

(Abbas Edamaruku )
കവലയിൽ ബസ്സിറങ്ങി തൊട്ടടുത്തുള്ള കടയിൽ നിന്ന് ഏതാനും പലഹാരങ്ങളും വാങ്ങിക്കൊണ്ട് അവൻ ചെമ്മണ്ണ് നിറഞ്ഞ പാതയിലൂടെ അതിവേഗം നടന്നു. കൊയ്ത്തിനു തയ്യാറായി വിളഞ്ഞുനിൽക്കുന്ന നെൽപ്പാടങ്ങൾക്കു മേൽ തുമ്പികൾ പാറി കളിക്കുന്നു. അപൂർവ്വമായി മാത്രം കാണാൻ കിട്ടുന്ന മനോഹരമായ കാഴ്ച. ഇളം കാറ്റടിച്ചപ്പോൾ നെൽച്ചെടികൾ മെല്ലെ ഒരു വശത്തേക്ക് ചാഞ്ഞിളകി... സ്വർണ്ണകസവ് പാവാട കാറ്റിലുലയുകയാണെന്നേ തോന്നൂ. 'മജീദ്' പറയാറുള്ളത് പോലെ അവന്റെ നാടിനും, ഗ്രാമത്തിനും ഒക്കെ വല്ലാത്ത ഭംഗി തന്നെ. എത്ര ആസ്വദിച്ചാലും മതിവരാത്ത ഭംഗി. ഒരു നിമിഷം ആ നയന മനോഹര കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് അവൻ അങ്ങനെ തന്നെ നിന്നു.
നല്ല ശുദ്ധവായുവിന്റേയും, നല്ല മണ്ണിന്റേയും ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നു. മജീദ് തന്റെ അടുക്കൽ വരുമ്പോൾ ഉണ്ടാകാറുള്ള അതേ ഗന്ധം.
ഒരേ സ്ഥലത്ത് ഒന്നിച്ച് ജോലി ചെയ്ത നാളുകളിൽ... നാട്ടിൽ പോയി തിരികേ വരാറുള്ള മജീദിനെ നോക്കി അവൻ പറയുമായിരുന്നു .
"നിന്റെ ശരീരത്തിന് വല്ലാത്തൊരു ഗന്ധമാണ്... നല്ല മണ്ണിന്റെ ഗന്ധം."
ആ സമയം മജീദ് പുഞ്ചിരിച്ചുകൊണ്ട് പറയും.
"ഇത് യഥാർത്ഥ മനുഷ്യരുടെ മണമാണ് മോനെ... നല്ല മണ്ണിൽ പണിയെടുക്കുന്ന ഗ്രാമവാസികളായ പച്ചമനുഷ്യരുടെ ഗന്ധം. നഗരത്തിന്റെ അഴുക്കുചാലിൽ മുങ്ങിക്കിടക്കുന്ന നിനക്കൊന്നും ഇത് ആസ്വദിക്കാൻ പോലും കഴിയില്ല. പിന്നെ ഈ ഗന്ധം വല്ലാത്ത ഇഷ്ടമാണെന്ന് വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ 'മുംതാസും' എന്നെ കെട്ടിപുണർന്നുകൊണ്ട് പറയാറുണ്ട് കേട്ടോ..."മജീദ് പൊട്ടിച്ചിരിക്കും.
കൈത്തണ്ടയിലെ നനുത്ത രോമരാജികളിൽ ചുണ്ട് ചേർത്തു മണത്തു നോക്കിക്കൊണ്ട് ആവും മജീദ് അതു പറയുന്നത്...
"ഈ ഗന്ധം കൊള്ളാമല്ലേ.?"
"ഒന്നു പോടാ... നിനക്ക് എല്ലാം തമാശയാണ്.എന്ത് പറഞ്ഞാലും ഒടുക്കം നീ നിന്റെ മുംതാസിൽ കൊണ്ട് നിറുത്തും. മറ്റാരും പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്തതുപോലെ..."
മജീദ് അപ്പോൾ വെളുക്കെ ചിരിക്കും.
"എല്ലാം പെണ്ണുങ്ങളേയും പോലെയല്ല എന്റെ മുംതാസ്. നീ അവളെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. നോക്കിക്കോ... ഒരിക്കൽ നിന്നെ ഞാൻ എന്റെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നുണ്ട്. അന്ന് നീ മനസ്സിലാക്കും ഞാൻ പറഞ്ഞത് അത്രയും സത്യമാണെന്ന്. "
എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു വീണ്ടും എന്തൊക്കെയോ ഓർത്തുകൊണ്ട്. വേദനനിറഞ്ഞ ഒരു ദീർഘനിശ്വാസത്തോടെ അവൻ മുന്നോട്ട് നടന്നു.
വെയിൽ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. അവൻ മെല്ലെ ആ കൊച്ചുവീടിന്റെ മുറ്റത്തേക്കുള്ള നടക്കല്ലുകൾ കയറി മുറ്റത്തെത്തി. അപ്പോൾ കണ്ടു... വീടിന്റെ ആരഭിത്തിയിലിരുന്നുകൊണ്ട്... മോൾക്ക് ചായ കൊടുക്കുന്ന മുംതാസിനെ. അവനെ കണ്ടതും മോളേ ഒതുക്കി നിറുത്തിയിട്ട് ആരഭിത്തിയിൽ നിന്ന് എഴുന്നേറ്റ് മെല്ലെ ഒതുങ്ങി നിന്നു അവൾ.
"ആ... ഇക്കാ... വന്നുവോ... ഞാൻ ഇന്ന് അങ്ങോട്ട് വിളിക്കണമെന്ന് കരുതി ഇരിക്കുകയായിരുന്നു. ഈ ആഴ്ചയാണ് മജീദ് ഇക്കാ മരിച്ചതിന്റെ ആണ്ട്. ഉമ്മാ പ്രത്യേകം പറഞ്ഞ് ഏൽപ്പിച്ചിരുന്നു ഇക്കായെ വിളിച്ച് ഓർമ്മിപ്പിക്കുന്ന കാര്യം." അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം വല്ലാതെ നേർത്തുപോയി.
"നിങ്ങള് വിളിച്ചില്ലേലും ഞാൻ വന്നേനെ... നിങ്ങളെപ്പോലെ തന്നെ എനിക്കും മറക്കാനാവുന്നതല്ലല്ലോ മജീദിന്റെ മരണദിനം." പറഞ്ഞിട്ട് അവൻ ചെരുപ്പുകൾ ഊരിയിട്ടുകൊണ്ട് പൂമുഖത്തേയ്ക്ക് കയറി.
ഈ സമയം മുംതാസിന്റെ കുട്ടി അവന്റെ അരികിലേക്ക് ഓടിയെത്തി. തന്റെ കൈയിലിരുന്ന പലഹാരപൊതി അവളുടെ കുഞ്ഞു കൈകളിലേയ്ക്ക് അവൻ വെച്ചു കൊടുത്തു. അവൾ അതുമായി വീടിന്റെ ഉള്ളിലേയ്ക്ക് ഓടിമറഞ്ഞു.
നാളെ, മജീദ് മരിച്ചിട്ട് മൂന്നു വർഷം തികയുന്നു. പലഹാര പൊതിയുമായി വീടിനുള്ളിലേക്ക് ഓടിമറയുന്ന മോളുടെ രൂപം കണ്ണിൽ നിറഞ്ഞതും അവന്റെ ഉള്ളൊന്നു പിടഞ്ഞു. ഒന്നും ഓർക്കേണ്ടിയിരുന്നില്ല... ഉള്ളിലെ സങ്കടം പണിപ്പെട്ട് അടക്കിക്കൊണ്ട് അവൻ മുംതാസിനെ നോക്കി ചോദിച്ചു.
"എന്തൊക്കെയുണ്ട് വിശേഷങ്ങൾ... തയ്യലൊക്കെ കിട്ടുന്നുണ്ടോ.? ഉമ്മയെവിടെ കണ്ടില്ലല്ലോ.? "
"ഞാനിവിടെ ഉണ്ട് മോനെ... കാലിന് ചെറിയ വേദന. അതുകൊണ്ട് വെറുതേ കിടക്കുകയായിരുന്നു... ഇപ്പോൾ മോള് ഓടി വന്ന് പറഞ്ഞു നീ വന്നിട്ടുണ്ടെന്ന്." പൂമുഖത്ത് കിടന്ന കസേരയിലേക്ക് മെല്ലെ ഇരുന്നു അവർ.
"നിനക്ക് സുഖമാണോ.? വീട്ടിൽ എല്ലാവരും എന്തെടുക്കുന്നു.? ജോലിയൊക്കെ എങ്ങനെ.?"
"സുഖമാണ് ഉമ്മാ, എല്ലാം നന്നായി പോകുന്നു."അവൻ പറഞ്ഞു നിറുത്തിയിട്ട് ഇനി എന്ത് സംസാരിക്കണമെന്നറിയാതെ വീർപ്പുമുട്ടി ഇരുന്ന സാഹചര്യത്തിൽ... ഉമ്മാ, മുംതാസിനെ നോക്കി പറഞ്ഞു.
"മോളേ ചായ കൊടുക്ക്... നീ ഇത് എന്ത് ഓർത്തു നിൽക്കുവാണ്.? ഈ പെണ്ണിന്റെ ഒരു കാര്യം... എപ്പോഴും എന്തേലും ഓർത്തങ്ങനെ നിൽക്കും."
ചായ എടുക്കാനായി അവൾ തിരക്കിട്ട് വീടിനുള്ളിലേക്ക് നടക്കവേ... ഒരു മാത്ര വേദനയോടെ അവളെ നോക്കിയിട്ട് മുഖം തിരിച്ച് ഉമ്മയെ നോക്കി അവൻ ചോദിച്ചു.
"ഉമ്മാ, ഞാൻ കഴിഞ്ഞതവണ വന്നപ്പോൾ പറഞ്ഞ കാര്യം... അതിനെക്കുറിച്ച് മുംതാസ് എന്ത് പറഞ്ഞു.? അതറിയാൻ കൂടിയാണ് ഞാനിപ്പോൾ വന്നത്." അവൻ ആകാംക്ഷയോടെ ഉമ്മയുടെ മുഖത്തേയ്ക്ക് നോക്കി.
"എന്ത് പറയാനാണ് മോനെ... അവള് സമ്മതിക്കുന്നില്ല. ഈ ജന്മം അവൾക്ക് ഇനി ഒരു വിവാഹമേ വേണ്ടാ എന്നാണ് അവൾ പറയുന്നത്. എന്തുചെയ്യാനാണ്... പെറ്റുവളർത്തിയ എന്നേക്കാൾ കൂടുതൽ... മൂന്നുവർഷത്തെ ഒരുമിച്ചുള്ള ജീവിതം കൊണ്ട് അവൾ എന്റെ മോനെ സ്നേഹിച്ചു. ഒരിക്കലും മജീദിനെ മറക്കാനോ... മറ്റൊരു പുരുഷനെ അവന്റെ സ്ഥാനത്ത് സങ്കല്പിക്കാനോ... അവൾക്ക് കഴിയില്ല എന്ന് അവൾ തീർത്തു പറഞ്ഞു." ഉമ്മാ ഒരു നെടുവീർപ്പോടെ പറഞ്ഞു നിറുത്തിയിട്ട് തോളിൽ കിടന്ന തട്ടത്തിന്റെ തുമ്പുകൊണ്ട് മിഴികൾ തുടച്ചു.
"മുംതാസ് ചെറുപ്പമല്ലേ ഉമ്മാ... ഈ പ്രായത്തിലെ അവൾ ഇങ്ങനെ ഒരു തീരുമാനമെടുത്താൽ എന്ത് ചെയ്യും.? എന്നും അവൾക്ക് കൂട്ടായിരിക്കാൻ ഉമ്മയ്ക്ക് കഴിയുമോ.? പറയത്തക്ക ബന്ധുക്കളും ഇല്ല... അപ്പോൾ പിന്നെ...ഇനിയുള്ള കാലം അവളും മോളും തനിച്ച് എങ്ങനെ.? " അവൻ ഉമ്മയെ നോക്കി.
"ഒക്കെ ശരിയാണ്. ഇതെല്ലാം ഞാൻ പറഞ്ഞുനോക്കി... ഇനി ഈ ഒരു കാര്യം പറഞ്ഞാൽ... ഈ വീടുവിട്ട് അവൾ എവിടേക്കെങ്കിലും ഇറങ്ങി പോകുമെന്നാണ് പറയുന്നത്. മോൻ പറഞ്ഞതുപോലെ എന്റെ കണ്ണടഞ്ഞാൽ... ഇവൾക്കും, കുട്ടികൾക്കും ആരാണ് ഉള്ളതെന്ന് ഓർക്കുമ്പോൾ... സ്വന്തമായി ഒരു കൂരപോലുമില്ല. എല്ലാം പടച്ച തമ്പുരാന്റെ തീരുമാനം പോലെ നടക്കട്ടെ. മരണം വരേയും വേദനമാത്രം തിന്നാനാവും എന്റെ വിധി. ആയുസ്സെത്തുന്നതിനു മുന്നേ അങ്ങേര് അങ്ങ് പോയി. ഏക മകനും അതിനു പിന്നാലെ അല്ലാഹുവിന്റെ തീരുമാനത്താൽ ഈ ലോകം വിട്ടുപോയി. ഇപ്പോൾ മൂന്ന് വർഷമാകുന്നു.ഞാൻ ജീവിച്ചിരിക്കുന്നു എന്ന് മാത്രമേ ഉള്ളൂ... എന്റെ മനസ്സ് പൂർണ്ണമായും മരിച്ചു കഴിഞ്ഞു. എന്റെ മോനെ മറന്നുകൊണ്ടല്ല... അവന്റെ കുട്ടിയുടെ ഭാവിയോർത്ത്, അവളുടെ പ്രായമോർത്ത് ഒക്കെയാണ് ഞാൻ അവളെ രണ്ടാമതൊരു വിവാഹത്തിന് നിർബന്ധിക്കുന്നത്.എന്നായാലും അവൾക്ക് ഒരു കൂട്ട് വേണം. അത് എല്ലാം അറിയുന്ന മജീദിന്റെ ഉറ്റ ചങ്ങാതിയായിരുന്ന... മോൻ തന്നെ ആകുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ... എനിക്ക് മജീദിനെ പോലെ തന്നെയാണ് നീയും... പക്ഷേ, അവൾ ഇങ്ങനെ തറപ്പിച്ചു പറയുമ്പോൾ... " ഉമ്മാ വീണ്ടും മിഴികൾ തുടച്ചു.
അവൻ ഒന്നും മിണ്ടാതെ വിദൂരതയിലേയ്ക്ക് മിഴിയും നട്ട് അങ്ങനെ ഇരുന്നു. ഈ സമയം മുംതാസ് ചായയും, പലഹാരവും കൊണ്ടുവന്നു വെച്ചു.
"മോൻ ഇരിയ്ക്ക്. ഞാൻ ഒന്ന് കിടക്കട്ടെ... കാലിന് വല്ലാത്ത വേദന..."ഉമ്മാ അകത്തേയ്ക്ക് പോയി.
ഈ സമയം മുംതാസ് അവനെ നോക്കി.
"എന്താ ചായ കുടിക്കാത്തത്?"
"കുടിക്കാം..."
ചൂട് ചായ തൊണ്ടയിലൂടെ ആഴ്ന്നിറങ്ങുമ്പോൾ... അവന്റെ മനസ്സിലേയ്ക്ക് ഒരിക്കൽക്കൂടി കഴിഞ്ഞകാല ഓർമ്മകൾ ഓടിയെത്തുകയായിരുന്നു.
ദൂരെ നാട്ടിൽ ജോലിസ്ഥലത്തെ താമസമുറിയിൽ... ചുട്ടുപൊള്ളുന്ന ചൂടിൽ നാളെയെന്ന നല്ല കാലത്തെ സ്വപ്നം കണ്ട് കിടന്ന നാളുകൾ... പലപ്പോഴും പാതിരാവിൽ ഉറക്കമില്ലാതെ നെടുവീർപ്പ് ഉതിർത്തുകൊണ്ട് കിടക്കുമ്പോൾ മജീദ് പറയും...
"എത്ര കഷ്ടപ്പെട്ടിട്ടായാലും വേണ്ടില്ല...കുറച്ചു പണം സമ്പാദിക്കണം. എന്നിട്ടുവേണം നാട്ടിൽ അഞ്ചുസെന്റ് സ്ഥലം വാങ്ങി അതിൽ ഒരു കൊച്ചു കൂര വെയ്ക്കാൻ. എന്റെ ഉമ്മയ്ക്കും, ഭാര്യയ്ക്കും, മോൾക്കും കൂടി താമസിക്കാനുള്ള ഒരു കൊച്ചു വീട്. പിന്നെ ഇവിടുത്തെ ജോലിയൊക്കെ മതിയാക്കി നാട്ടിൽ ചെന്ന് എന്തെങ്കിലും ചെറിയ ജോലി ചെയ്ത് എല്ലാവരോടും ഒത്ത് ജീവിക്കണം. അല്ലാതെ വലിയ മോഹങ്ങളൊന്നുമില്ല എനിയ്ക്ക്."
"എല്ലാം സാധിക്കും... അള്ളാഹു തുണയ്ക്കും." അന്ന് അവൻ ആശ്വസിപ്പിക്കും.
അങ്ങനെ കഴിയവേ പെട്ടന്നായിരുന്നല്ലോ അത്...ജോലിസ്ഥലത്ത് വെച്ചുണ്ടായ ഒരു അപകടം. അവന്റെ കൈ തട്ടി നിലയുടെ മുകളിൽ നിന്ന് കാൽ വഴുതിവീണുള്ള മജീദിന്റെ മരണം.
അറിയാതെയാണെങ്കിലും താൻ മൂലം സംഭവിച്ച ദുരന്തത്തിന്റെ നടുക്കവും പേറി ഉറക്കമില്ലാതെ കിടന്ന രാത്രികൾ... അധികം വൈകാതെ അവിടുത്തെ ജോലി മതിയാക്കി അവനും നാട്ടിലെത്തി.
കണ്മുന്നിൽ വെച്ച് അപകടത്തിൽപ്പെട്ട് മരിക്കാനിടയായ... ആത്മാർത്ഥ സുഹൃത്തിന്റെ രക്തത്തിൽ കുളിച്ച മുഖത്തിന്റെ ഓർമ്മകളുമായി എഴുന്നേറ്റിരുന്ന് കണ്ണുനീർ വാർക്കവേ... അവന്റെ ഉമ്മാ അവനെ ആശ്വസിപ്പിക്കും.
"മോനേ നീ ഇങ്ങനെ സങ്കടപ്പെടാതെ. മരിച്ചവർ മരിച്ചു. ഒന്നും മനപ്പൂർവ്വമല്ലല്ലോ... ജോലിക്കിടയിൽ അറിയാതെ നിന്റെ കൈ തട്ടി കാൽ വഴുതി നിലയുടെ മുകളിൽ നിന്ന് വീണതുകൊണ്ടല്ലേ മജീദ് മരിച്ചത്. അല്ലാതെ നീ അറിഞ്ഞുകൊണ്ട് തള്ളിയിട്ടതൊന്നുമല്ലല്ലോ.? പിന്നെ എന്തിനാണ് ഇത്ര സങ്കടം.? എല്ലാം മറന്ന് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ നോക്ക്... ഇല്ലെങ്കിൽ നമ്മുടെ കുടുംബം അനാഥമാകും. കെട്ടിടം പണിക്കിടയിൽ അപകട മരണം പതിവാണ്. ഇതുപോലെ എത്രയോ പേരാണ് ഓരോയിടത്തായി മരണപ്പെടുന്നത്. ഈ അപകടം നിനക്കാണ് സംഭവിച്ചിരുന്നത് എങ്കിലോ.?"
"എന്നാലും ഓർക്കുമ്പോൾ... എനിക്ക് സഹിക്കണില്ല. ഇപ്പോഴും എന്റെ മനസ്സിൽ അവന്റെ ചോരയിൽ കുളിച്ചുകിടന്നു പിടയുന്ന മുഖമാണ്. ജോലിക്ക് ഇറങ്ങിയനാൾ മുതലുള്ള കൂട്ടല്ലേ... മജീദുമായി. എന്നിട്ട് ഒടുവിൽ..."അവൻ ഉമ്മയെ നോക്കി.
"ഒന്നുമില്ല.... ബാപ്പ തോളിൽ കയ്യിട്ടുകൊണ്ട് അവനെ ആശ്വസിപ്പിക്കും. നീ ഇതിന്റെ പേരിൽ ഇങ്ങനെ ചടഞ്ഞുകൂടി ഇരുന്നാൽ നമ്മുടെ കുടുംബം പട്ടിണിയാകും. എഴുന്നേറ്റ് നടക്കാനാവാത്ത ഞാനും, ഉമ്മയും, നിന്റെ സഹോദരിമാരുമെല്ലാം പെരുവഴിയാവും. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് എല്ലാം മറക്കാൻ." ബാപ്പ പറയും.
"പിന്നെ ഈ സാഹചര്യത്തിൽ സുഹൃത്ത് എന്ന നിലയിൽ നിനക്ക് ചെയ്യാൻ കഴിയുന്നത്... പറ്റുന്നതുപോലെ എന്തെങ്കിലും സഹായം അവന്റെ കുടുംബത്തിന് ചെയ്തു കൊടുക്കുക എന്നതാണ്. അറിയാതെയാണെങ്കിലും നിന്റെ കൈകൊണ്ട് സംഭവിച്ചുപോയ തെറ്റിന് അല്ലാഹുവിന്റെ മുൻപിൽ ഒരു പരിഹാരവും ആകുമത്. ഒക്കേത്തിനും നീ മനസ്സുമാറി ജോലിക്ക് ഇറങ്ങണം." ബാപ്പ അന്ന് അവനെ ഉപദേശിച്ചു.
സഹായങ്ങൾ... ഇന്നുവരേയും കഴിയുന്നതൊക്കെയും ചെയ്തുപോന്നു. വേണ്ടെന്നു പറഞ്ഞിട്ടും നിർബന്ധിച്ച്. പക്ഷേ, അതുമാത്രം മതിയോ.? യുവതിയായ ഒരു പെണ്ണിന്, അവളുടെ കുട്ടിയ്ക്ക്, പ്രായമായ ഉമ്മയ്ക്ക്, ഒരു വാടകവീട് മാത്രം സ്വന്തമായുള്ള അവർക്ക് ഭാവി ജീവിതം സുരക്ഷിതമാക്കാൻ വേറെ എന്തൊക്കെ വേണം. അങ്ങനെയാണ് ഒടുവിൽ...വീട്ടുകാർ ഒരു വിവാഹത്തിന് നിർബന്ധിച്ചപ്പോൾ...അവൻ ആ തീരുമാനം എടുത്തത്. വിധവയായ മുംതാസിന് ഒരു ജീവിതം കൊടുക്കുക എന്നത്.
ഒരിക്കൽ, ഏതാനും നാളുകൾക്ക് മുൻപ് മജീദിന്റെ വീട്ടിൽ വന്നു പോയപ്പോൾ... മുംതാസിനോട് ഈ കാര്യത്തെപ്പറ്റി സംസാരിക്കാൻ ഉമ്മയോട് പറഞ്ഞ് ഏൽപ്പിച്ചിരുന്നു അവൻ. പക്ഷേ, അവളുടെ മറുപടി... ഇനി എന്ത് ചെയ്യും.?
ചായ കുടിച്ച ഗ്ലാസ് തിരികേ കൊടുക്കാൻ നേരം വാതിലിനു മറഞ്ഞുനിന്ന മുംതാസിനെ നോക്കി അവൻ പറഞ്ഞു.
"എനിക്ക് അൽപ്പം സംസാരിക്കാനുണ്ട്. നീ കേൾക്കണം."
"എന്താണ് പറയൂ..."അവൾ തിരിഞ്ഞുനിന്നുകൊണ്ട് വിഷാദം കലർന്ന മിഴികളോടെ അവനെ നോക്കി.
"അത് പിന്നെ.... അവൻ ഒരുനിമിഷം നിറുത്തി. എന്നിട്ട് ചോദിച്ചു.? "
"ഉമ്മയെവിടെ.?"
"ഉമ്മാ കിടക്കുകയാണ്."എന്താണ് ഉമ്മാ കേൾക്കാൻ പാടില്ലാത്ത സ്വകാര്യം എന്നമട്ടിൽ ആകാംക്ഷയോടെ അവൾ അവനെ നോക്കി.
"ഞാൻ പറയുന്നത് നീ സമാധാനത്തോടെ കേൾക്കണം... ഒരിക്കൽ നിന്നെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഞാൻ ഉമ്മയോട് സൂചിപ്പിച്ചിരുന്നു... നിനക്ക് സമ്മതമല്ലെന്നാണ് അറിയാൻ കഴിഞ്ഞത്."
ഇതാണോ ഇത്ര രഹസ്യം എന്ന മട്ടിൽ അവൾ അവനെ നോക്കി. എന്നിട്ട് പറഞ്ഞു.
"ശരിയാണ് എന്റെ ജീവിതത്തിൽ ഇനി രണ്ടാമതൊരു വിവാഹമില്ല." പറഞ്ഞിട്ട് അവൾ മുഖം തുടച്ചു.
"നിൽക്കൂ... ഞാൻ ഇപ്പോൾ പറയാൻ വന്നത് ഇതല്ല... ഇത് എന്തെന്ന് കേൾക്കുമ്പോൾ ഒരു പക്ഷേ, നീ തകർന്നുപോയേക്കാം, എന്നെ വെറുത്തേക്കാം... എന്നാലും എനിക്കിത് പറയാതിരിക്കാനാവില്ല. അത്രമേൽ എന്റെ മനസ്സ് വിങ്ങുകയാണ്."
തുടർന്ന് ഒരു ഏറ്റുപറച്ചിൽ എന്നവണ്ണം അവൻ എല്ലാം അവൾക്ക് മുൻപിൽ ഏറ്റുപറഞ്ഞു. തന്റെ കൈകൊണ്ട് അറിയാതെയാണെങ്കിലും മജീദ് മരിക്കാനിടയായതു മുതൽ... അവൾക്കൊരു ജീവിതം കൊടുക്കാൻ തീരുമാനിച്ചത് വരെ.
എല്ലാം കേട്ട് വല്ലാത്തൊരു ഞെട്ടലോടെ ഏതാനും നിമിഷം മുംതാസ് നിശ്ചലയായി നിന്നു. അവളുടെ മിഴികളിൽ നിന്ന് കണ്ണുനീർ ദാരദാരയായി ഒഴുകിയിറങ്ങി.ഒടുവിൽ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.
"എല്ലാം ഞാൻ ഉൾക്കൊള്ളുന്നു. ഇപ്പോഴെങ്കിലും ഇത് തുറന്നുപറയാൻ മനസ്സ് കാണിച്ചില്ലേ.? ആരായാലും ആ അവസരത്തിൽ രക്ഷപ്പെടാനേ നോക്കൂ... ഒന്നും മനപ്പൂർവം ആയിരുന്നില്ലല്ലോ. എല്ലാം അല്ലാഹുവിന്റെ തീരുമാനമാണ്. എന്റെ ഇക്കയ്ക്ക് അത്രയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്ന് ഞാൻ കരുതികൊള്ളാം. ഈ കുറ്റബോധത്തിന്റെ പുറത്താണെങ്കിൽ കൂടിയും ഇത്രനാളും ജോലി ചെയ്ത് സമ്പാദിച്ചതിൽ നിന്ന് ഒരു വിഹിതം ഞങ്ങൾക്ക് എത്തിച്ചു തന്നില്ലേ.? വേർപാടുകൾ എപ്പോഴും നഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കുകയുള്ളൂ... മജീദ് ഇക്കാ മരിച്ചപ്പോൾ ഞങ്ങൾ അനാഥരായി. അന്ന് ആ കുറ്റം ഏറ്റുപറഞ്ഞ് നിങ്ങൾ ജയിലിൽ പോയിരുന്നെങ്കിലോ.? നിങ്ങളുടെ വീട് അനാഥമാകും. അതുകൊണ്ട് ദുഃഖങ്ങൾ മാത്രമല്ലാതെ സന്തോഷം ഉണ്ടാകുകയില്ല. മരിച്ചുപോയ എന്റെ ഭർത്താവിനെ തിരിച്ചു കിട്ടുകയുമില്ല. അതാണ് ഞാൻ പറഞ്ഞത് എല്ലാം വിധിയാണെന്ന്. എന്റെ ജീവിതം ഇങ്ങനെയാവണമെന്ന് അള്ളാഹു തീരുമാനിച്ചതാണ്. എനിക്ക് സങ്കടമില്ല. താങ്കളോട് വെറുപ്പും. എല്ലാം ഏറ്റുപറഞ്ഞപ്പോൾ താങ്കളോട് എനിക്കുള്ള ഇഷ്ടം കൂടുകയേ ചെയ്തുള്ളൂ. അബദ്ധങ്ങൾ ആർക്കും സംഭവിക്കാം. എന്നാൽ അത് മൂടിവെച്ച് ഒളിച്ചോടാതെ ജോലി ചെയ്ത് ജീവിച്ചു കുടുംബം പൊറ്റുകയും, അതോടപ്പം ഞങ്ങളെ സംരക്ഷിക്കുകയും ചെയ്തപ്പോൾ അല്ലാഹുവിന്റെ മുന്നിൽ താങ്കൾ എത്ര വലിയവനായി.ഒടുവിൽ വിവാഹ സമയം ആയപ്പോൾ വിധവയും, ഒരു കുഞ്ഞിന്റെ അമ്മയുമായ എന്നെ ഏറ്റെടുക്കാനും താങ്കൾ തയ്യാറായി. അങ്ങനുള്ള താങ്കളെ ഞാൻ എങ്ങനെ വെറുക്കും. അല്ലെങ്കിലും എന്റെ ഇക്കാടെ പ്രിയസുഹൃത്തായ താങ്കളെ വെറുക്കാൻ എനിക്ക് ആകുമോ അത് എന്റെ ഇക്കയെ വേദനിപ്പിക്കില്ലേ.?"അവൾ ഒരുനിമിഷം നിറുത്തി.
"പിന്നെ വിവാഹത്തിന്റെ കാര്യം അതിന് എനിക്ക് ആവില്ല. ഏതാനും വർഷങ്ങൾ മാത്രമേ മജീദ് ഇക്കയോടൊത്തു കഴിഞ്ഞുള്ളു എങ്കിലും ഒരുപാട് കാലത്തെ സ്നേഹം പകർന്നുതന്നിട്ടാണ് ഇക്കാ എന്നെ വിട്ടുപോയത്. അതുമതി എനിക്ക് ഇനിയുള്ളകാലം ഓർത്തുവെക്കാൻ...ജീവിക്കാൻ. ഇക്കയുടെ സ്നേഹിതന്റെ, എന്റെ പിറക്കാതെപോയ ഒരു സഹോദരന്റെ, ഇക്കയുടെ ഉമ്മയ്ക്ക് പിറക്കാതെപോയ ഒരു മകന്റെ ഒക്കെ സ്ഥാനം താങ്കൾക്ക് എന്റെ അടുക്കൽ എന്നും ഉണ്ടാകും. പിന്നെ, ഉമ്മാ ഇതൊന്നും അറിയണ്ട. പ്രായമായ മനസ്സല്ലേ ഒരുപക്ഷേ, ഇനി ഇത് താങ്ങാൻ കഴിഞ്ഞെന്നു വരില്ല." നൊമ്പരത്തിന്റെ അനന്തതയിൽ നിന്നെന്നവണ്ണം നെൽപ്പാടങ്ങളെ തഴുകിയെത്തുന്ന കാറ്റിന്റെ ഇരമ്പലിനൊപ്പം അവളുടെ വാക്കുകൾ. അവൾ പറഞ്ഞു നിറുത്തിയിട്ട് മിഴികൾ തുടച്ചു.
ഏതാനും നേരം നിശബ്ദനായി ഇരുന്നിട്ട് ഞാൻ മെല്ലെ എഴുന്നേറ്റു.
"ഞാൻ ഇറങ്ങുന്നു... ഉമ്മയെ വിളിക്കൂ... പിന്നെ ഹത്തം ദുആ ഇരാക്കുന്ന ദിവസം ഞാൻ വരാം. പോകുന്ന വഴിയ്ക്ക് പള്ളിയിൽ കയറണം. മജീദിന്റെ കബറിടത്തിന് അരികേ ചെല്ലണം... എന്നിട്ട് ഒരിക്കൽക്കൂടി അവനോട് എല്ലാം ഏറ്റുപറഞ് മാപ്പിരക്കണം. ഇന്ന് എന്റെ മനസ്സിന് ഒരുപാട് ആശ്വാസമുണ്ട്. ഒരുപാട് നാളായി മനസ്സിൽ ഒരു വിങ്ങലായി കൊണ്ടുനടന്നത് അത്രയും ഇറക്കി വെക്കാനായല്ലോ.? ഇനി എനിക്ക് സമാദാനത്തോടെ പോകാം."മുറ്റത്തേയ്ക്ക് ഇറങ്ങുമ്പോൾ അവൾ വിളിച്ചു.
"ഒന്ന് നിൽക്കൂ... ഞാനിപ്പോൾ വരാം." അവൾ വീടിനുള്ളിലേക്ക് കയറി.
ഉടൻതന്നെ അവൾ തിരികേ എത്തി. ആ സമയം അവളുടെ കൈയിൽ ഒരു കടലാസ് പൊതി ഉണ്ടായിരുന്നു.
"ഇതാ, ഈ ചന്ദനത്തിരികൾ ഇക്കയുടെ കബറിനരികിൽ കത്തിച്ചുവെക്കണം. എന്നിട്ട് പറയണം ഞാൻ തന്നയച്ചതാണെന്ന്. പിന്നെ ഈ സുഹൃത്തിനോട് വെറുപ്പില്ലെന്ന് പറഞ്ഞതും." അവൾ മെല്ലെ പുഞ്ചിരിച്ചു.
അവളുടെ മുഖത്ത് നോക്കാനുള്ള കരുത്തില്ലാതെ അവൾ നീട്ടിയ തിരികളും വാങ്ങിക്കൊണ്ട് അവൻ മെല്ലെ തിരിഞ്ഞുനടന്നു.
സന്ധ്യമയങ്ങാൻ തുടങ്ങുന്നു. കിളികൾ കൂടണയാനായി പാറിനടക്കുന്നു. നെൽവയലിൽ തുമ്പികൾ അപ്പോഴും പാറി കളിക്കുന്നുണ്ട്. സ്വർണ കസവുപാവാട ആടിയുലയുന്നതു പോലുള്ള നെൽക്കതിരുകൾക്ക് ഇടയിലുള്ള വരമ്പിൽ നിന്നുകൊണ്ട് മജീദ് തന്നെ നോക്കി ചിരിക്കുന്നതായി അവന് തോന്നി.