ഒറ്റപ്പെട്ട് നിൽക്കുന്ന ഈ മുറിയുടെ വാതിൽ തള്ളിത്തുറന്നാൽ ആദ്യം കാണേണ്ടത് തൂങ്ങിക്കിടക്കുന്ന ശോഷിച്ച കാലുകളാണ്. ശരീരം താഴ്ന്നു കിടക്കണം. അതായത്, തറയിൽ നിന്നും വളരെ കുറച്ച് മാത്രം ഉയരത്തിൽ. അതിന് നീളമുള്ള കയർ തന്നെ വേണം. പണ്ട് ഗൾഫിൽ പോയപ്പോ പെട്ടി കെട്ടിയ കയറുണ്ട് റാക്കിന്റെ മുകളിൽ. പൊടിയിൽ മുങ്ങിയ കയറെടുത്ത് രണ്ട് തവണ കുടഞ്ഞ് പെരുവിരലും ചൂണ്ടുവിരലും കൊണ്ട് ഒന്നുഴിഞ്ഞു.
ഒരാൾക്ക് കിടക്കാൻ പാകത്തിലുള്ള കട്ടിൽ വാതിലിനഭിമുഖമായി തിരിച്ചിട്ടു. ഫാൻ അഴിച്ചു മാറ്റിയിടത്തുള്ള കൊളുത്തിലേക്ക് കയറിട്ടു. കയറിന്റെ ബലം ഒന്നുകൂടെ ബോധ്യപ്പെടണം. പൊട്ടി താഴെ വീണാൽ, തലയ്ക്ക് ക്ഷതം സംഭവിച്ചാൽ.... ഏയ്...... പേടിക്കാനൊന്നുമില്ല. ഒത്തിരി പ്രശസ്തരായ ആളുകളൊക്കെ സ്വീകരിച്ച ലളിതമായ മാർഗമിതത്രേ. ആത്മഹത്യ കേസുകളിൽ എഴുപത് ശതമാനത്തിന് മുകളിൽ നിൽക്കുന്ന വഴി. ശരീരത്തിലെ മറ്റ് അവയവങ്ങൾക്കൊന്നും കേടുപാടുകൾ സംഭവിക്കുന്നില്ല. അവശ്യ വസ്തുക്കളുടെ ലഭ്യത . ഇതിന് പ്രത്യേക പ്ലാനിങ്ങോ സാങ്കേതിക മികവോ ആവശ്യമില്ല.
വലത്തേ കയ്യിൽ കയറിന്റെ ഏതാണ്ട് മധ്യഭാഗം പിടിച്ചു. ഇടത്തെ കയ്യിൽ കയറിന്റെ ഒരറ്റവും. ഇവ രണ്ടും പരസ്പരം ബന്ധിപ്പിച്ചു. ഒരു കെട്ടിട്ടു. ഭദ്രമാക്കാനായി വീണ്ടും മുകളിലൂടെ രണ്ടാമത്തെ കെട്ട്. എല്ലാം തയ്യാറായപ്പോൾ ഞാൻ കട്ടിലിന്റെ തലഭാഗത്തു ചാരി നിന്നു. എന്റെ നേരെ മുന്നിൽ ഒരാൾ പൊക്കത്തിലുള്ള കണ്ണാടിയാണ്. കണ്ണാടിയുടെ ഇടത് ഭാഗത്ത് മുഴുവനായും അടയാത്ത ഒരു ചെറിയ അലമാര. ഭൂതകാലത്തെ കണക്കുകളെയത് ഉൾക്കൊള്ളുന്നു. കണ്ണാടിയുടെ വലത് ഭാഗത്ത് ഒരു തകരപ്പെട്ടി മൂലയ്ക്കിരിപ്പുണ്ട്.
പത്ത് വർഷത്തിനിപ്പുറം അതിനകത്ത് എന്തൊക്കെയാണെന്നിന്നും മനപാഠമാണ്. അക്കങ്ങളുടെ കനമുള്ള സർട്ടിഫിക്കറ്റുകൾ. വെള്ളനിറത്തിലുള്ള മാർക്ക്‌ലിസ്റ്റുകളുടെ അരികുകളിലെല്ലാം മഞ്ഞ നിറം പടർന്നിരിക്കുന്നു.പിന്നെ, പാടത്ത് പോകുമ്പോൾ അച്ഛനിടാറുള്ള ഇളം നീല ഷർട്ട്. നിങ്ങൾ സംശയിക്കും പോലെ അച്ഛൻ അവസാനമിട്ട ഷർട്ട് തന്നെ.
കഴുക്കോലിൽ തൂങ്ങിയ അച്ഛനെ പൊക്കിയെടുത്ത് നിലത്ത് കിടത്തിയത് ഞാനാണ്. അച്ഛന് തറനിരപ്പിന് ഇത്തിരി മുകളിൽ തൂങ്ങിയാ മതിയായിരുന്നല്ലോയെന്ന് തോന്നി. എന്നാൽ പിടിച്ചിറക്കാൻ ഇത്ര ബുദ്ധിമുട്ടില്ലായിരുന്നു. അതിന് നീളമുള്ള കയർ തന്നെ വേണം. കഞ്ഞിപ്പശ മുക്കിയ അമ്മയുടെ സാരിക്ക് ബലമില്ലാതിരുന്നതിനാൽ വേഗം മുറിച്ചു മാറ്റാനായി.
ഞാൻ കണ്ണാടിയിലേക്ക് നോക്കി.
"ഇപ്പോൾ ഈ സ്വയംഹത്യയുടെ ആവശ്യമുണ്ടോ "?
കണ്ണാടിക്കുള്ളിലെ സമർത്ഥനും സുമുഖനുമായ യുവാവ് എന്നോട് ചോദിച്ചു.
"തീർച്ചയായും". ഞാൻ കനപ്പിച്ച സ്വരത്തിൽ പറഞ്ഞു.
"ആത്മഹത്യ ഒന്നിനും പരിഹാരമല്ല. " വീണ്ടും അതേ ശബ്ദം.
"ഒരാളുടെ ദുഃഖം പൂർണമായും ഉൾക്കൊള്ളാനാവുന്നത് അയാൾ ഇല്ലാതാകുമ്പോഴല്ലേ.? " ഞാൻ നിസ്സഹായനായി.
"ഹോ.... ഇത്രയൊക്കെ പ്രശ്നം തനിക്കുണ്ടോ?" സമൂഹത്തിന്റെ പൊതു വികാരം.
"പ്രശ്നങ്ങൾ ഞാനാദ്യമേ വിവരിച്ചിരുന്നെങ്കിൽ.....? "
മറുചോദ്യമാണെന്റെ വായിൽ നിന്നും വന്നത്.
"എന്റെ തീരുമാനത്തിൽ നിന്നുമെന്നെ പിന്തിരിപ്പിക്കാൻ പോന്ന ശക്തമായ പരിഹാര ക്രിയകളൊന്നും നിന്റെ കയ്യിലില്ല.'
കഴുമരത്തിലേക്ക് ധീരയോദ്ധാവ് നടന്നടുക്കുന്നത് പോലെ ഞാൻ കയറിനടുത്തേക്ക് നടന്നു.
ആദ്യം കയ്യിൽ കടന്നു പിടിച്ചത് വേലായുധേട്ടനാണ്. പണ്ട് പാടത്ത് കൊടിപിടിച്ച് തഴമ്പിച്ച കൈ ചുരുട്ടിപ്പിടിച്ച് വേലായുധേട്ടൻ തെല്ലൊരഭിമാനത്തോടെ എന്നെ വിളിച്ചു.
"എടാ..... നീ ധൈര്യമായി തൂങ്ങെടാ, നിനക്ക് മുൻപിൽ ഞാൻ നടന്നു തീർത്ത വഴികളില്ലേ. കാർഷിക കടക്കെണിയിൽ കുടുങ്ങി ഞാൻ രണ്ട് കൊല്ലം നെട്ടോട്ടമോടി. വായ്പകൾ..... ഒരിക്കലും കിട്ടാത്ത ആദായം. ഒട്ടും അസംഭവ്യമല്ലാത്ത പട്ടിക - മകളുടെ ഫീസ്, മകന്റെ ചികിത്സ, എന്റെ ആരോഗ്യക്കുറവ്....
ഒരാളും തിരിഞ്ഞ് നോക്കിയില്ല. പിന്നിൽ മുദ്രാവാക്യ വിളികളില്ല, മുന്നിൽ നേതാവില്ല. പാടത്തിന്റെ തെക്കെയതിരിലെ മുളങ്കാട്ടിൽ കീടനാശിനിയടിച്ച് കിടന്നയെന്നെ നോക്കിയ സഹതാപ കണ്ണുകൾ ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല.
"അയ്യോ... വേലായുധേട്ടന് ഇത്ര ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ ഒന്നറിയിക്കാമായിരുന്നു. നാട്ടുകാർക്ക് വേണ്ടി യൗവനത്തിന്റെ മുക്കാൽ ഭാഗം ഓടിതീർത്തയാളാണ്. സമരങ്ങൾ.... കല്ലേറ്... ലാത്തിയടി... അറസ്റ്റ്... ജാമ്യം.... "
നാട്ടുകാരുടെ പ്രതികരണം ഇതായിരുന്നു. വേലായുധേട്ടൻ തുടർന്നു : " ഞാൻ പോയി ഒരാഴ്ച കഴിഞ്ഞപ്പോ കാർഷിക കടങ്ങൾ എഴുതിത്തള്ളി. പാർട്ടി ഫണ്ടിന്ന് ഒരു തുക കുടുംബത്തിന് ധനസഹായം. മകളുടെ പഠനചിലവ് നാട്ടിലെ വ്യവസായി ഏറ്റെടുത്തു. അവളിപ്പോ ഇവിടെ ഹെൽത്ത് സെന്ററിൽ നേഴ്സ് ആണ്. മകന്റെ ചികിത്സ കുടുംബാംഗങ്ങൾ ഒരുമിച്ച് നടത്തി. രണ്ട് മാസം കഴിഞ്ഞാൽ അവന് ടൗണിലെ പ്രൈവറ്റ് കമ്പനിയിൽ പണിക്ക് കേറാം. ഭവാനിക്ക് പാട്ടത്തിനിത്തിരി സ്ഥലോം കിട്ടി. ഇക്കൊല്ലം വിളവിറക്കാം. " വേലായുധേട്ടൻ പറഞ്ഞവസാനിപ്പിച്ച് മറഞ്ഞു.
ഞാൻ കുരുക്കെടുത്ത് കഴുത്തിലേക്കിട്ടു. അപ്പോൾ കാൽപാദങ്ങളിൽ നനുത്ത കുളിര്. കണ്ണുകൾ അടച്ചു. പക്ഷേ, കാലിൽ ആരോ ഇറുക്കിപ്പിടിച്ചത് പോലെ. പതുക്കെ കണ്ണുകൾ തുറന്നു. എന്റെ കൂടെ പത്താം ക്ലാസ്സിൽ പഠിച്ച വിനയ.
അവൾ പറഞ്ഞു : "ജയേഷേ... ഞാനും ഇതുപോലെ എന്തു ചെയ്യണമെന്നറിയാതിരുന്ന സമയമുണ്ടായിരുന്നു. എന്റെ ആത്മഹത്യാകുറിപ്പ് വായിച്ചവരൊക്കെ പറഞ്ഞത് : " ഇവൾക്ക് വിദ്യാഭ്യാസമില്ലായിരുന്നോ.... എന്നിട്ടും ഇങ്ങനൊരു പൊട്ടബുദ്ധി തോന്നിലോ. വിവാഹമോചനം വാങ്ങിച്ച് അന്തസ്സായി ജോലിക്ക് പൊയ്ക്കൂടാരുന്നോ. അച്ഛനേം അമ്മേനേം ഒന്നോർക്കാമായിരുന്നു. "
"പരിചയമുള്ളവരോടൊക്കെ ഞാനെന്റെ ഭർത്താവിന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ചും ഉപദ്രവിക്കുന്നതിനെക്കുറിച്ചും പറഞ്ഞു. വീട്ടുകാരോടും പറഞ്ഞു. ഞാനനുഭവിച്ചതെല്ലാം വിവരിച്ചിട്ടും എല്ലാവരും എന്നോട് ക്ഷമിച്ചും സഹിച്ചും പിടിച്ച് നിൽക്കാനാണ് പറഞ്ഞത്. അടിച്ച പാടുകളും രക്തം കല്ലിച്ച് നീലനിറമായത് കണ്ടിട്ടും പറഞ്ഞത് ആണുങ്ങൾക്ക് ചിലപ്പോൾ ദേഷ്യം വന്നാൽ അങ്ങനെയാ. സ്ത്രീകൾ അതൊക്കെ സഹിക്കണം. അല്ലാണ്ട് ഇതൊക്കെ എല്ലാരോടും വിളിച്ച് പറയരുത്."
"ഇത്രയധികം നിയമങ്ങളുള്ള രാജ്യത്ത് ഞാൻ നീതി കിട്ടാതെയിപ്പോഴും. പുതിയ നിയമങ്ങൾ കൊണ്ടു വരണം, ഉള്ള നിയമങ്ങൾ ശക്തിപ്പെടുത്തണം എന്നൊക്കെ പറയുന്ന വിഡ്ഢികളുണ്ടിപ്പഴും "
"ഇനിയീ സഹതപിക്കുന്നോരോക്കെ ഞാൻ വിവാഹമോചനം നേടിയെന്റെ വീട്ടിൽ വന്നാൽ പറയും, ഇപ്പോഴത്തെ പെൺകുട്ടികൾക്ക് എന്തെങ്കിലും കാരണം മതി ഇറങ്ങിപ്പോരാൻ. അവർക്കെല്ലാം തമാശയാ. പിന്നെ അച്ഛനേം അമ്മേനേം എല്ലാരും പഴിചാരും. അമിത സ്വാതന്ത്ര്യവും ലാളനയും നൽകിയെന്ന ആരോപണവും.
എല്ലാവരുടെയും സമാധാനത്തിനു വേണ്ടി ഞാൻ ബലിയാടായി. ആത്മഹത്യ ചെയ്തത് കൊണ്ടു മാത്രം ഞാനെന്ന പെൺകുട്ടി ന്യായീകരിക്കപ്പെട്ടു. "
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഞാൻ കണ്ണുകൾ തുടച്ചു. ആത്മഹത്യ ചെയ്യേണ്ടതിന്റെ ആവശ്യകത എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. കുരുക്ക് കുറച്ചു കൂടി മുറുക്കി. കഴുത്തിന് ഇത്തിരി ഞെരുക്കം തോന്നുന്നു. ഇടംവലം തിരിയാൻ ഇത്തിരി പ്രയാസം.
ഇത്തവണ തടസ്സം വന്നത് തലക്കകത്തു നേരിയൊരു പെരുപ്പത്തോടെയാണ്. അത് ആർത്തിരമ്പുന്ന കടൽ കണക്കെ കൂടിക്കൂടി വന്നു. കുരുക്ക് ഒന്നയച്ചു.
കണ്മുൻപിൽ നിൽക്കുന്ന പെൺകുട്ടിയെ പെട്ടെന്ന് മനസ്സിലായില്ല. കുറച്ചു സമയം ആലോചിച്ചു. അതെ, ഒരാഴ്ച മുന്നേയുള്ള പത്രതാളിൽ കണ്ട മുഖം. ആരുടെയോ തോളിൽ തലവെച്ചു വിങ്ങിപ്പൊട്ടിയ മുഖം ഞാനോർക്കുന്നു. ദയനീയമായിരുന്നു ആ കാഴ്ച്ച.
"എന്റച്ഛനോടെന്തിനിത് ചെയ്തു. അച്ഛൻ ആരേം ദ്രോഹിച്ചിട്ടില്ല." അവൾ കരച്ചിലടക്കിക്കൊണ്ട് എന്നോട് പറഞ്ഞു:
"അച്ഛനെ കാത്ത് വീടിന്റെ പുറത്ത് ഇരിക്കുവാരുന്നു ഞാൻ. ചുരിദാറും പലഹാരങ്ങളും വാങ്ങിക്കാൻ ടൗണിലേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞാ അച്ഛൻ പോയത്. എന്തോ അപകടം പറ്റിയെന്ന് പറഞ്ഞാണ് ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഞാൻ കാണുമ്പോൾ അച്ഛന്റെ മുതുകത്തും നെഞ്ചിലും തോളിലും വെട്ടേറ്റ പാടുകൾ. അച്ഛന് രാഷ്ട്രീയം മാത്രമല്ല, ഒരു മോളും കൂടിയുണ്ടായിരുന്നു എന്നുറക്കെ വിളിച്ചു പറയാൻ തോന്നി. മുദ്രാവാക്യങ്ങളുടെ പ്രകമ്പനങ്ങളൊക്കെ ഒടുങ്ങി. എല്ലാവരും പിരിഞ്ഞു പോയി. ഞാനും അമ്മയുമിങ്ങനെ അച്ഛന്റെ ഓർമകൾക്ക് മുൻപിൽ എരിഞ്ഞെരിഞ്ഞ്....
കോണിച്ചോട്ടിലിരുന്ന് ഞാൻ ബ്ലേഡ് കൊണ്ടു ഞരമ്പ് മുറിച്ചു കിടന്നു. ചോര ചീറ്റുന്നത് കണ്ട് പേടി തോന്നിയില്ല. നിലവിളിക്കാനും തോന്നിയില്ല. ഒന്നിനും തോന്നിയില്ല. ഇത്രയും പറഞ്ഞ് അവളും മാഞ്ഞുപോയി.
പെട്ടെന്ന് നെഞ്ചിന്റെ ഇടത് ഭാഗത്ത് ഹൃദയത്തോട് ചേർന്നൊരു ചൂട്. താപനില കൂടി വരുന്നു. ഒരു സംരക്ഷണ വലയം പോലെ. എന്റെ നിമിഷയും നീതുമോളും നെഞ്ചോട് ചേർന്ന് നിൽക്കുന്നു.
വളരെ അവിചാരിതമായാണ് നിമിഷയെന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പിന്നാലെ നീതുമോളും. സന്തോഷത്തിന്റെ നാളുകൾ. എന്നാൽ, ജോലി സംബന്ധമായി ഞാൻ കർണാടകയിലേക്ക് പോയി. മോളുണ്ടായി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മുതൽ നിമിഷ എന്നും വിളിച്ച് കരച്ചിലായിരുന്നു. പെട്ടെന്ന് സങ്കടം വരുന്നു. അതുപോലെ ദേഷ്യവും. മനസ്സും ശരീരവും ഒരുപോലെ തളർന്നു പോയെന്ന് പറയുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളും അനാവശ്യമായ കുറ്റപ്പെടുത്തലുകളുമാണ് ഇതിനെല്ലാം കാരണമെന്ന് എനിക്ക് ബോധ്യപ്പെട്ടു. കുഞ്ഞിന് കുടിക്കാൻ മതിയായ പാലുണ്ടായിട്ടും, നിനക്ക് പാലില്ലാത്തത് കൊണ്ടാണ് കുഞ്ഞിന്റെ ശരീരം നന്നാവാത്തതെന്ന കുറ്റപ്പെടുത്തലിലാണ് ആരംഭിച്ചത്.
'നിനക്ക് സുഖായല്ലോ, ഇനിയിങ്ങനെ ചുമ്മാ ഒന്നും ചെയ്യാതെ കിടക്കാമല്ലോ '
'നീ ജോലിക്ക് പോകുന്നത് കൊണ്ടാണ് കുഞ്ഞ് ശരിക്ക് ഭക്ഷണം കഴിക്കാത്തത്.'
'ഈ കുഞ്ഞിന് വലുതാവുമ്പോൾ നിന്നോട് അടുപ്പം കാണില്ല.'
'ആറേഴു മാസം പ്രായമുള്ള കുട്ടിയോട് എന്താണിത്ര സംസാരിക്കുന്നത്, അതിന് എന്തെങ്കിലും മനസ്സിലാകുമോ.'
'ഉറങ്ങികിടക്കുന്ന കുഞ്ഞിനെക്കണ്ട് എങ്ങനെ പുറത്തിറങ്ങാൻ തോന്നുന്നു.'
കുഞ്ഞ് വാശി പിടിച്ച് കരയുന്നതൊക്കെ അമ്മയുടെ വളർത്തുദോഷം കൊണ്ടാ.'
എന്നെ അത്ഭുതപ്പെടുത്തിയത് ഇതെല്ലാം പറഞ്ഞത് സ്ത്രീകൾ മാത്രമാണ്. ആദരിക്കപ്പെടേണ്ട സ്ത്രീത്വം!
മൂന്നു നാലു മാസം കഴിഞ്ഞപ്പോ നിമിഷ വിളിക്കാതെയായി. അങ്ങോട്ട് വിളിച്ചാൽ മാത്രം സംസാരിക്കും. പരാതികളും പരിഭവങ്ങളും ഇല്ലാതായി.
നീതുമോൾക്ക് ഒരു വയസ്സ് തികയുന്ന ദിവസം അവള് കുഞ്ഞിനെയെടുത്ത് കിണറ്റിൽ ചാടി. പിറ്റേന്ന് രാവിലെ പറമ്പിൽ പണിക്ക് വന്ന പണിക്കാരാണ് മൃതദേഹം പുറത്തെടുത്തത്. അപ്പോഴും കുഞ്ഞ് അവളുടെ മാറിൽ ഉറങ്ങിയ പോലെ പറ്റിച്ചേർന്ന് കിടപ്പുണ്ടായിരുന്നു. രണ്ട് കൈ കൊണ്ടും കുഞ്ഞിനെ അവൾ മുറുകെ പിടിച്ചിരുന്നു. എല്ലാവർക്കുമുള്ള മറുപടി കൊടുത്തപ്പോൾ നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണ്. ഒരു പക്ഷേ, ഞാൻ കൂടെയുണ്ടായിരുന്നെങ്കിൽ അവളിങ്ങനെ ചെയ്യില്ലായിരുന്നുവെന്ന കുറ്റബോധം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.
നിമിഷയെ ഉമ്മറത്തേക്ക് കിടത്തിയപ്പോൾ ചുറ്റും കൂടി നിന്നവരൊക്ക പറഞ്ഞത് അത്യാശ്ചര്യകരമായ കാര്യങ്ങളാണ്.
"നല്ലോരു പെണ്ണാരുന്ന്. എല്ലാരോടും വല്യ സ്നേഹാരുന്ന്. ആ കുഞ്ഞിനെ ഒറ്റക്ക് എന്തുമാത്രം കഷ്ടപ്പെട്ട് നോക്കിതാന്നോ. "
"എങ്ങനെ ചെയ്യാൻ തോന്നിയവൾക്ക്. ആ കുഞ്ഞിനെ ഉറക്കി കിടത്തിട്ട് അവൾക്ക് ചാടിയാ മതിയാരുന്നല്ലോ. "
ചില മനുഷ്യർ നേർത്ത നൂലിഴക്ക് മുകളിലാണ് നടക്കുന്നതെന്ന് പലരും വിസ്മരിക്കുന്നു. സ്വയമില്ലാതാവാൻ ഇത്ര നിസ്സാര കാര്യങ്ങൾ മതിയോയെന്ന് ഞാൻ ഒത്തിരി ചിന്തിച്ചു. നിമിഷക്ക് ഒരു ചെവിയിലൂടെ കേട്ടത് അടുത്ത ചെവിയിലൂടെ പുറത്തേക്ക് കളയാനായില്ല എന്നതാണെന്റെ കണ്ടെത്തൽ. ചുറ്റുപാടുകളുടെ നിരന്തരമായ ഇടപെടലിൽ തളർന്നു പോകുന്നവർ.....
ഞാൻ വീണ്ടും കണ്ണാടിയിലേക്ക് നോക്കി. ആ യുവാവ് എന്നോട് പറഞ്ഞു:
"നിനക്ക് നീന്താനറിയാമെന്നതാണ് എനിക്ക് നിന്നെ ബോധ്യപ്പെടുത്താനുള്ളത്. "
"അതെ, നീന്താനറിയാം. അല്ലെങ്കിൽ കൈ കാലിട്ടടിച്ച് രക്ഷപ്പെടാനെങ്കിലും ശ്രമിക്കാം. പ്രതീക്ഷയുടെ ഒരു നേരിയ വിടവുണ്ട്. പക്ഷേ..... " ഞാൻ നിർത്തി.
"പക്ഷേ...... "?
"നീന്തിക്കയറാനൊരു തുരുത്തില്ല. മനുഷ്യ തുരുത്തുകളുടെ ഗണ്യമായ കുറവ് ഞാനനുഭവിക്കുന്നു."
ഏതോ ഉൾപ്രേരണയാൽ ഞാൻ കൂടുതൽ ശക്തിയാർജിച്ച് കയറിൽ പിടിച്ചു.
ഓരോ ആത്മഹത്യയും അവശേഷിപ്പിക്കുന്നത് ഓരോ കയർ കുരുക്കുകളാണ്. കേവലം കുരുക്കുകൾ. അവർക്ക് ചുറ്റുമുള്ളവരുടെ തലയ്ക്ക് മുകളിൽ അതങ്ങനെ തൂങ്ങിക്കിടക്കും, പല വിധത്തിൽ, പല ഉയരത്തിൽ, അനാദി കാലത്തോളം......
നിങ്ങളുടെ അനുമാനങ്ങൾക്കും മുകളിലാണെന്റെ ജീവിതത്രാസ്. ആകയാൽ, ആത്മഹത്യകുറിപ്പ് എഴുതാൻ മാത്രമുള്ള സാമൂഹിക പ്രതിബദ്ധത എനിക്കില്ല.
ഞാൻ കുരുക്ക് മുറുക്കി, നിർദ്ദയം, കഴിയുന്നത്ര ശക്തമായി. വിരലുകളൂന്നി സ്റ്റൂൾ തട്ടി താഴെയിട്ടു.
ഇനി കണ്ണുകൾ തുറിക്കുമായിരിക്കും, നാവ് കടിക്കുമായിരിക്കും, തുടയിലെ രക്തം കൈവിരലുകളിൽ പറ്റിപ്പിടിച്ചേക്കാം....