(Abbas Edamaruku )
പുലർച്ചെ ചായകുടി കഴിഞ്ഞ് ബൈക്കിൽ കയറി വീട്ടിൽ നിന്ന് കുറച്ചകലെയായി ഉള്ള കൃഷിയിടത്തിലേയ്ക്ക് ചെന്നു. അവിടെ എന്റെ വാഴയും, മരച്ചീനിയുമൊക്കെ വളരുന്നുണ്ട്. അതിന്റെ പരിചരണം എന്റെ ഉത്തരവാദിത്വമാണ്. താമസിക്കുന്നിടത്ത് സ്ഥലം കുറവാണ്. അതുകൊണ്ടുതന്നെ യാതൊന്നും കൃഷിചെയ്യാനാവില്ല.
ആദ്യകാലത്ത് ഈ കൃഷിയിടമുള്ള ഭൂമിയിലെ ചെറിയ വീട്ടിലായിരുന്നു ഞങ്ങടെ താമസം. ടൗണിനോട് ചേർന്ന് പുതുതായി സ്ഥലം വാങ്ങി വീടുവെച്ചതോടെ ഇങ്ങോട്ടുള്ള വരവ് വല്ലപ്പോഴുമായി ഒതുങ്ങി. വല്ല തേങ്ങയോ മറ്റോ ഇടാൻ വന്നാലയി. വീണ്ടും വരവിന്റെ എണ്ണങ്ങൾ കൂടിയത് കൊറോണ വൈറസ് പടർന്നുപിടിച്ചതോടെയാണ്. ലോക്ക്ഡൌണുകളിലും മറ്റും വെറുതേ ഇരുന്ന സമയങ്ങളിൽ പറമ്പിൽ വന്ന് കൃഷിയിറക്കാൻ തീരുമാനിച്ചു.
എല്ലാവരെയുംപോലെ എനിക്ക് ടൗണിലേയ്ക്ക് വീടുവെച്ചു മാറാൻ താൽപ്പര്യമുണ്ടായിരുന്നില്ല. ജനിച്ചുവളർന്ന നാടിനോടും, വീടിനോടും, കൃഷിയിടത്തോടുമെല്ലാമുള്ള വല്ലാത്തൊരു ആത്മബന്ധം എന്നെ പിന്നോട്ട് വലിച്ചുകൊണ്ടിരുന്നു. പക്ഷേ, ജീവിതസൗകര്യങ്ങൾ നോക്കാതെ പറ്റില്ലല്ലോ.?
ഗ്രാമത്തിലെ എന്റെ പഴയവീടിനെക്കുറിച്ചു പറയുകയാണെങ്കിൽ... തോടിന്റെ കരയിൽ ആസ്‌ബറ്റോസ് മേഞ്ഞ ഒരു കൊച്ചു വീട്. മുന്നിലേയ്ക്ക് നോക്കിയാൽ ചെറിയ കൈതോടിനപ്പുറം അധികം വീതിയില്ലാത്ത മൺറോട്.അതിനപ്പുറം വിശാലമായ പാടവും ടാറിങ് റോഡുമൊക്കെ കാണാം. വേനൽക്കാലത്തും പാടങ്ങളേയും, തോടുകളെയും തഴുകിയെത്തുന്ന കാറ്റിന് തണുപ്പുണ്ടാവും.
ടൗണിൽ നിന്നുതുടങ്ങി വീടിനടുത്തുവരെ ഇരുവശവും നേൽപ്പാടങ്ങളാണ്. വഴിയരികിലെ വീടുകളെല്ലാം വളരെ പഴക്കമുള്ളതും...അതിൽ വസിക്കുന്നവരിൽ മിക്കവരും പാരമ്പര്യമായി കൃഷി ഉപജീവനമാർഗമാക്കിയവരുമാണ്.
വീടിരിക്കുന്ന പറമ്പിന്റെ പടിഞ്ഞാറേ മൂലയിലാണ് 'നഫീസു' താത്തയുടെ താമസം. പറമ്പിനടുത്ത് സ്ഥലംവാങ്ങി താമസം തുടങിയ കാലംമുതൽക്കുള്ള സൗഹൃദമാണ് ഞങ്ങളും നാഫീസുതാത്തയും തമ്മിൽ. ഇന്ന് നഫീസുതാത്ത തനിച്ചാണ് അവിടെ താമസം. വയസ്സ് അറുപത് കഴിഞ്ഞിരിക്കുന്നു.
എന്തുകൊണ്ടോ പരിചയപ്പെട്ടനാൾ മുതൽ മറ്റുള്ളവരോടൊന്നും തോന്നാത്തൊരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു താത്തയോട്. ഒരുപക്ഷേ, അത് ആ വ്യക്തിത്വത്തോടും, ജീവിതരീതികളോടുമെല്ലാമുള്ള ഇഷ്ടമാവാം. ഇതിലെല്ലാമുപരി വളരെച്ചെറുപ്പത്തിലെ ഭർത്താവ് ഉപേക്ഷിച്ചുപോയ സുന്ദരിയായ വിധവയോടുള്ള അനുകമ്പയുമാവാം.
എന്നത്തേയും പോലെ വേലിക്കരികിൽ വന്നുനിന്നുകൊണ്ട് വീട്ടിലേയും, ഉമ്മയുടേയും ഒക്കെ വിശേഷങ്ങൾ തിരക്കാൻ നാഫീസുതാത്ത നിൽക്കുന്നുണ്ടാവും എന്നുകരുതികൊണ്ടാണ് തൊടിയിലേയ്ക്ക് ബൈക്ക് ഓടിച്ചുകയറ്റിയത്.
പക്ഷേ, ആ വേലിക്കരികിലേയ്ക്ക് നോക്കിയ ഞാനൊരുനിമിഷം ഭയന്നുപോയി. അവിടെ താത്ത ഇല്ലന്നുമാത്രമല്ല... മാറ്റാരൊക്കെയോ മുറ്റത്ത് കൂട്ടംകൂടി നിൽക്കുന്നുമുണ്ട്. അയൽക്കാരാണ്... അവർ എന്തൊക്കെയോ അടക്കിപ്പിടിച്ചു സംസാരിക്കുന്നുണ്ട്. ഈ സമയം അയൽക്കാരിൽ ചിലർകൂടി അവിടേയ്ക്ക് നടന്നുപോകുന്നത് കണ്ടു.
നാഫീസുതാത്തയ്ക്ക് വല്ല അപകടവും... എന്റെയുള്ളിൽ വല്ലാത്തൊരു നടുക്കമുണ്ടായി.പ്രായമായ ആളാണ്. പ്രശറും, ഷുഗറുമൊക്കെ ഉണ്ട്. പോരാത്തതിന് ഒറ്റയ്ക്കുള്ള താമസവും.മനസ്സിൽ വല്ലാത്തൊരു ആന്തൽ.
ഞാൻ ബൈക്ക് ഒതുക്കിവെച്ചിട്ട് വേഗത്തിൽ അവിടേയ്ക്ക് നടന്നു. മുറ്റത്തെത്തിയപ്പോൾ ചന്ദനത്തിരി കത്തിയെരിയുന്ന ഗന്ധം ഞാനറിഞ്ഞു. ഒപ്പം അകത്തുനിന്നുയരുന്ന ഖുർആൻ പാരായണത്തിന്റെ ശീലുകളും ആരുടെയൊക്കെയോ തേങ്ങലുകളും എന്റെ കാതിൽ വന്നുപതിച്ചു. വല്ലാത്തൊരു നടുക്കം .എനിക്ക് മനസ്സിലായി.
നഫീസുതാത്ത മരണപ്പെട്ടിരിക്കുന്നു. അകത്തെ മുറിയിൽ വെള്ളത്തുണി പുതച്ച് മിഴികൾപൂട്ടി താത്ത കിടക്കുന്നു. തേങ്ങികരഞ്ഞുകൊണ്ട് ഏതാനും സ്ത്രീകൾ അടുത്തിരുപ്പുണ്ട്. കാഴ്ചയിൽ അവർ താത്തയുടെ സഹോദരിമാരാണെന്നു തോന്നി. ഞാൻ ചുറ്റും നോക്കി... താത്തയുടെ മകളും,മരുമകനും,കൊച്ചുമക്കളുമൊക്കെ എവിടെ.?
"എപ്പോഴാണ് മരിച്ചത്.?"ഞാൻ അടുത്തുനിന്ന അയൽവാസിയോട് ചോദിച്ചു.
"എട്ടുമണിയായിക്കാണും. നെഞ്ചുവേദന എടുക്കുന്നു എന്നുംപറഞ്ഞ് അയൽവക്കത്തെ കുട്ടിയെ കൈകാട്ടി വിളിച്ചു. തുടർന്ന് അയൽക്കാരിൽ ചിലർ ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി ആൾ പോയി."
കഴിഞ്ഞ ആഴ്ചയുംകൂടി താത്തയെ കണ്ട് സംസാരിച്ചതാണ്. പതിവുപോലെ കൃഷിയിടത്തിലെ ജോലികഴിഞ്ഞു മടങ്ങുംനേരം കട്ടൻചായയും ഉണ്ടാക്കിത്തന് താത്ത എന്നെ യാത്രയാക്കിയതാണ്.എത്രപെട്ടെന്നാണ് മരണം മനുഷ്യനെ പിടികൂടുന്നത്.
താത്ത ധൈര്യവതിയായിരുന്നു. മനസ്സുനീറുന്ന നൊമ്പരങ്ങൾക്കിടയിലും തളരാതെ ജീവിതം മുന്നോട്ട് നയിച്ചവൾ. ചെറുപ്പത്തിലെ ഭർത്താവ് മറ്റൊരു സ്ത്രീയെ സ്നേഹിച്ചു വിവാഹം കഴിച്ചു പോയിട്ടും... താത്ത തളർന്നില്ല. ഒറ്റയ്ക്ക് ജീവിതത്തെ നേരിട്ടുകൊണ്ട് ഏകമകളെ പഠിപ്പിച്ചു കെട്ടിച്ചയച്ചു. പലരും ആ നാളുകളിൽ താത്തയോട് ഒരു രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞുകൊണ്ട് നിർബന്ധിച്ചതാണ്. ചിലർ പ്രണയഭ്യർത്ഥന നടത്തുകയും ചെയ്തു. എന്നിട്ടും താത്ത വഴങ്ങിയില്ല.
ഒരാഴ്ചമുമ്പ് ഞാനും താത്തയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്ന സമയത്താണ്... നാട്ടിലെ ഏതാനും ചെറുപ്പക്കാർ വീട്ടുമുറ്റത്തേയ്ക്ക് കടന്നുവന്നത്. അവരുടെ കൈയിൽ വിവിധ പയ്ക്കറ്റുകളിലായി എന്തൊക്കെയോ ഉണ്ടായിരുന്നു. അവർ നടത്തുന്ന ചാരിറ്റിയുടെ ഭാഗമായി...കൊറോണയും മറ്റുമായി ബന്ധപ്പെട്ടുള്ള സഹായനിധിയിലെ കിറ്റ് വിതരണത്തിന് വന്നതായിരുന്നു അവർ.
കിറ്റ് കൊടുത്തിട്ട് അവർ യാത്രപറഞ്ഞുപോയിക്കഴിഞ്ഞപ്പോൾ താത്ത എന്നെനോക്കി പറഞ്ഞു.
"ദാ കണ്ടില്ലേ എനിക്കിപ്പോൾ സഹായത്തിന് ഇവരൊക്കെയേ ഉള്ളൂ. ഇവരെപ്പോലുള്ള ചില നല്ല മനസ്സുകളുടെ സഹായംകൊണ്ടാണ് ഞാനിന്ന് ജീവിച്ചുപോകുന്നത്. ഇതുകൂടി ഇല്ലായിരുന്നെങ്കിൽ പിന്നെ... കണ്ടില്ലേ വീടിരിക്കുന്നത്... ഇടിഞ്ഞുവീഴാറായി. പൊളിച്ചുമേഞ്ഞുതരാമെന്ന് ചിലരൊക്കെ പറഞ്ഞതാണ്. ഞാൻ സമ്മതിച്ചില്ല. എന്തിനുവെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണം.എനിക്കൊരാൾക്ക് താമസിക്കാൻ ഇതുതന്നെ ധാരാളം."
എപ്പോഴും കാണുന്നതാണെങ്കിലും ഞാനൊരിക്കൽക്കൂടി വീടിനുമുകളിലേയ്ക്ക് നോക്കി. ഒരു മുപ്പത്തുവർഷത്തെ പഴക്കമെങ്കിലും കാണും മൺകട്ടകൊണ്ട് പണിത ആ വീടിന്.മിക്കയിടങ്ങളിലും പട്ടികയും മറ്റും ദ്രവിച്ചുപോയിരിക്കുന്നു. ഓടുകൾ പലയിടത്തും പൊട്ടിയിട്ടുണ്ട്. ചുമരിലെ തേപ്പും അടർന്നു തുടങ്ങിയിരിക്കുന്നു.
"എന്തായാലും ആളുകൾ സഹായിക്കാമെന്നു പറഞ്ഞസ്ഥിതിക്ക് വീട് ഒന്ന് നന്നാക്കാമായിരുന്നു. പഞ്ചായത്തിൽ അപേക്ഷകൊടുത്താൽ ചെറിയ ധനസഹായവും കിട്ടുമല്ലോ.?" ഞാൻ താത്തയെ നോക്കി.
"കിട്ടുമായിരുന്നു... എത്രയോ മുൻപ് ... ഇനിയിപ്പോൾ അതൊന്നും കിട്ടുമെന്ന് തോന്നുന്നില്ല. മകളും, മരുമകനുമൊക്കെ ഉദ്യോഗക്കാരല്ലേ. അവരെക്കൊണ്ട് എനിക്ക് ഗുണമൊന്നുമില്ലെങ്കിലും രേഖമൂലം അവരിന്നും എന്റെ സ്വന്തമല്ലേ.?"
"മരിക്കും വരെ ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയണം. അത്രയുമേ ഇപ്പോൾ ആഗ്രഹിക്കുന്നുള്ളു. എവിടായാലും മകളും, മരുമകനുമൊക്കെ സുഖമായി ജീവിക്കട്ടെ. ഈ തള്ളയ്ക്ക് വേണ്ടി അവർ എന്തിന് ബുദ്ധിമുട്ടണം."ഒരുനിമിഷം നിറുത്തി ഒരു ദീർഘാനിശ്വാസം പൊഴിച്ചിട്ട് താത്ത തുടർന്നു.
"ജോലി കിട്ടി അധികനാൾ കഴിയുന്നതിനുമുൻപേ മകൾ എന്നോട് പറഞ്ഞു... അവളും ഭർത്താവും ടൗണിൽ ഒരു വീട് വാടകക്കെടുത്തു താമസം അവിടേയ്ക്ക് മാറ്റാൻ പോവുകയാണെന്ന്. തൽക്കാലം എന്നോട് ഇവിടെ തനിച്ച് താമസിക്കാനും, ലോണെടുത്ത് സ്വന്തമായി സൗകര്യമുള്ള ഒരു വീട് വാങ്ങിയിട്ട് എന്നേക്കൂടി അവിടേയ്ക്ക് കൊണ്ടുപോകാമെന്നും പറഞ്ഞു."
"ഞാൻ തടസ്സമൊന്നും പറഞ്ഞില്ല. ചിലവുകാശിനായി അവരെ ബുദ്ധിമുട്ടിക്കാനും പോയില്ല. ആടിനെവളർത്തിയും, കൂലിവേല ചെയ്തും, കിട്ടുന്ന റേഷനരികൊണ്ട് കഞ്ഞിവെച്ചുകൂടിച്ചുമെല്ലാം ഞാനിതുവരെ ജീവിച്ചുപോന്നു.ഇപ്പോൾ വർഷം പത്തുകഴിഞ്ഞിരിക്കുന്നു. ഇന്നുവരെ അവർ സ്വന്തമായി ഒരു വീട് ഉണ്ടാക്കുകയോ എന്നെ കൂട്ടിക്കൊണ്ട് പോവുകയോ ചെയ്തില്ല. ഈ വീട് പുതുക്കിപ്പണിയാൻ പറഞ്ഞിട്ട് കേട്ടതുമില്ല.കിട്ടുന്ന പണമത്രയും അടിച്ചുപൊളിച്ചു കളയുന്നത് കണ്ട്... സങ്കടത്തോടെ ഞാനൊരിക്കൽ മകളോട് ചോദിച്ചു..."
"മോളേ ഇങ്ങനെ ജീവിച്ചുപോയാൽ മതിയോ... എത്രനാളെന്നു കരുതിയ ഇങ്ങനെ വലിയ വാടക കൊടുത്ത് ഫ്ലാറ്റിൽ താമസിക്കുക.പണമത്രയും അനാവശ്യമായി ചിലവഴിച്ചു കളഞ്ഞാൽ രണ്ട് പെൺകുട്ടികൾ പ്രായമായി വരുന്നത് മറക്കരുത്."
അന്ന് മകൾ എന്നോട് ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു.
"ഉമ്മയ്ക്ക് എന്തുവേണമെങ്കിലും പറയാം...സ്വന്തമായി ഒരു വീട് വെക്കുക എന്നത് ഉമ്മ വിചാരിക്കുമ്പോലെ അത്ര എളുപ്പമല്ല... എത്രലക്ഷം രൂപയുണ്ടെങ്കിലാ... ഈ പഴയവീടും സ്ഥലവും വിൽക്കാമെന്നു പറഞ്ഞിട്ട് സമ്മതിക്കുന്നുമില്ല. ആർക്കുവേണ്ടിയാണ് ഈ പൊളിഞ്ഞുവീഴാറായ വീടും കെട്ടിപ്പിടിച്ചുകൊണ്ട് ഉമ്മ കഴിയുന്നതെന്നാണ് ഇക്ക ചോദിക്കുന്നത്."
അന്ന് വീട് വിൽക്കാൻ അനുവദിക്കാത്തത്തിൽ ഉടക്കിപോയതാണ്.പിന്നീട് ഇതുവരെ മകളും കുടുംബവും ഇവിടേയ്ക്ക് വന്നിട്ടില്ല. ഫോൺ വിളിച്ചാൽ പോലും എടുക്കില്ല. ആ കുട്ടികളെ ഒന്ന് കാണാൻ കൊതിയായിട്ടു പറഞ്ഞിട്ട് കൂടി കൊണ്ടുവന്നിട്ടില്ല ." താത്ത ഒരു ധീർഘനിശ്വാസത്തോടെ പറഞ്ഞുനിറുത്തി.
നഫീസുതാത്ത മകളെ വളർത്തിയ കഷ്ടപ്പാടൊക്കെ ഓർത്താൽ... അന്ന് യാത്രപറഞ്ഞുപോകുംനേരം താത്തയെ സമാധാനിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
"എന്തുചെയ്യാം... എല്ലാം വിധിയാണെന്നു കരുതാം.ആരൊക്കെ ഉപേക്ഷിച്ചാലും പടച്ചവൻ ഉണ്ടാവും താത്തയെ സഹായിക്കാൻ."
അയൽവാസികൾ അവിടേയ്ക്ക് വരുകയും പോവുകയും ചെയ്തുകൊണ്ടിരുന്നു.
"എപ്പോഴാണ് കബറടക്കം തീരുമാനിച്ചിരിക്കുന്നത്.?"ഞാൻ തൊട്ടടുത്തു നിന്ന അയൽവാസിയോട് ചോദിച്ചു.
"ഉച്ചകഴിഞ്ഞ് ...ആകെയുള്ള മകളും കുടുംബവും വരാതെ എങ്ങനെയാണ്... അറിയിച്ചിട്ടുണ്ട്... ദൂരെയെവിടെയോ പോയിരിക്കുകയാണ്. എത്താൻ കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് പറഞ്ഞത്."അയാൾ ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ മെല്ലെ അവിടുന്നിറങ്ങി പള്ളിയിലേയ്ക്ക് പോയി. കബറുകുഴിക്കലിലും മറ്റും പങ്കുചേരാനായി. ഉച്ചകഴിഞ്ഞപ്പോൾ കബറടക്കം നടന്നു.മകളും മരുമകനും എത്തിയത് വൈകുന്നേരമായപ്പോൾ.
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഞാൻ വാഴതൈകൾക്ക് വളമിട്ടുകൊണ്ടിരിക്കുമ്പോൾ കണ്ടു. നാഫീസുതാത്തയുടെ തൊടിയിൽ ഏതാനും പേർ നിൽക്കുന്നു. അടുത്തുചെന്ന് നോക്കിയപ്പോൾ മനസ്സിലായി.
അത് നഫീസുതാത്തയുടെ മരുമകനും, സർവേക്കാരനും, പിന്നെ മറ്റു രണ്ടുപേരും .അവർ ഭൂമി അളക്കുകയാണ്.വീടും സ്ഥലവും ആർക്കോ കച്ചവടമാക്കിയിരിക്കുന്നു.
സ്ഥലം വിറ്റുപോയാലും, ആ പഴയവീട് പൊളിച്ച് അതിന്റെ സ്ഥാനത്ത് പുതിയ വീട് പണിതാലും മാഞ്ഞുപോകാത്ത ചിലത് ആ തൊടിയിൽ അവശേഷിക്കുന്നുണ്ടാകും.
നഫീസുതാത്തയുടെ ഓർമ്മകളും, ആ രൂപവും,ആ ആത്മാവിന്റെ സാന്നിധ്യവുമെല്ലാം.എന്നും എന്നെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും.