mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

“സെബീ, എഴുന്നേൽക്ക്, ഇതാ ചായ” അമ്മയുടെ വിളി കേട്ട് സെബാൻ പതുക്കെ എഴുന്നേറ്റിരുന്നു.  രാവിലെ എയർപോർട്ടിൽ നിന്നും എത്തി, അതേ വേഷത്തിൽ കേറി കിടന്നതാണു. ഇപ്പൊൾ സമയം ഏതാണ്ട് 11 മണികഴിഞ്ഞു. കഴിഞ്ഞ 15 ദിവസത്തെ കടന്നുപോയ രാത്രികളും പകലുകളും സെബാന്റെ മനസ്സിൽ കൂടി ഒരു മിന്നായം കണക്കെ പാഞ്ഞുപോയി.

സുഡാനിലെ ചുട്ടുപൊള്ളുന്ന അലൂമിനിയം ഷെഡിനുള്ളിൽ ജപമാ‍ലയുമായി കഴിഞ്ഞുകൂടിയ ദിനരാത്രങ്ങൾ. ജീവിതത്തിൽ ഒരിക്കലും ഒരാൾക്കും ഈ അവസ്ഥ വരരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ച മണിക്കൂറുകൾ! ആഹാരവും വെള്ളവും ഇല്ലാതെ കഴിച്ചുകൂട്ടിയ പകലന്തികൾ! “മോനെ , ചായ തണുക്കുന്നു, പെട്ടന്ന് കുളിച്ചിട്ട് വാ, അപ്പോഴത്തേക്കിനു ചോറു റെഡിയാകും.” അമ്മയുടെ ആ വാക്കുകൾ സെബാന്റെ കാതുകളിൽ മാലാഖമാരുടെ കീർത്തനമായി അലയടിച്ചു.

“എന്തിനാമ്മേ പാൽ ഒഴിച്ച് ഈ ചായ? കട്ടൻ ചായ ആണല്ലോ എനിക്കിഷടം” സെബാൻ പറഞ്ഞു.

ഉദ്വേഗത്തോട് അമ്മ സെബാനെ നോക്കി. “മോൻ എന്താ പറഞ്ഞത്? കട്ടൻ ചായയോ? ചെറുപ്പം മുതൽ ഇന്ന് വരെ നീ കട്ടൻ ചായയോ കട്ടൻ കാപ്പിയോ കുടിച്ചിട്ടില്ലല്ലോ! പിന്നെ ഇന്ന് എന്താ കട്ടൻ ചായമതി എന്ന് തോന്നിയത്?”

സുഡാനിൽ ചെന്ന ദിവസം ബോസ് വാങ്ങി വെച്ചിരുന്ന ഒരു പായ്ക്കറ്റ് റ്റീ ബാഗ് അപ്പോൾ സെബാന്റെ മനസ്സിലേക്ക് കടന്നുവന്നു. റൂമിൽ ആകെയുണ്ടായിരുന്നത് ഒരു ക്യാൻ വെള്ളം. ഒരു സ്റ്റൌ, ഒരു ചായ പാത്രം. തൊട്ടടുത്ത ഷെഡിലെ സുഡാനിയുടെ അടുത്ത് നിന്ന് രണ്ട് സ്പൂൺ പഞ്ചസാര വാങ്ങിച്ചുകൊണ്ട് വന്ന് ആദ്യ ദിവസം കട്ടൻ ചായ ഇട്ടുകുടിച്ചത് സെബാൻ ഓർത്തു. പിന്നീടുള്ള ദിവസങ്ങളിൽ അതും കിട്ടിയില്ല. കേരളത്തിൽ നിന്നും വിമാനം കയറുമ്പോൾ എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു?. പുതിയ ഓഫീസ്, പുതിയ അപ്പാർട്ട്മെന്റ്. ഏസി റൂം. മൊഡുലാർ കിച്ചൺ..എല്ലാം ഒറ്റ രാത്രികൊണ്ട് തകർന്നു വീഴുന്നത് ആദ്യ ദിവസം തന്നെ മനസ്സിനെ ആഴമായി പിടിച്ചുലച്ചു. എങ്ങനെയും, ഈ മരുഭൂമിയിൽ നിന്ന് രക്ഷപെട്ടാൽ മതി എന്ന് മാത്രമായിരുന്നു പിന്നീടുള്ള ചിന്ത. അടുത്ത ദിവസം തന്നെ തിരിച്ച് പോകണം എന്ന് പറഞ്ഞപ്പോൾ , ഗുജറാത്തി ബോസിന്റെ കണ്ണുകൾ ചുവന്നത് പേടിയോടെയാണു സെബാൻ കണ്ടൂനിന്നത്. രണ്ടാഴ്ചത്തെ ‘പ്രതികാരത്തിനു’ ശേഷം പാസ്പോർട്ട് കൈയ്യിൽ കിട്ടിയപ്പോൾ സകല ദൈവങ്ങളേയും ഉള്ളിൽ വിളിച്ചു. വിശന്ന് തളർന്ന ശരീരവും കരഞ്ഞുകലങ്ങിയ മനസുമായി പിറ്റേന്ന് കൊച്ചി എയർപോർട്ടിൽ ഇറങ്ങിയപ്പോഴാണു പകുതി ജീവൻ പോലും തിരിച്ചുകിട്ടിയത്. ഞാൻ അനുഭവിച്ച പ്രയാസങ്ങൾ അമ്മയ്ക്ക് അറിയില്ലല്ലോ.. തേയിലവെള്ളം ഇന്ന് എന്റെ പ്രിയപ്പെട്ട ഒരു പാനീയമായി മാറി എങ്കിൽ അതിനു സുഡാനിലെ രണ്ടാഴ്ചത്തെ ജീവിതം ആണു എന്ന് ഇനി അമ്മയോട് സാവധാനം പറയാം. തത്കാലം അമ്മ സന്തോഷവതിയായി ഇരിക്കട്ടെ.

“എന്തോ ബ്ലാക്ക് റ്റീയോട് ഒരു ഇഷ്ടം. അതുകൊണ്ട് പറഞ്ഞതാ.” സെബാൻ കപ്പ് ചുണ്ടോടടുപ്പിച്ചു. സുഡാൻ റ്റീയുടെ ആ സ്വാദ് ഒരിക്കലും നാട്ടിലെ ചായയ്ക്ക് ഇല്ലല്ലൊ എന്നോർത്തപ്പോൾ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആ കപ്പിലേക്ക് വീണത് സെബാൻ കണ്ടില്ല.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ