

നെൽപ്പാടങ്ങളെ തഴുകിയെത്തുന്ന ഇളംകാറ്റിൽ നേരിയ തണുപ്പും അതോടൊപ്പം നിശബ്ദത സമ്മാനിച്ച ചെറിയ ഭയവും എന്നെവന്നുപൊതിയുന്നതായി എനിയ്ക്ക് തോന്നി. കുറേദൂരം നടന്നതും... മുന്നിലെ പാത വിശാലമായി. ഇരുവശങ്ങളിലും കൊയ്ത്തുകഴിഞ്ഞ നേൽപ്പാടങ്ങൾ പുതുകൃഷിക്കായി പൂട്ടിയൊരുക്കി ഇട്ടിരിക്കുന്നു. അങ്ങകലെയായി വീടുകളിൽ നിന്നുള്ള വൈദ്യതവെളിച്ചം കാണാം. അതിനപ്പുറത്താണ് ഭൂതക്കുഴി അതിന്റെ അടുത്താണ് എന്റെവീട്... അവളുടേയും. അധികം അകലെയല്ലാതെ ആലകത്തുകാവും, ഇലഞ്ഞേലിതോടുമൊക്കെ ഉണ്ട്... ഞങ്ങൾ പണ്ട് ഒരുമിച്ചുകൂടിയിരുന്ന... പരസ്പരം കണ്ടുമുട്ടാറുള്ള മനോഹര ഇടങ്ങൾ.
ആ തോടിന്റെ കരയിലും, കാവിന്റെ പരസരത്തുമൊക്കെയായി ഞങ്ങളുടെ ഒരുപാട് ഓർമ്മകൾ ഉറങ്ങിക്കിടക്കുന്നുണ്ട്. ആ മണ്ണിലൊക്കെയും ഞങ്ങളുടെ കാലടികളുണ്ട്. പൂവണിയാത്ത പ്രണയത്തിന്റെ അവശേഷിപ്പുകൾ. ഒരിക്കൽക്കൂടി അവിടേയ്ക്ക് ചെല്ലാനും ആ ഓർമകളൊക്കെയും മനസ്സിൽ അയവിറക്കി നിർവൃതികൊള്ളാനും എന്റെ മനസ്സ് കൊതിച്ചു.
ഇരുളിൽ എവിടെയോ നിന്ന് ഒരു തേങ്ങൽ ഉയർന്നുകേൾക്കുന്നുണ്ടോ...? ഒരു നിഷ്കളങ്കയായ പെൺകുട്ടിയുടെ പതംപറഞ്ഞുള്ള തേങ്ങലുകൾ...ഒരുനിമിഷം അവളുടെ സാന്നിധ്യം ഞാനറിഞ്ഞു. കാലങ്ങൾക്കപ്പുറത്തുനിന്നെന്നവണ്ണം അവളുടെ ശരീരത്തിൽ നിന്നുയരാറുള്ള ആ കാച്ചെണ്ണയുടെ ഗന്ധം ഞാനൊരിക്കൽക്കൂടി അനുഭവിച്ചറിഞ്ഞു . എവിടെ അവൾ... എവിടെനിന്നാണ് ഈ ഗന്ധം...? ഞാൻ ചുറ്റുപാടും മിഴികൾ പായിച്ചു. എല്ലാം വെറും തോന്നൽ മാത്രം... കുറ്റബോധത്താൽ നീറിപ്പിടഞ്ഞ മനസ്സിൽ നേരിയഭയം മൂലം പിറവിയെടുത്ത തോന്നലുകൾ.
നേൽപ്പാടങ്ങൾ താണ്ടി പാലം പിന്നിട്ട് വളവുകൾ തിരിഞ്ഞു മുന്നോട്ട് നടക്കവേ...വൈദ്യുതി വെളിച്ചത്തിൽ കുളിച്ച് വള്ളിപ്പടർപ്പുകൾ നിറഞ്ഞ തൊടിയുമായി നിൽക്കുന്ന മസ്ജിദ് കണ്ടു. നാട്ടിലെ ഏക ജമാഅത്തുപള്ളി... ഞാനും അവളും കുട്ടിക്കാലത്ത് ഓത്തുപടിച്ചതും ഓടിക്കളിച്ചതുമെല്ലാം ഈ പള്ളിയുടെ മുറ്റത്തുകൂടിയാണ്. ഈ പള്ളിയുടെ ശ്മശാന ഭൂമിയിലാണ് എന്റെ പ്രിയതമയുടെ കബറിടം. എല്ലാകിനാക്കളും കബറടക്കപ്പെട്ടുകൊണ്ട് അവൾ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. ഒരുനിമിഷം ആ പള്ളിയും പള്ളിക്കാടുമെല്ലാം എന്നെ അവിടേയ്ക്ക് മാടിവിളിക്കുന്നതുപോലെ തോന്നി.
രാത്രിനമസ്കാരം കഴിഞ്ഞ് എല്ലാവരും പോയിരുന്നു. തുരുമ്പ് പിടിച്ച ഗെയിറ്റ് തള്ളിതുറന്നു മുറ്റത്തേയ്ക്ക് കാലെടുത്തുവെയ്ക്കുമ്പോൾ നേരിയഭയപോലും തോന്നിയില്ല. പൈപ്പിഞ്ചുവട്ടിൽ നിന്നും അംഗശുദ്ധിവരുത്തി ടവ്വൽ കൊണ്ട് വെള്ളം തുടയ്ക്കുമ്പോൾ ഒരിക്കൽക്കൂടി എന്റെ പിന്നിൽ ആരോ ഉണ്ടെന്നൊരു തോന്നലുണ്ടായി. വല്ലാത്ത ചന്ദനത്തിന്റെ ഗന്ധം. ഇനിയൊരുപക്ഷേ, പള്ളിക്കുള്ളിലെ മക്ബറയിൽ ആരെങ്കിലും ചന്ധനത്തിരി കത്തിച്ചുവെച്ചിട്ട് പോയതിൽ നിന്നായിരിക്കുമോ ഈ ഗന്ധം.? ഞാൻ ചുറ്റുപാടും കണ്ണോടിച്ചു. അതാ...ഇതുവരെയും പ്രഭചൊരിഞ്ഞുകൊണ്ട് നിന്ന ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നു.
പെട്ടെന്ന് എന്തോ ഉൾവിളിയുണ്ടായതുപോലെ ആത്മധൈര്യം സംഭരിക്കാനെന്നാവണം ഞാൻ മക്ബറയ്ക്ക് നേരെ ചുവടുകൾ വെച്ചു. അലങ്കാരലൈറ്റുകളുടെ പ്രകാശത്തിൽ വിളങ്ങി പട്ടുതുണിയാൽ മൂടപ്പെട്ടു സ്ഥിതിചെയ്യുന്ന മഹാന്റെ കബറിടത്തിനുനേരെ കൈകൾ ഉയർത്തി അദ്ദേഹത്തെ സാക്ഷിയാക്കി ഞാൻ ഏതാനും നിമിഷം എല്ലാതെറ്റുകളും ഏറ്റുപറഞ്ഞുകൊണ്ട് അല്ലാഹുവിനോട് മാപ്പിരന്നു. ഒടുവിൽ നിറഞ്ഞുതൂവിയ കണ്ണുകളെ ഇരുകരങ്ങളാലും തുടച്ചുകൊണ്ട്... സലാം പറഞ്ഞ് അവിടെനിന്ന് തിരിച്ചുനടന്നു. വീണ്ടും പള്ളിക്കാട്ടിലേയ്ക്ക്...
അവളെ അടക്കംചെയ്ത പള്ളിക്കാട് അപ്പോഴും ഭീതിപരത്തിക്കൊണ്ട് ഇരുളിൽ മുങ്ങിയങ്ങനെ നിലകൊണ്ടു. വള്ളിപ്പടർപ്പുകൾ വകഞ്ഞുമാറ്റി... മുള്ളുകളെ ചവിട്ടിഞെരിച്ചുകൊണ്ട് വീട്ടുകാർ പറഞ്ഞുള്ള അറിവുവെച്ചുകൊണ്ട് ഞാനാ കബറിനരികിലേയ്ക്ക് നടന്നു.
ഈ സമയം കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരുന്ന നിലാവ് പൊടുന്നനെ മറനീക്കി പുറത്തുവന്നു. പള്ളിപ്പറമ്പും പരിസരവും ഒരിക്കൽക്കൂടി പ്രഭയിൽ കുളിച്ചു. ഒരുപാട് മനുഷ്യജന്മങ്ങൾ അന്തിയുറങ്ങുന്ന മണ്ണ്. മണിമാളികയിലും, കൊട്ടാരങ്ങളിലുമൊക്കെ അന്തിയുറങ്ങിയിരുന്നവർ, വെറും മൺതിട്ടകൊണ്ട് തങ്ങളുടെ നിത്യമായുള്ള വിശ്രമത്തിന് വീടുത്തീർത്തിരിക്കുന്നു. ആ വീട്ടിൽ പരിഭവങ്ങളും, പരാതികലുമില്ലാതെ പരസ്പരം കലഹിക്കാതെ അവർ കഴിഞ്ഞുകൂടുന്നു. എവിടെയോ ഇരുന്നൊരു മൂങ്ങ അമർത്തി മൂളി. ഇളംകാറ്റ് ചുറ്റുംനിന്ന വാഴയിലകളെ ആട്ടിയുലച്ചുകൊണ്ട് വീശിയടിച്ചു.
അനേകായിരം കബറുകൾക്കിടയിൽ നിന്നും... അധികം പഴക്കമില്ലാത്ത... മൈലാഞ്ചിചെടികൾ അടയാളം നാട്ടിയ ആ കബർ ഞാൻ കണ്ടെത്തി. വിശുദ്ധിയുടേയും നിഷ്കളങ്കതയുടെയും, നിർമലസൗന്ദര്യത്തിന്റെയുമെല്ലാം മനുഷ്യരൂപം ലയിച്ചുതീർന്ന മണ്ണ്. നിസ്സഹായതയുടെ, നിരാശയുടെ ഒക്കെ കണ്ണുനീർ മണമുള്ള മണ്ണ്.
മീസാൻ കല്ലുകൾക്കുമേൽ പുൽനാമ്പുകൾ പടന്നുകയറിയിരിക്കുന്നു. ഞാനത് മെല്ലെ പറിച്ചുമാറ്റി. എന്റെ പ്രണയിനി ഇവിടെ ഈ മീസാൻ കല്ലുകൾക്ക് അടിയിൽ ഉറങ്ങുന്നു. അവളെക്കുറിച്ചുള്ള ഓർമ്മകൾ... അവളുമൊത്തുള്ള ആ സുന്ദരനിമിഷങ്ങളുടെ ഓർമ്മകളിൽ എന്റെ മനസ്സ് മുഴുകിയതും കണ്ണുകൾ നിറഞ്ഞുതൂവി.
നാടുവിട്ടതിനുശേഷം സ്ഥിരമായൊരു ജോലിയില്ലാതെ സുഹൃത്തിന്റെ കീഴിൽ ബോംബെയിലെ ഫ്ലാറ്റിൽ കഴിയുമ്പോഴാണ് അവളുടെ മരണവാർത്ത ഞാനറിയുന്നത്. ആദ്യം വിശ്വസിക്കാനാവാതെ നടുങ്ങിത്തരിച്ചിരുന്നുപോയി. പിന്നീട് സത്യം ഉൾക്കൊണ്ടുകൊണ്ട് എത്രയോ ദിനങ്ങളാണ് സുഹൃത്തിന്റെ മുറിയിൽ തനിച്ചിരുന്നുകൊണ്ട് രാവിലും പകലിലുമായി പൊട്ടികരഞ്ഞത്. ജീവനുതുല്യം സ്നേഹിച്ച പെണ്ണിനെ കൈപിടിച്ചുകൂട്ടാൻ കരുത്തില്ലാതെ... എല്ലാത്തിനും മാപ്പുപറഞ്ഞുകൊണ്ട് തന്നെ മറക്കണമെന്ന് പറഞ്ഞുകൊണ്ട് അവസാനമായി അവളെ വീട്ടുപിരിഞ്ഞു നാടുവിട്ടോടിപ്പോകാനൊരുങ്ങുമ്പോൾ... അവളുടെ കരിംകൂവള മിഴികൾ ഇടിച്ചുകുത്തി പെയ്യുകയായിരുന്നു. അന്ന് കരച്ചിൽ കടിച്ചമർത്താൻ പണിപ്പെട്ട് ശ്രമിക്കുമ്പോഴും അവളുടെ ചുണ്ടുകൾ എന്തൊക്കെയോകൂടി പറയാനായി വിതുമ്പുന്നുണ്ടായിരുന്നു. ഒടുവിൽ വീട്ടുകാരുടെ നിർബന്ധതിനു വഴങ്ങി അന്യനൊരുത്തന്റെ ഭാര്യയായി പുതിയൊരു ജീവിതം. എല്ലാം നന്നായി എന്നുകരുതി ആശ്വസിക്കവേ ആയിരുന്നല്ലോ... ഭർതൃവീട്ടിലെ പീഡനത്തിനിടയിൽ പെട്ട് അവളുടെ ജീവിതം എന്നെന്നേക്കുമായി അവസാനിക്കുന്നത്. ആ നടുക്കുന്ന ഓർമ്മയിൽ എന്റെ കണ്ണുകൾ നിറഞ്ഞുതൂവി.
അവളുടെ കബറിനുമേൽ എന്റെ കണ്ണുനീർതുള്ളികൾ വീണു. എല്ലാം ഏറ്റുപറഞ്ഞുകൊണ്ട് ആ നിശബ്ദതയുടെ ഭീതിനിറഞ്ഞ രാത്രിയിൽ ഞാൻ അവളോട് എല്ലാത്തിനും മാപ്പിരന്നു . ഒടുവിൽ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു യാത്രപറഞ്ഞുകൊണ്ട് തിരിച്ചുനടക്കാനൊരുങ്ങവേ... പിന്നിൽ നിന്ന് അവൾ വിളിക്കുന്നതായി തോന്നി. ഗ്രാമാതിർത്തിയിൽ ബസ്സിറങ്ങി ഇവിടേയ്ക്ക് നടക്കവേ എന്റെ മൂക്കിലേയ്ക്ക് അരിച്ചെത്തിയ... കാലങ്ങൾ പഴക്കമുള്ള അവളുടെ ശരീരത്തിലെ കാച്ചെണ്ണയുടെ ഗന്ധം ഒരിക്കൽക്കൂടി ഞാൻ അനുഭവിച്ചറിഞ്ഞു. ഞാൻ ഞെട്ടിക്കൊണ്ട് പിന്നിലോട്ട് തിരിഞ്ഞുനോക്കി.
പള്ളിക്കാട്ടിലെ വള്ളിപ്പടർപ്പുകൾ ഒന്നാകെ ആടിയുലയുന്നു. വായുവിലെങ്ങും ചന്ധനത്തിന്റെ ഗന്ധം നിറയുന്നു. ആരുടെയോ കാൽപെരുമാറ്റം. കൊല്സിന്റെ മണിമുഴക്കം. അതാ, ആരോ മുൾകാടുകളെ ഞെരിച്ചമർത്തിക്കൊണ്ട് എന്റേനേർക്കു നടന്നടുക്കുകയാണ്. ഞാൻ ഭയന്നു വിറച്ചു.
അതെ, എന്റെ തോന്നലുകൾ യഥാർഥ്യമായിരിക്കുന്നു. തൊട്ടരികിലെ വാഴക്കൂട്ടങ്ങൾക്കരികിലായി പുകമറപോലെ ഒരു മനുഷ്യരൂപം. അതെ,അതൊരു സ്ത്രീരൂപമാണ്... അത് അവളുടെ രൂപം തന്നെയായിരുന്നു... എന്റെ പ്രണയിനിയുടെ. അവളെന്നെത്തന്നെ നോക്കി നിന്നു. ആ കണ്ണുകളിൽ വല്ലാത്ത നീർത്തിളക്കം.
ഞാൻ ഞെട്ടിവിറച്ചു. തിരിഞ്ഞോടാൻ ശ്രമിച്ചു... കഴിയുന്നില്ല. കാലുകൾ മണ്ണിൽ ആണ്ടുപോയിരുന്നു. ചുറ്റും വല്ലാത്ത ഹുങ്കാര ശബ്ദത്തോടെ കാറ്റ് വീശിയടിച്ചു. അവൾ സംസാരിച്ചു തുടങ്ങി.
"ഒരു പെണ്ണിനെ സ്നേഹം നൽകി വഞ്ചിച്ചിട്ട് ഭീരുവിനെപ്പോലെ ഓടിയൊളിച്ച ദുഷ്ടാ... നാണമില്ലേ എന്റെ മുന്നിൽ വന്ന് ഇങ്ങനെ എല്ലാം ഏറ്റുപറഞ് മാപ്പിരക്കാൻ.?" അവളുടെ മിഴികളിൽ നിന്നും അഗ്നി പാറി.
അവൾ എന്റെ അടുത്തേയ്ക്ക് മെല്ലെ നടന്നടുത്തു. അപ്പോൾ ഞാൻ ഒരിക്കൽക്കൂടി കണ്ടു. വർഷങ്ങൾക്ക് മുൻപ് അവസാനമായി കണ്ടുപിരിഞ്ഞപ്പോഴുള്ള ആ കരിംകൂവള മിഴികളിലെ കണ്ണുനീർത്തിളക്കം. അവളുടെ ചുണ്ടുകൾ അന്നത്തെപ്പോലെ ഇപ്പോഴും എന്തൊക്കെയോ പറയാനായി വീണ്ടും വിറകൊണ്ടു . ആ ശരീരത്തിൽ നിന്നുയരുന്ന കാച്ചെണ്ണയുടെ ഗന്ധത്തിൽ എന്റെ ബോധം മറയുന്നു. കണ്ണുകൾ അടയുന്നു. കാലുകൾ കുഴയുന്നു. എങ്ങും കാറ്റിന്റെ ഹുങ്കാരം മാത്രം ..!