അഞ്ചു വഴികളുമൊന്നിച്ചു ചേരുന്ന
പാഞ്ചാല മുക്കിലാണെൻ കുടികിടപ്പ്.
ധർമ്മാർത്ഥ കാമമോക്ഷങ്ങൾ പരബ്രഹ്മ-
മൊക്കെയും വാർന്നൊഴുകി നിറയുന്ന
പുഴകളീ വഴികളെന്നറിയുന്നു, അവ -
യെന്നിൽ നിറയുന്നു; അവയിലീ ഞാനും.
വഴിയൊന്നു നീളുന്നു;
വിദ്യാലയത്തിലേക്കതു തന്നെ നീളുന്നു
വേശ്യാലയത്തിലും.
ചരിത്രം കുളമ്പടിച്ചെത്തുന്ന രഥ്യകളിൽ
വർത്തമാനത്തിന്റെ വൃത്താന്തങ്ങളും...
പുണ്യം പുരാണം നിറയുന്ന വീഥിയിൽ
പുലയാട്ടുമൊപ്പം ചരിക്കുന്നു നിത്യവും.
പ്രണയം തളിർക്കുന്ന പാതയോരങ്ങളിൽ
കൊഴുക്കുന്നു വാണിഭം; കനക്കുന്നു വിരഹവും.
ദൈന്യത മുടന്തി നടക്കുന്ന തെരുവിലൂ-
ടൊരു മുഴുഭ്രാന്തിന്റെ ചങ്ങലക്കിലുക്കവും.
ഭ്രാതൃ രക്തം വീണ പഥമിതു കഴുകുവാ-
നൊരു നവവധു തൂകും മിഴിനീരിനാവുമോ?
പാപപുണ്യങ്ങൾ തൻ ഭാണ്ഡങ്ങളും പേറി
അഭിശപ്തജന്മങ്ങൾ തന്നുടെ പലായാനം.
കണ്ണുനീരുപ്പിന്റെ ചാവുകടലലയിൽ
മുങ്ങാതൊരാലില തൻ നിത്യ ശാന്തിയിൽ
വിരൽ കുടിച്ചുറങ്ങുന്നു ഗാഢം, ഭവിഷത് കാലം.
കുടിയിറക്കപ്പെടുമൊരിക്കൽ ഞാ-
നന്നഴിയുമഞ്ചു വഴികളും. അതിലലിയും
ഞാ,നതോ അവയെന്നിലോ?