mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(അബ്ബാസ് ഇടമറുക്)

വാഹം നടക്കുന്നത് നഗരത്തിലെ പേരുകേട്ട ഓഡിറ്റോറിയത്തിൽ. അവളെ വിവാഹം കഴിക്കുന്നത്‌ കോടീശ്വരനായ യുവാവ്. പകൽ പതിനൊന്നുമണി മുതൽക്കാണ് നിക്കാഹ് ഫങ്ഷൻ.

പലവട്ടം വിളിച്ചിട്ടും ഒപ്പം വരാമെന്നുപറഞ്ഞ സുഹൃത്തുക്കളെ ഫോണിൽ കിട്ടാഞ്ഞപ്പോൾ ആദിയായി.കൃത്യസമയത്തു ഓഡിറ്റോറിയത്തിന് മുൻപിൽ എത്തിക്കോളാമെന്ന്‌ ഇന്നലെ രാത്രിവിളിച്ചപ്പോൾ ഇരുവരും ഉറപ്പ് പറഞ്ഞിട്ടുള്ളതാണ്. മനുഷ്യന്റെ കാര്യമല്ലേ... എന്തേലും കാര്യംകൊണ്ട് മാറ്റം വന്നാലോ എന്നുകരുതി ഒരിക്കൽക്കൂടി വിളിച്ച് ഉറപ്പുവരുത്താമെന്നുകരുതി വിളിച്ചപ്പോൾ ഒരാൾ സ്വിച്ചോഫ്. മറ്റെയാൾ പരിധിക്ക് പുറത്ത്. രണ്ടുപേരും എന്റെ പ്രിയസുഹൃത്തുക്കളാണ്. വാക്ക് മാറില്ല. പറ്റിക്കില്ല... എങ്കിലും എന്റെ സാഹചര്യം ഓർക്കുമ്പോൾ ഒരു അനാവശ്യ സന്ദേഹം.

"ആരെയാ വിളിച്ചിട്ട് കിട്ടാത്തെ... എന്റെ ഫോൺ വേണോ... ചിലപ്പോൾ ഇവിടുത്തെ റേഞ്ചിന്റെ പ്രശ്നമാകും."

അടുത്തിരുന്നയാൾ പറഞ്ഞപ്പോൾ എനിക്കും സംശയമായി. ഇനി എന്റെ ഫോണിന്റെ കുഴപ്പമാണോ... മലയോരത്ത് പലയിടങ്ങളിലും റേഞ്ചു കിട്ടാറില്ല.

രാവിലെ ഏഴുമണിക്ക് കട്ടപ്പനയിൽ നിന്നു സൂപ്പർഫാസ്റ്റിൽ കയറിയതാണ് ഞാൻ. അത്യാവശ്യം നല്ലതിരക്കുള്ള വണ്ടി.എവിടെനിന്നാണ് ഇയാൾ കയറിയത്. ഓർക്കുന്നില്ല. യാത്രയുടെ തുടക്കത്തിൽ അടുത്തിരുന്നയാൾ എഴുന്നേറ്റുപോയപ്പോൾ ഇയാൾ അടുത്തുവന്നിരുന്നത് മാത്രം ഓർക്കുന്നുണ്ട്.

ഞാൻ ഫോണിൽ തലേരാത്രി പോസ്റ്റ്‌ ചെയ്ത ഫേസ്‌ബുക്ക് രചനയുടെ റിവ്യൂകൾ നോക്കാൻ തുടങ്ങി.

"താങ്കൾ ഫ്‌ബി ഗ്രൂപ്പുകളിൽ എഴുതുന്ന ആളല്ലേ ... കഥയോ കവിതയോ... കൂടുതൽ എഴുതുക?"

"അങ്ങനൊന്നുമില്ല. വെറുതെചില കുത്തികുറിക്കലുകൾ. നേരമ്പോക്കുകൾ."

ഞാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. അപ്പോഴാണ് ഞാൻ ചിന്തിച്ചത് അരാണീ യുവാവ്. കട്ടപ്പനയിൽ നിന്നുള്ള മണിക്കൂറുകൾ ദൈർഗ്യമുള്ള സ്ഥിരം യാത്രകളിൽ നിത്യവും ഫോണ് കൈയിൽ പിടിച്ച് നോക്കിയിട്ട് ഒരാൾപോലും ഇന്നുവരെ ഇങ്ങനൊരു ചോദ്യം ചോദിച്ചിട്ടില്ല. അപ്പോഴാണ് സഹയാത്രികനായ ഈ യുവാവ്.

"ഞാൻ ഫൈസൽ.കൃഷിവകുപ്പിലാണ് ജോലി. ഇപ്പോൾ ജോലിയിൽ കയറിയിട്ട് രണ്ടുവർഷമായി.തൊടുപുഴവരെ പോകുന്നു." അയാൾ സ്വയം പരിചയപ്പെടുത്തി.

അപ്പോൾ ഗവന്മേന്റ്ഉദ്യോഗസ്ഥാനാണ് ആൾ. കണ്ടപ്പോൾ തോന്നിയില്ല. ഒരു ജോലിക്കാരന്റെ എടുപ്പും മട്ടും.

"ഡാ നിങ്ങൾ എവിടാ...എന്താ വിളിച്ചിട്ട് എടുക്കാത്തെ.?"

ഞാൻ വാട്സാപ്പിൽ സുഹൃത്തുക്കൾക്ക് മെസേജ് അയച്ചു.

"അല്ല ഞാൻ എന്നെ പരിചയപ്പെടുത്തി. താങ്കൾ എവിടേക്കാണെന്നു പറഞ്ഞില്ലല്ലോ യാത്ര." അയാൾ എന്നെ ശ്രദ്ധിച്ചു.

എന്നാൽ പാതിദൂരം പിന്നിട്ടിട്ടും സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ കഴിയാതിരുന്ന ഞാൻ ഒന്നിനെക്കുറിച്ചും സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.എന്റെ സ്ഥാനത്ത് മാറ്റാരായാലും അപ്പോൾ അങ്ങനെയേ പെരുമാറാൻ കഴിയൂ.

 

ഞാൻ വീണ്ടും ഫോണിൽ ഇരുവരെയും വിളിച്ചുനോക്കി. പതിവുപല്ലവി തന്നെ.ഒരാൾ സ്വിച്ചോഫ്. മറ്റെയാൾ പരിധിക്ക് പുറത്ത്.

 

ഞാൻ എന്നെക്കുറിച്ച് ഒന്നും പറയാതെ ഫോണിൽ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ഫൈസൽ അക്ഷമനായതുപോലെ തോന്നി. അയാൾ മെല്ലെ എന്നെയൊന്നു തോണ്ടിക്കൊണ്ട് വീണ്ടും ചോദിച്ചു.

 

"താങ്കൾ എവിടെ പോകുന്നു. എന്ത് ചെയ്യുന്നു."

 

പിന്നെയും മിണ്ടാതിരിക്കുന്നത് മാന്യതയല്ലെന്നുകണ്ടു ഞാൻ പറഞ്ഞു.

 

"ഞാനൊരു കൃഷിക്കാരനാണ്.ഇന്ന് തൊടുപുഴ എന്റെയൊരു ഫ്രണ്ടിന്റെ കല്യാണമുണ്ട്. അതിന് പോകുന്നവഴിയാണ്."

 

"കൺഗ്രാജുലേഷൻസ്."

 

അവൻ എന്നെനോക്കി പുഞ്ചിരിച്ചു.

 

താങ്കൾ കഥകളൊക്കെ എഴുതുന്നുണ്ടല്ലോ...അച്ഛടിച്ചുവന്നിട്ടുണ്ടോ... പുസ്തകം ഇറങ്ങിയിട്ടുണ്ടോ.?"

 

ഇയാൾക്ക് എന്തെല്ലാം അറിയണം.എനിക്ക് ഫൈസലിനോട് ചെറിയ വെറുപ്പ് തോന്നി.

 

"അതുപിന്നെ ഞാൻ അത്രവലിയ എഴുത്തുകാരനൊന്നുമല്ല.വെറുതേ ഓൺലൈനിൽ ചിലതെല്ലാം കുറിക്കുന്നു എന്നുമാത്രം."

 

ഞാൻ ഒഴിഞ്ഞുമാറി.

 

പിന്നെ ഫോണെടുത്ത് വീണ്ടും സുഹൃത്തുക്കളെ വിളിക്കാനൊരുങ്ങി. അപ്പോൾ അവരിൽ ഒരാൾ എനിക്ക് മെസേജ് അയച്ചിരിക്കുന്നു. നോട്ടിഫിക്കേശൻ ഓഫായതുകൊണ്ട് അറിഞ്ഞില്ല.ഉടൻതന്നെ തിരിച്ചു മെസേജ് അയക്കാൻ നോക്കുമ്പോൾ അവൻ ഓൺലൈനിൽ ഇല്ല.

 

"കോപ്പ്..."

 

ഞാൻ കൈകൾ ചുരുട്ടി ബസ്സിന്റെ കമ്പിയിൽ ഇടിച്ചു.

 

"എന്തുപറ്റി... എന്തേലും പ്രോബ്ലം.?"

 

ഫൈസൽ എന്നെനോക്കി.

 

"ഏയ്‌ ഒന്നുമില്ല... വെറുതേ."

 

ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.

 

മിട്ടായി തിന്നുന്നതിനിടയിൽ ഒരെണ്ണം എനിക്കും വെച്ചുനീട്ടി ഫൈസൽ.ഞാനാണെങ്കിൽ മറ്റുള്ളവരുടെ കൈയിൽ നിന്ന്‌ എന്തെങ്കിലും വാങ്ങിച്ചുകഴിക്കാൻ മടിയുള്ള ആളാണ്.പക്ഷേ, ഫൈസൽ നീട്ടിയ മിട്ടായി വാങ്ങാതിരിക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ ഞാനതുവാങ്ങി കൈയിൽ പിടിച്ചു.

 

"കഴിക്കൂന്നേ..."

 

മിട്ടായി വായിലിട്ടു നുണഞ്ഞുകൊണ്ട് അവൻ പറഞ്ഞു.

 

"ആ താങ്കൾ കൃഷിക്കാരനാണെന്നല്ലേ പറഞ്ഞത്. എനിക്കും ഇഷ്ടമാണ് കൃഷി.ഞങ്ങൾക്കും ഉണ്ട് ഒരേക്കാൾ സ്ഥലം.ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ ഞാൻ നേരത്തേയുണരും.പല്ലുതേപ്പും ചായകുടിയുമൊക്കെ കഴിഞ്ഞാൽ പിന്നെ വാക്കത്തിയും തൂമ്പയുമെടുത്തു പറമ്പിലേക്കിറങ്ങും. പിന്നെ ഉച്ചവരെ നല്ല ജോലിയാണ്. അങ്ങനെ പറമ്പിൽ ഇപ്പോൾ ഇല്ലാത്തത് ഒന്നുംതന്നെയില്ല എന്നുപറയാം. പിന്നെ ഉച്ചയോടുകൂടി തോട്ടിൽ പോയി കുളിക്കും. പിന്നെ നന്നായി ഒരു ഉച്ചയൂണ്. ഇറച്ചി നിർബന്ധമാണ്."

 

അവൻ പറഞ്ഞുനിറുത്തി.

 

ആ സമയം എന്തുകൊണ്ടോ ഫൈസലിനോട് എനിക്കൊരു ഇഷ്ടം തോന്നി. തന്നെപ്പോലെ തന്നെയുള്ള ഒരുവൻ. ജോലികിട്ടിയിട്ടും മണ്ണിനേയും മരങ്ങളേയുമൊക്കെ സ്നേഹിക്കാനുള്ള മനസ്സ്.ഇക്കാലത്ത് ഇങ്ങനെയുള്ളവർ ഉണ്ടോ. ഞാൻ ചിന്തിച്ചു.

 

ഒരുനിമിഷം എന്റെ ഫോൺ ബെല്ലടിച്ചു. സുഹൃത്താണ്.

 

"ഹലോ ഡാ ഇതെവിടാ...എന്താ വിളിച്ചിട്ട് എടുക്കാത്തെ.?"

 

അവൻ എന്തൊക്കെയോ പറഞ്ഞെങ്കിലും ഒന്നും വെക്തമായി കേൾക്കാനായില്ല. സംഭാഷണങ്ങൾ മുറിഞ്ഞുമുറിഞ്ഞുപോയി.ശ്ശെ റേഞ്ചു പ്രോബ്ലം വല്ലാതെയുണ്ടെന്ന്‌ എനിക്ക് മനസ്സിലായി.എന്തായാലും വിളിച്ചസ്തിക്ക് എന്റെ മെസേജ് കണ്ടിട്ടുണ്ടാവും. ഇരുവരും എത്താതിരിക്കില്ല. ഞാൻ അങ്ങനെ സമാധാനിച്ചു.

 

"താങ്കൾ എഴുതിത്തുടങ്ങിയിട്ട് എത്രനാളായി...പഠിക്കുന്ന കാലത്തൊക്കെ എഴുതുമായിരുന്നോ...?"

 

ഫൈസൽ എന്നെനോക്കി.

 

ഏയ്‌ അങ്ങനെ ഒരുപാട് നാളൊന്നുമായില്ല.കൂടിവന്നാൽ മൂന്നുവർഷം. അതും ഓൺലൈനിൽ. സ്കൂൾ കാലത്ത് ഒന്നുംതന്നെ എഴുതിയിട്ടില്ല. ഫോൺവാങ്ങിയതിൽ പിന്നെ ഗ്രൂപ്പുകളിലൊക്കെ മറ്റുള്ളവർ എഴുതുന്നത് കണ്ട് പ്രചോദനം ഉൾക്കൊണ്ട് അങ്ങനെ."

 

ഞാൻ പറഞ്ഞു നിറുത്തി.

 

"ചിലതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്.ഇതുവരെ എത്രകഥകൾ എഴുതിയിട്ടുണ്ട്.?"

 

"അങ്ങനെ പറഞ്ഞാൽ ഏകദേശം ഒരു ഇരുന്നൂറ്റമ്പതെണ്ണം ആയിക്കാണണം."

 

ഞാൻ പറഞ്ഞു.

 

"ആണോ... ഗുഡ്."

 

അവൻ എനിക്കുനേരെ തള്ളവിരൽ ഉയർത്ഥിക്കാണിച്ചു.

 

വണ്ടി തൊടുപുഴ അടുക്കാറായിരിക്കുന്നു. വഴികളിൽ തിരക്കേറിവന്നു.

 

"മനുഷ്യൻ പരക്കംപായുകയാണ്.എന്തിനുവേണ്ടി... പണത്തിനുവേണ്ടി. പണത്തിനുവേണ്ടി എന്ത് ക്രൂരതയും ചെയ്യാൻ മടിക്കില്ല ഇന്നത്തെ സമൂഹം.ഇങ്ങനെ ചെയ്യുമ്പോൾ തകരുന്ന ചിലരുടെയെല്ലാം ജീവിതം ഇക്കൂട്ടർ കണ്ടില്ലെന്നു നടിക്കുന്നു."

 

ഫൈസൽ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നെന്നപോലെ പുറത്തേയ്ക്ക് നോക്കി സംസാരിച്ചു.

 

"ഞാൻ നേരത്തേ പറഞ്ഞില്ലേ സ്വന്തമായി വീടുണ്ട്, കൃഷിസ്ഥലമുണ്ട്, ജോലിയുണ്ട് എന്നൊക്കെ... എന്തുണ്ടായിട്ടെന്താ ഫലം.കപടസ്നേഹം നടിച്ചെത്തിയ ഒരുപെണ്ണിനെ വിശ്വസിച്ചു മനസ്സും സമ്പാദ്യവും കൊടുത്തു ഇത്രകാലവും ഒരു വിഡ്ഢിയെപ്പോലെ കഴിഞ്ഞു."

 

ഒരു നിമിഷംനിറുത്തി ദീർക്കനിശ്വാസം ഉതിർത്തിട്ട് അവൻ വീണ്ടും തുടർന്നു.

 

"നമ്മളെ സ്നേഹിക്കാൻ ഒരു പെണ്ണുണ്ടാകുമ്പോൾ നമ്മൾ വിചാരിക്കും എല്ലാമായെന്ന്‌. വിവാഹം, കുടുംബം, കുട്ടികൾ അങ്ങനെ ജീവിതാവസാനംവരെ നമ്മൾ സ്വപ്നം കാണും. ഒടുവിൽ അവൾ ഇതെല്ലാം വെറും നേരംപോക്ക് ആക്കിക്കൊണ്ട് കടന്നുപോകുമ്പോൾ... "

 

അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.പറഞ്ഞുനിറുത്തിയിട്ട് അവൻ മുന്നോട്ടുനോക്കിയിരുന്ന്‌ എന്തോ ആലോചിച്ചു.

 

മൊബൈലിൽ സുഹൃത്തിന്റെ നമ്പർ തെളിഞ്ഞതും ഞാൻ ഫൈസലിനെ മറന്നുകൊണ്ട് ഫോൺ അറ്റന്റ് ചെയ്തു.

 

"ഡാ എവിടെയെത്തി... ഞങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട് കേട്ടോ... നിന്നെ വിളിച്ചിട്ട് കിട്ടിയില്ല...ഓക്കേ വാ."

 

ഫോൺ കട്ടായി. എനിക്ക് ആശ്വാസമായി.

 

"താങ്കൾ ഒരു ഫാത്തിമയെ അറിയുമോ... ഗ്രൂപ്പിലൊക്കെ എഴുതുന്ന.?"

 

പൊടുന്നനെ എന്നെ ഞെട്ടിച്ചുകൊണ്ട് ഫൈസൽ ചോദിച്ചു.

 

"പിന്നെ അറിയുമോന്നോ... അവളുടെ കഥകളൊക്കെ മനോഹരമല്ലേ... എന്റെ അടുത്ത സുഹൃത്തായിട്ട് വരും. അവരുടെ ഓരോ കഥകളും എത്രവട്ടം വായിച്ചിട്ടുണ്ടെന്നോ."

 

"ഉം പക്ഷേ, എനിക്കങ്ങനെ തോന്നിയിട്ടില്ല.എല്ലാം ഒരുഭാഗ്യമായിട്ടേ ഞാൻ കാണുന്നുള്ളൂ... അവളേക്കാൾ നന്നായി എഴുതുന്ന എത്രയോ പേരുണ്ട്. എന്നിട്ടും അവൾക്ക് ലൈകും കമന്റും വരിക്കോരിക്കൊടുത്തുകൊണ്ട് എഴുത്തിനെ വാഴ്ത്താൻ കുറേ ആളുകളുണ്ട്. ഇന്ന് സോഷ്യൽ മീഡിയ വന്നതോടെ എത്രയോ എഴുത്തുകാരാണ് ഓരോദിവസവും പിറവിയെടുക്കുന്നത്. അവരെയൊക്കെവെച്ചുനോക്കുമ്പോൾ ഇവളുടെ എഴുത്ത് എന്ത്."

 

ഫൈസൽ പറയുന്നത് കാര്യങ്ങളാണ്. യഥാർഥ്യങ്ങൾ അതിൽ നിറഞ്ഞുനിൽക്കുന്നു. അതിലുപരി ഫൈസലിന് അവളുടെ എഴുത്തുകളോട് എന്തോ അതൃപ്തി ഉള്ളതുപോലെ എനിക്ക് തോന്നി.

 

വണ്ടി തൊടുപുഴ ട്രാൻസ്പോർട്ട് സ്റ്റാൻഡിൽ എത്തിയതും ഞങ്ങൾ ഇറങ്ങി.

 

"അല്ല എനിക്ക് ഇവിടുന്ന് ഓട്ടോ പിടിക്കുകയോ... ബസ്സ് കയറുകയോ ചെയ്യണം. ഓഡിറ്റോറിയത്തിൽ എത്താൻ. സുഹൃത്തുക്കൾ അവിടെയെത്തിയിട്ടുണ്ട്."

 

ഞാൻ പറഞ്ഞു.

 

"എന്തായാലും വരൂ... ഇത്രദൂരം യാത്രചെയ്തു വന്നതല്ലേ. നമുക്കൊരു ചായകുടിക്കാം.എന്നിട്ട് പോകാം. അവിടുന്ന് ബസ്സ് കിട്ടുകയും ചെയ്യും."

 

ഫൈസൽ എന്നെനോക്കി.

 

"ആയിക്കോട്ടെ..."

 

ഞാൻ പറഞ്ഞു. ആ യാത്രകൊണ്ട് ഒരുപാട് നാളത്തെ ബന്ധമുള്ള ഒരുസുഹൃത്തിനെപ്പോലെ എനിക്ക് ഫൈസലിനെ തോന്നി.

 

തൊട്ടുമുന്നിലെ കടയിൽ കയറി ഓരോ ചായയും കടിയും ഓർഡർ ചെയ്തു ഫൈസൽ.ഞങ്ങൾ ഇരുവരും അത് കഴിച്ചു.ഇറങ്ങാന്നേരം ഞാൻ പൈസ കൊടുക്കാനൊരുങ്ങിയെങ്കിലും അവൻ അനുവദിച്ചില്ല.

 

ഒടുവിൽ എനിക്കുപോകേണ്ടുന്ന ബസ്സുനോക്കി നഗരത്തിന്റെ നടുവിലെ ബസ്സ്റ്റോപ്പിൽ നിൽകുമ്പോൾ ഞാൻ പെട്ടെന്ന് ഓർത്തുകൊണ്ട് ഫൈസലിനെ നോക്കി ചോദിച്ചു.

 

"അല്ല ഇനിയെന്നാണ് നമ്മൾ തമ്മിൽ കണ്ടുമുട്ടുക. മൊബൈൽ നമ്പർ തരൂ... വിളിക്കാല്ലോ..."

 

"ഇനിയും നമ്മൾ തമ്മിൽ ഇന്ന് കാണുമെന്നേ... നമ്പർ അന്നേരം തരാം പോരെ.?"

 

അവൻ പുഞ്ചിരിയോടെ എന്നെനോക്കി.

 

"ഇനിയൊരു കണ്ടുമുട്ടൽ ഇന്നെവിടെവെച്ച്.?"

 

ഞാൻ വിസ്മയത്തോടെ അവനെ നോക്കി.

 

"ഓഡിറ്റോറിയത്തിൽ വെച്ച്. ഫാത്തിമയുടെ വിവാഹവേദിയിൽ വെച്ച്. ഞാൻ വന്നിട്ടുള്ളതും അവിടേക്കാണ്. അവൾക്ക് കൊടുക്കാൻ ഒരു സമ്മാനം വാങ്ങണം. അതുകഴിഞ്ഞാൽ ഞാനങ്ങെത്തും. സുഹൃത്തുക്കൾ നോക്കിനിൽക്കുന്നു എന്നല്ലേ പറഞ്ഞത്.അതാ ഞാൻ താങ്കകെക്കൂടി കൂടെകൂട്ടാത്തത്."

 

ബസ്സ്‌ ദൂരെകാഴ്ച്ചയിൽ തെളിഞ്ഞതും ഞാൻ ചോദിച്ചു.

 

"ഫാത്തിമയുടെ വിവാഹത്തിൽ പങ്കെടുക്കാൻ മാത്രം എന്താണ് നിങ്ങൾതമ്മിൽ ബന്ധം .?"

 

അവനൊന്നു ചിരിച്ചു. എന്നിട്ട് മല്ലേ പറഞ്ഞു.

 

"താങ്കൾക്കുള്ള അതേ ബന്ധം.താങ്കളെപ്പോലെ അവളുടെ വലയിൽ പെട്ട അനേകം കാമുകന്മാരിൽ ഒരുവനാണ് ഞാനും. ബസ്സിൽവെച്ചു ഞാൻ പറഞ്ഞില്ലേ എന്നെ വഞ്ചിച്ച ഒരുവളെക്കുറിച്ച്...അവൾ ഇവളാണ്."

 

വലിയൊരു ഞെട്ടലോടെ അതുകേട്ടുകൊണ്ട് ഒന്നും പറയാനാവാതെ ബസ്സിൽകയറി നീങ്ങുമ്പോൾ ഫൈസൽ അടുത്തുള്ള ഗിഫ്റ്റ് ഷോപ്പ് ലക്ഷ്യമാക്കി നടന്നുനീങ്ങിക്കഴിഞ്ഞിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ