mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

1

നഗരത്തിൽ നിന്നും ദൂരെമാറി എന്നും നടക്കാറുള്ള കാട്ടിലെ ഇടവഴിയുടെ അന്ത്യത്തിലെ പൊളിഞ്ഞ കെട്ടിടം അരുണിമയെ അല്പംപോലും ഭയത്തിലാഴ്ത്തിയില്ല. മവിന്റെ വിരലുകൾക്ക് തന്നിലെ ആനന്ദത്തെ ഒന്നായി ഉണർത്താനും ആത്മാവിലുറങ്ങുന്ന സങ്കടങ്ങളെ ഭസ്മീകരിക്കാനും കഴിവുണ്ടെന്ന് അവൾ വിശ്വസിച്ചു.

“ഞാൻ അനാഥനാണെന്നു പറഞ്ഞിരുന്നില്ലേ, എന്നാൽ എനിക്കൊരു സഹോദരിയുണ്ടായിരുന്നു.”

നയനയെക്കുറിച്ചോർക്കുമ്പോൾ ഇനിയൊരിക്കലും കണ്ണുനിറയ്ക്കില്ലെന്നും അതിന്റെ ഉപ്പുരസം കവിളത്തടങ്ങളെ സ്പർശിക്കാൻ അനുവദിക്കില്ലെന്നും മവിൻ ശപഥം ചെയ്തിരുന്നു.

“എന്തുപറ്റി അവൾക്ക്?”

“മനുഷ്യർ രണ്ടുതവണ കൊന്നുകളഞ്ഞു.”

അത്തരത്തിൽ ഒരുത്തരം അരുണിമ അവനിൽ നിന്നും പ്രതീക്ഷിച്ചില്ലെന്നു മാത്രമല്ല അതവളെ ഞെട്ടിക്കുകയും ചെയ്തു.

 

2

ഗ്രാമത്തിൽ നിന്നും ഏഴുകിലോമീറ്ററുകൾ അകലെയുള്ള ഗവണ്മെന്റ് ആശുപത്രിയിലെ നഴ്സായിരുന്നു നയന. ചന്ദ്രകാന്തിനെ കാണുന്നതുവരെ മവിൻ മാത്രമായിരുന്നു അവളുടെ ലോകം. മുഖത്ത് ചെറിയൊരു കറുത്ത പാടുണ്ടായിരുന്നുവെങ്കിലും അവളുടെ കണ്ണുകളിലെ നിഷ്കളങ്കത നയനയെ സുന്ദരിയാക്കി.

പതിയെ മെസ്സേജുകളായി, മിസ്ഡ് കോളുകളായി, അന്ത്യമില്ലാത്ത രാത്രി സംഭാഷണങ്ങളായി നയന ചന്ദ്രകാന്തിന്റെ ഗ്രഹവലയത്തിലേക്ക് നീങ്ങി. ഒരുദിവസം രാത്രി പൊടിഞ്ഞുവീണിട്ടും ചേച്ചി ആശുപത്രിയിൽ നിന്നും തിരിച്ചെത്താത് മവിന്റെ മനസ്സിനെ പൊള്ളിക്കുകയും അവന്റെ ഇരിപ്പിനെ പൊറുതിയില്ലാത്തതാക്കി മാറ്റുകയും ചെയ്തു.

അടുത്ത പ്രഭാതത്തിൽ ജീവനറ്റ നയനയുടെ മൃതദേഹം ഒരു അഴുക്കുചാലിൽ നിന്നും കണ്ടെടുക്കപ്പെട്ടു. ചന്ദ്രകാന്തിന് തന്നോടുള്ളത് പ്രണയമല്ലെന്നും കാമമായിരുന്നുവെന്നും തിരിച്ചറിയുമ്പോൾ വന്യമായ മരണത്തിന്റെ തപ്തമായ കരം അവൾക്കുനേരെ നീണ്ടിരുന്നു.

 

3

“എന്തേ നിങ്ങളവന് വധശിക്ഷ വിധിച്ചില്ല?”

ചന്ദ്രകാന്തിന് ജീവപര്യന്തം വിധിച്ച് കോടതി വരാന്തയിലൂടെ പുറത്തേക്കു നടക്കുകയായിരുന്ന ചീഫ് ജസ്റ്റിസ് ജെ അയ്യരുടെ മുന്നിൽ വട്ടംനിന്നുകൊണ്ട് മവിൻ ചോദിച്ചു. ദേഷ്യം കാരണം അവന് അയാളെ തല്ലാൻ തോന്നിയെങ്കിലും അവനതിനു കഴിഞ്ഞില്ല. വെട്ടിച്ചെറുതാക്കിവച്ച തന്റെ മീശന്മേൽ വിരലോടിച്ചുകൊണ്ട് എന്തുപറയണമെന്നറിയാതെ അയ്യർ അല്പനേരം നിന്നു.

“അതുചോദിക്കാൻ നീയാരാ?”

“നയന എന്റെ ചേച്ചിയാ!”

കരയാതിരിക്കാൻ അവനായില്ല, ദുഃഖത്തിന്റെ കരിമ്പടം പുതച്ച കാർമേഘം വർഷമായി പെയ്തു. ഇരുപത്തിനാലുവർഷത്തെ കോടതി ജീവിതത്തിൽ അന്നാദ്യമായി അയ്യർ ചൂളിപ്പോയി.

കോടതിവരാന്തയിൽ നിന്ന് നാണംകെട്ടിറങ്ങിവരേണ്ടിവന്ന അയ്യർ മകൾ അരുണിമയെ താലോലിക്കുമ്പോൾ വെറുതേ നയനയെക്കുറിച്ചോർത്തു.

എത്ര ഭീകരമായിട്ടായിരിക്കും അവൾ ബലാത്‌കാരത്തിനിരയാക്കപ്പെട്ടിരിക്കുക! എത്ര വേദന തിന്നിട്ടാകും അവൾ മരണത്തിലേക്ക് വഴുതിവീണിരിക്കുക!.

 

4

മഹാനഗരത്തിലേക്ക് സ്ഥലം മാറിപ്പോയ അയ്യർക്ക് തന്റെ അതേപ്രായമുള്ള ഒരു മകളുണ്ടെന്ന് മവിനറിയാമായിരുന്നു. കാത്തിരിക്കാനോ സ്നേഹിക്കാനോ ആരുമില്ലാത്തവന് ജീവിതം വെറുമൊരു പകിടകളിയാണ്. കളിക്കളത്തിലേക്ക് പകിടകൾ ഉരുട്ടിവിടുമ്പോൾ ചെന്നുവീഴുന്നത് “ദായ”മായാലും “വാര”മായാലും അവന്റെ മനസ്സിൽ ആശങ്കയുടെ കനലിൽചുട്ട ഒരുചെറുനാളം പോലും ജനിക്കുകയില്ല.

അരുണിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പാനിപ്പുരി വിറ്റിരുന്ന കടയിൽ കയറിപ്പറ്റാൻ മവിൻ നന്നേപണിപ്പെട്ടു. അവന്റെ കണ്ണുകളിലേക്കും ചുണ്ടിലൊളിപ്പിച്ച നിഗൂഢമായ മൊണാലിസച്ചിരിയിലേക്കും അവളുടെ ശ്രദ്ധപതിയാൻ പിന്നെയും ഒരുപാട് ദിവസമെടുത്തു.

 

5

“ആരാ കൊന്നത്?” ഇടറിയ സ്വരത്തിൽ അരുണിമ ചോദിച്ചു.

“ആദ്യം കൊന്നത് ചന്ദ്രകാന്ത് എന്നയാളാ!”

“പിന്നീടോ?”

തന്റെ ചോദ്യത്തിനുശേഷം തുടർന്നുവന്ന നിശബ്ദത തന്നെ വരിഞ്ഞുമുറുക്കുന്നതുപോലെ അരുണിമയ്ക്കു തോന്നി.

“ജസ്റ്റിസ് ജെ അയ്യർ!” മവിൻ പറഞ്ഞു.

അരുണിമയുടെ മുഖത്ത് കാതകങ്ങളകലെ നിന്നും ക്ഷണിക്കാതെ വന്ന പലവിധവികാരങ്ങൾ ഒന്നുചേരുകയും അതൊരുതരം ദേഷ്യമായി പരിവർത്തനപ്പെടുകയും ചെയ്തു.

“എന്റെ അച്ഛൻ ഉറുമ്പിനെപ്പോലും നോവിക്കാറില്ല.”

അവളുടെ ശബ്ദംകേട്ട് അവന്റെ ചുണ്ടിൽ ഒരുചിരി വിടരുകയും ചേച്ചിയുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അവനത് ഗർഭത്തിൽതന്നെ കൊന്നു ചുണ്ടുകൾക്കുള്ളിൽ തള്ളി.

“അർഹിക്കുന്ന ശിക്ഷ പ്രതിക്ക് വിധിക്കാത്ത എല്ലാ ന്യായാധിപൻമാരും ഇരയെ വീണ്ടും നോവിക്കുക തന്നെയല്ലേ ചെയ്യുന്നത്?”

മവിന്റെ ചോദ്യംകേട്ട് തലവേദനിക്കുന്നതുപോലെ തോന്നിയ അവൾ നെറ്റിപൊത്തിയ ശേഷം കണ്ണുകളടച്ചു.

തറയിലൂടെ വരിയായി പോയിക്കൊണ്ടിരുന്ന ഉറുമ്പിൻകൂട്ടം തന്റെ കാലുകാരണം വളഞ്ഞുപോകുന്നതു കണ്ട മവിൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അരുണിമയുടെ മുന്നിൽ മുട്ടുകുത്തിനിന്നു.

“ഞാനെന്തിനാ നിന്നെ ഇവിടേക്ക് കൊണ്ടുവന്നതെന്നറിയാമോ?”

അവന്റെ ചോദ്യത്തിനുള്ള ഉത്തരം അവളുടെ മുഖത്ത് തെളിഞ്ഞു. അവൾ ഇല്ലെന്ന് തലയാട്ടി.

“എനിക്ക് നിന്നെ പീഡിപ്പിച്ച് കൊല്ലണമായിരുന്നു, നിന്റെ അച്ഛൻ എനിക്ക് ജീവപര്യന്തമാണോ അതോ വധശിക്ഷയാണോ വിധിക്കുന്നതറിയാൻ വേണ്ടിമാത്രം...പക്ഷേ എനിക്കതിനു കഴിയില്ല.”

അരുണിമയുടെ മനസ്സിലേക്ക് ഭയത്തിന്റെ ചക്രങ്ങൾ വച്ചുപിടിപ്പിച്ച രഥം ഉരുണ്ടുവന്നു. അടുത്തനിമിഷം മവിൻ അവളെ ആലിംഗനം ചെയ്തപ്പോൾ അവൻ കരയുക കൂടിചെയ്യുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

“എന്നെ ചിലതെല്ലാം ബോധ്യപ്പെടുത്താനാണ് ഞാൻ നിന്നെ പ്രണയിച്ചത്! പക്ഷേ എനിക്കിനി ഒന്നുംതന്നെ ബോധ്യപ്പെടാനില്ല.” മവിൻ പറഞ്ഞു.

അരുണിമ ഇറങ്ങിപ്പോയപ്പോൾ പൊളിഞ്ഞ ചുമരിന്റെ മുകളിൽ ഇരുന്നിരുന്ന ഒരു പക്ഷിയും എണ്ണമറ്റ ഉറുമ്പുകളും മവിനും മാത്രം അവിടെ ബാക്കിയായി. പെട്ടെന്ന് നടത്തംനിർത്തി തിരിച്ച് വേഗത്തിൽ ഓടിവന്ന അരുണിമ കണ്ടത് തറയിൽവീണു കിടക്കുന്ന മവിനെയാണ്. അവന്റെ അരികിൽ പെരുംവിരലിന്റെയത്ര പോലും വലുപ്പമില്ലാത്ത വിഷക്കുപ്പിയുമുണ്ടായിരുന്നു.

കണ്ണുകൾ എന്നേക്കുമായി അടയുകയാണെന്ന് മനസ്സിലാക്കിയ മവിൻ അവളെനോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. ഈറനണിഞ്ഞ കണ്ണുകളോടും തകർന്ന ഹൃദയവുമായി അവൾ താഴേക്ക് ഊർന്നുനിന്ന മുടി മാറ്റി അവന്റെ നെറ്റിയിൽ ചുംബിച്ചു. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ