അയാൾക്ക് പെട്ടെന്ന് തന്റെ വേദന സ്വിച്ച് ഇട്ട് നിർത്തിയത് പോലെ തോന്നി. ഇത് വരെ താൻ മരിച്ചു പോകും എന്ന് അയാൾ ദൃഢമായും ഉറപ്പിച്ചിരുന്നു. അത്ര കഠിനമായിരുന്നു അയാൾക്ക് നെഞ്ചിൽനിന്ന് അനുഭവപ്പെട്ട വേദന.
സിൽവർ കളറുള്ള, 'ഇന്നോവകാർ' ഭ്രാന്ത് പിടിച്ച വേഗതയിൽ പറക്കുന്നതിന്റെ ശബ്‌ദം, അയാളുടെ നിലവിളിച്ചുള്ള ആർത്ത നാദം അലിയിച്ചു കളഞ്ഞിരുന്നു. പിന്നീട് അയാൾ കണ്ണുകൾ തുറന്നു ഞരക്കം അഭിനയിച്ചുകൊണ്ട് കിടന്നു. തന്റെ മുന്നിൽ, തല മൊത്തത്തിൽ ഒരു കറുത്തതുണി കൊണ്ട് മൂടി കെട്ടിയും, കൈകൾ രണ്ടും ബന്ധിക്കപ്പെട്ടും, ഇരിക്കുന്ന നിസ്സഹായനായ ചെറുപ്പക്കാരനെ കൂടെ, കൂടെ നോക്കിയെങ്കിലും അയാൾക്ക് ഒന്നും മനസ്സിലായില്ല.
ഒരു മണിക്കൂർ മുമ്പ് ബൈക്കിൽ ഈ 'നിഷാന്ത് 'എന്ന ചെറുപ്പക്കാരനെ, 'ഉപ്പ്' വാങ്ങാൻ വേണ്ടി അയാളുടെ ഭാര്യ കവലയിലേക്ക് പറഞ്ഞു വിട്ടതായിരുന്നു. എന്നാൽ കവലയിലേക്ക് എത്തുന്നത്തിനു മുമ്പ്, ആൾ പാർപ്പില്ലാത്ത ഒരിടത്തു വെച്ചു അയാൾക്ക് ശക്തമായ 'നെഞ്ചുവേദന' അനുഭവപ്പെട്ടു, ബൈക്കിൽ നിന്ന് അയാൾ ഊർന്ന് വീണ് റോഡിലേക്ക് പതിച്ചു. ബോധരഹിതയായോ എന്ന് അയാൾക്ക് ഓർത്തെടുക്കാൻ പറ്റിയില്ല, എന്നിരുന്നാലും ഒരു നേരിയ ഓർമയിൽ അയാളെ ആരൊക്കെയോ എടുത്ത് ഒരു കാറിന്റെ പുറകിലത്തെ സീറ്റിലേക്ക് എറിഞ്ഞത് അയാൾ അറിഞ്ഞു.
"നിങ്ങളുടെ പേരെന്താ? വെള്ളം വേണോ?."അതിൽ നീണ്ട മുഖമുള്ള ആൾ ചോദിച്ചു.
വേദനയിൽ ഞെരിപിരി കൊള്ളുന്ന നിഷാന്തിന്, തന്റെ ചുണ്ടുകളിലേക്കും, നാവിലേക്കും,ഒരു തണുപ്പ് ഇരച്ചികയറിയതിനാൽ അയാ ക്കൊരു മറുപടി കൊടുത്തില്ല. അപ്പോൾ അയാൾ മുന്നിലത്തെ സീറ്റിലിരിക്കുന്നവരോട് പറഞ്ഞു."ഇയാൾക്ക് ഓർമയില്ലാന്ന് തോന്നുന്നു. ഹോസ്പിറ്റലിൽ എത്തിക്കുന്നത്തിനു മുമ്പ് ആൾ തട്ടിപോകുമോ എന്തോ. നീ ഒരു ഡോക്ടർ അല്ലെ... ഒന്ന് നോക്കൂ."
അപ്പോൾ മുന്നിലിരിക്കുന്ന ആൾ പറഞ്ഞു. "അയാൾക്ക് ബോധം വരുന്നോ എന്ന് ശ്രദ്ധിക്കണം, വന്നാൽ തലക്കിട്ടു ഒന്ന് കൊടുത്ത് ബോധം കെടുത്തണം. "ഇവരുടെ ഈ സംസാരമാണ് നിഷാന്തിന്റെ വേദനയെ ഇല്ലാതാക്കിയത്. അയാൾ വേദന അഭിനയിച്ചു കൊണ്ട് തല താഴേക്ക് തൂക്കി ഇട്ടു കൊണ്ട് താഴേക്ക് നോക്കി കിടന്നു. ഒരു നിമിഷം, അവിടെ കണ്ട കാഴ്ച്ച അയാളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. അയാൾ പെട്ടെന്ന് കാലുകൾ പിൻവലിച്ചു.തന്റെ കാലിന്റെ അരികിൽ ആയി രണ്ട് നീളം കൂടിയ വടിവാൾ മിന്നി തിളങ്ങുന്നുണ്ടായിരുന്നു. താൻ വന്നു പെട്ടിരിക്കുന്നത് വല്ലാത്തൊരു ഭയാനകമായ ചുഴിയിലേക്ക് ആണെന്ന് അയാൾ തിരിച്ചറിഞ്ഞു. മുന്നിലുള്ള ചെറുപ്പക്കാരൻ എന്തെക്കെയോ അപശബ്‌ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. ഒരു നീണ്ട തെറി വിളിച്ചു കൊണ്ട്. അയാളുടെ അടുത്തിരിക്കുന്ന ആൾ തലക്കിട്ടു ഒന്ന് കൊടുത്തതിനാൽ, അയാൾ പിന്നെ നിശബ്‌ദനായി.
"നിനക്ക് ഞങ്ങളെ കുട്ടിയെ തന്നെ സ്നേഹിക്കണം അല്ലേടാ... താഴ്ന്ന ജാതികാരനായ നിനക്കതിനെന്ത്... യോഗ്യതയാണെടാ ഉള്ളത്? എന്ന ചോദ്യം നിഷാന്തിന് വണ്ടിയിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏകദേശരൂപം പിടിക്കിട്ടിയിരുന്നു 'ജാതികൊല' അയാളുടെ മനസ്സ് പിറുപിറുത്തു. അയാൾക്ക് ആ ചെറുപ്പക്കാരനെ രക്ഷിക്കണമെന്നുണ്ടായിരുന്നു. നല്ല കരുത്തും, ആൾ ബലവുമുള്ള, മൂന്നു ചെറുപ്പകാര്, പിന്നെ വണ്ടിയുടെ പുറകിലായി മിന്നി തിളങ്ങുന്ന കത്തിയും,എല്ലാം കൊണ്ടും താൻ വളരെ നിസ്സഹായകനാണല്ലോ എന്ന സത്യം നിഷാന്ത് നിരാശനായി തിരിച്ചറിഞ്ഞു. കത്തി കയ്യിൽ എടുത്തു കൊണ്ട് സിനിമയിൽ കാണുന്നപോലെ ഒരു മിന്നൽ പ്രയോഗം, അയാൾ വെറുതെ മനസ്സിൽ കണ്ടു.
"ഇങ്ങേരെ എന്തിനാണിപ്പോ നമ്മളെ വണ്ടിയിലേക്ക് തള്ളിയത്. അയാൾ ക്കാണെങ്കിൽ ബോധവും ഇല്ല, ഞാൻ അപ്പളേ പറഞ്ഞതാ വേണ്ടാത്ത ഗുലുമാൽ ഒന്നും ഒപ്പിക്കേണ്ടന്ന്, നീയൊരു ഡോക്ടർ വന്നിരിക്കുന്നു, ഇനിയിപ്പം ഇയാളെ എന്ത് ചെയ്യും."മുന്നിലിരിക്കുന്നവരുടെ ശബ്‌ദകോലാഹലം ഭയപ്പാടോടെ നിഷാന്ത് കേട്ട് കൊണ്ടിരുന്നു.
"ഇയാളെ ഹോസ്പിറ്റലിലേക്ക് ചുമക്കുന്നത് റിസ്ക് ആണ്, ഞാനപ്പഴേ പറഞ്ഞതാ...."
"എന്താ നീ പറഞ്ഞത്,"
"ഇയാളുടെ കാര്യമല്ല, നമ്മുടെ 'അഖില'മോളെ കാര്യം,ചേട്ടനും അങ്ങിനെതന്നെയല്ലേ കെട്ടിയത്, ജാതിക്ക് താഴെയുള്ളവരെ! ചേട്ടൻ ഡോക്ടർ ആയത് കൊണ്ടാണോ ഓരോരുത്തർക്കും ഓരോ നിയമം."
"മിണ്ടാതെയിരുന്നോ അവിടെ! ഡോക്ടർ അലറി. ഈ കഴിവേറിടെ മോന് നമ്മുടെ കുടുംബത്തിൽ വന്നു ചേരാൻ എന്ത് യോഗ്യതയാനുള്ളത്?. പിന്നെ പുറകിൽ ഇട്ട മറ്റെ കുരിശിന്റെ കാര്യം അവനെയും നമുക്ക് തട്ടാം. അപ്പൊ കേസ് വേറെ വഴിക്ക് നീങ്ങും, അല്ലാതെ ഇവനെ ശുശ്രൂഷിക്കാൻ കൊണ്ട് പോകുകയല്ല. വേണ്ടി വന്നാൽ നിന്നെയും തട്ടും."
വണ്ടി നല്ല സ്പീഡിൽ ഓടി കൊണ്ടിരിക്കുകയാണ്. അത്പോലെ തന്നെ നിഷാന്തിന്റെ മനസ്സും, ഒരു നിമിഷം ഭൂതകാലത്തിലേക്ക് ഓടി.
"നിഷാ... നീ പോയി കുറച്ച് ഉപ്പ് വാങ്ങിയിട്ട് വരുമോ?. ഉപ്പ് ഭരണി തുടച്ചിട്ടാ രാവിലെ അപ്പം ചുട്ടത്. പ്രായമായോരല്ലേ ഉച്ചക്ക് ഉപ്പില്ലാത്ത ചോറും, കറിയും കൊടുത്താൽ അറിയാലോ, ഉപ്പയും, ഉമ്മയും ആകെ ബഹളം വെക്കും, അപ്പോ നാലു വയസുകാരി ആമി എത്തി, ഉപ്പാ നിക്കും വാവക്കും മിഠായിയും വേണം,".
പ്രായമായ ഉപ്പയും, ഉമ്മയും, രണ്ട് ചെറിയ കുട്ടികൾ, വാടക വീട്, ഈ ലോകത്തെ കുറിച്ചൊന്നും എട്ടും, പൊട്ടും അറിയാത്ത നിഷ്കളങ്ക ഭാര്യ.തന്റെ കഴുത്തിൽ കുരിക്കിട്ട് മുറുക്കാൻ കാത്തിരിക്കുന്ന,കശ്മലൻമാരുടെ കയ്യിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്ന ചോദ്യം, അയാളിൽ വല്ലാത്തൊരു ഉൾക്കിടിലമുളവാക്കി.തന്റെ വീട്ടുകാർക്ക് ഏക ആശ്രയമായുള്ള താൻ ഇല്ലാതായുള്ള അവസ്ഥ ഓർത്തപ്പോ അയാളുടെ ഉള്ളം പൊള്ളി. അതിനേക്കാൾ ഉപരി തന്റെ മരണം അവര് എങ്ങിനെ ഉൾക്കൊള്ളും, അവരെ ആര് സംരക്ഷിക്കും എന്നോർത്തു അയാൾ പുകഞ്ഞു പുകഞ്ഞു ആളികത്തി. ബന്ധിക്കപ്പെട്ട ആ ചെറുപ്പക്കാരെനെയും കാത്ത് അകകണ്ണിൽ വിളക്ക് കൊളുത്തി വെച്ച് കാത്തിരിക്കുന്ന അയാളുടെ ബന്ധുക്കളെയും, പ്രണയിനിയെയും അയാൾക്ക് ഓർമവന്നു.
പെട്ടന്നാണ് ഒരുവൻ,'പാമ്പ്, പാമ്പ്' എന്ന് വിളിച്ചു പറഞ്ഞത്. അവരുടെ ശബ്‌ദം കേട്ട് നിഷാന്തും, പതുക്കെ തല പൊന്തിച്ചു നോക്കി. മൂന്ന് പേരും കാറിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതാണ് പിന്നെ അയാൾ കണ്ടത്. പിന്നെ നിഷാന്തിന് ഒന്നും ആലോചിക്കേണ്ടി വന്നില്ല. ഡ്രൈവിംഗ് സീറ്റിലേക്ക് ഒരു കുതിപ്പ് ആയിരുന്നു. രണ്ട് പേരുടെ ജീവൻ കയ്യിൽ പിടിച്ചു കൊണ്ട് മരണ പാച്ചിൽ അവസാനിച്ചത്, പോലീസ് സ്റ്റേഷനിന്റെ മുന്നിൽ ആയിരുന്നു. പെട്ടെന്ന് തന്നെ സ്ഥലം എസ് ഐ 'കമൽദാസ് 'സാർ ഉണർന്നു പ്രവർത്തിച്ചു, അഖിലയെയും, അവളുടെ മൂന്ന് സഹോദങ്ങളേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു. "പ്രിയസഹോദരമാരെ...നമുക്ക് ജാതിയില്ല എന്ന് പറഞ്ഞു അഹങ്കരിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ കേരളത്തിലും ജാതിചിന്ത ശക്തമാണെന്നും പലപ്പോഴും അത് പരോക്ഷമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും നിങ്ങളെ പോലെ ഉള്ളവർ അതിന് ഉദാഹരണമാണ്. ഒരു വശത്ത് ജാതിയില്ല എന്ന മാസ്‌ക് ധരിക്കുകയും എന്നാൽ സ്വന്തം കാര്യം വരുമ്പോൾ ആ മാസ്‌ക് വലിച്ചെറിയുന്നവരുമാണ് നമ്മൾ. കഴിഞ്ഞ ദിവസങ്ങളിലൊക്കെ അരങ്ങേരിയ 'ജാതി കൊല'യുടെ ബാക്കിപത്രം ആവാൻ നിങ്ങൾക്ക് താൽപ്പര്യം ഉണ്ടോ? എസ് ഐ സാറിന്റെ ശബ്‌ദം കനത്തു. ഇന്ന് ഈ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെങ്കിൽ, ജീവിതകാലം നിങ്ങൾക്ക് മാന്യതയോടെ ജീവിക്കാൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?ഒരു കുറ്റകൃത്യവും ആർക്കും മായിച്ചു കളയാൻ കഴിയൂല... .നിങ്ങളുടെ സഹോദരിയുടെ സുഹൃത്തിനെ ഇല്ലാതാകുന്നതോട് കൂടി, നിങ്ങളും, നിങ്ങളുടെ ഫാമിലിയിലും, ചിതലരിച്ചു തുടങ്ങും. മനസമാധാനത്തോടെ ആർക്കും മരിക്കാൻ കഴിയില്ലെന്ന് ചുരുക്കം," എല്ലാം നല്ല രീതിയിൽ അവസാനിച്ചെങ്കിലും, നിഷാന്തിന് അപ്പോളും വിറയൽ മാറിയില്ലായിരുന്നു. രാത്രി കുളി കഴിഞ്ഞ്, ഭക്ഷണത്തിന്റെ മുന്നിൽ ഇരിക്കുമ്പോൾ ഉമ്മ പറഞ്ഞു.
"അനക്ക് ഇപ്പോഴും കുട്ടിക്കളി മാറിയിട്ട് ഇല്ലാ അല്ലേ?. ഉച്ചക്ക' ഉപ്പ് 'വാങ്ങാൻ പോയതല്ലേ ഇയ്യ്..."എവിടെങ്കിലും പോവുമ്പോ ഫോൺ എടുത്തൂടെ അനക്ക്, മനുഷ്യനെ തീ തീറ്റിക്കാന്, പിന്നെ നിഷാന്തിന്റെ ഭാര്യ 'രഹ്‌ന'യോട് പറഞ്ഞു, അനക്ക് ആദ്യം തന്നെ ഇവനെ പറഞ്ഞു വിടാതെ ഉപ്പ് സതി ചേച്ചിടെ വീട്ടിൽ നിന്ന് വാങ്ങിയാ പോരായിരുന്നോ?."
"ഉമ്മാ... പടച്ചോൻ എന്നെ ഒരു ദൗത്യം എല്പിച്ചിരുന്നു. അത് ഉപ്പിന്റെ രൂപത്തിലും, നെഞ്ച് വേദനയുടെ രൂപത്തിലും, പാമ്പിന്റെ രൂപത്തിലുമായി എന്ന് മാത്രം." നിഷാന്ത് നെഞ്ച് തടവി കൊണ്ട് മനസ്സിൽ പറഞ്ഞു.തന്റെ ഉമ്മയോടും, ഉപ്പയോടും,ഭാര്യയോടും, മക്കളോടുമൊത്ത് നിഷാന്ത് ഭക്ഷണം കഴിക്കുമ്പോൾ, കണ്ണീർ പെയ്തൊഴിഞ്ഞ അയാളുടെ കണ്ണുകൾ അപ്പോളും പേടിയോടെ, കുണ്ടും,കുഴിയും താണ്ടി വേഗതയോടെ സഞ്ചരിക്കുന്ന ഇന്നോവ കാറിലും, അതിനകത്തിരുന്ന നിരാലംബമായ രണ്ട് ചെറുപ്പക്കാരനിലേക്കും നീണ്ടു.അപ്പോൾ ഉപ്പ, ഒരു കഥക്കുള്ള തുടക്കം കുറിച്ചു,ഉപ്പയുടെ ഉപ്പ ഒരു സ്വതന്ത്രസമര സേനാനിയായിരുന്നു.അതിനുള്ള പുളു വടിക്കുള്ള ഒരുക്കത്തിൽ ആണ്. "ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽ പാലത്തിലൂടെ നിങ്ങൾ ആരെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ?"അയാൾ ചോദിച്ചു.എന്നാൽ എന്റെ ഉപ്പ സഞ്ചരിച്ചിട്ടുണ്ട്. അപ്പോൾ നിഷാന്തിന് പറയണമെന്നുണ്ടായിരുന്നു. ഉപ്പാ.... ഈ മോൻ,അത്തരമൊരു അവസ്ഥയിൽ ആയിരുന്നു ഇതു വരെ എന്ന്, എന്നിട്ടും അയാൾ ഒന്നും പറഞ്ഞില്ല, കാരണം അയാളുടെ വീട്ടുകാർക്ക് അയാൾ സഹിച്ച വേദന താങ്ങാനുള്ള ശേഷി ഇല്ലായെന്ന് അയാൾക്ക് നന്നായിയറിയാമായിരുന്നു.