ആറാം നിലയിലെത്തി ലിഫ്റ്റ് തുറന്നു പുറത്തു വരുമ്പോൾ അടുത്ത ഫ്ലാറ്റിനു മുൻപിലിട്ട ചെരിപ്പുകൾ, അവൾ നോക്കി നിൽക്കും,ചണനാരുകൾ കൊണ്ടുണ്ടാക്കിയ മനോഹരമായ ചെരിപ്പുകൾ! കണ്ണാടി
പതിച്ചവ! കടും ചുവപ്പ് നൂലുകൊണ്ട് ചിത്രവേലകൾ ചെയ്തവ.ആരുടേതാണീ മനോഹരമായ പാദുകങ്ങൾ??
അകത്തു നിന്നും കേൾക്കുന്ന സിതാറിന്റെ ശബ്ദം. നേർത്ത നിസ്വനം പോൽ ആരോ പാടുന്നു. ആത്മാവിൽ വേദന പടർത്തുന്ന സ്വരം.അവൾ ചെവി വട്ടം പിടിക്കും.
ഭർത്താവ് വാതിൽ തുറന്നാലും അവൾ ആ അടഞ്ഞ വാതിൽ നോക്കി നിൽക്കും. "മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്ന അവളുടെ വൈകല്യത്തെ ഭർത്താവ് പരിഹസിക്കും!
അതൊരു വൈകല്യമല്ലെന്നും,അതൊരു തൃഷ്ണയാണെന്നും അവൾ മനസ്സിൽ പറയും,മറ്റൊരു ഭാഷ, സംസ്കാരം,ജീവിതരീതി എല്ലാം അറിയാൻ,ഒരു പുതിയ സൗഹൃദം കിട്ടാൻ.ഒക്കെയുള്ള അടക്കാനാവാത്ത അഭിവാഞ്ഛ എന്നു മനസ്സിനെ സമധാനിപ്പിക്കും ഫ്ലാറ്റിന്റെ വാതിൽ അടയും .ഒരു കരാഗൃഹത്തിൽ പെട്ടപോലെ അവൾ മൂകയാവും!
അതു ഗുലാം മുഹമ്മദിന്റെ ഫ്ലാറ്റ് ആണെന്നും അവർ പാകിസ്താനികൾ ആണെന്നും അദ്ദേഹം പറഞ്ഞു. ഗുലാം മുഹമ്മദിനെ അവൾ കണ്ടിട്ടുണ്ട്.കൂടെ രണ്ടു കൊച്ചു പെണ്കുട്ടികൾ ഉണ്ടാവാറുണ്ട്. അവരെ അവൾ, മനസ്സിൽ , 'ഗുല്മോഹറുകൾ' എന്നു വിളിച്ചു. നെഞ്ചു വരെ നീണ്ട നരച്ച താടിയുള്ള ഗുലാമിന് ഇത്ര ചെറിയ മക്കളോ.അവൾ അത്ഭുതപ്പെട്ടു.
ഭർത്താവ് മറുപടി പറഞ്ഞില്ല.
അവൾ അടുക്കള ജോലിയിൽ വ്യാപൃതയായി.ചപ്പാത്തി പരത്തി യും, അലക്കിയും, തുടച്ചും ദിനരാത്രങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു.
'പുറത്തുപോവാം'എന്ന വാക്ക് കേൾക്കുന്ന മാത്ര അവൾ പർദ എടുത്തണിയും.
അഥവാ തീരുമാനം മാറിയാലോ.
വിശാലമായ ലോകത്തേക്ക് അവൾ ഇറങ്ങും. അവൾ ഭർത്താവിനെയും, അടുക്കളപ്പണിയെയും, അലക്കാനുള്ള തുണികളെയും മറക്കും. പിന്നെ ദീർഘ മായി ശ്വാസം എടുക്കും.ഈ കറുത്ത അങ്കി ധരിച്ച് പറക്കാൻ കഴിയുമെന്ന് അവൾ വെറുതെ വിശ്വസിക്കും!
ആ സമയം
അദ്ദേഹം ഫോണിൽ ആരുടെയെങ്കിലും നമ്പർ ഡയൽ ചെയ്യാൻ പറയും. അല്ലെങ്കിൽ ചില മെസ്സേജ് ടൈപ്പ് ചെയ്യാൻ പറയും. അവളപ്പോൾ കാതുകൾ രണ്ടും കൊട്ടിയടക്കും.ഒരു മാത്രയെങ്കിലും പുറം കാഴ്ച കൾ നഷ്ടപ്പെടുത്താൻ അവൾക്ക് വയ്യായിരുന്നു.
അതിരുകളില്ലാത്ത ആകാശം പോലെയായെങ്കിൽ ഈ ഭൂമിയും..! ഇവിടെ മതിലുകൾ ഉയർത്തിയത് ആരാണ്?
വൻകരകൾ തിരിച്ചു ,രാജ്യങ്ങൾ തിരിച്ചു, വർണങ്ങൾ തിരിച്ചു, മതങ്ങൾ തിരിച്ചു,ആണും,പെണ്ണുമെന്ന് തിരിച്ചു, ആര്, എന്തിന്?
ഒരു ഗഗനചാരിയായി.അല്ലെങ്കിൽ ഒരു നീലമേഘമായി, ഒരിക്കലുമൊരു മഴയായി പൊഴിഞ്ഞു കടൽ ,പുഴ,അരുവി തുടങ്ങിയ വേർതിരിവിലേക്ക് നിപതിക്കാതെ. ഒരു ഘന ശ്യാമ മേഘം പോലെ, മാനത്തു പാറിപ്പാറി... അവൾ സ്വപ്നം കാണും!
ആദ്യമൊക്കെ ഭർത്താവ് പോയാൽ ജലകത്തിരശീല നീക്കി വെച്ച് അവൾ റോഡിലേക്ക് നോക്കി നില്പായിരുന്നു. വർണ്ണ രൂപ വൈവിധ്യമാർന്ന മനുഷ്യരെ നോക്കിയിരിക്കാൻ അവൾക്ക് ഇഷ്ടമായിരുന്നു.
ആ റോഡ് ഒരു ചെറു കൈത്തോടായി അവൾ സങ്കല്പിച്ചു.മനുഷ്യർ അതിൽ പുളക്കുന്ന മീനുകളും!
മാനത്തു കണ്ണികൾ,പരലുകൾ.കൂട്ടത്തിൽചില തവളകൾ ,വാല്മാക്രികൾ. ആളുകൾ ജനാലക്കരികിൽ നിൽക്കുന്ന സ്ത്രീ രൂപം കണ്ട്, മുകളിലേക്ക് നോക്കിക്കൊണ്ട് തലങ്ങും, വിലങ്ങും നടന്നുപോയി.
അവർ തങ്ങുന്ന നാട്ടിൽ അങ്ങനെ സ്ത്രീകൾക്ക് പരസ്യപ്പെടാൻ ചില പരിമിതികൾ ഉണ്ടായിരുന്നു.
"ആളുകൾ മുകളിലേക്ക് നോക്കുന്നത് കണ്ടപ്പോൾ ആണ് ഞാനും നോക്കിയത്. പോയ ചിലർ തിരിച്ചും വരുന്നുണ്ട്. ഇവിടെ ഇതൊന്നും പറ്റില്ല.."
ഭർത്താവ് രോഷത്തോടെ ജനാലകൾ കറുത്ത ഫിലിം വെച്ച് മറച്ചു. അതോടെ അവൾക്ക് പുറം ലോകം കാണാൻ വഴികൾ ഇല്ലാതായി. അവളുടെ സംസാരം കുറഞ്ഞു. അക്ഷരങ്ങൾ ഉച്ചരിക്കാൻ അവൾ മറന്നു. ഒന്നു മൂളുക പോലും ചെയ്യാത്ത ദിവസങ്ങൾ ഉണ്ടായി.
അവളുടെ ഭർത്താവ്, ഗുലാമിനോട് ഈ കാര്യം പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് നിങ്ങളുടെ ഭാര്യക്ക് വിഷാദ രോഗത്തിന്റെ ആരംഭമാണ് എന്നാണ്. അവൾ കിടക്കയിൽ വിഴുപ്പുഭാണ്ഡം പോലെ കിടന്നു.ചിലപ്പോൾ മുറിയിലൂടെ അലസം നടന്നു.
അദ്ദേഹം പോയാൽ ലെൻസിലൂടെ നോക്കി ആ സുന്ദരമായ ചെരിപ്പുകൾ നോക്കി നിൽക്കും! അതിന്റെ ഉടമ ആരായിരിക്കും. ആ കണ്ണാടി പതിച്ച ചെരിപ്പാവാൻ അവൾ കൊതിച്ചു.ഏതോ കാലുകളിൽ കയറി എവിടെയൊക്കെയോ പോവുന്ന ചെരിപ്പുകൾ..!
കടൽക്കരയിൽ, കടകളിൽ, തെരുവിൽ, പച്ചക്കറിചന്തകളിൽ, നൃത്തശാലകളിൽ.
മതിയാവോളം യാത്ര ചെയ്യുന്ന ചുവപ്പു നൂലിനാൽ ചിത്രത്തുന്നലിട്ട,കണ്ണാടി തുണ്ടുകൾ വിതറിയ ചെരിപ്പുകൾ!
സിതാറിന്റെ നേർത്ത കമ്പനത്തോടൊപ്പം ഗുലാം മുഹമ്മദിന്റെ ഫ്ലാറ്റിന്റെ വാതിലുകൾ മെല്ലെ തുറന്നു !അവൾ ശ്വാസം അടക്കി.
അതി സുന്ദരിയായ ഒരു യുവതി പുറത്തു വന്നു.
അരുമയോടെ അവൾ ആ ചെരുപ്പണിഞ്ഞു.
പിന്നെ കാളിങ് ബെല്ലടിച്ചു.അവൾ വാതിൽ തുറന്നു.
'ഞാൻ ഷാഹിസ്‌ത' സുന്ദരി കൈനീട്ടി. ചുകചുകപ്പ് മൈലാഞ്ചി. കൈകളിൽ വെള്ളി വളകൾ കിലുങ്ങി.
എംബ്രോയ്‌ഡറി ചെയ്ത ദുപ്പട്ട ഉതിർന്നു ,തവിട്ടു നിറമാർന്ന ,മുടി അനാവൃതമായി!
ചന്ദന നിറമാർന്ന സൽവർ കമീസ്, അധരം ശോണം,കണ്ണുകൾ കയങ്ങൾ!
അവൾ അകത്തുവന്നു.
അവർ പാട്ടുകൾ പാടി.
ചിത്രങ്ങൾ വരച്ചു.
അന്ന് ഭർത്താവ് വന്നപ്പോൾ അവൾ സന്തോഷത്തോടെ വർത്തമാനം പറഞ്ഞു.
ഷാഹിസ്‌തയെ കുറിച്ച് പറഞ്ഞു.
പിന്നീടുള്ള ദിനങ്ങൾ അവൾക്ക് അതിജീവനത്തിന്റേതായിരുന്നു.
പിന്നൊരു ദിവസം ഗുലാം മുഹമ്മദിനെ കണ്ടപ്പോൾ ഭർത്താവ് പറഞ്ഞു.
"താങ്കളുടെ മകൾ ഷാഹിസ്‌തയുമായുള്ള സൗഹൃദം എന്റെ ഭാര്യയെ എനിക്ക് തിരികെ തന്നു"
"ഷാഹിസ്‌തയോ, അതാര്"
ഗുലാം അത്ഭുതപ്പെട്ടു:"എന്റെ വീട്ടിൽ ഞാനും എന്റെ ഭാര്യയും, അഞ്ചും, ഏഴും, വയസ്സുള്ള പെണ്മക്കളും മാത്രമേ ഉള്ളു"
വളരെ വൈകിയാണ് ഗുലാം മുഹമ്മദിന് മക്കൾ ഉണ്ടായത്. അതിനാൽ യൗവനം വിടപറയൻ തുടങ്ങുന്നു ഭാര്യക്ക്, അപ്പോൾ പിന്നെ ?
ഭർത്താവ് അടുക്കളയിൽ വന്നു.
'തെരെ ഭി നാ മേരെ,
മേരേ ഭി നാ തെരെ,
യെ സിന്ദഗി, സിന്ദഗി നാ,
തെരെ ഭി നാ ഭി ക്യാ ജീനാ
ഓ സാതീ രേ..'
അവൾ ചപ്പാത്തി പരത്തിക്കൊണ്ടു പാടുന്നു. "നീ കൂടെയില്ലെങ്കിൽ എനിക്കെന്തു ജീവിതമെന്ന്" അയാൾ അവളെ മാറോട് ചേർത്തു വിതുമ്പി.
പുറത്തു , ചണനാരിൽ തീർത്ത കണ്ണാടി തുണ്ടുകൾപതിച്ച ചുവപ്പു നൂലിൽ ചിത്രവേലകൾ ചെയ്ത ചെരിപ്പുകൾ അപ്പോൾ അവിടെ ഇല്ലായിരുന്നു!