പക്ഷിയുടെ ആകാശമല്ല
തന്റെ ആകാശമെന്ന്
ഒരു തുമ്പി
നിരന്തരം വിശദീകരിക്കുന്നത്
നിങ്ങൾ കണ്ടിട്ടുണ്ടോ?
സാധ്യമാകുന്നിടത്തോളം താഴ്ന്നുപറന്നും
പൂവുകളോടുരുമ്മി ചിറകുതാഴ്ത്തിയും
നമ്മെയത് മനസ്സിലാക്കിത്തരുന്നുണ്ട്
എന്നിട്ടും മനസ്സിലാകാത്തപോലെ
നമ്മളതിനെ
മുകളിലേയ്ക്കു മുകളിലേയ്ക്ക്
പറത്തി വിടും
കല്ലുകൾ ചുമപ്പിക്കും.
പറക്കുന്നതുപോലെ
മുഖം താഴ്ത്തിത്തന്നെ
അവ അതെടുത്തുയർത്തുന്നു.
ജീവിതം എടുത്തുയർത്തി
ആയാസപ്പെടുന്ന മനുഷ്യരെപോലെ
കിതച്ചുകൊണ്ടത്
പൂക്കളിലേക്ക് തന്റെ നെടുവീർപ്പയയ്ക്കുന്നു.
മറ്റൊരു പുഷ്പംകൂടി കായായി മാറുന്നു.....
അത്ഭുതപ്പെടേണ്ടതില്ല.
ചില ദുരിതങ്ങൾപോലും
പൂക്കുകയുംകായ്ക്കുകയും ചെയ്യുമെന്ന്
മനുഷ്യരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ...!!