വൈകിട്ട് നാലുമണിയോടടുത്ത സമയം. മഞ്ഞ പട്ടുചേലചുറ്റി നൃത്തമാടികൊണ്ടിരുന്ന പ്രകൃതിയോട് വെയിൽ നാളങ്ങൾ വിരഹം അറിയിച്ചിട്ടുണ്ടായിരുന്നു. ആ നോവിൽ ഇളംതെന്നൽ വീശിയാടിയപ്പോ, മിഴിനീര് തൂകി കൊണ്ട് വൃക്ഷകൂട്ടങ്ങൾ നരച്ച ഇലകളോട് വേർപാടിന്റെ നോവ് അറിയിച്ചു.
ഇതു പോലെ 'കൃഷ്ണ കുമാർ' എന്ന മദ്ധ്യ വയസ്കൻ രണ്ടു വർഷം മുമ്പ് അയാളുടെ ഭാര്യ മരിച്ചു പോയതിനാലും, മകനും, കുടുംബവും വിദേശത്ത് ആയതിനാലും എന്നും വൈകുന്നേരം വെറുതെയാണെന്ന് അറിഞ്ഞിട്ടും, ആരെയും പ്രതീക്ഷിക്കാനില്ല എന്നറിഞ്ഞിട്ടും, വെറുതെ വഴികണ്ണുമായി ഉമ്മറത്തേക്ക് ഇറങ്ങി പ്രകൃതിയുടെ ദിനരാത്രികൾ ഓരോന്നും പൊഴിഞ്ഞു പോകുന്നത് വേദനയോടെ നോക്കി നിൽക്കുന്ന ഒരു വേളയിൽ ആണ് അപ്രതീക്ഷിതമായി, കസവു സെറ്റ് സാരിയും, നെറ്റിയിൽ ചന്ദനകുറിയും നിറഞ്ഞ ചിരിയും സമ്മാനിച്ചു കൊണ്ട് 'ഗൗരി'പടി കയറി വന്നത്. വന്ന പാടെ തോൾ സഞ്ചിയും, കയ്യിൽ കരുതിയിരുന്ന ബാഗും തിണ്ണയിൽ വെച്ചതിനു ശേഷം, അതിന്റെ അടുത്തായി ഇരുന്ന് പരവേശം മൂലം, സാരി തലപ്പ് കൊണ്ട് വീശി, പിന്നെ അന്തം വിട്ടു നിൽക്കുന്ന കൃഷ്ണന്റെ മുഖത്തേക്ക് ആഴത്തിൽ ഒന്ന് നോക്കി.
"ഗൗരീ! നീയ്."
"ആദ്യം എനിക്ക് കുടിക്കാനായി അല്പം ചൂടു വെള്ളം തരൂ കൃഷ്ണേട്ടാ... വിശേഷങ്ങൾ എന്നിട്ട് പറയാം..."
'ഒരു മാറ്റവും ഇല്ല ഗൗരിക്ക്,' അവൾ കുടിച്ച ഗ്ലാസ് വാങ്ങി വെക്കുന്നതിനിടയിൽ 'കൃഷ്‌ണൻ' ചിന്തിച്ചു.
എനിക്കൊന്ന് കുളിക്കണം, രാവിലെ അഞ്ചു മണിക്ക് തിരുവനന്തപുരത്തിൽ നിന്ന് പുറപ്പെട്ടതാണ്. എന്നിട്ട് നന്നായൊന്ന് ഉറങ്ങണം.' ഗൗരി' അതും പറഞ്ഞു ചിരകാലബന്ധമുള്ളത് പോലെ കുളിക്കുകയും, ഒന്നും പറയാതെ മുറിയിലേക്ക് കയറി കിടക്കുകയും ചെയ്തു.
ഉറങ്ങി കിടന്നിരുന്ന പഴയകാല സ്മരണകൾ ഓരോന്നും മാളത്തിൽ നിന്ന് തല പൊക്കാൻ തുടങ്ങിയപ്പോ, ഇഷ്‌ടപെടാത്ത ഓർമകളെ വിറപ്പിച്ചു കൊണ്ട് അയാൾ അവിടെ കണ്ട സോഫയിലേക്ക് വീണു.
ഗംഗാധരൻ, യാശോദ ദമ്പതികൾക്ക് രണ്ടു മക്കൾ, കൃഷ്ണന്റെ അച്ഛൻ രാജനും , ഗൗരിയുടെ അമ്മ കുമാരിയും, കുമാരിയെ ഒരു പട്ടാളകാരൻ വിവാഹം ചെയ്തത് കൊണ്ടും, അമ്മായിഅമ്മ പോരിന്റെ പേര് പറഞ്ഞും, കുമാരി ഭർത്താവിന്റെ വീട്ടിലേക്ക് പോയതേയില്ല. ഗൗരി കൃഷ്ണന്റെ അച്ഛന്റെ സംരക്ഷണത്തിലായിരുന്നു വളർന്നത്, അതിന് പിന്നീട് ഒരു കാരണവും ഉണ്ടായി. ഗൗരിടെ അച്ഛൻ പെട്ടൊന്നുണ്ടായ ഒരു യുദ്ധത്തിൽ വെടിയേറ്റു മരിച്ചു. കുട്ടിക്കാലത്ത് കളിച്ചു വളർന്ന ഗൗരിയുടെയും, കൃഷ്ണന്റെയും, മനസ്സിൽ അവരറിയാതെ തന്നെ പ്രണയം മൊട്ടിട്ട് തുടങ്ങിയിരുന്നു. മുതിർന്നവർക്കും ഒരു സംസാരം ഉണ്ടായിരുന്നു. കൃഷ്‌ണൻ ഗൗരിക്ക് ഉള്ളത് എന്ന്, ബന്ധുക്കളുടെ ഇഷ്ടവും കൂടി ആയപ്പോ, രണ്ട് പേരും വളരെയേറെ പിരിയാൻ ആവാത്ത വിധം അടുത്തു. കൃഷ്ണൻ പ്രീഡിഗ്രിക്കും, ഗൗരി പത്താം ഗ്ലാസിലും പഠിച്ചോണ്ടിരിക്കുന്ന സമയത്താണ്, ഗംഗാധരൻ സ്വത്തു ഭാഗം വെപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞത്, ഗൗരിടെ അമ്മ 'കുമാരി'അല്പം സ്വാർത്ഥതയുള്ള കൂട്ടത്തിൽ ആയിരുന്നു, പട്ടണത്തിലുള്ള ഇരു നില കെട്ടിടവും, ഭർത്താവ് ഇല്ലാത്തതിനാൽ, വീടും ഒരേക്കർ പുരയിടവും, തനിക്ക് വേണമെന്ന് വാശി പിടിച്ചു, എന്നാൽ കൃഷ്‌ണന്റെ അച്ഛൻ രാജൻ, പ്രായമായ അച്ഛനുമമ്മയുടെ സംരക്ഷണം ഓർത്തു അതിന് സമ്മതിച്ചില്ല, കുടുംബം രണ്ട് വഴിക്ക് പിരിയേണ്ട എന്ന് വിചാരിച്ച് കൃഷ്ണന്റെ അമ്മ 'മാധവി 'സ്വത്തു കൊടുക്കാൻ തയ്യാറായി മുന്നോട്ട് വന്നു. എന്നാൽ കുമാരിയുടെ സ്വഭാവം മുൻകൂട്ടി അറിയാവുന്നത് കൊണ്ട് ആരും അതിന് തയ്യാർ ആയില്ല. ഇത് കാരണം വീട്ടിൽ ഭയങ്കര വഴക്ക് നടന്നു. തനിക്ക് കിട്ടിയ സ്വത്തുവകകളുമായി കുമാരി, ഈ വീട്ടിൽ ഇനി കാലു കുത്തില്ല എന്ന് ശപഥം ചെയ്തു ഗൗരിയുടെ കയ്യും പിടിച്ചു പടിയിറങ്ങി പോയി. പിന്നീട് ഗംഗാധരനും, യാശോദയും, മരിച്ചിട്ട് പോലും കുമാരി വന്നില്ല.
"നോക്കൂ... കൃഷ്ണന് ഈ ചിങ്ങത്തിൽ 26 തികയും, അവന് ഒരു കുടുംബവും കുട്ടികളൊക്കെ വേണ്ടേ... നമുക്ക് കുമാരിയുടെ അടുത്തു പോയി ഗൗരിയെ നോക്കിയാലോ...?"മാധവി വിറച്ചു വിറച്ചു രാജനോട് പറഞ്ഞു.
"ഫ... അസത്തെ... കുമാരി! ആ പേരിവിടെനിന്ന് എന്നോ കുഴിച്ചു മൂടി, എന്റെ ചെറുക്കന് അവളെക്കാളും, അഴകുള്ള ഒരുത്തിയെ ഞാൻ കണ്ടെത്തും നീ നോക്കിക്കോ..."
കൃഷ്ണന്റെ ഹൃദയം പടപടെന്ന്മിടിച്ചു, എന്നിട്ടും വാതിലിന്റെ പുറകെ നിൽക്കാനേ കഴിയുമായിരുന്നുള്ളു, അവന് പറയണമായിരുന്നു, ഗൗരിയല്ലാതെ എന്റെ ജീവിതത്തിൽ ഇനി ഒരു പെണ്ണില്ല എന്ന്,എന്നാൽ അച്ഛന്റെ ദാർഢ്യമായ വാക്കുകൾക്ക് മുന്നിൽ കൃഷ്‌ണൻ വിറച്ചു നിൽക്കും. അങ്ങനെ കൃഷ്ണനും ഒരു പെണ്ണ് കിട്ടി. 'സുധ', പട്ടണ പരിഷ്കാരി. ഒരു വിധത്തിലും കൃഷ്ണന്റെ കുടുംബവുമായി യോജിച്ചു പോവാൻ കഴിഞ്ഞില്ലെങ്കിലും, 'സുധ' യുദ്ധം ചെയ്തു കുടുംബത്തിൽ തന്നെ നിന്നു.
കൃഷ്ണന്, ചെറുപ്പത്തിൽ ഒരു പ്രണയയുണ്ടായിരുന്നു എന്നതായിരുന്നു അവളെ ഏറ്റവും ശുണ്ഠി പിടിപ്പിച്ചത്. അസുഖമായി കിടക്കുന്നത് വരെ അവൾ ഇത് തന്നെ പറഞ്ഞു കൊണ്ടിരിന്നു.
"കൃഷ്ണൻക്ക് അവളെ കെട്ടിയാൽ പോരായിരുന്നില്ലെ? പിന്നെ എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിട്ടത്." അവൾ കൂടെ കൂടെ ചോദിക്കും.
"അതിന് സുധേ... അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. നിന്നെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും, നിന്നെ കെട്ടിയത് മുതൽ നീ മാത്രമേയുള്ളൂ എന്റെ മനസ്സിൽ."
ഒരു മകൻ ഉണ്ടായത് കൊണ്ട് അവനെ ഓർത്തു കൃഷ്‌ണൻ എല്ലാം ക്ഷമിച്ചു, സഹിച്ചു. ഒടുവിൽ ക്യാൻസർ ബാധിച്ചു മരണകിടക്കയിൽ കിടക്കുമ്പോൾ കൃഷ്ണൻ ഒരു കൊച്ചു കുട്ടിയെ പോലെ സുധയെ പരിപാലിച്ചപ്പോൾ, സുധ പലപ്പോഴും അയാളുടെ കൈകൾ തലോടി കണ്ണീര് വാർത്തു കൊണ്ട് പറഞ്ഞു.
"ഈ സ്നേഹം അനുഭവിക്കാനുള്ള യോഗം എനിക്കില്ലാതെ പോയി. ഞാൻ കാരണം വെറുതെ തമ്മിൽ തല്ലി കുറെ വർഷങ്ങൾ പാഴാക്കി. ഒരു കാര്യം എനിക്കുറപ്പാ... കൃഷ്ണനെ എനിക്ക് അത്രക്കിഷ്‌ടമായിരുന്നു, അത് കൊണ്ടാ ഞാൻ... കൃഷ്ണന്റെ പഴയ പ്രണയം എന്നെ വഴക്കാളി ആക്കിയത്, ഐ ആം സോറി..."
പിന്നെ കൃഷ്ണന്റെയും, സുധയുടെയുംദിവസങ്ങൾ ആയിരുന്നു, രണ്ട് പേരും അകമഴിഞ്ഞു സ്നേഹിച്ചു, യാത്രകൾ പോയി.... ഈ ഭൂമിയിൽ ഇവര് ബാക്കിവെച്ച സ്നേഹം മുഴുവൻ നെയ്തെടുത്തു, ഇനിയുള്ള വരും കാല ജീവിതത്തിലെ ഏടിലേക്ക് സ്വർണ ലിഖിതങ്ങൾ ആക്കി മാറ്റി. അവസാനം സുധയുടെ വേർപ്പാടിന്റെ ദിനങ്ങൾ താങ്ങാൻ കഴിയാതെ കൃഷ്‌ണൻ ആശ്രയമറ്റ് ഒരു ഭ്രാന്തനെ പോലെ ചുരുണ്ടു കൂടി കിടന്നു.
"കൃഷ്ണേട്ടാ... "ഗൗരിയാണ്.... അവൾ ഉണർന്നിരിക്കുന്നു. അയാൾ എണീറ്റു, തലക്ക് വല്ലാത്തൊരു മരവിപ്പ് പോലെ, എന്നിട്ടും ആടി ആടി അയാൾ അവളുടെ അടുത്തെത്തി.എന്നിട്ട് ചോദിച്ചു.
"നന്നായി ഉറങ്ങി അല്ലേ..."
ഉറങ്ങി... എത്രയോ വർഷങ്ങൾക്ക് ശേഷം...
"നിന്റെ ഭർത്താവ്, കുട്ടികൾ.?"
"ഞാൻ കല്യാണം കഴിച്ചിട്ടില്ല. എനിക്ക് പറ്റിയ ചെറുക്കനെ ഒത്തു വന്നില്ല."
കൃഷ്ണന് ഭൂമി തല കീഴായി മറിയുന്ന പോലെ തോന്നി. അയാൾ വേച്ചുപോയി, വീഴാതിരിക്കാൻ അവൾ ഇരിക്കുന്ന കട്ടിലിൽ ഇരുന്നു.
"ഇവിടുത്തെ അമ്മാവനും, അമ്മായിമൊക്കെ മരിച്ചത് അറിഞ്ഞിരുന്നു, അമ്മ വരാൻ സമ്മതിച്ചില്ല, അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോ അമ്മയും മരിച്ചു. ഇപ്പോൾ ഞാൻ ഒറ്റക്കാണ്."
കൃഷ്‌ണൻ വെറുതെ മൂളി.
"സുധേടത്തിയും പോയി അല്ലേ..."
"നീ എങ്ങിനെ അറിഞ്ഞു..."
"കൃഷ്ണേട്ടന്റെ മോൻ 'വിനയനും, ഭാര്യയും', എന്നെ കാണാൻ വന്നിരുന്നു. 'സുധേടത്തി' അവനെ ഒരു കാര്യം എല്പിച്ചാണ് പോയത്, ഇനിയുള്ള കാലം കൃഷ്ണേട്ടന്റെ ജീവിതയാത്രയിൽ ഞാനും കൂടെ വേണംന്ന്, അമ്മയുടെ അവസാന ആഗ്രഹം സാധിച്ചു തരണമെന്നും, അച്ഛനെ ഒറ്റ പെടുത്തരുതെന്നും പറഞ്ഞു അവൻ കുറെ കരഞ്ഞു.
കൃഷ്ണൻ കരയുകയായിരുന്നു, ഗൗരി തന്റെ സാരി തലപ്പ് കൊണ്ട് അയാളുടെ മിഴികൾ ഒപ്പി.