(Job Mathai)
സോജാ… രാജകുമാരീ..... സോജാ...... ലതാ മങ്കേഷ്‌കറിൻറ്റെ അനുഗ്രഹീത ശബ്ദത്തിൽ നേർത്ത സംഗീതം കേട്ടുകൊണ്ട് പതിവ് ഉച്ചമയക്കത്തിലേക്ക് വഴുതി വീണപ്പോഴേക്കും കോളിങ് ബെൽ ശബ്‌ദിക്കുവാൻ തുടങ്ങി. വാതിൽ തുറന്നപ്പോൾ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു കണങ്ങൾ സാരിത്തലപ്പു കൊണ്ട് ഒപ്പി മൗസമി അക്ഷമയായി നിൽക്കുകയായിരുന്നു.
"ഇന്ന് പതിവിലും നേരെത്തെ ആണല്ലോ" വാതിൽ ചാരിയിട്ട് ആയാസത്തോടെ നടക്കുമ്പോൾ അവൾ പറഞ്ഞു.”
"ദീദീ എനിക്കിന്ന് കുറച്ചു നേരെത്തെ പോകണം. ഞങ്ങളുടെ ഗ്രാമത്തിൽ 'ബീഹു' ഉത്സവമാണിന്ന് .”
"അത് പ്രണേതാക്കളുടെ ഉത്സവം അല്ലെ. പൊന്നുരുക്കിന്നടത്തു പൂച്ചക്കെന്തു കാര്യം."
"മനസ്സിലായി, ദീദി എന്നെ പരിഹസിക്കുകയാണല്ലേ, നാലു കുട്ടികളുടെ അമ്മയായ ഞാനും പ്രണയവും തമ്മിൽ എന്തു ബന്ധം എന്നല്ലേ ഉദ്ദേശിച്ചത്.”
"അയ്യോ, മൗസമി ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. ഇത് പൊതുവെ നിങ്ങളുടെ നാട്ടിലെ അവിവാഹിതരായ ചെറുപ്പക്കാർക്ക് വേണ്ടിയുള്ള ആഘോഷമല്ലേ.”
"അതെ ദീദി, പക്ഷെ ഇന്നാട്ടിലെ ആബാല വൃദ്ധം ജനങ്ങളും ഇതിൽ പങ്കെടുക്കാൻ അവിടെ സന്നിഹിതരായിരിക്കും. ആണും പെണ്ണും പ്രണയിച്ചു വിവാഹം കഴിക്കുന്നത് ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്.”
"ആണോ, നല്ല കാര്യം തന്നെ, പക്ഷേ സമൂഹത്തിലെ ഉച്ച നീചത്വങ്ങൾ നിങ്ങൾക്ക് പ്രശ്നമല്ലേ.”
"അങ്ങനെയുള്ള വേർതിരിവുകളൊക്കെ ഇന്നാട്ടിനു പുറത്തു നിന്നുള്ളവർ കൊണ്ടു വരുന്നതല്ലേ. ഞങ്ങളുടെ ഈ നാട് എത്ര സമാധാനപൂർണമാണെന്ന് ദീദിക്കറിയാമോ. ഇവിടെ സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിൽ ഒരു പെണ്ണും കൊല ചെയ്യപ്പെട്ടിട്ടില്ല. പെൺകുഞ്ഞുങ്ങൾ ജനിച്ചു പോയതുകൊണ്ട് മാതാപിതാക്കൾ ഭാരപ്പെടുന്നുമില്ല." കഴുകിയ പാത്രങ്ങൾ ഷെൽഫിലേക്ക് അടുക്കി വക്കുമ്പോൾ നുണക്കുഴികൾ ഒളിച്ചു വക്കുന്ന സുന്ദരമായ ആ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നി മറഞ്ഞു.
"അത് ശരിയാ, പ്രണയത്തിനു വേണ്ടി മഹായുദ്ധം വരെ നടന്ന ഈ സ്ഥലത്തിന്റെ പേര് തന്നെ ‘രക്തത്തിന്റ്റെ നഗരം’ എന്നല്ലേ" .
"അതെ, മനുഷ്യരുടെ പ്രണയത്തിനു വേണ്ടി ദേവലോകത്തു നിന്ന് ഭൂമിയിലേ ലേക്കിറങ്ങി വന്ന് ദൈവങ്ങൾ യുദ്ധം ചെയ്യണമെങ്കിൽ ആ പ്രണയത്തിന്റെ ശക്തി എത്ര വലുതായിരിക്കും. അതിരിക്കട്ടെ, ദീദിക്ക് ഇവിടുത്തെ ചിത്രലേഖ ഉദ്യാനത്തെ പറ്റി അറിയാമോ.”
"അറിയാം, ഞാൻ ഭായിസാബിനോടൊപ്പം അവിടെ പോയപ്പോൾ അദ്ദേഹം പറയുകയുണ്ടായി ഹിന്ദു പുരാണങ്ങളിലെ ഒരു അനശ്വര പ്രണയത്തിനു വേദിയായ സ്ഥലമാണ് ഇതെന്നും അതിന്റെ സ്മാരകമായി പണി കഴിപ്പിച്ചതാണ് ഈ ഉദ്യാനം എന്നുമൊക്കെ.”
“അതെ ദീദീ, അസുര രാജാവായ മഹാബലിയുടെ പുത്രനും മഹാ ശക്തിശാലിയുമായ ബാണാസുര രാജാവ് ആസ്സാമിലെ സോണിത്പൂര് എന്ന രാജ്യം ഭരിച്ചിരുന്നു. ആയിരം കൈകൾ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ മനുഷ്യർ മാത്രമല്ല ദേവന്മാർ പോലും പേടിച്ചു വിറച്ചിരുന്നു.”
"മൗസമിക്കറിയാമോ ഈ മഹാബലി ചക്രവർത്തി ഇവിടെ നിന്നും മൂവായിരം കിലോമീറ്റർ അകലെയുള്ള ഞങ്ങളുടെ കേരളം ഒരിക്കൽ ഭരിച്ചിരുന്നുവെന്ന്. നീതിമാനായ ആ ചക്രവർത്തി ഭരിച്ചിരുന്നപ്പോൾ അന്നാട്ടിൽ കള്ളവും ചതിയുമൊന്നും ഉണ്ടായിരുന്നില്ല. സ്വർഗത്തേക്കാൾ സുന്ദമായിരുന്ന ആ നാട്ടിലേക്ക് അസൂയ പൂണ്ട ദേവഗണം വാമനൻ എന്നൊരു കുത്തിതിരുപ്പുകാരനെ അയച്ചിട്ട് ചതിയിലൂടെ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുകയുണ്ടായി.”
"ആണോ ദീദി, ഒരു കാര്യം ശരിയാ, ഭൂമി സ്വർഗത്തിനേക്കാൾ സുന്ദരമായാൽ ദൈവങ്ങൾക്ക് പിന്നെ എന്തു പ്രസക്തിയാണുള്ളത്.”
“ജനനത്തിന്റ്റെ സങ്കീർണമായ പ്രക്രിയയിൽ ചെറു മുഷ്ടി പ്രഹരങ്ങളാലും ചെറു തൊഴികളാലും വെല്ലുവിളികൾ നേരിടുന്ന വീർത്ത വയർ തടവിക്കൊണ്ട് അവൾ പറഞ്ഞു "മൗസമി ഇപ്പോൾ സംസാരിക്കുന്നത് എന്റെ ഭായി സാബിനെ പോലെയാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് അദ്ദേഹത്തിൻറ്റെ ഏതോ താടിക്കാരനായ വല്യപ്പച്ചൻ പറഞ്ഞു പോലും.”
ദൈന്യതയുടെ പ്രതിരൂപം പോലെയുള്ള കൃശാഗാത്രയായ ആ സ്ത്രീ പൊട്ടിച്ചിരിച്ചപ്പോൾ തെളിഞ്ഞു കണ്ട വാരിയെല്ലുകൾ അവളെ സ്വർഗ്ഗവും ഭൂമിയുമായുള്ള അന്തരം ഒരു നിമിഷാർദ്ധത്തിൽ മനസ്സിലാക്കികൊടുത്തു.
“മൃദംഗം എന്ന സംഗീതോപകരണം വളരെ വൈദഗ്‌ധ്യത്തോടെ കൈകാര്യം ചെയ്തിരുന്ന ബാണാസുരൻ ഭഗവാൻ ശിവൻറ്റെ തീവ്ര ഭക്തനായിരുന്നു. ഭഗവാൻ താണ്ഡവനൃത്തമാടുമ്പോൾ തന്റ്റെ ആയിരം കൈകൾ കൊണ്ട് അയാൾ മൃദംഗത്തിൽ ഒരു നാദവിസ്മയം തീർത്തു. അനിതരസാധാരണമായ സംഗീത വൈഭവത്തിലും അചഞ്ചലമായ ഭക്തിയിലും പ്രസാദിച്ച ഭഗവാൻ എന്ത് വരം വേണമെങ്കിലും ചോദിച്ചു കൊള്ളുവാൻ ബാണാസുരന് അനുഗ്രഹം നൽകി. അയാളാകട്ടെ സംഹാര മൂർത്തിയായ ഭഗവാൻ ശിവനെ തന്നെ തൻറ്റെ സംരക്ഷകൻ ആയി ആവശ്യപ്പെടുകയും ഭഗവാൻ അത് അംഗീകരിക്കുകയും ചെയ്തു. ഈ വരത്തിന്റെ ശക്തിയിൽ അഹങ്കാരം പൂണ്ട അയാൾ ക്രൂര കൃത്യങ്ങൾ കൊണ്ട് മൂന്നു ലോകങ്ങളെയും വിറപ്പിച്ചു.
"എന്തിനാണ് ദൈവങ്ങൾ ഇങ്ങനെയുള്ള നീചന്മാർക്ക് ഇത്ര ശക്തിയുള്ള വരങ്ങൾ കൊടുക്കുന്നത്. ഇവിടെ കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ പട്ടിണി മാറ്റാനുള്ള വരം കൊടുത്തു കൂടെ.”
ചെറുചിരിയോടെ മൗസമി തുടർന്നു, "അങ്ങനെ സർവ്വശക്തിമാനായിത്തീർന്ന ബാണാസുരൻ, സുന്ദരിയായ മകൾ ഉഷ തൻറ്റെ അഭിലാഷങ്ങൾക്ക് എതിരായി ഏതെങ്കിലും രാജകുമാരനിൽ അനുരുക്തയാകുമോ എന്ന ചിന്തയിൽ ബ്രഹ്മപുത്രാ നദിയുടെ തീരത്തുള്ള കുന്നിൻ മുകളിൽ ‘അഗ്നിഗഡ്' എന്നൊരു കോട്ടയുണ്ടാക്കി അവളെ അവിടെ തടവിലാക്കി. പേര് സൂചിപ്പിക്കുന്നത് പോലെ സദാ സമയവും അഗ്നി ജ്വലിച്ചു കൊണ്ടിരിക്കുന്ന കോട്ടയുടെ അതിരുകൾ കടന്ന് ആർക്കും അവിടെ എത്തിച്ചേരുക സാധ്യമായിരുന്നില്ല.”
"ഒരു പിതാവിന് സ്വന്തം മകളോട് ഇത്ര ക്രൂരത കാണിക്കുവാൻ സാധിക്കുമോ?"
“അതെയതെ. ഒരിക്കൽ തന്റ്റെ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെട്ട സുന്ദരനായ ഒരു രാജകുമാരനുമായി ഉഷ പ്രണയത്തിലായി. അവളുടെ തോഴിയും പ്രതിഭാധനയായ കലാകാരിയുമായ ചിത്രലേഖ, രാജകുമാരിയുടെ വിവരണത്തിൽ നിന്നും ആ രാജകുമാരന്റെ ഛായാചിത്രം തയ്യാറാക്കുകയും അത് ഭഗവാൻ ശ്രീകൃഷ്ണന്റെ പൗത്രനും ദ്വാരകയുടെ ഭരണാധികാരിയുമായ അനിരുദ്ധനാണെന്ന് തിരിച്ചറിയുകയും ചെയ്തു. തന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച്, ചിത്രലേഖ അനിരുദ്ധനെ ആ കോട്ടയിലേക്ക് തട്ടിക്കൊണ്ടു വന്നു. രാജകുമാരിയിൽ അനുരുക്തനായ അനിരുദ്ധൻ അവളെ ഗന്ധർവ്വ വിവാഹം കഴിക്കുകയും വിവരമറിഞ്ഞു ക്രുദ്ധനായ രാജാവ് അനിരുദ്ധനെ കാരാഗൃഹത്തിലടക്കുകയും ചെയ്തു. തന്റ്റെ ചെറുമകനെ രക്ഷിക്കാൻ യാദവ സേനയുമായി അഗ്നിഗഡിലേക്കെത്തിയ കൃഷ്ണൻ ഘോര യുദ്ധത്തിൽ ശിവന്റെ പിന്തുണയുള്ള ബാണാസുര സൈന്യത്തെ തോൽപ്പിച്ചിട്ട് ഉഷയും അനിരുദ്ധനുമായുള്ള വിവാഹം നടത്തിക്കൊടുത്തു. മഹായുദ്ധത്തിൽ ഈ നഗരത്തിൽ ഒഴുകിയ രക്തപുഴ കാരണം ഇവിടം ‘രക്തത്തിന്റെ നഗരം’ എന്ന അർത്ഥമുള്ള ‘തേസ്പൂരു’ എന്നറിയപ്പെടാൻ തുടങ്ങി .”
"എത്ര മനോഹരമായ പ്രണയ കഥയാണിത്. ഈ നിത്യഹരിത പ്രണയത്തിന്റെ സ്വാധീനം മൂലമാണോ ഇവിടുത്തെ സ്ത്രീകൾ ഇത്രക്ക് സുന്ദരിമാരായത്."
"ഈ പാവങ്ങളെ കളിയാക്കുകയാണോ ദീദി"
"അയ്യോ മൗസമി, ഞാൻ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഗുളികകൾ കഴിക്കാൻ മറന്നു പോയല്ലോ” ഫോളിക് ആസിഡ് ഗുളികകൾ നിറച്ച ഡബ്ബയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു.
"എന്തിനാണ് ദീദീ ഈ മരുന്നൊക്കെ കഴിക്കുന്നത്.”
"ജനിക്കുന്ന കുട്ടിക്ക് നല്ല ആരോഗ്യമുണ്ടാകാൻ വേണ്ടിയാണ് ഗർഭവതികളായ സ്ത്രീകൾ ഇത് കഴിക്കുന്നത്. അല്ല, നാലു പ്രസവിച്ചിട്ടും നിനക്കിതൊന്നും അറിയില്ലേ" .
ചോദ്യം കേട്ട അവളുടെ മുഖത്ത് വിടർന്ന ഭാവം പരിഹാസമാണോ സ്വയം നിന്ദയാണോ എന്ന് വേർതിരിച്ചെടുക്കാൻ പ്രയാസമായിരുന്നു. "ദീദി ഞങ്ങളെ പോലെയുള്ള പാവങ്ങൾ മതിയായ ഭക്ഷണത്തിനു വേണ്ടി പോലും ബുദ്ധിമുട്ടുമ്പോൾ ഇങ്ങനെയുള്ള മരുന്നുകളെ പറ്റി ചിന്തിക്കുന്നത് പോലും ആഡംബരമല്ലേ.
"അതെന്താ മൗസമി, നിങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു എന്നല്ലേ എന്നോട് പറഞ്ഞിട്ടുള്ളത്. അങ്ങനെയാണെങ്കിൽ ഭർത്താവ് നിന്നെ നന്നായി നോക്കുന്നുണ്ടായിരിക്കുമല്ലോ .”
"അതെ ദീദി, ആദ്യത്തെ കുട്ടി ജനിക്കും വരേയ്ക്കും ജീവിതം സന്തോഷപൂർണമായിരുന്നു. പിന്നീടദ്ദേഹം ജോലിക്കൊന്നും പോകാതെ സുഹൃത്തുക്കളുമൊപ്പം മദ്യപിച്ചിരിപ്പായി. യഥാസമയം അറ്റകുറ്റപ്പണികളൊന്നും നടത്താഞ്ഞത് മൂലം കാറ്റിലും മഴയിലും പെട്ട് വീട് നിലം പൊത്തി. ഗത്യന്തരമില്ലാതെ ഞാൻ വീട്ടുജോലികൾക്കും മറ്റും പോകുവാൻ തുടങ്ങി.”
“നിനക്ക് കുറച്ചു വിദ്യാഭ്യാസമുണ്ടല്ലോ, ഈ ചെറിയ പ്രായത്തിൽ തന്നെ നാലു കുട്ടികൾ ജനിച്ചത് ഒഴിവാക്കാമായിരുന്നില്ലേ. സന്താന നിയന്ത്രണ ഉപാധികൾ ഫലപ്രദമായി ഉപയോഗിച്ച് ജനന നിയന്ത്രണം സാധ്യമാക്കുന്നതിൽ വിദ്യാസമ്പന്നരായ സ്ത്രീകൾക്കും പങ്കില്ലേ.”
“സൃഷ്ടിയുടെ വിത്തുകൾ എപ്പോൾ പാകപ്പെടുന്നു എന്ന് ഞാൻ അറിഞ്ഞിട്ടേയില്ല. മദ്യപനായ ഭർത്താവ് രാത്രിയുടെ അന്ത്യ യാമങ്ങളിലോ പുലർകാല വേളയിലോ ബലമായി ഇണ ചേരാൻ ശ്രമിക്കുമ്പോൾ സ്നേഹത്തിന്റെ ഒരംശം പോലുമില്ലാതെ വഴങ്ങിക്കൊടുക്കാറാണ് പതിവ്. പലപ്പോഴും മാസങ്ങൾക്ക് ശേഷമായിരിക്കും ഗർഭിണിയായ കാര്യം തന്നെ അറിയുന്നത്.”
“ഓ കഷ്ടം തന്നെ, ഈ ലോകത്തെ എല്ലാ സമുദ്രങ്ങളിലും കൂടി മുങ്ങിമരിച്ചതിനേക്കാൾ കൂടുതൽ മനുഷ്യർ മദ്യത്തിൽ മുങ്ങിമരിച്ചിട്ടുണ്ടെന്ന് ഏതോ മഹാൻ പറഞ്ഞിട്ടുണ്ട്.”
"ജീവിത പങ്കാളി ഇങ്ങനെയായിപ്പോയാൽ ഞങ്ങളെപ്പോലെ നിരാലംബകളായ സ്ത്രീകൾ പിന്നെങ്ങനെ ജീവിക്കും.”
"ഞാനൊരു കാര്യം പറയുവാൻ വിട്ടു പോയി, ഞാൻ അടുത്ത മാസം നാട്ടിലേക്ക് പോകുകയാണ്. ഞങ്ങളുടെ നാട്ടിൽ ഏഴാം മാസത്തിൽ തന്നെ ഗർഭിണിയായ സ്ത്രീയെ ഭർത്താവിന്റ്റെ വീട്ടിൽ നിന്നും സ്വഗൃഹത്തിലേക്ക് വിളിച്ചു കൊണ്ട് പോകും. പിന്നീട് കുട്ടി ജനിച്ചതിനു ശേഷം പ്രസവ രക്ഷയ്ക്കു വേണ്ടിയുള്ള ആയുർവേദ ചികിത്സ ഒക്കെ ചെയ്തു മൂന്ന് മാസത്തിനു ശേഷം ഭർതൃഗൃഹത്തിലേക്ക് തിരിച്ചെത്തും’.
"ഞാൻ പ്രസവിച്ചതെങ്ങനെയാണെന്ന് ദീദിക്കറിയണോ, ആദ്യത്തെ രണ്ടു പ്രസവവും വയറ്റാട്ടിയാണ് എടുത്തത്. പ്രസവം പോലെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരേ ഒരു സർക്കാരാശുപത്രി അകലെയുള്ള ജില്ലാ ആസ്ഥാനത്ത് ആയതിനാൽ ആശുപത്രിയിൽ പോയിട്ടേയില്ല.”
“അപ്പോൾ ഗർഭിണിയായാൽ ഡോക്ടർമാരെയൊന്നും കാണാറില്ലേ”
“ഇല്ല, പ്രസവ വേദന ഉണ്ടാകുമ്പോൾ വയറ്റാട്ടി വരും, പ്രസവമെടുക്കും. അതാണ് പതിവ്. പക്ഷെ മൂന്നാമത്തെ പ്രസവത്തിൽ അമിത രക്തസ്രാവം മൂലം ആശുപത്രിയിൽ പോകേണ്ടി വന്നു. സൈക്കിളിന്റ്റെ പുറകിലിരുന്ന് ചോരയൊലിപ്പിച്ചു കൊണ്ട് ആശുപത്രിയിലേക്ക് പോയി പ്രസവിച്ചിട്ട് രണ്ടാമത്തെ ദിവസം കുഞ്ഞുമായി സൈക്കിളിൽ തന്നെ മടങ്ങിയെത്തി. രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും വീട്ടുജോലിക്ക് പോകുവാൻ തുടങ്ങി. എന്റ്റെ ഭർത്താവാകട്ടെ ഈ സമയമത്രയും മദ്യപിച്ചു ലക്ക് തെറ്റി വഴിയരുകിലോ ഏതെങ്കിലും കടത്തിണ്ണയിലോ വീണു കിടക്കുകയായിരുന്നു.”
“നിന്റ്റെ ധൈര്യം എന്തായാലും സമ്മതിച്ചു തന്നിരിക്കുന്നു.”
“ഇടവേളകൾ ഇല്ലാതെ നാലാമതും ഞാൻ ഗർഭിണി ആയപ്പോൾ നാട്ടുകാർ എന്റ്റെ ഭർത്താവിനെതിരെ സംഘടിച്ചു. മദ്യത്തിൽ പൂർണമായും മുങ്ങിപ്പോയ അയാൾക്ക് അവർ പറയുന്നതൊന്നും മനസ്സിലായതേയില്ല. അവർ എല്ലാവരും കൂടി സംഭാവനകൾ സ്വരൂപിച്ചിട്ട് എന്നെ ഇവിടുത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോയി പ്രസവം എടുപ്പിക്കുകയും കുടുംബാസൂത്രണ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.”
“എന്തായാലും നിന്റ്റെ ഗ്രാമവാസികൾ നല്ല കരുണയുള്ളവർ ആണല്ലോ.”
"തീർച്ചയായും, അത് മാത്രമല്ല മൂന്ന് കുട്ടികളെ പോറ്റാൻ ഞാൻ കഷ്ടപ്പെടുന്നത് കണ്ടിട്ട് ഈ നാലാമത്തെ കുട്ടിയെ ദത്തെടുക്കുവാൻ വേണ്ടി ഏറെക്കാലമായി കുട്ടികൾ ഇല്ലാതെയിരുന്ന ഒരു മാർവാടി ദമ്പതിമാരെ അവർ കണ്ടെത്തുകയും ചെയ്തു"
“പത്തു മാസം ചുമന്ന് നൊന്തു പ്രസവിച്ചിട്ട് നീയതിന് സമ്മതിച്ചോ.”
“എന്റ്റെ ചങ്ക് പറിയുന്ന വേദനയോടെയേ എനിക്കതിനു സമ്മതിക്കാൻ കഴിഞ്ഞുള്ളു. ദാരിദ്ര്യം എന്ന ശാപത്തിനു മുൻപിൽ എനിക്ക് പിടിച്ചു നിൽക്കുവാനായില്ല ദീദീ. സുന്ദരിയായ ഒരു പെൺ കുഞ്ഞായിരുന്നു അത്, പട്ടിണിയില്ലാതെ അതെങ്കിലും വളരട്ടെ .” മൗസമിയുടെ കണ്ണിൽ നിന്നും അശ്രുകണങ്ങൾ ധാര ധാരയായി ഒഴുകാൻ തുടങ്ങി .
എല്ലാത്തിനും മൂകസാക്ഷിയായിരുന്ന ഉദരത്തിൽ തുടിക്കുന്ന ജീവന്റ്റെ, ആത്മരോഷം പോലെയുള്ള ശക്തമായ തൊഴിയിൽ ഞെട്ടിത്തരിച്ചു പോയ അവൾ വയർ ഉഴിഞ്ഞു കൊണ്ട് ആത്മഗതം ഉതിർത്തു, "കുഞ്ഞേ, നീ എത്ര ഭാഗ്യശാലിയാണെന്ന് നീയറിയുന്നുവോ !!!”
സൂചിക:
ദീദി – ജ്യേഷ്ഠത്തി.
ഭായിസാബ് - വടക്കേ ഇന്ത്യയിൽ ഭർത്താവിനെ ബഹുമാനപൂർവ്വം സംബോധന ചെയ്യുന്നത്.
ബിഹു - ആസ്സാം സംസ്ഥാനത്തിലെ പ്രധാനപ്പെട്ട ഒരുത്സവം.
തേസ്‌പൂരു - ആസ്സാം സംസ്ഥാനത്തിലെ സോണിത്പൂര് ജില്ലയിലെ പ്രധാന നഗരം.