(T N Vijayan)
പകൽ വെളിച്ചത്തിൽ
ആന്ധ്യമെനിക്കെന്ന്
പഴിക്കുന്നത്,
അസാധാരണമായി,
പകലിലെല്ലാം
നിങ്ങൾക്കു തെളിയുന്നതു കൊണ്ടാണ്.
സത്യവും അസത്യവു
മുഖത്തു വന്നിടിച്ചാൽ പോലും,
അവ വേർതിരിച്ചറിയാൻ
കഴിയാത്തതിന്റെ സുഖം
അറിഞ്ഞു തന്നെ അറിയണം.
ഇരുട്ടിലെല്ലാം പൗരാണികമാണ്.
എല്ലാം വിശുദ്ധവുമാണ്.
ഇരുട്ടോളം സനാതനമായി
മറ്റെന്തുണ്ടു പാരിൽ?
മുകളിൽ ഭൂമിയും
കീഴെ ആകാശവുമായി
വാഴുന്നവർക്ക്
തല കീഴായി കിടക്കുന്നവനെന്ന്
എന്നെ പഴിക്കാൻ എന്തവകാശം?
ഞാൻ ചിറകുവിരിച്ചു പറക്കുമ്പോൾ
ലോകം തലകീഴായ് മറിയുന്നത്
ഞാനറിയാത്തതല്ല!
ഒരാശ്വാസമുണ്ട്.
പക്ഷിയും മനുഷ്യനും മൃഗവും
അല്ലാത്തവർ ചിലർ,
ഇരുകാലികൾ നിങ്ങൾക്കിടയിലുമുണ്ട്.
മൂഢവിശ്വാസങ്ങളുടെ കൊമ്പിൽ
തല കീഴായി കിടക്കുന്നവർ!
ചരിത്രത്തിന്റെ നാൾവഴികളെ
ശീർഷാസനത്തിൽ നിർത്തുന്നവർ!
സത്യാസത്യങ്ങൾക്ക്
അജ്ഞാതയുടെ ഇരുട്ടിൽ
കോവിലുകെട്ടുന്നവർ!
കാലത്തിന്റെ മൃതദേഹങ്ങളിൽ
ശയനമൊരുക്കുന്നവർ!
ഇരയുടെ പിൻകഴുത്തിലെ
ഞരമ്പു മുറിച്ച്
ചോര കുടിക്കുന്നവർ!
നിത്യമായ അടിമത്തത്തിൽ
അവരെ തളച്ചിടാൻ കെല്പുള്ളവർ!
അവരുടെ ധ്വജ സ്തംഭത്തിൽ
എനിക്കുമൊരു സ്ഥാനമുണ്ട്.
കാരണം
എനിക്കുമവർക്കും
ഇരുട്ടാണ് പഥ്യമെന്നതു തന്നെ.
"വെളിച്ചം ദുഃഖമാണുണ്ണീ,
തമസ്സല്ലോ സുഖപ്രദം."