ഒറ്റയ്ക്കിരിക്കുന്നവളുടെ ചുറ്റിലും കാണാം
ഒരുപാടൊരുപാട് പേർ....!!!
ഒരിക്കലുപേക്ഷിച്ചു പോയൊരാൾ
ആ നേരമാണരികിലെത്തുന്നത്
ചുറ്റും ഓർമ്മകളുടെ വലനെയ്ത്
നടുവിലവൻ നിശ്ചലനായിരിക്കും..
അകത്തെ സന്തോഷങ്ങളോരോന്നോരോന്നായി
കെണിവച്ചുപിടിക്കും.!!
ദിവസങ്ങളോളം മിണ്ടാതിരിക്കുന്ന വീട്ടുകാരൻ
അപ്പോൾ വന്ന് മിണ്ടിത്തുടങ്ങും.
എന്നോ കൂട്ടിവെച്ചവയൊക്കെയും
വിട്ടുപോകാതെ എണ്ണിയെണ്ണിപ്പറയും
ചെവി പൊട്ടിപ്പോകുമോ
എന്നിടയിൽ തോന്നിപ്പോകും....!!
കൊഴിഞ്ഞ വാകപ്പൂക്കൾക്കിടയിലൂടെ
പഴയ കൂട്ടുകാരി നടന്നു വരും
'നീയെന്നെ മറന്നുവോ' എന്ന്
തൊണ്ടയിടറി ചോദിക്കും
കൗമാരത്തിലെ എരിവും മധുരവും
പൊടുന്നനെ കണ്ണിൽ വന്നു നിറയും ...
'രണ്ടടവ് കുടിശ്ശികയുണ്ടെ 'ന്ന് പറഞ്ഞ്
ചിട്ടിക്കാരി റോസിചേച്ചി വരും
'ലോണിന്റെ കാര്യം മറന്നുപോയോ'ന്ന്
കുടുംബശ്രീയിലെ സിനി കണ്ണുരുട്ടും
പുതിയ ഉടുപ്പിനായുള്ള
മകളുടെ കൊഞ്ചൽ
ചെവിയിൽനിന്നൊഴിഞ്ഞു പോകുകയേയില്ല
തലകുമ്പിട്ട്
സാരിത്തുമ്പും പിടിച്ചവളവിടെത്തന്നെനിൽക്കും
മറ്റെല്ലാം മറന്ന്
കിട്ടാനുള്ള പൊട്ടുംപൊടിയും
ഞാൻ കണക്കുകൂട്ടാൻ തുടങ്ങും..
ഉറക്കിക്കിടത്തിയ ഇളയവന്റെ കരച്ചിൽ
തൊട്ടടുത്തു നിന്ന്
കേട്ടതായിത്തോന്നും
'മോനുണർന്നോ ' എന്നൊരാന്തൽ
കാലുകളെ കുതിച്ചോടിക്കും...
...........................................................
..............................................................
ഹോ.....
ഒറ്റയ്ക്കിരിക്കുന്ന ഒരുവൾ
എവിടെ, എങ്ങിനെ ഒറ്റയ്ക്കാവാനാണ്... ??