mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
(T V Sreedevi )
 
"രവിയേട്ടാ...ഒന്ന് വേഗം വീട്ടിലേക്ക് വന്നേ. വേഗം വരണം" ഫോണിൽക്കൂടി ഭാര്യ വാസന്തിയുടെ പരിഭ്രാന്തമായ ശബ്ദം കേട്ടപ്പോൾ രവിക്ക് അമ്മയെയാണ് ഓർമ്മ വന്നത്." എന്താ വാസന്തീ ...എന്തുപറ്റി?" രവിയുടെ ചോദ്യം കേൾക്കുന്നതിനു മുൻപേ വാസന്തി ഫോൺ വേച്ചു കഴിഞ്ഞിരുന്നു.         
നോക്കിക്കൊണ്ടിരുന്ന ഫയൽ അടച്ചുവെച്ച്, കമ്പ്യൂട്ടറും ഓഫ്‌ ചെയ്ത് രവി എഴുന്നേറ്റു. ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു.
"ജോസഫേ... ഞാൻ ഉച്ചകഴിഞ്ഞ് ലീവാ.വീട്ടിൽ എന്തോ പ്രശ്നമുണ്ട്. വാസന്തി വിളിച്ചിരുന്നു."രവി പറഞ്ഞു.
"എന്താ സർ, എന്ത് പറ്റി?
അമ്മയ്ക്കെന്തെങ്കിലും?" ജോസഫ് ചോദിച്ചു.    
"അറിയില്ലെടോ.. പോയിനോക്കട്ടെ..."
പറഞ്ഞുകൊണ്ട് രവി ബാഗുമെടുത്ത് പുറത്തിറങ്ങി! സബ് ട്രഷറി ഓഫീസറാണ് രവി. രവിയുടെ അമ്മയെപ്പറ്റി ഓഫീസിൽ എല്ലാവർക്കുമറിയാം. അമ്മയ്ക്ക് വയസ്സ് തൊണ്ണൂറ് കഴിഞ്ഞു. ഓർമ്മ തീരെയില്ല. എപ്പോഴും വിശപ്പാണ്. 
എത്ര പ്രാവശ്യം ആഹാരം കഴിച്ചാലും പറയും...  "ഇന്ന് നേരം വെളുത്തിട്ട് പച്ച വെള്ളം പോലും കുടിച്ചിട്ടില്ല.... എനിക്കാരും ഒന്നും തന്നില്ല" എന്ന്!
"വരുന്നവരോടെല്ലാം ഇങ്ങനെ പറഞ്ഞാൽ കുറച്ചു പേരെങ്കിലും വിശ്വസിക്കില്ലേ?" എന്നാണ് വാസന്തിയുടെ ചോദ്യം.
 
ശരിയാണെന്ന് രവിക്കും തോന്നാറുണ്ട്. ഇതിന്റെ പേരിൽ പലപ്പോഴും വീട്ടിൽ ഒച്ചപ്പാടും ബഹളവും ഉണ്ടാകാറുണ്ട്. അമ്മ കൂനിക്കൂനി എല്ലായിടത്തും എത്തും.എല്ലാവരെയും ചീത്ത പറയും. രവിയൊഴികെ അമ്മയുടെ കണ്ണിൽ എല്ലാവരും കള്ളന്മാരാണ്. രവിയുടെ ഏക സന്താനമായ മേഘ, ടൗണിലെ കോളേജിൽ എം.എസ്.സി.ഫൈനൽ ഇയർ ആണ്. അമ്മയുടെ കണ്ണിലുണ്ണി ആയിരുന്ന മകളെപ്പോലും അമ്മ തിരിച്ചറിയാതായിരിക്കുന്നു. മേഘയെ ഇപ്പോൾ രവി ഹോസ്റ്റലിൽ ആക്കിയിരിക്കുകയാണ്.

അയൽപക്കത്തുള്ള ജാനുവേടത്തിയെ അമ്മക്ക് വലിയ ഇഷ്ടമായിരുന്നു. അമ്മയെ നോക്കാൻ അവരെ ഏല്പിച്ചിട്ടാണ് രവിയും വാസന്തിയും ഓഫീസിൽ പോയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അവരെ ചീത്ത വിളിച്ച് ഓടിച്ചു വിട്ടു. ആരുമില്ലാത്ത തക്കം നോക്കി വീട്ടുസാധനങ്ങൾ മോഷ്ടിക്കാൻ ചെന്നതാണത്രേ.
  
അങ്ങനെയാണ് ഇന്നലെ ലില്ലി എന്ന ഹോംനേഴ്‌സിനെ കൊണ്ടുവന്നത്. ലില്ലിയെ കാര്യങ്ങൾ പരിചയപ്പടുത്തികൊടുക്കാൻ ഇന്ന് വാസന്തി അവധിയുമെടുത്തു. കാറോടിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ രവി ചിന്തിച്ചു,, ജോസഫ് ചോദിച്ചതുപോലെ ഇനി അമ്മക്കെന്തെങ്കിലും? 
പോർച്ചിൽ കാർ നിറുത്തി ഇറങ്ങുമ്പോഴേ കണ്ടു, വരാന്തയിൽ ബാഗും തൂക്കി നിൽക്കുന്ന ഹോംനേഴ്‌സ് ലില്ലി. തലയിലൊരു ബാന്റേജ്!അടുത്ത് വിഷണ്ണയായി വാസന്തി.
"എന്താ വാസന്തീ, ഈ കുട്ടിയുടെ തലയിലിതെന്തുപറ്റി?" രവി ചോദിച്ചു. 
"ഞാൻ അടുക്കളയിൽ ആയിരുന്നു രവിയേട്ടാ... ലില്ലിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് ഓടിച്ചെന്നത്.
നോക്കുമ്പോൾ ലില്ലിയുടെ തല പൊട്ടി ചോരയൊഴുകുന്നു."  വാസന്തി പറഞ്ഞു. "മൂലയിലിരുന്ന ആ കാലൻകുടയെടുത്ത് അമ്മ ഈ കുട്ടിയുടെ തലയിൽ ഓങ്ങി അടിച്ചു." വാസന്തി പറഞ്ഞതും ലില്ലി കരഞ്ഞുതുടങ്ങി.
 
"ഈ നാശം പിടിച്ച തള്ളക്ക് എന്തൊരു ശക്തിയാ സാറേ... ഇതിന് തീറ്റ കൂടിപ്പോയിട്ടാ കുഴപ്പം. എവിടെയെങ്കിലും കൊണ്ടെ കളയുവാ വേണ്ടത്. ഈ ചേച്ചി പാവം എങ്ങനെ സഹിക്കുന്നു?"
എരിതീയിൽ എണ്ണ ഒഴിച്ചിട്ട് യാത്രപോലും പറയാതെ ബാഗുമെടുത്ത് ലില്ലി ഇറങ്ങിപ്പോയി.
"ഇനി ഞങ്ങടെ സ്ഥാപനത്തീന്ന് ഈ വീട്ടിലേക്ക് ആരും വരത്തില്ല കേട്ടോ സാറേ..." പോകുന്നതിനു മുൻപ് അവൾ ഇത്രയും കൂടി പറഞ്ഞു.
അങ്ങനെ ആ വകയിൽ പതിനയ്യായിരം രൂപയും പോയിക്കിട്ടി.
 
കതകു തുറന്ന് രവി അകത്തു കയറിയപ്പോൾ അക്രമാസക്തയായി കുടയും ഓങ്ങിപ്പിടിച്ചുകൊണ്ട് അമ്മ നിൽക്കുന്നു! "അമ്മേ...എന്തായിത്?" രവി ഉച്ചത്തിൽ  ചോദിച്ചു.
അമ്മ ഒരുനിമിഷം മകനെത്തന്നെ തുറിച്ചുനോക്കി നിന്നു. രവി  സാവധാനം അമ്മയുടെ കൈയിൽ നിന്നും കൂട  പിടിച്ചുവാങ്ങി. പിന്നെ അമ്മയെ ചേർത്ത് പിടിച്ചുകൊണ്ട് അവരുടെ മുറിയിലേക്ക് നടന്നു.
"രവിയേട്ടന്റെ ലാളന കൂടിപ്പോയിട്ടാ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത് "... വാസന്തി വിളിച്ചു പറയുന്നുണ്ടായിരുന്നു.
"അമ്മ കിടന്നുറങ്ങിക്കോ...കേട്ടോ."
അമ്മയെ കട്ടിലിൽ മെല്ലെ കിടത്തിക്കൊണ്ട് രവി പറഞ്ഞു."ഞാൻ എപ്പോഴും അടുത്തുണ്ടല്ലോ അമ്മേ.."
"ഇവിടെ മുഴുവൻ കള്ളന്മാരാ... സൂക്ഷിക്കണം!" അമ്മ പിറുപിറുത്തു കൊണ്ടിരുന്നു .
രവി അവരുടെ ചുക്കിച്ചുളിഞ്ഞ കൈകളിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. അമ്മ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.അമ്മയെ പുതപ്പെടുത്തു പുതപ്പിച്ചിട്ട് ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങിയ
ശേഷം രവി കതക് ചേർത്തടച്ചു!തിരിഞ്ഞപ്പോൾ ദേഷ്യത്താൽ ജ്വലിച്ചുകൊണ്ട്  മുന്നിൽ വാസന്തി.
"ഇതിങ്ങനെ എത്ര കാലം തുടരും? ഒരു ഹോംനേഴ്സിനെ പോലും വീട്ടിൽ നിർത്താൻ കഴിയില്ലെന്ന് വെച്ചാൽ എങ്ങനെ ജോലിക്ക് പോകും? 
 രവി മറുപടി ഒന്നും പറഞ്ഞില്ല.
"ഓ...എന്ത്പറഞ്ഞാലും പൊട്ടനെ പോലെ അഭിനയിച്ചാൽ മതിയല്ലോ?" വാസന്തിക്ക് ദേഷ്യവും സങ്കടവും വന്നു.
"ഞാൻ എന്തു ചെയ്യാനാണ് വാസന്തീ?" രവി ചോദിച്ചു.
"രവിയേട്ടനെക്കൊണ്ട് കൊള്ളൂല്ലാഞ്ഞിട്ടാ. ഞാൻ പറഞ്ഞു തരാം. രവിയേട്ടൻ മാത്രമല്ലല്ലോ... രണ്ട് പെണ്മക്കൾ കൂടിയില്ലേ അമ്മക്ക്?.
വിളിച്ചുവരുത്തി ഒരു തീരുമാനം എടുക്കണം. മൂന്നു പേരും തുല്യമായി അമ്മയെ നോക്കണമെന്ന വ്യവസ്ഥ ഉണ്ടാക്കണം." വാസന്തി നിർദേശിച്ചു.
 
"അവർ രണ്ടുപേരും ഭർത്താക്കന്മാരുടെ വീട്ടിലല്ലേ വാസന്തീ? അവിടെ അവരുടെ ഭർത്താക്കന്മാരുടെ അച്ഛനമ്മമാരും ഉണ്ട്. ഞാനല്ലേ ഏറ്റവും ഇളയ ആൾ?" രവി ശാന്തനായി ചോദിച്ചു.
"അതു ശരി. പെങ്ങന്മാർക്ക് വേണ്ടി രവിയേട്ടനാണോ വാദിക്കുന്നത്?ആർക്കും നോക്കാൻ പറ്റില്ലെങ്കിൽ രവിയേട്ടൻ അമ്മയെ വല്ല വൃദ്ധസദനത്തിലും കൊണ്ടുചെന്നാക്ക്." വാസന്തി  വീറോടെ പറഞ്ഞു.
"ഞാനിനി ഇവിടെ നിൽക്കില്ല. എനിക്ക് മതിയായി!"
 
രവി ആലോചിക്കുകയായിരുന്നു. കഴിഞ്ഞ അൻപത് വർഷങ്ങളായി അമ്മയെ കണ്ടു തുടങ്ങിയിട്ട്. താൻ ഉണ്ടായി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അച്ഛൻ മരിച്ചു. അതിനുശേഷം മൂന്ന് മക്കളെ വളർത്താൻ അമ്മ സഹിച്ച ബുദ്ധിമുട്ടുകൾ...യാതനകൾ... എത്ര വലുതാണ്! അച്ഛന്റെ തുച്ഛമായ പെൻഷൻ ഒന്നിനും തികയാതെ വന്നപ്പോൾ പശുവിനെ വളർത്തിയും, ചാണകം വാരിയും, പറമ്പിൽ കൃഷിയിറക്കിയും അമ്മ മൂന്ന് മക്കളെയും പഠിപ്പിച്ചു. മൂത്ത രണ്ട് പെണ്മക്കളെയും നല്ല നിലയിൽ വിവാഹം ചെയ്‌തയച്ചു. തനിക്കൊരു ജോലികിട്ടിയപ്പോഴേക്കും അമ്മ തളർന്നിരുന്നു. ജീവിതത്തിൽ അമ്മ അനുഭവിച്ചിട്ടുള്ള ദുഃഖങ്ങൾ എത്ര പറഞ്ഞുകൊടുത്താലും വാസന്തിക്ക് മനസ്സിലാവില്ല.അവർക്കിടയിൽ മൗനം കനത്തു. 
 
ഒടുവിൽ വാസന്തി പറഞ്ഞു :-
"മൂന്നുമക്കളും നാലു മാസം വീതം നോക്കണമെന്ന വ്യവസ്ഥ ഉണ്ടാക്കണം! അല്ലെങ്കിൽ ഞാൻ ഈ നിമിഷം എന്റെ വീട്ടിലേക്ക് പോകും. മോളെയും കൊണ്ടുപോകും. അവിടന്നാകുമ്പം മോൾക്ക് ദിവസേന കോളേജിൽ പോയി വരാം.അല്ലാതെ ഇതിങ്ങനെ സഹിക്കാൻ എനിക്കു വയ്യ" 
ഒരു നിമിഷം കഴിഞ്ഞ് അവൾ വീണ്ടും ചോദിച്ചു... "രവിയേട്ടൻ എന്തു തീരുമാനിച്ചു?".
രവിയുടെഉത്തരം പെട്ടന്നായിരുന്നു. 
"ഞാനെന്തു തീരുമാനിക്കാൻ? ഇതെന്റെ അമ്മയല്ലേ...? അമ്മയുടെ വീടല്ലേ ഇത്? നാളെ നമ്മളും ഈ അവസ്ഥയിലെത്തില്ലേ? നീ പൊയ്ക്കോ വാസന്തീ... മോളെയും കൂട്ടിക്കോ. എനിക്കെന്റെ അമ്മയെ ഉപേക്ഷിക്കാൻ പറ്റില്ല. വീതം വെയ്ക്കാൻ ഇഷ്ടവുമില്ല."
 
വാസന്തി തുറിച്ചുനോക്കി നിന്നു.
"അപ്പോൾ...ഞാനും മോളും പോയാൽ നിങ്ങൾക്കൊന്നുമില്ല അല്ലേ?" അവൾ ചോദിച്ചു.
"എന്നാരു പറഞ്ഞു?
എനിക്ക് വിഷമമുണ്ട്. എന്നുവെച്ച് അമ്മയെ നീ പറഞ്ഞതുപോലെ വൃദ്ധസദനത്തിൽ ആക്കാനും പറ്റില്ല. വീതം വയ്ക്കാനും പറ്റില്ല. അമ്മയുടെ വൃദ്ധസദനം ഈ വീടാ. നിനക്ക് വേറെ ഭർത്താവിനെ കിട്ടുമായിരിക്കും. എന്നാൽ അമ്മയ്ക്കിനി വേറൊരു മകനെ കിട്ടില്ല!  ഞാൻ ലീവെടുത്ത് അമ്മയെ നോക്കും... അതു കഴിഞ്ഞ് എന്താ വേണ്ടതെന്ന് അപ്പോൾ തീരുമാനിക്കും." രവി പറഞ്ഞു നിർത്തി.
പിന്നെ സാവധാനം എഴുന്നേറ്റ് അമ്മയുടെ മുറിയിലേക്ക് പോയി.
 
അമ്മ നല്ല ഉറക്കം. അടുത്തുള്ള കട്ടിലിൽ രവിയും കിടന്നു. എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ സമയം നാലുമണി കഴിഞ്ഞിരുന്നു.
അമ്മ ഉണർന്നിട്ടില്ല. വാസന്തി പോയോ.?
രവി കതകു തുറന്ന് പുറത്തിറങ്ങി.  "രവിയേട്ടനിന്ന് വിശപ്പൊന്നുമില്ലേ... ഉച്ചക്ക് ഊണ് പോലും കഴിച്ചില്ലല്ലോ?".. ഒന്നും സംഭവിക്കാത്തതു പോലെ വാസന്തിയുടെ ചോദ്യം.
രവിയുടെ മനസ്സിൽ ഒരു കുളിർ കാറ്റ് വീശി.
"അല്ലാ... നീ പോയില്ലേ വാസന്തീ?"
രവി ചോദിച്ചു.
"കളിയാക്കാതെ രവിയേട്ടാ...പോയാൽ എനിക്ക് സമാധാനം കിട്ടുമോ?"
"ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതൊക്കെ രവിയേട്ടൻ ക്ഷമിച്ചേക്ക്!
നമുക്ക് രണ്ടുപേർക്കും മാറി മാറി ലീവെടുത്ത് അമ്മയെ നോക്കാം അല്ലേ? " വാസന്തി പറഞ്ഞതു കേട്ട് രവിയുടെ ചുണ്ടിൽ ചിരിയുയൂറി. 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ