(Bindu Dinesh)
നില്‍ക്കുന്ന നില്‍പ്പും നോക്കുന്നനോക്കും
അതുപോലെത്തന്നെ
എന്നാലും
ഭൂമിയിലേക്ക്‌തറഞ്ഞു പോയിട്ടുണ്ടാകും
കാലടികള്‍
തലയോട്ടിയില്‍ ചെന്നിടിച്ച്
പുറത്തേക്ക് തെറിക്കും കൃഷ്ണമണികള്‍...
ഭാഗ്യം....., ആരുമറിയില്ല
വാക്കുകള്‍ കൊണ്ടുള്ള അടിയേറ്റാല്‍
അങ്ങനെയാണ്.........
നെഞ്ചുംകൂട് മുഴുവന്‍ തകര്‍ന്നുപോയിട്ടുണ്ടെങ്കിലും
ഒരു പാടുപോലും അവശേഷിക്കില്ല....
ഒരു ശസ്ത്രക്രിയകള്‍ക്കും ഭേദമാക്കാനാകില്ലെന്ന്
ഡോക്ടര്‍മാരെല്ലാം കൈയൊഴിയുകതന്നെചെയ്യും
മോര്‍ഫിന്‍ കുത്തിവെച്ച് മയങ്ങുക മാത്രമാകും
ഒരേയൊരു ചികിത്സ.....
എന്നാലും
എന്തൊക്കെയായാലും
വേദനിക്കുന്നൊരു ഭാഗം
എപ്പോഴും വേദനിച്ചുകൊണ്ടേയിരിക്കും.
ആരുമറിയാതെ ഒരു പഴുപ്പ്
ഉള്ളിലൂടെ പടരുകയും ചെയ്യും .....