ഞാൻ വലിച്ചിവനെയെറിയും
ദൂരത്തൊഴുകുന്ന തോട്ടിലെ-
ച്ചേറിന്റെ ഗർഭത്തിൽ
വീണൊരു, മുത്തായി മാറുവാൻ!
എന്റെയുറക്കം കെടുത്തുന്ന,
എന്നെ വലയിൽക്കുടുക്കുന്ന,
എന്റെ ഹർഷരോഷങ്ങളെ
എണ്ണിക്കൊടുത്തവൻ!
എന്റെ തെറ്റിന്റെയാഴത്തിൽ
ചികയാനിടം നല്കി,
എന്റെ വൈരൂപ്യത്തെ
കാട്ടിക്കൊടുത്തവൻ!
ചാറ്റായി, ലൈക്കായി,
പ്രോത്സാഹനത്തിന്റെ
നൂൽത്തുമ്പിൽ
പട്ടമായെന്നെപ്പറത്തിയോൻ!
എങ്കിലും
നീയെന്റെ, നിദ്രയെ,
ചിന്തയെ,
പോക്കുവരവിനെ,
രക്തബന്ധങ്ങളെ,
മിത്രബന്ധങ്ങളെ,
കൂട്ടിക്കുഴച്ചിട്ടു
സങ്കീർണമാക്കിയോൻ!
നേരുകൾ, തെറ്റുകൾ,
സത്യങ്ങൾ, മിഥ്യകൾ,
ഹർഷങ്ങൾ, ദു:ഖങ്ങൾ,
ധർമമധർമങ്ങൾ
കീറിമുറിച്ചിട്ടു
പതിരെന്നറിഞ്ഞവൻ!
ഇവനെന്റെ തോഴൻ
ഇവനെന്റെ ശത്രു!
ഇവനെന്റെ നിമിഷങ്ങ-
ളീമ്പിക്കുടിക്കുന്ന
കുളയട്ടയായ്,
നൊമ്പരപ്പിക്കാതെ
രക്തമൂറ്റുന്നവൻ!
ആരാണീ കശ്മലൻ?
നമ്മുടെ ജീവിതം
കൂട്ടിക്കുരുക്കിയ
സ്മാർട്ടായ ഫോണിവൻ!