ഓരോന്നും ചിന്തിച്ചങ്ങനെ നടക്കണേൻ്റെടയിൽ കാല് ചെറുതായൊരു കല്ലിൽത്തട്ടി, വേദനിച്ചപ്പോഴാണ് അയാൾക്ക് സ്വബോധമുണ്ടായത്. ഇരുവശവും ജാതിമരങ്ങൾ നിറഞ്ഞ മെറ്റൽ വിരിച്ച റോഡിലൂടെയാണ് നടപ്പ്. കുത്തനെയുള്ള കയറ്റം കഴിഞ്ഞാൽ ഗോപാലൻ്റെ വീടാണ്.
പ്രായത്തിൻ്റെ അസ്കിത ഒട്ടും പരിഗണിക്കാതെ അയാൾ ഒരു യുവാവിൻ്റെ ചുറുചുറുക്കോടെ മുന്നോട്ട് കുതിക്കുകയാണ്. പെട്ടെന്നാണ് പിന്നീന്നൊരു വിളി.
"രാമേട്ടാ.."
അയാൾ തിരിഞ്ഞു നോക്കി. ശാരദക്കുട്ടി! കാണാൻ കൊതിച്ച രൂപം.
അൻപത്തിരണ്ടിലും നല്ല വടിവൊത്ത ശരീരം. മുടിയിലങ്ങിങ്ങ് ഓരോ വെള്ളിവര. മുഖത്ത് തത്തിക്കളിക്കുന്ന പുഞ്ചിരി. മൂക്കിന്റെ താഴെ പറ്റിപ്പിടിച്ച വിയർപ്പുതുള്ളികൾ. ചുണ്ടുകൾക്കിപ്പാേഴും എന്തൊരു അരുണാഭയാണ്! അയാളൊരു കോരിത്തരിപ്പോടെ അവളെ നോക്കി.
"എന്ത്യേ ശാരദക്കുട്ടീ?''
''അതേ.. രാമേട്ടാ.."
"എന്തേൻ്റെ ശാരദക്കുട്ടീ, പറഞ്ഞോളൂ."
"ബുദ്ധിമുട്ടില്ല്യാച്ചാൽ എനിക്കൊരു ഇരുന്നൂറുരൂപ കൂടിത്തരാമോ? എല്ലാം കൂടി അടുത്തമാസത്തെ പെൻഷൻ കിട്ടുമ്പത്തരാം."
അവൾ നേരിയവിഷമത്തോടെ പറഞ്ഞു. അയാൾ പോക്കറ്റിൽ നിന്നും അഞ്ഞൂറിൻ്റെ രണ്ടുനോട്ടെടുത്ത് അവൾക്കു കൊടുത്തു.
"എനിക്ക് ഇരുന്നൂറുരൂപ മതി രാമേട്ടാ. അടുത്താഴ്ച അനിലയുടെ കുഞ്ഞിൻ്റെ പിറന്നാളാ. സുപ്രിയയുടെ കടയിൽ ഞാനൊരു ഉടുപ്പുതയ്ക്കാൻ പറഞ്ഞിട്ടുണ്ട്. അഞ്ഞൂറുരൂപയാകും. മുന്നൂറുരൂപ എൻ്റേലൊണ്ട്."
"അതു സാരമില്ലെൻ്റെ ശാരദക്കുട്ടീ, നീയിതു വെച്ചോ. നിനക്കെന്തേലും വാങ്ങണമെങ്കിൽ നീയാരുടേം മുന്നിൽ കൈനീട്ടരുത്. നിൻ്റെ മക്കളുടെ കാര്യമൊക്കെ എനിക്കറിയാം. ഒന്നൂല്ലേലും എൻ്റെ ഗോപാലൻ്റെ പെണ്ണ് വിഷമിക്കുന്നത് എനിക്കു സങ്കടമാണ്."
'ഇയാളെപ്പോഴുമെന്തേ എൻ്റെ ശാരദക്കുട്ടീ.. എൻ്റെ ശാരദക്കുട്ടീന്ന് പറയുന്നത്. ഒരു മാതിരി കോളേജുകുട്ടിയെപ്പോലെ.'
ശാരദ നീരസത്തോടെ ചിന്തിച്ചുവെങ്കിലും ഒന്നും പുറത്തു കാട്ടാതെ പറഞ്ഞു.
"രാമേട്ടാ..നന്ദിയുണ്ട് കേട്ടോ. എല്ലാംകൂടി ഞാൻ മടക്കിത്തരും."
"എനിക്കു ധൃതിയില്ലെന് ശാരദക്കുട്ടി. പിന്നേ.. ഞാനൊരു കാര്യം ചോദിക്കണംന്ന് കുറേക്കാലമായി വിചാരിക്കുന്നു. ഞാൻ..ഞാൻ ..."
അയാൾ പറയാൻ മടിച്ച് നിന്നു.
"എന്തേ രാമേട്ടാ?"
"അല്ലേ വേണ്ട. പിന്നീടാവാം."
മുന്നോട്ട് നടന്നു കൊണ്ടയാൾ പറഞ്ഞു. ഇതെന്തൊരു മനഷ്യൻ! ഇയാളെ തനിക്കു മനസിലാകുന്നില്ലല്ലോ! ചിലപ്പോൾ സഹോദരൻ! മറ്റു ചിലപ്പോൾ ഒരു കള്ളക്കാമുകനേപ്പോലെ!
ഏയ്..അതു തൻ്റെ തോന്നലാവും, ശാരദയോർത്തു.
"എന്താ ശാരദേ റോഡിൽ നിന്നാണോ സ്വപ്നം കാണൽ?''
താഴത്തു വീട്ടിലെ സരസ്വതിയാണ്.
''ദേ.. സരസൂ ഈ പ്രായത്തിലാണോ സ്വപ്നം? നീയ് എന്നെക്കൊണ്ടൊന്നും പറയിക്കരുത്.'' ശാരദ കള്ളപ്പരിഭവം നടിച്ചു.
''അതെന്താടീ.. നിനക്കു സ്വപ്നം കണ്ടൂടെ, നമ്മുടെ മുൻ പ്രസിഡൻ്റ് അബ്ദുൾ കലാം പറഞ്ഞിട്ടില്ലേ സ്വപ്നം കാണണംന്ന്."
സരസ്വതി ഒരു കുലുങ്ങിച്ചിരിയോടെ പറഞ്ഞു.
"സരസൂ, സ്വപ്നങ്ങളൊക്കെ നിന്നെപ്പോലുള്ളവർക്ക്. ഞാനിനിയെന്തു സ്വപ്നം കാണാനാ, എത്രേംപെട്ടന്ന് എൻ്റെ ഗോപാലേട്ടൻ്റെയടുത്തേയ്ക്ക് പോയാൽ മതി. മക്കള് രണ്ടാളുംകൂടി എന്നെ പന്തുതട്ടുംപോലെ തട്ടിക്കളിയ്ക്കുവാണ്. അഖിലുപറയും അമ്മകുറച്ചുനാൾ ചേട്ടൻ്റെകൂടെ പോയിനിൽക്കാൻ. അവിടെച്ചെല്ലുമ്പോൾ ആദിൽ പറയും, അമ്മ കുടുംബവീട്ടിൽ അഖിലിനൊപ്പമാണ് നിൽക്കേണ്ടതെന്ന്. ഞാനെന്തു ചെയ്യുമെടീ നീതന്നെ പറയ്?''
ശാരദ സങ്കടത്തോടെ പറഞ്ഞു.
"നീ തൽക്കാലം ഇവിടെത്തന്നെ നിൽക്ക്. ഇതല്ലേനിൻ്റെ ഗോപാലേട്ടൻ പണികഴിപ്പിച്ചവീട്.''
''ഇവിടെ നിൽക്കുന്നത് താരയ്ക്ക് തീരെയിഷ്ടമല്ല, അവളോരോന്നു പറയുന്നതുകേട്ട് ഇപ്പോഅഖിലിനും. ശനിയാഴ്ച അനിലേടെ കുഞ്ഞിൻ്റെ പിറന്നാളാണ്. ഒരുഉടുപ്പു വാങ്ങിത്തരാൻ പറഞ്ഞിട്ട് അവൻ്റെ കൈയ്യിൽപണമില്ലെന്ന്! കഴിഞ്ഞയാഴ്ച എനിക്കുകിട്ടിയ പെൻഷൻതുകയും അവൻ മേടിച്ചെടുത്തു. എവിടേലും വല്ല കൂലിപ്പണിയ്ക്കോ, അടുക്കളപ്പണിയ്ക്കോ പോകാമെന്നു വെച്ചാൽ അവർക്കു നാണക്കേടാണെന്ന്. എൻ്റെസരസൂ സത്യംപറയാലോ നല്ലൊരു അടിപ്പാവാടപോലും ഇല്ലെടീ എനിക്ക് എല്ലാം പിഞ്ഞിക്കീറി. എൻ്റെ ഗോപാലേട്ടനുണ്ടായിരുന്നെങ്കിൽ.."
ശാരദ തേങ്ങലടക്കി.
"നീയെന്തിനാ ശാരദേ പെൻഷൻകാശ് അവർക്ക് കൊടുത്തത്? ഇത്രനാളായിട്ടും നിൻ്റെമക്കളുടെ സ്വഭാവം നീ പഠിച്ചില്ലെന്നുവെച്ചാൽ അനുഭവിക്ക്."
സരസ്വതി രോഷത്തോടെ പറഞ്ഞു.
"അവനു പണത്തിനെന്തോ അത്യാവശ്യം വന്നു. രണ്ടുദിവസം കഴിഞ്ഞു തരാംന്ന് പറഞ്ഞപ്പോൾ ഞാൻ കൊടുത്തതാടി. ഇന്നു ചോദിച്ചപ്പോൾ അമ്മയ്ക്കിപ്പോ എന്തിനാകാശ്, ഇവിടെന്താ കുറവെന്നാ അവൻ്റെചോദ്യം. പെൻഷൻകിട്ടുമ്പോൾ തരാമെന്ന് പറഞ്ഞ് രാമേട്ടനോട് ഞാൻ വീണ്ടും പണം കടംവാങ്ങി. എല്ലാം കൂടിയിപ്പോൾ നാലായിരം രൂപയായി."
"ശാരദേ.. ഞാനൊരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ?"
''എന്താ കാര്യം?''
''നീയൊരു കല്യാണം കഴിക്കണം."
"കല്യാണമോ? നിനക്കെന്താ സരസൂ വട്ടായോ?"
"വട്ടൊന്നുമല്ലെടീ, സത്യം! അഖിലിനും, ആദിലിനും നീ അവരുടെ വീടുകളിൽ നിൽക്കുന്നതിഷ്ടമല്ല. കെട്ടിച്ചുവിട്ട മകളുടെ വീട്ടിലും പറ്റില്ല. പിന്നെ നീയെവിടെക്കഴിയും? ചിന്തിച്ചിട്ടുണ്ടോ നീ?"
സരസു ചോദിച്ചു.
"നീ പറയുന്നതൊക്കെ സത്യമാണ്. എവിടേലും വല്ല വീട്ടുജോലിയ്ക്കും പോയാലോന്നാണ് ഇപ്പോ എൻ്റെ ആലോചന."
"അതിനു നിൻ്റെ മക്കൾ സമ്മതിക്കോ?"
"ഇല്ല ."
"പിന്നെ?''
''അവരുടെ ഇഷ്ടമിനി ഞാൻ നോക്കില്ല. എനിക്കു ജീവിക്കണം. എൻ്റെ കടമൊക്കെ വീട്ടണം."
"എന്നാൽ നിൻ്റെ കടമാെക്കെ വീട്ടാനും, നിനക്ക് അന്തസായി ജീവിക്കാനുമുള്ള വഴിയാ ഞാൻ പറഞ്ഞത്, ഒരു കല്യാണം. ഇന്നു തള്ളിക്കളഞ്ഞ മക്കൾ നാളെ നിന്നെത്തേടി വരും."
"നീ പോടീ.. നിൻ്റെയൊരു കല്യാണം!''
ശാരദ മുഖം കോട്ടി.
''ഞാനൊരാളു പറഞ്ഞിട്ടാ ഈ ആലോചനയുമായ് വന്നത്. വരൻ നിന്നെപ്പോലെതന്നെ ഒറ്റയ്ക്കു ജീവിക്കുന്നയാളാണ്. മക്കളുണ്ടെങ്കിലും ഭാര്യ മരിച്ചശേഷം പാവം ഒറ്റയ്ക്കാണ് ജീവിതം. ഒന്നു മിണ്ടാനും, പറയാനും ആരുമില്ലാത്ത അവസ്ഥ. നിന്നെപ്പോലെതന്നെ അയാളും ഒറ്റയ്ക്കാണ്."
"എൻ്റെ സരസൂ.. ഇനിയൊരു വിവാഹമോ? നീയൊന്നു പോയേ.''
''ശാരദേ, അയാൾക്ക് നിന്നെ വല്യഇഷ്ടമാണ്. നിന്നോട് സമ്മതംചോദിക്കാനായി എന്നാേട് പറഞ്ഞിട്ടു കുറേക്കാലമായി. നിങ്ങൾ ഒന്നാകണമെന്നാണ് എൻ്റെ അഭിപ്രായം. കാരണം. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നിങ്ങൾ പരസ്പരം താങ്ങും, തണലുമായിത്തീരണം. പക്വതയില്ലാത്ത കുട്ടികളല്ല നിങ്ങൾ. കണ്ടും, കേട്ടും, അനുഭവിച്ചും ജീവിതത്തിൻ്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോയവരാണ് നിങ്ങൾ. അതിനാൽത്തന്നെ പരസ്പ്പരം മൽസരിക്കാനോ, പാഴാക്കിക്കളയാനോ ഉള്ള സമയവും സന്ദർഭവുമില്ല. ഇനിയുള്ള നാളുകൾ സന്തോഷത്തോടെ ജീവിക്കുക. ഏകാന്തതയിൽ ഒടുങ്ങേണ്ടതല്ല വാർദ്ധക്യം. മക്കൾ കൈവിട്ടാലും നമ്മൾ ജീവിക്കണം. അല്ല, ജീവിച്ചു കാണിക്കണം. നമ്മുടെ കഥാനായകൻ ആരെന്നല്ലേ? അത് മറ്റാരുമല്ല. നമ്മുടെ രാമേട്ടൻ."
"രാമേട്ടനാേ?'' ശാരദ ചോദിച്ചു.
"അതേ നിൻ്റെഗോപാലേട്ടൻ്റെ ചങ്ങാതിയായ രാമേട്ടൻ തന്നെ.''
രാമേട്ടൻ! ഗോപാലേട്ടൻ്റെ കുട്ടിക്കാലത്തേ ചങ്ങാതി. ഗോപാലേട്ടൻ്റെ രോഗാവസ്ഥയിലും, സാമ്പത്തിക പ്രതിസന്ധികളിലുമൊക്കെ ഏറെ സഹായിയായിരുന്നു രാമേട്ടൻ.
രാമേട്ടൻ്റെ ഭാര്യമരിച്ചതോടെ മക്കളൊക്കെ വിദേശത്തായതിനാൽ വീട്ടിൽ അയാൾ തനിച്ചായിത്തീർന്നു. ഗോപാലേട്ടൻ ഉള്ളപ്പോഴും, അതിനു ശേഷവും പലപ്പോഴും ശാരദയ്ക്ക് സഹായവുമായി അയാൾ എത്താറുണ്ട്. അദ്ദേഹമാണിപ്പോൾ തനിക്കു മുന്നിലേയ്ക്ക് സരസ്വതിയെ പറഞ്ഞയച്ചിരിക്കുന്നത്. ശാരദ ഗഗനമായ ആലോചനയിൽ മുഴുകി.
"നിൻ്റെ തീരുമാനം എന്തായാലും അത് നിൻ്റെ മക്കളെപ്പേടിച്ചാവാൻ പാടില്ല. മക്കൾക്കു വേണ്ടാത്ത നീ ഇനിയെങ്കിലും തിരിച്ചറിയണം. നമ്മളെ വേണ്ടാത്തവരുടെ ഇടയിൽ ഒരു ഇത്തിൾക്കണ്ണിപ്പോലെ കടിച്ചു തൂങ്ങുന്നതാണോ, അതോ നിന്നെയൊരു രാജ്ഞിയെപ്പോലെ സ്വീകരിക്കാൻ ആറ്റുനോറ്റു കാത്തിരിക്കുന്ന രാമേട്ടനോടൊപ്പം ജീവിക്കുന്നതാണോ നല്ലതെന്ന് നീ തന്നെ പറയ്. നിൻ്റെ തീരുമാനം എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ പറയണം."
മുന്നോട്ടു നടന്നുകൊണ്ട് സരസ്വതി പറഞ്ഞു.
'തൻ്റെ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടോ? ഒരു സ്വാന്ത്വനം തേടി. ശരിയേത്, തെറ്റേത് എന്നറിയാതെ മനസ് വല്ലാതെ അസ്വസ്ഥമാകുന്നു. ഒരു തണലോ, തുണയോ എന്താണ്ന്ന് പറയാനറിയാത്തൊരു ഒരു പുതു വസന്തംതേടി. മനസിൻ്റെ നിയന്ത്രണം തനിക്കു നഷ്ടമാകുകയാണോ? നൻമമരം നൽകുന്ന സ്നേഹത്തണൽ സ്വീകരിക്കുവാനായ്
ഹൃദയം വല്ലാതെ തുടിക്കുകയാണോ?
താനെന്തു മറുപടിയാണ് പറയേണ്ടത്. ഇഷ്ടമാണെന്ന് താൻ എങ്ങനെപറയും? പറഞ്ഞാൽ മക്കളും, സമൂഹവും തന്നെ എങ്ങനെ കാണും? ആരെന്തു വേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ. അരികിലണഞ്ഞൊരു വസന്തത്തെ ഇനി കണ്ടില്ലെന്നു നടിക്കാനാവില്ല.' അലയാഴിപോലെ അസ്വസ്ഥമായ മനസുമായി ശാരദക്കുട്ടി പാതയോരത്ത് നിന്നു.