

എന്നും വെളുപ്പിനെ അഞ്ചുമണിക്ക് തന്നെ ഒരു കപ്പ് ആവി പറക്കുന്ന കാപ്പിയുമുമായി വന്ന് അമ്മ തട്ടി വിളിക്കും.
"വിച്ചുക്കുട്ടാ,എഴുന്നേറ്റെ... നേരം വെളുത്തു. കയ്യും മുഖവും കഴുകി പഠിക്കാൻ തുടങ്ങിക്കോ...പരീക്ഷ അടുത്തു.
ദാ...നിന്റെ ബെഡ് കോഫി."അമ്മയുടെ മൃദു സ്വരത്തോടൊപ്പം, വീട്ടിൽ അമ്മതന്നെ പൊടിച്ചുണ്ടാക്കുന്ന കാപ്പിപ്പൊടിയും, നെയ്യും. പഞ്ചസാരയും ചേർത്ത്...അമ്മയുണ്ടാക്കുന്ന കാപ്പിയുടെ സുഗന്ധം
മൂക്കിലേക്കടിച്ചെത്തും. ആ ചൂടു കാപ്പി ഇടയ്ക്കിടെ ഊതിക്കുടിച്ചുകൊണ്ട് പഠിക്കാൻ ഇരിക്കും.
അടിച്ചു തളിച്ച്... നിലവിളക്കും കൊളുത്തി, അമ്മ അൽപ്പസമയം പ്രാർത്ഥിക്കുമ്പോൾ വിച്ചൂവും കൂടെ കൂടും. പിന്നെ അടുക്കളയിലും, പാടത്തും, പറമ്പിലുമൊക്കെയായി അമ്മക്ക് പിടിപ്പത് പണിയുണ്ട്. ആ നേരത്തെല്ലാം വിച്ചു ആർത്തിയോടെ പഠിക്കും.
ഇന്ന് എല്ലാവരും മടങ്ങി.
"വിച്ചുക്കുട്ടന്റെ കല്ല്യാണം കഴിയും വരെയെങ്കിലും ഏടത്തിയെ ഇരുത്തിയില്ലല്ലോ ദൈവം." പോകുന്നതിനുമുൻപ് അമ്മായി വിഷ്ണുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മാവൻ തറവാട്ടിലേക്ക് വിളിച്ചുവെങ്കിലും വിഷ്ണു പോയില്ല. അമ്മയെ ഇവിടെ തനിച്ചാക്കി അമ്മയുടെ വിച്ചു എങ്ങനെ പോകാനാണ്?
ഓരോന്ന് ഓർത്തുകിടന്ന് വിഷ്ണു കരഞ്ഞു...! എപ്പോഴോ മയങ്ങി.
'തോന്നലായിരിക്കും...'എന്നു വിചാരിച്ചു കണ്ണുതുറന്ന വിഷ്ണു ഞെട്ടിപ്പോയി!
ടീപ്പോയിയിൽ ആവിപറക്കുന്ന ബെഡ് കോഫി!
വിഷ്ണു ചാടിയെഴുന്നേറ്റു. അവന്റെ ഉറക്കം പമ്പ കടന്നിരുന്നു. ചുറ്റും നോക്കി.ആരെയും കണ്ടില്ല. അടുക്കളയിൽ അടുപ്പു കത്തിച്ചിട്ടില്ല. ഗ്യാസും കത്തിച്ചിട്ടില്ല!
അടുക്കളയുടെ പുറത്തേയ്ക്കുള്ള വാതിൽ കുറ്റിയിട്ടിട്ടില്ല. എന്ന് വിഷ്ണു അപ്പോഴാണ് ശ്രദ്ധിച്ചത്.എന്തായാലും ചൂടു കാപ്പി ഊതിക്കുടിക്കുമ്പോൾ.. വിഷ്ണു ശ്രദ്ധിച്ചു... അമ്മ തരാറുള്ള ബെഡ് കോഫിയുടെ അതേ നറുമണം...അതേ രുചി.
മൂന്നാം ദിവസം കള്ളനെ പിടിക്കാൻ വിഷ്ണു കാത്തിരുന്നു.
കയ്യോടെ പിടികൂടുകയും ചെയ്തു.
പക്ഷെ അത് കള്ളനായിരുന്നില്ല...
കള്ളിയായിരുന്നു. അടുത്ത വീട്ടിലെ ഗോപിയേട്ടന്റെ മകൾ പൊന്നൂസ് എന്ന് വിളിപ്പേരുള്ള, പൊന്നുമണി.
"അമ്മയെപ്പോൾ പറഞ്ഞു?" അവൻ ചോദിച്ചു.
"ദേവൂഅമ്മ എപ്പോഴും എന്നോട് പറയാറുണ്ട്... ഞാൻ മരിച്ചാൽ... എന്റെ വിച്ചുക്കുട്ടന് ഒരു കാപ്പി കൊടുക്കാൻ പോലും ആരുമില്ലല്ലോ... എന്ന്!"
അവൾ കരഞ്ഞു.
"വിച്ചുവേട്ടാ...ആരോടും പറയല്ലേ. ആരും അറിഞ്ഞിട്ടില്ല!
സാധാരണ ഏഴുമണിക്ക് പോലും എഴുന്നേൽക്കാൻ മടിയുള്ള ഞാൻ... അഞ്ചുമണിക്കെഴുന്നേറ്റുവെന്നറിഞ്ഞാൽ എന്റെ ഏട്ടൻ എന്നെ കളിയാക്കി കൊല്ലും!"
അവൾ പറഞ്ഞു.
"ഇനി ഇതാവർത്തിക്കണ്ട പോന്നുസേ..." വിഷ്ണു അവൾക്ക് താക്കീതു നൽകി.
"നീ പ്രായമായപെണ്ണല്ലേ? ദേവുഅമ്മയുടെ പഴയ കുഞ്ഞി പൊന്നൂ സല്ല നീയിപ്പോൾ.
ആരെങ്കിലും കണ്ടാലും മോശമല്ലേ?"
"അപ്പോൾ വിച്ചൂവേട്ടന് ബെഡ് കോഫി?"
അവൾ ചോദിച്ചു.
"അതു ഞാൻ തനിയേ ഉണ്ടാക്കിക്കൊള്ളാം."
അവൻ മറുപടി പറഞ്ഞു. അവൾ ഓടിപ്പോകുന്നതു നോക്കി നിന്നപ്പോൾ അവന് അമ്മയെ ഓർമ്മ വന്നു.
"പാവം ഗോപി... മൂന്നു പെൺകുഞ്ഞുങ്ങളെ അവനു ദൈവം കൊടുത്തു. ഒരു ചെറിയ ചായക്കടകൊണ്ട് ഞെരുങ്ങിയുള്ള ഒരു ജീവിതമാ അതുങ്ങടെ..."
അമ്മ എപ്പോഴും പറയും.
അമ്മയ്ക്ക് പൊന്നുവിനെ വലിയ ഇഷ്ടമായിരുന്നു.
അമ്മയുണ്ടാക്കുന്ന, നെയ് ചേർത്ത കാപ്പിയുടെ സുഗന്ധം മൂക്കിലടിച്ചപ്പോൾ വിഷ്ണു കണ്ണുതുറന്നു.
കുളിച്ചു കുറിയിട്ട്...ഈറൻ മുടിയിൽ ഒരു തോർത്ത് ചുറ്റിക്കെട്ടി വെച്ച്...
കയ്യിൽ ബെഡ് കോഫിയുമായി,
ഒരു നറുപുഞ്ചിരിയോടെ...
അധികാരത്തോട് കൂടി അവൾ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.
"അമ്മയുടെ പൊന്നൂസ്."
ഇപ്പോൾ അമ്മയുടെ മാത്രം വിച്ചുവിന്റെയും.