കാത്തിരിപ്പിന്നുത്തരം ഇസഹാക്കശ്രുനേത്ര-
കാലത്തിൻ പ്രത്യുത്തരം, വാഗ്ദാനസാഫല്യവും
ആതിഥ്യനായീശ്വരൻ എത്തി, മരത്തണലിൽ
ആതപത്തിന്നബ്രാഹം ആവരണം മെനഞ്ഞു.
പാദക്ഷാളനം ചെയ്തു; ഭുജിപ്പാനപ്പം, മാംസം
പാദാന്തികത്തിൽ വച്ചു; ഭജിച്ചു. കൃതാർത്ഥരായ്.
"വസന്താവതാരമായ്, തണലും ത്രാണവുമായ്
ഇസഹാക്കുത്ഭവിക്കും വന്ധ്യാമാതാവിൽ നിന്നും"-
പ്രവചിച്ചവരൊന്നായ, തുകേട്ടുള്ളിൽ സാറാ
ചിരിച്ചു, ഹേതു: താനും പ്രവയസ്സബ്രാഹമും.
ചിരിച്ചോളുള്ളിൽ ഹവ്യ ചിരിപ്പവൻ മുളച്ചു
കരച്ചിൽ നാദത്തോടെ വസന്തം തിരിച്ചെത്തി.
ആകാശതാരങ്ങളും കടൽത്തീരത്തെ മണ്ണും
ആകാശമണ്ണു കാൺകേ അബ്രാഹം ഓർത്തിട്ടുണ്ടാം.
ഒരു വിത്തിലെത്രയോ വിത്തുകൾ ഉറങ്ങും പോൽ
ഇസഹാക്കലെത്രയോ പ്രഭുക്കൾ തുടിക്കുന്നു.
വന്ധ്യയ്ക്കു മാതൃത്വവും വൃദ്ധനു യുവത്വവും
നിന്ദിച്ചോർക്കുൾക്കമ്പവും നല്കിയീ വന്ധ്യാപുത്രൻ.
ചെന്നിനായകം പൂശി സ്തനാപനയം ചെയ്തി-
ട്ടന്നാളിലവർ ഘോഷം പടച്ചു അതിഥേയം.
വിരുന്നിൻ മണം മാറി, കാലത്തിൻ ഗന്ധം മാറി,
വിനയം കൊഴിഞ്ഞു പോയ്, കരളും ഇരുണ്ടുപോയ്
വിടരാൻ കൊതിച്ചൊരാ കുരുന്നിൻ കരൾനാദം
പിടച്ചു കുറ്റിക്കാട്ടിൽ; തേങ്ങി പരഹൃദയം-
"കാത്തിരിപ്പാനാർത്തീശൻ കരയും കുരുന്നൂർവ്വ
കാടിന്റെ രാജാവാകും സർവ്വജ്ഞൻ കൂടുണ്ടാകും"
ഇതുകേട്ടുടൻ ഹാഗാർ കണ്ണീർക്കതിരണിഞ്ഞു
അറിഞ്ഞു കാത്തിരിപ്പിൻ മധുരം മുമ്പേക്കൂട്ടി.
കാത്തിരുന്നുകിട്ടിയോ,രിസഹാക്കിനെ ദൈവം
കാഴ്ചയായേകാനോതി മോറിയാക്കുന്നിൻ മേലേ
വെന്തുടയും ഹിമം പോൽ നൊന്തുപിടഞ്ഞബ്രാഹം
വന്ദിച്ചുകൊണ്ടേ നിന്നു, മന്തുപിടിച്ചു മനം.
വാനമിരുണ്ടു താരം കണ്ണടച്ചെങ്ങോ പോയി
വാരിധിതീരത്തീന്നാ മണലും ഒലിച്ചുപോയ്.
ഉദിച്ചാലസ്തമിക്കും അസ്തമിച്ചാലുദിക്കും
തളിർത്താൽ കൊഴിഞ്ഞിടും കൊഴിഞ്ഞാൽ തളിർ വരും
വസുധാതാളത്തെയാർ തിരുത്താൻ ധൈര്യപ്പെടും?
വിചാരാശങ്ക മാറ്റി ദൈവേച്ഛ പുണർന്നബ്രാം.
മോറിയാ ദേശത്തെയാ കുന്നിൻ മുകൾപരപ്പിൽ
മോചനത്തിനായേങ്ങും പൈതലിൻ ആർത്തനാദം,
പിടയ്ക്കും കൈകാലുകൾ ബലിപീഠത്തിൽ മുട്ടി
ഉടയും ഞരക്കങ്ങൾ, ഭയം പുതച്ച ഹൃത്തിൻ
തുടിപ്പുകൾ, ഇടറും ഗളത്തിലൂടിഴയും
ഭയം ചേർന്നോരുമിഴിൻ ദൈന്യസ്വരം കേട്ടബ്രാം.
ഹവിസ്സായ് നല്കാനയ്യോ! ഏറ്റുപോയെൻ മകനേ
അവിജ്ഞാതാവിൻ ഹിതം എതിർക്കാനായീടുമോ?
സങ്കടപെരുംപാച്ചൽ കല്ലോലമായ് കൺകളിൽ
സംഘട്ടനം ചെയ്തിട്ടും ശങ്കിയ്ക്കാതറയ്ക്കാതെ
ചങ്കിലേയ്ക്കാഞ്ഞു വീശി കൊടുകൃപാണം അബ്രാം.
അങ്കതി പോൽ ദൂതന്റെ ശബ്ദമെങ്ങും പൊതിഞ്ഞു:
"പൈതൽ മേൽ കൈവയ്ക്കേണ്ട, ബലിച്ചോര വീഴ്ത്തണ്ട,
ഹോമാഗ്നി വിമോചിക്കും പുകചുറ്റ് കാൺക വേണ്ട,
വിശ്വാസതീർത്ഥത്തിൽ നീ വാടാത്തപ്പൂവാണുണ്മ,
യജ്ഞത്താലുയിർകൊണ്ട ഈശ്വരസാദൃശ്യത്തെ
യാജമായ് മടിക്കാതെ നല്കിയ നീ! അത്ഭുതം!
ഈശ്വരഭക്തിയൂറും ചെയ്തികൾക്കു വന്ദനം!"
നിസ്സംജ്ഞനായ് നിന്നബ്രാം, അടർന്നുവീണു കൈയിൽ-
നിന്നസിപഥം തെറ്റിയാ കത്തി നിലത്തെങ്ങോ,
ശരവേഗത്തശ്രു കൺ തുരന്നിറങ്ങി മണ്ണിൽ
ശരണം തേടാനിഷ്ടം പുല്കിയസ്വസ്ഥമായി.
"ഹോമിക്കാൻ കുഞ്ഞാടെന്തേ?" പൈതലിൻ യുക്തപ്രശ്നം
ഉള്ളിലെങ്ങോക്കുരുങ്ങി കിടക്കുന്നതോർത്തബ്രാം
"സർവ്വവേദസ്സു നല്കും" എന്നയാത്മനൊമ്പരം
പാഴ്വാക്കല്ലീമുൾപ്പടൽ മേൽ മേഷം കാണുന്നല്ലോ!
ഉള്ളിലെട്ടുദിക്കിലും ആയിരം വെൺകാന്താരി
പൂത്തിറങ്ങി, 'വെളിച്ചം' മധുരം നുകർന്നു ഞാൻ:
'കാത്തിരിപ്പാധി കൂട്ടും എങ്കിലുമന്ത്യം ശുഭം
വേകുവോളം എന്നല്ല ആറുവോളവും കാക്കാം'