“ഹാദാ, ബിന്ദ് വല്ല വലദ്?” (കുഞ്ഞ് പെണ്ണാണോ അതോ ആണാണോ?)
“വലദ്” (ആൺ കുട്ടി)
“അള്ളാ കരീം”
അറബി പിന്നെയൊന്നും ചോദിച്ചില്ല. മരുഭൂമിയിലൂടെ വണ്ടി ആടിയുലഞ്ഞ് പൊയ്ക്കൊണ്ടിരുന്നു. കുഞ്ഞ് പെണ്ണായാലും ആണായാലും അല്ലാഹു അറിയാതെ ഒന്നും സംഭവിക്കില്ല.
വണ്ടിയുടെ പുറകു സീറ്റിലിരുന്ന് കുഞ്ഞിനെ മടിയിൽ കിടത്തി വഴിയിലിരുവശമുള്ള പാറക്കെട്ടുകളെ നോക്കി ഇരുന്നു. തല്ലാജയിൽ (ഫ്രീസർ) നിന്നും എടുത്ത കുഞ്ഞിന്റെ ശരീരത്തിൽ നിന്നും തണുപ്പ് മാറുന്നതേ ഉള്ളു. അടുത്തിരുന്ന കുഞ്ഞിന്റെ അച്ഛൻ ഇടക്കെപ്പോഴോ കുഞ്ഞിനെയെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു.
“ഏഷ് ഇസ്മ ഹാദ വലദ്?”
വണ്ടിയോടിക്കുന്നതിനിടയിൽ അറബിക്ക് കുഞ്ഞിന്റെ പേരറിയണം.
ജനിക്കുന്നതിന് മുൻപേ സ്വർഗത്തിലേക്ക് എടുക്കപ്പെട്ട് മലക്കായ (മാലാഖ) കുട്ടിക്കെന്ത് പേരിടണം?
നേരം പരപരാ വെളുക്കുന്നതിന് മുൻപേ പ്രസവ വാർഡിന്റെ വാതിൽക്കൽ നിന്നും അവനെ വാങ്ങി മോർട്ടറിയുടെ നേരെ നടക്കുമ്പോൾ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി.
തലേ രാത്രി മുഴുവൻ ഉറക്കമിളച്ച കുഞ്ഞിന്റെ അച്ഛനെ കുറച്ചു നേരത്തേക്ക് ഉറങ്ങാൻ വിട്ട നേരത്താണ് നേഴ്സ് വാതിൽ തുറന്ന് കുഞ്ഞിനെ കയ്യിൽ തന്നത്.
“അന്ത റോ തല്ലാജ അൽ മൗത്, നഫർ മൊയ്‍ജൂദ് അനാക്.”
മോർട്ടറിയിൽ ആളുണ്ട്, കുഞ്ഞിനെ അങ്ങോട്ട് കൊണ്ട് പൊയ്ക്കോളാൻ നേഴ്സ് പറഞ്ഞെങ്കിലും കുഞ്ഞിന്റെ അച്ഛൻ വരാൻ വേണ്ടി കാത്തുനിന്നു.
മോർട്ടറിയുടെ വാതിൽക്കൽ നിന്നിരുന്ന അറബി വാതിൽ തുറന്നെങ്കിലും അകത്ത് വരാൻ വിസമ്മതിച്ചു.
“അന്ത റോ ജുവ, അന മാഫി ഈജി.”
അകത്തോട്ട് വരാൻ അറബിക്ക് കഴിയില്ലാത്രേ. തർക്കിച്ചിട്ട് കാര്യമില്ലാത്തതിനാൽ കുഞ്ഞിനേയും കൊണ്ട് തനിയെ മോർട്ടറിയിലോട്ട് കയറി കാലിയായ ഒരു ട്രേയിൽ കിടത്തി. ചുറ്റിലും അനേകം പേർ അവരവരുടെ ഊഴവും കാത്ത് വെള്ള തുണിയിൽ പൊതിയപ്പെട്ട് അവരുടെ ട്രേകളിൽ കിടപ്പുണ്ട്.
വല്ലാതെ ഇളകിയാടി വണ്ടി ഒരു മലഞ്ചെരുവിൽ വന്നു നിന്നു. അറബി നയിച്ച വഴിയേ കുഞ്ഞിനെയുമെടുത്ത് അച്ഛനോടൊപ്പം കുന്നുകയറി. നേരത്തെ കുഴിയെടുത്ത് വെച്ചിരിക്കുന്ന കബറിനരുകിലെ നിശ്ശബ്ദതക്കും ഉപരിയായി അറബിയുടെ പ്രാർത്ഥനയുടെ പതിഞ്ഞ സ്വരം ഉയർന്നു.
“അ ഉ ദുബില്ലാഹി മിന സെയ്താനിൻ റജീം, ബിസ്മില്ലാഹ് റഹ്‌മാനിൻ റഹിം.
അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ”
ചൂളമടിച്ചുയരുന്ന മരുക്കാറ്റിനൊപ്പം മണൽ തരികളും ചിതറിക്കൊണ്ടിരുന്നു. വരണ്ട കുന്നിൻ മുകളിൽ നിന്നും ഒരു പരുന്ത് ചുറ്റും ഏറു കണ്ണിട്ട് നോക്കികൊണ്ട് കാറ്റിനൊപ്പം തന്റെ ചിറകുകളെ ബാലൻസ് ചെയ്തു കൊണ്ടിരുന്നു.
പുണ്യ ഭൂമിയായതു കൊണ്ട് അമുസ്ലീമുകൾക്ക് ഇവിടെ കബറിടങ്ങൾ അനുവദനീയമല്ലെന്നായിരുന്നു കേട്ടറിവ്. വിജനമായ മരുഭൂമിയിലെ പാറക്കെട്ടുകൾക്കിടയിൽ വേറെയേതെങ്കിലും കബറുകൾക്കായുള്ള നോട്ടം വ്യർത്ഥമായി. അച്ഛനിൽ നിന്നും കുഞ്ഞിനെ വാങ്ങി കബറിലേക്ക് വെക്കുമ്പോൾ അറബിയുടെ അനുവാദം വന്നു.
“സദീഖ്, മുംകിൻ അന്ത സലാഹ്, മാഫി മുഷ്‌കില. യെല്ല സല്ലി.” (സുഹൃത്തേ, നിന്റെ പ്രാർത്ഥന ചൊല്ലിക്കോളു, കുഴപ്പമില്ല. വേഗം പ്രാർത്ഥിച്ചോ.)
ഒരുപിടി മണ്ണ് വാരിയിട്ടു കബറിനെ പിന്നിലാക്കി കുന്നിറങ്ങുമ്പോൾ ആകാശത്ത് വട്ടമിട്ട് പറക്കുന്ന പരുന്തിനെ കണ്ടു.
നിങ്ങൾ പൊയ്ക്കോളൂ, കബറൊക്കെ നമ്മള് നോക്കിക്കോളാം എന്ന മട്ടിൽ പരുന്ത് കാറ്റിനൊപ്പം പറന്നു കൊണ്ടേയിരുന്നു.