കണ്ണാൽ, കിനാവിൻ -
കാഴ്‌ച കാണില്ല
ഉള്ളാൽ രുചിക്കുവാൻ
തേൻ മതിയാകില്ല
അകക്കണ്ണുകൊണ്ടേ-
തുറക്കുന്നു കാലം
ആത്മാക്ക,ളവിടെ-
പുറംകാഴ്ച മാത്രം!
അകംകാഴ്ച,യുള്ളു-
തുറക്കുന്ന കാഴ്ച
പുറംകാഴ്ചയെല്ലാം
മൃതസ്മൃതികൾ മാത്രം!!
പൂക്കാലമെത്ര,
പുഴയൊഴുകുവോ-
തെത്ര,യറിയുമോ-
നിങ്ങൾക്ക് കാലപ്രവാഹം !
ഒഴുകിയകലേയ്ക്ക,ങ്ങു-
തീരാത്ത പുഴപോലെ
വഴുതിവീഴാതെ-
വേരിൻ്റെ ചോര-
യാൽ, തുടിതുടിപ്പായു-
യരും മരംപോലെ
ജീവൽത്തുടിപ്പുകൾ തുന്നി-
യെടുക്കുന്നു, കാലപ്രവാഹ-
മതിൻ്റെ കുതിപ്പിനാൽ
മാംസത്തിൻ വേരുകൾ
മാലിന്യമെല്ലാ,മകറ്റി-
ജീവനു കാവലായ് നില്പൂ
രക്തമതിൻ ശുദ്ധിയാ-
ലദ്ദേഹിയെ,നക്കിത്തു-
sച്ചു,തുടിപ്പേകിടുന്നു
ജീവൽ സ്മൃതികളെ
തൊട്ടറിഞ്ഞിടുവാൻ
മൃതജല്പനങ്ങൾക്കു-
ത്രാണിയുണ്ടാവില്ല!
ജീവനറ്റ ജലത്തിനും
കാറ്റിനും, ചേതന-
ശൂന്യതമാത്ര,മറിയുക!
രക്തമതിൻ നിശ്ചല-
വേളയി,ലസ്തമനത്തി-
നുന്മാദ,യരുണിമയി-
ലഭിരമി,ച്ചാന്മ,വിലാപത്താ-
ലൊടുങ്ങ,ലൊരുക്കുന്നു
കരഞ്ഞേ കടന്നു നീ-
യുള്ളിൽ,കരഞ്ഞേമടങ്ങുന്നു
അറ്റമില്ലാതൊഴുകും പുഴപോലെ,
രക്തചംക്രമണ,സിരാ-
പടലങ്ങളതിൽ,കെട്ട-
sങ്ങുന്നു,ത്രസിക്കും ജീവനം!!
രക്തരൂപാന്തരം
മരണം.