mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


ഓഫീസിൽ നീന്നും ഇറങ്ങിയപ്പോൾ ഒരു ചെറിയ തലവേദന, പെട്ടന്ന് ബൈക്ക് എടുത്ത് വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ ചെന്നിട്ട്  ഒരു ചായയും കുടിച്ച് ഒന്ന് കിടന്നുറങ്ങണം. ആദർശിനോടു പോലും പറയാതെ അലക്സ് ബൈക്ക് സ്റ്റാർട്ട് ചെയ്തു. വീട്ടിലെത്തിയപ്പോൾ ഗേറ്റ് തുറക്കണ്ടിയ ആവശ്യമില്ലായിരിന്നു. ലീന മുറ്റം അടിച്ചുകൊണ്ട് നിൽക്കുകയാണു. ബൈക്ക് പോർച്ചിൽ വെച്ചിട്ട് അലക്സ് ലീനയോട് പറഞ്ഞു.

“ഒരു ചായ എടുക്കൂ, നല്ല തലവേദന, ഞാൻ ഒന്ന് ഫ്രഷ് ആയി ഇപ്പോ വരാം.” അത് കേട്ടതും ലീന ചൂൽ അവിടെ ഇട്ടിട്ട്  ഗേറ്റ് അടയ്ക്കാനായി പോയി. ഷവറിന്റെ കീഴിൽ നിൽക്കുമ്പോഴും തലവേദന അലക്സിനെ കാർന്നു തിന്നുകയായിരുന്നു. പെട്ടന്ന് ബാത്ത് റൂമിൽ നിന്നും ഇറങ്ങി ബെഡ് റൂമിൽ വന്ന് കുറച്ച് വിക്സ് എടുത്ത് തലയുടെ ഉച്ചിയിൽ പുരട്ടി. നല്ല ക്ഷീണം. ഇനി ഒരു ചായ കുടിച്ചിട്ട് ഒന്ന് കിടക്കാം. ഒന്ന് ഉറങ്ങിയെഴുന്നേറ്റാൽ എല്ലാം ശരിയാവും. അപ്പോഴാണു ലീന ചായയുമായി ബെഡ് റൂമിലേക്ക് വന്നത്.

“ങേ , ഇതെന്താ കട്ടൻ ചായയോ? രാവിലെ പാൽ വാങ്ങിച്ചതല്ലേ?” അലക്സ് ചോദിച്ചു.

“അതേ, പാൽ വാങ്ങിച്ചു. ഫ്രിഡ്ജിൽ ബാലൻസും ഉണ്ട്. പക്ഷേ ഇത് പഞ്ചസാര ഇടാത്ത കട്ടൻ ചായ. ഇന്ന് ഇത് കുടിച്ചാൽ മതി, അതിനുള്ള കാരണവും ഉണ്ട്.” ലീനയുടെ മുഖത്ത് നോക്കാതെയുള്ള ആ സംസാരത്തിൽ അലക്സിനു എന്തോ പന്തികേട് തോന്നി. “സാധാരണ തലവേദനയാണേൽ പോലും നീ ഇങ്ങനെ കട്ടൻ ചായ തരാറില്ലല്ലൊ?” അലക്സ് പറഞ്ഞു.

“ഇതു തന്നെ കാരണം. നോക്ക്. ഈ സാരിയുടെ നൂൽ ആരുടെതാ?” ലീന ഒരു ചുവന്ന കളർ സാരിയുടെ നൂൽ പൊക്കികാണിച്ചുകൊണ്ട് ചോദിച്ചു.

“സാരിനൂലോ? ആരുടെ? എവിടുന്നു? എനിക്കെങ്ങനെ അറിയാം?” അലക്സിനു തലവേദനയ്ക്കപ്പുറം ഇപ്പൊ ദേഷ്യം ആണു വന്നത്.

“ഇത് നിങ്ങളുടെ ബൈക്കിന്റെ സാരി ഗാർഡിൽ പറ്റിയിരുന്നതാ. ഇന്ന് ആരുടെകൂടെയാണു നിങ്ങൾ കറങ്ങാൻ പോയത്? അത് ആദ്യം പറ. എന്നിട്ട് അവളുടെ അടുത്ത് പോയി നല്ല ചായ ഇട്ട് തരാൻ പറ. അപ്പൊ തലവേദനയെല്ലാം പമ്പ കടക്കും”. ഒറ്റ ശ്വാസത്തിൽ ലീന പറഞ്ഞു നിർത്തി.

ദൈവമെ, ഇവൾ എന്തൊക്കെയാണു പറയുന്നത്? ഞാൻ ആരെകൊണ്ടൂം എങ്ങും പോയില്ല. എനിക്ക് അറിയില്ല , ആ നൂൽ എങ്ങനെ ബൈക്കിൽ വന്നു?.

അപ്പൊഴാണു അലക്സിന്റെ മൊബൈൽ ബെല്ലടിച്ചത്. “ അതെ, അവളുടെ ഫോൺ ആയിരിക്കും. എടുക്ക്.” ലീനയുടെ  പരിഹാസം നിറഞ്ഞ മുഖത്തേക്ക് നോക്കി അലക്സ് ഫോൺ എടുത്തു. മറുവശത്ത് ആദർശ്.

“ഹലോ , അലക്സ്, നീ എന്താ പറയാതെ ഓഫീസിൽ നിന്നും പോയത്? എന്തു പറ്റി? വൈകിട്ട് എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ, മൂവിയോ വല്ലതും?” നാളെ ഞാൻ ലീവായിരിക്കും. ദർശനയെയും കൊണ്ട് എറണാകുളത്ത് ഒരു ഇന്റർവ്യൂ വിനു പോകണം. ഞാൻ പറഞ്ഞില്ലേ ഓഫീസിൽ വെച്ച്.”

അലക്സിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ഇപ്പൊ മനസ്സിലായി കട്ടൻ ചായയുടെ ഗുട്ടൻസ്.

“ഹലോ ആദർശ്, എനിക്ക് ഒരു ചെറിയ തലവേദന ആയതുകൊണ്ടാ നേരെ ഓഫീസ് കഴിഞ്ഞപ്പോൾ ഇങ്ങു പോന്നത്. ഇവിടെ വന്നപ്പോൾ അതിനേക്കാൾ വല്ല്യ ഒരു തലവേദന. നീ ലീനയോട് ഒന്ന് സംസാരിക്ക്. ഉച്ചയ്ക്ക് എന്റെ ബൈക്കെടുത്ത് നീയും ദർശനയും കൂടി അവൾക്ക് ഡ്രസ്സ് എടുക്കാൻ പോയതും ഒന്ന് പറഞ്ഞേരെ” അലക്സ് ഫോൺ ലീനയ്ക്കു കൊടുത്തു. ലീനയുടെ മുഖം ചുളിഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ വെച്ചിട്ട് അവൾ അടുക്കളയിലേക്ക് ഓടീ. ഇപ്പൊൾ അലക്സിന്റെ തലവേദന എവിടെയോ ഓടി മറഞ്ഞു. മനസ്സിൽ ഒരു കുളിർമ! എന്തോ ഭാരം ഒഴിഞ്ഞുപോയതുപോലെ.

“ചേട്ടാ, ഇതാ ചായ” തൊട്ടു മുന്നിൽ ചൂട് പാൽ ചായയുമായി ലീന. അലക്സ് അത് വാങ്ങി ചുണ്ടോട് വെച്ചപ്പോൾ സാധാരണയിൽ കൂടുതൽ മധുരം.! “ങേ, മധുരം കൂടുതൽ ആണല്ലോ” അലക്സ് പറഞ്ഞു.

“അത് ചേട്ടനെ ഞാൻ അറിയാതെ കുറ്റം പറഞ്ഞില്ലേ, എനിക്കറിയത്തില്ലേ എന്റെ ചേട്ടൻ എന്റേത് മാത്രമാണെന്നു. ഉണ്ടായതൊക്കെ ആദർശ് പറഞ്ഞപ്പോൾ എനിക്കൊത്തിരി വെഷമമായി. ഞാൻ ചേട്ടനെ സംശയിച്ചല്ലോ.. അതിനാ നല്ലതായി മധുരം കുറച്ചുകൂട്ടി ചായ ഇട്ടത്”. അവൾ കട്ടൻ ചായകപ്പുമായി അടുക്കളയിലേക്ക് പോയി. “എന്നാലും പെണ്ണുങ്ങൾ ഇങ്ങനെയും ഉണ്ടല്ലോ, ഒരു നിമിഷം മതി നിറം മാറാൻ! ദേഷ്യം വന്നാൽ ശൂർപ്പണക്ക! അല്ലെങ്കിൽ സ്നേഹം ഇരട്ടിമധുരത്തിൽ തിരിച്ചും തരും. ഏതായാലും തലവേദന പമ്പ കടന്നു!” അലക്സ്  ഈവനിംഗ് വോക്കിനായി മുറ്റത്തേക്കിറങ്ങി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ