(Anilkumar C.V)
സദാ വിജനവും മൂകവുമായ ആ വീഥിയില്‍ നിന്ന് അല്പം ഉള്ളിലേയ്ക്ക് കയറിയാണ് ആ നെടുനീളന്‍ വീട് ഇരിക്കുന്നത്. ചുവന്ന വെട്ടുകല്ലില്‍ തീര്‍ത്ത ഒറ്റമുറി മാത്രമുള്ള അതിന്റെ ഭിത്തികള്‍ തേയ്ക്കാത്തതും ചായം പൂശാത്തതും അരോചകവുമായിരുന്നു.
മേല്‍കൂര ഇരുന്ന് ഓടുകള്‍ അടര്‍ന്ന് ആകെക്കൂടി നിലവിലെ സാമൂഹ്യാഭിരുചികള്‍ക്ക് മനം പുരട്ടലുണ്ടാക്കത്തക്കവണ്ണം ദുര്‍ബലമായും ഒറ്റപ്പെട്ടുമാണതിരുന്നത്. തീവൃമായി പ്രസന്നത ചൊരിയുന്ന ഒരു പകലായിരുന്നു അത്. വെയില്‍ നാളങ്ങള്‍ വീഥിയില്‍ നാഗങ്ങളെപ്പോലെ തല ഉയര്‍ത്തിക്കെണ്ടിരിക്കുന്നു. ആ കത്തിക്കാളലിലൂടെയാണ് വൃദ്ധ കൂനി കൂനി ആ വീട്ടിലേയ്ക്ക് കടന്നു വരുന്നത്. പ്രായാധിക്യത്താല്‍ ആയാസപ്പെട്ടു നടന്ന അവര്‍ പ്രധാന വീഥി പിന്നിട്ട് ആ വീട്ടിലേയ്ക്കുള്ള മെല്ലിച്ച വഴിയുടെ ചെറിയ കയറ്റപ്പുറത്ത് നിഴല്‍ പിശുക്കി വില്‍ക്കുന്ന വൃക്ഷച്ചുവട്ടില്‍ അല്പനേരം നിന്നു കിതച്ചു. പഴകിയ ചെമ്പു പാത്രത്തിന്റെ നിറത്തില്‍ ചുളിവുകള്‍ വീണ് ദുര്‍ബലമായ ആ ശരീരം വിറച്ചുകൊണ്ടിരുന്നു. ക്ലാവിന്റെ നിറമുള്ള കണ്ണുകളില്‍ ഭൂമികുലുക്കത്തിനുമുമ്പുള്ള മിണ്ടാപ്രാണികളുടെ ഭീതി. അവര്‍ പിന്നെയും നടന്ന് മുറ്റത്തോളമെത്തി നിന്ന് വാതില്‍ പാളികള്‍ക്ക് പകരം തിരയിളക്കത്തിന്റെ നേരിയ തുണികൊണ്ടു മറച്ച അകത്തെ ഇരുട്ടിലേയ്ക്ക് മങ്ങിയ മിഴികള്‍ അയച്ച് ദുര്‍ബലമായ വിറയ്ക്കുന്ന ശബ്ദത്തില്‍ വിളിച്ചു.
“മകനേ”
ഉത്തരമായതൊന്നും പ്രതീക്ഷിക്കാതെ അവര്‍ ആ ചെങ്കല്‍ കോട്ടയുടെ വാതുക്കലെത്തി തിരമാലയിളക്കം അല്പം മാറ്റി കണ്ണുകള്‍ കൂര്‍പ്പിച്ച് അകത്തേയ്ക്ക് നോക്കി. സാധനങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്ന മുറിയുടെ നടുവില്‍ അലസമായിട്ട കട്ടിലില്‍ അവന്‍ കിടക്കുന്നു. മാരകമായ രോഗം പിടിപെട്ട് ദിവസങ്ങളായി ഒരേ കിടപ്പാണവനെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കുംമനസ്സിലാവും. വൃദ്ധ വാതില്‍പ്പടിയില്‍ പിടിച്ച് സാവധാനം അകത്തു കയറി. അസ്തമയാവസ്ഥയെ അനുസ്മരിപ്പിക്കുന്ന ദൈന്യതയാര്‍ന്ന മുഖം മാത്രം പുറത്ത് കാണിച്ച് മൂടിപ്പുതച്ചു കിടക്കുകയാണവന്‍. വൃദ്ധ അരികിലെത്തി അവന്റെ ചുമലില്‍ മെല്ലെ തട്ടി വീണ്ടും വിളിച്ചു.
“മകനേ”
കടലിന്റെ ആഴത്തിലേയ്ക്ക് മുങ്ങിപ്പോയ ഒരുവന്‍ വെപ്രാളപ്പെട്ട് ഉയര്‍ന്നു വന്നിട്ടെന്നവണ്ണം കണ്ണുകള്‍ തുറന്ന് വിഹ്വലതയോടെ വൃദ്ധയെ ഒന്നു നോക്കി വീണ്ടും കണ്ണുകള്‍ പൂട്ടി അവന്‍ കടലിലേയ്ക്ക് മുങ്ങിപ്പോയി. “എന്തൊരു കെടപ്പാ മകനേ ഒന്നെഴുന്നേക്ക് കണ്ണൊന്നു തൊറക്ക്.. മക്കളേ..” വൃദ്ധ അലമുറയിട്ടു. തലയ്ക്കുള്ളില്‍ കനമുള്ള നീറ്റലുള്ള ഒരു നിശബ്ദത കടന്നു കയറുന്നതായും തൊണ്ട ഉണങ്ങി വരളുന്നതായും ശരീരം തളര്‍ന്ന് ഉലയുന്നതായും അവര്‍ക്ക് അനുഭവപ്പെട്ടു. അവര്‍ തലയില്‍ കൈകള്‍ താങ്ങി നിലത്ത് കുത്തിയിരുന്നു. ഒരുപാട് ജീവിതങ്ങളും അവയുടെ ഉദയാസ്തമയങ്ങളും ഏറെ കിട്ടുള്ള അവര്‍ക്ക് അവന്റെ ജീവിതാവസ്ഥയുടെ ഗ്രാഫ് എവിടെ എത്തി നില്‍ക്കുന്നുവെന്ന് അനുമാനിക്കാനാവുമായിരുന്നിരിക്കണം.
പരിക്ഷീണനും രോഗത്തോടു മല്ലയുദ്ധം നടത്തി തളര്‍ന്ന ആ യുവാവും പ്രായാധിക്യത്താല്‍ അത്യന്തം വലയുന്ന ആ വൃദ്ധയുമായി എന്താണ് ബന്ധം, അല്ലങ്കില്‍ അവന്റെ ഈ ദാരുണാവസ്ഥയില്‍ ഇങ്ങനെ നെഞ്ചുരുകാന്‍ മാത്രം നിങ്ങള്‍ക്ക് അവനുമായി എന്താണ് ഏര്‍പ്പാട് എന്ന് മൂന്നാമതൊരാള്‍ ചോദിച്ചാല്‍ അതിനുത്തരം പറയാന്‍ അവര്‍ക്ക് ഒന്നും ഉണ്ടായിരിക്കില്ല. കാരണം അവര്‍ അവന്റെ ആരും ആരുമായിരുന്നില്ല എന്നതുതന്നെ, എങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി അവര്‍ക്കിടയില്‍ നാട്ടുകാര്‍ അജ്ഞാതമെന്നും അവാച്യമെന്നുമൊക്കെ പേരിട്ടു വിളിച്ച ഒരുതരം ബന്ധം ഉടലെടുത്തിരുന്നു. ആ സമയം ഏതെങ്കിലും സ്വന്തബന്ധങ്ങളില്‍ കണ്ണിചേര്‍ക്കാനാവാത്ത വിധം ഏകനായിരുന്നു അവന്‍. പത്താം വയസ്സില്‍ അച്ഛനും പന്ത്രാം വയസ്സില്‍ അമ്മയും അവനെ ഏകാന്തതയുടെ തടവറയ്ക്കുള്ളില്‍ പൂട്ടിയിട്ടിട്ടുപോയപ്പോള്‍ ആ ഒറ്റപ്പെടലിന്റെ അടരുകള്‍ക്കിടയിലൂടെ നൂഴ്ന്നിറങ്ങിയ കാലത്തിന്റെ നരകൊണ്ട പ്രകാശപ്പരപ്പില്‍ അവന്‍ വിഷാദചിത്തനും മൂകനുമായ ഒരു തുണ്ടം പായല്‍പുണ്ണായി പരിണമിച്ചു. അവിടിരുന്ന് അവന്‍ അവന്റെതായ ശൈലിയില്‍ അവന്റേതായ മട്ടിലും ഭാവത്തിലും ഒരു ജീവിതം മെനഞ്ഞൊരുക്കി. അതിനൊരു പക്ഷേ ബഹിഷ്കൃതനായൊരു അപരിഷ്കൃതന്റെ ജീവിതത്തോളം പോലും ഒരുക്കമോ തിളക്കമോ ഉണ്ടായിരുന്നിരിക്കില്ല എന്നു മാത്രം.
ഒരു ദിവസം അവന്‍ വര്‍ക്ക്ഷോപ്പിലേയ്ക്ക് പോകാന്‍ തിടുക്കപ്പെട്ട് ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് വൃദ്ധ ആദ്യമായി അവന്റെ വീട്ടിലേയ്ക്ക് കടന്നു ചെല്ലുന്നത്. അവര്‍ ഏതെങ്കിലും വീട്ടിലേയ്ക്ക് അങ്ങനെ അപ്രതീക്ഷിതമായി കടന്നുചെല്ലുക എന്നുള്ളത് ആ നാട്ടുകാരെ സംബന്ധിച്ച് പുതിയൊരു കാഴ്ച ആയിരുന്നില്ല, രണ്ട് ആണ്‍ മക്കളേയും മൂന്നു പെണ്‍മക്കളേയും പ്രസിവച്ച അവരുടെ ആ അപ്രതീക്ഷിത കടന്നുവരവുകള്‍ നാട്ടുകാരില്‍ ഒരു നീരസവും ഉണ്ടാക്കിയിരുന്നുമില്ല, സമ്പുഷ്ടമായ യൗവ്വനം പിന്നിട്ട് കറിവേപ്പിലയാകപ്പെടുന്ന വാര്‍ദ്ധക്യം അവരെ ഒരു ഭിക്ഷാടകയാക്കിയിരിക്കുന്നുവെന്ന സത്യം നാട്ടുകാര്‍ക്ക് ബോധ്യമുള്ളതാണ്. അങ്ങനൊക്കെയായിരുന്നെങ്കില്‍കൂടിയും ഏതെങ്കിലും വീട്ടില്‍ കയറിച്ചെന്ന്എന്തെങ്കിലും കൈപ്പറ്റി വെറുതെയങ്ങ് സ്ഥലം വിടുന്ന ശൈലി അവര്‍ക്കില്ലായിരുന്നു. സമ്പന്നമായിരുന്ന ഭൂതകാലത്തിന്റെ കുലീനത അവരില്‍ അത് ജാള്യത ഉണ്ടാക്കുമായിരുന്നു. അതിനാല്‍ തനിക്ക് ഭിക്ഷ തരുന്ന വീട്ടില്‍ തനിക്കാവും വിധം എന്തെങ്കിലുമെരു ജോലിചെയ്യാന്‍ അവര്‍ മുതിര്‍ന്നിറങ്ങും.
“മോനെ മുറ്റം തൂത്തിടട്ടെ” അവര്‍ ചോദിച്ചു. അവന്‍ അല്പനേരം പട്ടിണി തിന്നു മെലിഞ്ഞ ആ അമ്മയുടെ കണ്‍തടത്തിലേയ്ക്ക് നോക്കി നിന്നു. പിന്നെ അകത്തുപോയി തരക്കേടില്ലാത്ത ഒരു നോട്ട് എടുത്തുകൊണ്ട് വന്ന് അവരുടെ കയ്യില്‍ വച്ചുകൊടുത്തിട്ട് പറഞ്ഞു,
“മുറ്റമൊക്കെ ഞാന്‍ തൂത്തമ്മാ ഇതുകൊണ്ടുപോയി കൊടുത്ത് വല്ലതും വാങ്ങികഴിച്ചോ”, പണം വാങ്ങി മടിത്തുമ്പില്‍ തിരുകികൊണ്ട് അവനെ വകവയ്ക്കാതെ അവര്‍ കൂനികൂനി അകത്തേയ്ക്ക് പോയി. പിന്നെ കഴുകുവാനായി അവന്‍ സിങ്കില്‍ എടുത്തിട്ടിരുന്ന പാത്രങ്ങളൊക്കെകഴുകി തുടച്ചുവച്ചു. മുറിക്കകം അടിച്ചു വൃത്തിയാക്കി,ഒക്കെയും നോക്കി അവന്‍ നിശബ്ദനായിനിന്നു. അവന്റെ ഉള്ളില്‍ ഒഴുകാനാവാതെ തടഞ്ഞു വയ്ക്കപ്പെട്ട എന്തോ ഒരുതരം നോവ് അണപൊട്ടി ഒഴുകി. അതിനാല്‍ അവര്‍ പോകാനിറങ്ങിയപ്പോ,
“ഇടയ്ക്കൊക്കെ വരണം” എന്നു പറഞ്ഞാണവന്‍ അവരെ യാത്രയാക്കിയത്.
പിന്നെ ഒരു മഴക്കാലത്തിനു ശേഷം ഒരു ഞായറാഴ്ചയാണവര്‍ അവന്റെ വീട്ടില്‍ എത്തിയത്. അപ്പോള്‍ അവന്‍ ഒരു ഗ്ലാസ്സില്‍ പകര്‍ന്നുവച്ച മദ്യത്തിനുമുന്നില്‍ ഇരിക്കുകയായിരുന്നു. ആടിത്തുടങ്ങിയ തലയ്ക്കുള്ളിലെ നിവര്‍ന്ന് മുറുകിയ സ്ട്രിങുകള്‍ പ്രതിഭാശാലിയായൊരു ലുഥിയറെപ്പോലെ ആനായാസം അയച്ച് മടക്കി അവന്‍ അമ്മയെ ബഹുമാനത്തോടെ അരികില്‍ വിളിച്ചിരുത്തി. പിന്നെ അവര്‍ക്ക് തന്റെ ജീവിതം തുറന്നു കാണിച്ചുകൊടുത്തു. പത്തുവയസ്സുവരെ മാത്രം തന്നോടൊപ്പം ജീവിച്ച അച്ഛന്‍, ഒരുയര്‍ന്ന ഉദേ്യാഗസ്ഥനായ അയാള്‍ കള്ളിന്റെ തുടിയും പെണ്ണിന്റെ മണവും തേടി നടന്ന് നടന്ന് അപ്രത്യക്ഷനായ കഥ. അച്ഛനോട് മത്സരിച്ചും പ്രതികാരം വീട്ടിയും സ്വന്തം ശരീരം അന്യപുരുഷന്മാര്‍ക്ക് പങ്കിട്ട് കൊടുക്കാനായി ഇറങ്ങിത്തിരിച്ച അമ്മ. അവസാന മത്സരത്തില്‍ അച്ഛനും അമ്മയും ജയിച്ചപ്പോള്‍ തോറ്റുപോയ മകന്‍. അതു പറഞ്ഞുകൊണ്ടിരിക്കെ പലതവണ അവന്റെ ഗ്ലാസ്സ് ഒഴിച്ചു നിറഞ്ഞു കൊണ്ടിരുന്നു.
എല്ലാം കേട്ടിരുന്ന വൃദ്ധയും പിന്നെ തന്റെ കഥ പറഞ്ഞു, രണ്ടാണ്‍മക്കളേയും മൂന്നു പെണ്‍മക്കളേയും പ്രസവിച്ച് വലുതാക്കിയതിന്റെയും അവസാനം താന്‍ തെരുവില്‍ വലിച്ചെറിയപെട്ടതുമായ കഥ, അതു പറഞ്ഞവസാനിച്ചതും അവര്‍ ഒരു നായയെപ്പോലെ മോങ്ങി, അപ്പോള്‍ ആ അമ്മയ്ക്ക് ആശ്വാസമാകാന്‍ തനിക്ക് മുന്നിലിരിക്കുന്ന മദ്യത്തിനു മാത്രമേ കഴിയൂ എന്നവനു തോന്നി. അവന്‍ മറ്റൊരു ഗ്ലാസ്സില്‍ മദ്യം പകര്‍ന്നു അവര്‍ക്ക് നല്‍കി.
ഭര്‍ത്താവുണ്ടായിരുന്ന ആ നാളുകളിലാണ് താന്‍ ജീവിച്ചിരുന്നതെന്ന് അവര്‍ പറഞ്ഞു. അദ്ദേഹം തന്റെയും പിന്നെ മക്കളുണ്ടായപ്പോള്‍ അവരേയും തീറ്റിപ്പോറ്റാന്‍ അഹോരാത്രം പണിയെടുത്തു, അദ്ദേഹത്തിന്റെ തണലായി നിന്ന് താനും കഷ്ടപ്പെട്ടു, എന്നിട്ടിപ്പോ.. മുഴുവിക്കാനാവാതെ തൊട്ടടുത്ത നിമിഷങ്ങളെ കണ്ണീര്‍ ബിംബങ്ങളാക്കി അവര്‍ ഇരുന്നു, പിന്നെ ആ ബിംബങ്ങള്‍ക്ക് തന്നെ വിട്ടുകൊടുത്ത് മനോഹരമായ ആ നിമിഷങ്ങളെ അരോചകമാക്കാതെ അവര്‍ താനും ഭര്‍ത്താവും മദ്യവും തമ്മിലുള്ള രസകരമായ ബന്ധത്തിന്റെ കഥ എടുത്തിട്ടു.
“ഞങ്ങള്‍ രണ്ടാളും നന്നായി പണിയെടുത്തു, നന്നായി ഭക്ഷണം കഴിച്ചു. ഞായറാഴ്ചകളില്‍ മാത്രം മതിവുവോളം റാക്ക് കഴിച്ചു. ഒരിക്കല്‍പോലും അദ്ദേഹം പുറത്തിറങ്ങി മദ്യപിച്ച് ബഹളംവച്ച് നടന്നില്ല, ഒരു കുപ്പി വീട്ടില്‍ വാങ്ങിക്കൊണ്ടുവരും അതും ഞായറാഴ്ചകളില്‍ മാത്രം. അതന്നുതന്നെ ഞങ്ങള്‍ രണ്ടാളും കുടിച്ചു തീര്‍ക്കും. ആദ്യ നാളുകളില്‍ താന്‍ മടിച്ചിരുന്നു. എന്തിനു മടിക്കണം എന്നോടൊപ്പം പകലന്തിയോളം പണിത് ഈ കുടുംബത്തിനു വേണ്ടി രക്തം വെള്ളമാക്കുന്നവളല്ലേ ശനിയാഴ്ചവരെ എല്ലുമുറിയെ പണിയെടുത്ത് ഞായറാഴ്ചകളില്‍ എല്ലാം മറന്ന് ശരിക്കൊന്ന് ഉറങ്ങാന്‍ ഒരു മരുന്ന് അങ്ങനെ കരുതിയാല്‍ മതി. വെള്ളമൊഴിച്ച് പാകപ്പെടുത്തിയ മദ്യം തനിക്കുനേരെ നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. എല്ലാ മതിലുകള്‍ക്കുമപ്പുറം തങ്ങള്‍ ഒന്നാണന്ന അര്‍ത്ഥത്തില്‍ ഗ്ലാസ്സുകല്‍ തമ്മില്‍ കൂട്ടിമുട്ടിച്ച് ഒന്ന് നുകര്‍ന്ന് അദ്ദേഹം പറയും, കുടുംബവും കുട്ടികളുമില്ലാതെ കിട്ടുന്നതെല്ലാം കുടിച്ച് കൂത്താടി നടക്കുന്ന വിവരദോഷികളാണ് മുഴുകുടിയന്മാര്‍ അതാണ് അവനെ ചീത്തയാക്കുന്നത് കുടുംബത്തേയും സമൂഹത്തേയും ചീത്തയാക്കുന്നത് അങ്ങനെ നടക്കുന്നത് വഷളന്മാരാണ്. അതിനാല്‍ നാളത്തേയ്ക്ക് ഒരു തുള്ളിപോലും അവശേഷിപ്പിക്കാതെ ഞായറാഴ്ചകളുടെ അന്ത്യയാമങ്ങളില്‍ മാത്രം അത് ഒതുങ്ങണം”.
അങ്ങനെയാണ് 27 വയസ്സായ ആ യുവാവും 72 വയസ്സുള്ള ആ വൃദ്ധയും തമ്മില്‍ നാട്ടുകാര്‍ക്ക് അജ്ഞാതവും അവാച്യവുമായ ആ ബന്ധം തുടങ്ങിയത്. ഇടയ്ക്കൊക്കെ പ്രത്യേകിച്ച് ഞായറാഴ്ചകളില്‍ അവര്‍ ഒത്തുകൂടും, അപ്പോഴൊക്കെ തന്റെ ജീവിതം ആ അമ്മയ്ക്കുമുന്നില്‍ തുറന്ന് വച്ച് അവന്‍ കരയും. മദ്യത്തോടും പെണ്ണിനോടുമുള്ള ഒടുങ്ങാത്ത ഭ്രമം മുത്ത് എവിടെയോ പോയി മറഞ്ഞ അച്ഛന്‍, അച്ഛനോടു പ്രതികാരം തീര്‍ക്കാന്‍ അന്യര്‍ക്ക്സ്വശരീരം പങ്കിട്ട് കൊടുത്ത് അവസാനം അതില്‍ ഉന്മാദിയായി തീര്‍ന്ന അമ്മ, അച്ഛനും അമ്മയും തമ്മിലുള്ള മത്സരത്തിനിടയില്‍ തോറ്റുപോയ മകന്‍. രണ്ടാണ്‍മക്കളേയും മൂന്നുപെണ്‍മക്കളേയും വളര്‍ത്തി വലുതാക്കി ഒടുവില്‍ അവരാല്‍ തെരുവില്‍ വലിച്ചെറിയപ്പെട്ട കഥ പറഞ്ഞ് ആ അമ്മയും കരയും.
ഇടയ്ക്ക് അവന്‍ വിളിക്കും.
“ഒരു ഫുള്ളു് വരുന്നോ”
ചിലപ്പോള്‍ അവന്‍ വര്‍ക്ക്ഷോപ്പിലേയ്ക്ക് പോകാന്‍ ധൃതിവച്ച് ഒരുങ്ങുമ്പോഴാവും അവര്‍ വരുന്നത്. അപ്പോള്‍ അവന്‍ പറയും,
“ഒരു ചെറുതുകാണും എടുത്തു കഴിച്ചോ” അങ്ങനെ പറഞ്ഞെങ്കിലും അത് രണ്ട് ലാര്‍ജ് തന്നെയുണ്ടാവും. വൃദ്ധ ഒറ്റയ്ക്കിരുന്നത് കഴിക്കും പിന്നെ അന്തിയോളം അവിടെ ചുരുണ്ടുകൂടിക്കിടക്കും. വൈകുന്നേരം അവന്‍ വന്ന് പൊക്കി എഴുന്നേല്‍പ്പിച്ച് വീട്ടിലേയ്ക്ക് പറഞ്ഞു വിടും.
ഞായറാഴ്ചകളില്‍ മദ്യത്തിനൊപ്പം വിശിഷ്ടമായതെങ്കിലും ഉണ്ടാക്കിക്കഴിക്കും. അങ്ങനൊരു ഞായറാഴ്ച അതായത് മിനിഞ്ഞാന്ന് അവനെ കാണാന്‍ വന്നതായിരുന്നു അവര്‍. അപ്പോള്‍ അവന്‍ അത്യന്തം ക്ഷീണിതനായി മൃതപ്രായനായി കട്ടിലില്‍ കിടക്കുന്നു. അവരോട് ഒരക്ഷരം മിണ്ടുകയോ അവര്‍ കൊടുത്ത വെള്ളത്തില്‍ ഒരിറ്റ് ഇറക്കുകയോ ചെയ്തില്ല. തന്നെ സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ച താന്‍ മകനെപ്പോലെ സ്നേഹിച്ച അവനെ രക്ഷിക്കാന്‍ നിസ്സഹായയായ ആ അമ്മ വളരെ ആഗ്രഹിച്ചു. എന്നാല്‍ വൃദ്ധര്‍ നിയന്ത്രണം നഷ്ടപ്പെട്ട യന്ത്രമാണ്, അല്ലങ്കില്‍ ഭ്രാന്തോളം എത്തപ്പെട്ട പാഴ് ജടങ്ങളാണ് എന്ന് വൃദ്ധ തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്.
അവനെ രക്ഷിക്കാന്‍ കൂനി കൂനി നടന്ന് അവര്‍ പലരുടേയും സഹായം അഭ്യര്‍ത്ഥിച്ചു. ആ പലരും അവരെ അന്യഗ്രഹത്തില്‍നിന്നു വന്ന വിചിത്ര ജീവിയെപ്പോലെ, അവരുടെ ഭാഷ മനസ്സിലാക്കാനാവാത്തുപോലെ നോക്കി നിന്നു. ചിലര്‍ അവര്‍ക്കു മുന്നില്‍ തങ്ങളെ വിട്ടുകൊടുക്കാതെ ഒഴിഞ്ഞു മാറിപ്പോയി. ചിലര്‍ ഒരു ഭ്രാന്തിയുടെ ഫലിതംപോലെ അവരെ കേട്ട് അവര്‍ക്കു മുന്നില്‍ ഇളിച്ചുകൊണ്ട് നിന്നു.
പണ്ട് യൗവ്വനം തന്റെ പക്ഷത്തായിരുന്ന നേരത്ത് ശരീരം കൂനാതെയും ചുളിയാതെയുമിരുന്ന കാലത്ത് തന്റെ വാക്കുകള്‍ക്ക് എന്ത് ഭംഗിയായിരുന്നു, എന്ത് വിലയായിരുന്നു വൃദ്ധ ഓര്‍ത്തു. എവിടെ നിന്നാലും ആയിരം കണ്ണുകള്‍ കാണാത്തതുപോലെ കണ്ട് നില്‍ക്കും എന്തെങ്കിലും ആവശ്യം വന്നാല്‍ ഓടിവരാന്‍ വിളിപ്പുറത്ത് ഉത്സുകരുണ്ട് അത് അപരിചിതരാണങ്കില്‍ പോലും..എല്ലാം പെയ്പ്പോയിരിക്കുന്നു,
“മിണ്ടിപ്പോകരുതിവിടെ എന്തെങ്കിലും തിന്നാന്‍ തരുന്നത് തിന്ന് എവിടെങ്കിലും ഒതുങ്ങിക്കോ” അവനെക്കുറിച്ച് പറഞ്ഞപ്പോള്‍ പതിവുള്ളതുപോലെ ഒരു മകന്‍ വൃദ്ധയെ അടിക്കാന്‍ കൈ ഓങ്ങിപ്പറഞ്ഞു.
“ഒന്നു പോയെ, സ്വന്തം കാര്യം നോക്കാന്‍ ഇവിടെ സമയമില്ല അപ്പോഴാ..” മറ്റൊരു മകന്‍ പറഞ്ഞു. മൊബൈല്‍ ഫോണില്‍ കുത്തിയിരുന്ന കൊച്ചുമക്കളോടു പറഞ്ഞപ്പോള്‍ അവര്‍ക്ക് പഠനം മുറുകി. ഒരുവന്‍ മൊബൈല്‍ സ്ക്രീനില്‍ തെളിഞ്ഞു നിന്ന സ്ത്രീയുടെ നഗ്നത ആസ്വദിക്കുന്നതില്‍ തടസ്സമായതിന് ഒച്ചവച്ചു.
“പോകിളവി എനിക്ക് നൂറുകൂട്ടം പഠിക്കാനുണ്ട്”
ഗെയ്മിലും അസ്ലീല ഫോണ്‍ സംഭാഷണങ്ങളിലും മുഴുകിയിരിക്കുന്ന മറ്റുള്ളവര്‍ക്കും അവര്‍ അസ്വസ്ഥതയായി.
“നിങ്ങക്കിതെന്തിന്റെ സുഖക്കേടാ അവര്‍ പഠിക്കട്ടെ” കുട്ടികളുടെ അമ്മമാരും വൃദ്ധയെ വെറുതേ വിട്ടില്ല.
അങ്ങനെ പൂര്‍ണ്ണപരാജിതയായ വൃദ്ധയുടെ കണ്ണുകള്‍ കെട്ടിയിടപെട്ട ഒരു സാധു മൃഗത്തിന്റെതെന്നതുപോലെ നിശബ്ദം നിറഞ്ഞൊഴുകി. തന്നെ മാതൃസ്ഥാനത്തിരുത്തിയ ആ മകനു വേണ്ടി മൂന്നാംനാള്‍ അവരുടെ ഇനിയും ചുളിവു വീഴാത്ത മനസ്സില്‍ ഒരു വെളിപാടുണ്ടായി. കണ്ണിക്കാട്ടെങ്ങോ അവന്റെ അമ്മ ഉള്ളതായി അവന്‍ എപ്പോഴോ പറഞ്ഞു കേട്ടിട്ടു് അവരെ കണ്ടെത്തണം. എന്നാല്‍ വാര്‍ദ്ധക്യത്തിന്റെ പുറന്തോലിനപ്പുറം ചിന്തയോ മനസ്സോ സ്വപ്നങ്ങളോ ഉള്ള മനുഷ്യരാണ് വൃദ്ധരും എന്ന ചിന്ത ലവലേശമില്ലാത്ത സമൂഹം അവിടെയും അവരെ പരാജിതയാക്കി. ബസ്സിലോ മറ്റോ കയറാന്‍ അവര്‍ക്കാവതുന്നോ അതിനു മറ്റുള്ളവര്‍ കാത്തു നില്‍ക്കുമെന്നോ അവര്‍ ചിന്തിച്ചുരുന്നുവോ എന്തോ, അവര്‍ കൂനിക്കൂനി ബസ്സ്റ്റോപ്പില്‍ ചെന്നു നിന്നു. ബസ്സുകള്‍ അവര്‍ക്കു മുന്നിലൂടെ നിഷ്കരുണം ഓടിപ്പോയി. ആരും അവരെ ഗൗനിച്ചതേയില്ല. അവസാനം മനസ്സിനൊപ്പം ശരീരമെത്താത്ത ആ നന്മ തളര്‍ന്നു വീണു, ബസ്റ്റോപ്പിലെ ഒരൊഴിഞ്ഞ മൂലയിലാണവര്‍ തളര്‍ന്നു വീണത്.
അങ്ങനെ വീണ് അല്പം കഴിഞ്ഞപ്പോള്‍ അവന്‍ വന്നു. താന്‍ നൊന്തു പ്രസവിച്ച് നന്ദികേടിന്റെ പര്യായമായ ചാപിള്ളകളല്ല, താന്‍ പ്രസവിക്കാതെ തന്നെ അമ്മേയെന്നു വിളിച്ച സ്നേഹം മാത്രം തന്ന ആ മകന്‍, അവന്‍ കൈ നീട്ടിപ്പറഞ്ഞു.
“അമ്മേ ഇതെന്തുപറ്റി എന്താ ഇവിടിങ്ങനെ കിടക്കുന്നത് വരൂ നമുക്ക് പോകാം എന്റെ ചെങ്കല്‍ കൊട്ടാരത്തിലേയ്ക്ക്, ദാ കണ്ടോ” എളിയില്‍ തിരുകിയ ഒരു ചുവന്ന കുപ്പി ഉയര്‍ത്തി കാട്ടി അവന്‍ പൊട്ടിച്ചിരിച്ചു. വൃദ്ധയുടെ ക്ഷീണം അപ്രത്യക്ഷമായി അവര്‍ പിടഞ്ഞുണര്‍ന്ന് അവനു നേരെ കൈ നീട്ടി. അവന്‍ അമ്മയെ താങ്ങി ഉയര്‍ത്തി നടന്നു.
എന്നാല്‍ താന്‍ ചലിക്കാനാവാത്ത ഒരു ദുരവസ്ഥയിലാണ് എത്തപ്പെട്ടിരിക്കുന്നതെന്നയാഥാര്‍ത്ഥ്യം വൃദ്ധയെ തെര്യപ്പെടുത്താന്‍ അപ്പോള്‍ ചാറിയ പെരു മഴയ്ക്കേ കഴിഞ്ഞുള്ളു.
വൃദ്ധ ഞെട്ടലോടെ മിഴി തുറന്ന് പുറത്തേയ്ക്ക് നോക്കി.
മഴ ശക്തമായി പെയ്യുന്നു. വേനലിന്റെ മദ്ധ്യത്തില്‍ പെയ്ത ആ മഴ അപ്രതീക്ഷിതമായതിനാല്‍ ജനം ബസ്റ്റോപ്പിലേയ്ക്ക് ഓടിക്കയറി വന്നു.
വണ്ടികള്‍ വന്നു നില്‍ക്കുന്നു.
ആള്‍ക്കൂട്ടങ്ങള്‍ ഓടിപ്പോകുന്നു,..വന്നു നിറയുന്നു....
ദേഹം കുടഞ്ഞ് ഓടി കയറിവന്ന ഒരു ആട്ടിന്‍കുട്ടി വൃദ്ധയ്ക്കരികില്‍ വന്നു കിടന്നു. ഏറെ നേരത്തെ ആ കിടപ്പിനൊടുവില്‍ വൃദ്ധ സാവധാനം എഴുന്നേറ്റു, പിന്നെ പുറത്തേയ്ക്കിറങ്ങി വേച്ച് വേച്ച് മഴയത്തുകൂടി നടന്നു പോയി, ആട്ടിന്‍കുട്ടിയും അവരെ പിന്‍തുടര്‍ന്ന് നടന്നു.
നടന്ന് നടന്ന് അവര്‍ ആ ചെങ്കല്‍ കോട്ടയിലെത്തി.
ഇളകിയാടുന്ന നേരിയ തുണിവാതില്‍ അകറ്റി അമ്മ വിളിച്ചു,
“മക്കളേക്ക” രണ്ടു മൂന്നു ദിവസമായി ലഭിച്ചുകൊണ്ടിരിക്കുന്ന നിശബ്ദത തന്നെ ഇക്കുറിയും മറുപടിയായി.
പരിഭ്രാന്തിയോടെ ചുമരില്‍ പിടിച്ച് അകത്തു കടന്ന അവര്‍ അവനെ കുലുക്കി വിളിച്ചു. കടലിനടിയിലേയ്ക്ക് ആണ്ടുപോയി വെപ്രാളപ്പെട്ട് പൊന്തിവന്ന് വിഹ്വലതയോടെ ഇക്കുറി അവന്‍ കണ്ണു തുറന്നില്ല, വൃദ്ധയുടെ ഹൃദയത്തില്‍ ഒരിടിമിന്നി അവരുടെ നരച്ച കണ്ണുകളില്‍ പെരുമഴ പെയ്തു. ശരീരം പൂര്‍വ്വാധികം വിറച്ച് കുഴഞ്ഞു. മുഖത്ത് ചുളിവുകള്‍ക്ക് മേല്‍ ചുളിവുകള്‍ വരച്ച് അവര്‍ വൃകൃതമായി കരഞ്ഞു. ഒരുപാടു ജീവിതങ്ങളും അവയുടെ ഉദയാസ്ഥമയങ്ങളും കണ്ട അവര്‍ അറിഞ്ഞു ഒരിക്കലും പൊങ്ങി വരാത്തവനായി അവന്‍ കടലില്‍ ആണ്ടുപോയിരിക്കുന്നു. കുഴഞ്ഞ ശരീരത്തോടെ അവര്‍ തലയില്‍ കൈതാങ്ങി നിലത്ത് കുത്തിയിരുന്നു.
നേരിയ വെയിലിന്റെ നേര്യതിനാല്‍ സൂര്യന്‍ പ്രകൃതിയെ തോര്‍ത്തിത്തുടച്ചു. പൊയ്പ്പോയ പുതുമഴയുടെ മധുരസ്മൃതി അയവിറക്കി ചെടികളും വൃക്ഷങ്ങളും തല കുമ്പിട്ട് നിന്നു.
വീഥിയില്‍ ഒരു ബൈക്ക് വന്നു നിന്നു.
അപ്പോള്‍, ബാറ്ററി ചാര്‍ജ് തീര്‍ന്ന ക്ലോക്കിന്റെ തളര്‍ന്നു തെന്നുന്ന സൂചി പോലെ വൃദ്ധ മെല്ലെ എഴുന്നേറ്റ് മുറ്റത്തിറങ്ങി. ബൈക്കില്‍ വന്ന ചെറുപ്പക്കാര്‍ വൃദ്ധയെ കണ്ട നനഞ്ഞ് തളര്‍ന്ന വെയില്‍ പടര്‍ന്ന മുറ്റത്തുനിന്നു.
“വല്യമ്മച്ചീ സൂസമ്മയുടെ വീട് ഇതുതന്നെയല്ലേ” അവര്‍ തിരക്കി.
ഒന്നും മിണ്ടാതെ വൃദ്ധ നനഞ്ഞ കണ്ണുകളോടെ വിറച്ചു നിന്നു.
“അതെ ഞാന്‍ ഗള്‍ഫില്‍ പോകും മുമ്പ് രണ്ടു തവണ ഇവിടെ വന്നിട്ടുള്ളതാണ്”. ഒരാള്‍ മറ്റെയാളോടു പറഞ്ഞു.
“അവരിവിടെ ഇല്ലേ” ചെറുപ്പക്കാരന്‍ വീണ്ടും വൃദ്ധയെ നോക്കി ചോദിച്ചു.
ഏത് സൂസമ്മ, വൃദ്ധ ചോദിച്ചില്ല പകരം ചോദ്യപുരസ്ക്കരം വിറകൊണ്ട മുഖം ഉയര്‍ത്തി അവരെ നോക്കി.
ചെറുപ്പക്കാര്‍ പരസ്പരം നോക്കി, പിന്നെ ഒന്നു പരുങ്ങി അനന്തരം ജാള്യതയോടെ പതുക്കെ പറഞ്ഞു.
“ആ ശരീരം കൊടുക്കുന്ന സൂസമ്മ”
വൃദ്ധയുടെ ക്ലാവുപിടിച്ചു തളര്‍ന്ന കണ്ണുകളില്‍ ആകാശത്തു നിശബ്ദമായി മിന്നിയ ഒരു കൊള്ളിയാന്‍ പ്രതിധ്വനിച്ചു.
“അകത്ത് മൂടിപ്പുതച്ച് കിടക്കുന്നു” അവര്‍ പറഞ്ഞു.
ചെറുപ്പക്കാര്‍ ആര്‍ത്തിയോടെ അകത്തേയ്ക്ക് നീങ്ങിയപ്പോള്‍ വൃദ്ധ മഴയേറ്റ് കുതിര്‍ന്ന് കണ്ണീര്‍തുള്ളികള്‍ ഉരുണ്ടു കൂമ്പിയ പുല്‍നാമ്പുകള്‍ ചവിട്ടി മുറ്റവും കടന്ന് ചരിഞ്ഞ് മെലിഞ്ഞ പാതയിലൂടെ കൂനിവിറച്ച് നടന്നു, അപ്പോഴും അവരുടെ ചുണ്ടുകളില്‍ വിറച്ചു പിറന്നവയിലെന്തോ അവശേഷിച്ചിരുന്നു, അതു പക്ഷേ സഭ്യമായതൊന്നുമായിരുന്നില്ല.