖവിലയ്ക്കു കൊടുത്തു.. മൂത്തേട്ടൻ ഒന്നും പറഞ്ഞില്ല.
"നല്ല തേക്കിന്റെയാ." അമ്മ പറഞ്ഞു.
"ഓ..സ്ഥലം മിനക്കെടുത്താൻ.. അയാള് കൊണ്ടുപോട്ടെ അമ്മേ"
"അതു ശരിയാ.. പഴയതും ഉപയോഗശൂന്യമായതും ഒക്കെ ആർക്കും വേണ്ട. മനുഷേരുടെ കാര്യോം ഇതുപോലൊക്കെത്തന്നെ." അമ്മ ദേഷ്യപ്പെട്ടു കയറിപ്പോയി.
അപ്പോഴാണ് മനു കയറിവന്നത്.. അവനറിഞ്ഞിരുന്നു ഞങ്ങളൊക്കെ വന്നത്. പക്ഷേ ..അവനതൊന്നും ഒരു വിഷയമേ അല്ല. അങ്ങോട്ട് തിരക്കാനും പോയില്ല. ചിലപ്പോൾ ഉള്ളമാനം പോയാലോ എന്നുള്ള പേടി.

വൈകുന്നേരം ഇളയേട്ടൻ വിളിച്ചു. ഒത്തുകൂടലിൽ അവർ രണ്ടുപേരും എന്തൊക്കെയോ പറഞ്ഞു. ഞാനൊന്നും കേട്ടില്ല. ഒരു മരപ്പാവയെപ്പോലെ ഇരുന്നുകൊടുത്തു. അത്താഴത്തിനുശേഷം അമ്മയുടെകൂടെ അൽപ്പനേരം ചിലവഴിക്കാമെന്നത് ഇളയേട്ടന്റെ ആഗ്രഹമായിരുന്നു. മക്കൾ മാത്രം.. അമ്മയും. അമ്മയ്ക്ക് സ്വർഗ്ഗം കിട്ടിയ വാശിയായിരുന്നു. സന്തോഷം ആ മുഖത്തലയടിച്ചുയർന്നു. എല്ലാമക്കളെയും ഒരുമിച്ചുകാണുക. അവരുടെ സ്നേഹം ഏറ്റുവാങ്ങുക. അതില്പ്പരം സന്തോഷം ഇനി എന്തുകിട്ടാനാ?
പതിയെ രാത്രി കനത്തുവന്നു.. മൂന്നുപേരും അവരവരുടെ മുറികളിലേക്ക് നടന്നു.. അമ്മയുടെ മുഖത്ത് അപ്പോഴും ഒരുപുഞ്ചിരി മായാതെയുണ്ടായിരുന്നു.

വിജയദശമി. അക്ഷരലോകത്തേക്കു പിച്ചവെക്കുന്ന കുഞ്ഞുപൂക്കൾക്ക് വെളിച്ചമേകാൻ മലയാളക്കര ഒരുങ്ങിക്കഴിഞ്ഞിരുന്നു.

നന്ദനയുടെ നിലവിളികേട്ടാണ് ഞാൻ അങ്ങോട്ടോടിയെത്തിയത്.
"ഏട്ടാ ,, അമ്മ " അവളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. 
അമ്മ നിശബ്ദയായി ഉറങ്ങുകയായിരുന്നു.. തലേന്ന് രാത്രിയിൽക്കണ്ട പുഞ്ചിരി ആമുഖത്തുനിന്ന് അപ്പോഴും മാഞ്ഞിരുന്നില്ല. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ