(കരുമം എം. നീലകണ്ഠൻ)
സൂര്യനസ്തമിക്കാത്തതാം സാമ്രാജ്യത്തിൽ
സൂര്യശോഭയോടിന്നും നീ തിളങ്ങുന്നു
പാമരർക്കും പണ്ഡിതർക്കുമൊന്നുപോലെ
പാലമൃതെത്ര നീ പകർന്നേകിയില്ല!
കാവ്യാംഗനതൻ കാർകൂന്തലിൽ തിരുകാൻ
കാവ്യസൗരഭ്യമെഴും വർണ്ണപുഷ്പങ്ങൾ
പിറവികൊണ്ടു മലയാളപ്പൂന്തോപ്പിൽ
പിറാത്തൂവൽക്കൊത്ത തൂലികയിൽ നിന്നും!
നിസ്വവർഗ്ഗത്തിൻ ഹൃദയതാപമേറ്റു
നിരുദ്ധകണ്ഠനായ് നീ ആലപിച്ചതാം
അരുണഗീതികളീ ഭൂമിയിലാകെ
അലച്ചാർത്തുകൾതീർത്തുമുഴങ്ങുന്നല്ലോ!
ഭൂമിയെ അത്രമേൽ സ്നേഹിക്കയാലാവാം
ഭൂമിക്കായെഴുതി നീ ചരമഗീതം
നീയിന്നീ ധരിത്രിയിലില്ലയെങ്കിലും
നീറുമോർമ്മകൾ നിൽപ്പൂ മലയാളത്തിൽ!
പ്രണയത്തിൻ നിത്യസ്മാരകമെന്നപോൽ
പ്രണയകാവ്യം ഉജ്ജയിനി തീർത്തവൻ
മലയാളത്തിന്നേകി തങ്കത്തിളക്കം
ചലച്ചിത്രഗാനം ഭാവോജ്ജ്വലമാക്കി!
മാതൃഭാഷയ്ക്കു മധുരനെല്ലിക്കയും
ആത്മാവിൽ കുളിർകോരും കിണർവെള്ളവും
ആവോളം തന്നല്ലോ ,പുരുഷായുസ്സൊന്നിൽ
ആർക്കുമേയേകാനാകാത്തതാംതരത്തിൽ!
കാലയവനികയ്ക്കു മറയ്ക്കാനാമോ
കാലാതിവർത്തിയാം സർഗ്ഗമാനസത്തെ
വെറുതെയെങ്കിലും മോഹിക്കുന്നു ഞാൻ
ഒരുവട്ടംകൂടി ഭവാനെത്തിയെങ്കിൽ!
..........................................................
(ഒ.എൻ.വി.അനുസ്മരണം )