(Saraswathi T)
ഇരുളിൻയവനിക യൊന്നൊതുക്കി -
യരുണന്റെ തേരിലായ് വന്നെത്തിടും
സപ്തവർണാഞ്ചിത രശ്മിചിന്നി-
അർക്കനാപൂർവാംബരത്തിലിന്നും
കിളികുലം സ്തുതിഗാനമാലപിക്കെ,
കതിരോന്റെ സുസ്മിതമേറ്റുവാങ്ങി
വിരിയുന്നപൂവിതൾത്തുമ്പിലായി
തങ്ങും തുഷാരാർദ്രബിന്ദുവിലും
ഒരുകുഞ്ഞുസൂര്യനെയാരചിച്ച
മഹിതപ്രഭാവത്തെവർണിച്ചിടാൻ
കേവലഭാവനക്കായിടുമോ
ആനമ്രചാരുതയാരചിക്കാൻ
അത്രമേലത്യന്തമുൽക്കൃഷ്ടമായ്
എത്രയോസത്വവിശുദ്ധിയോടെ
ഇപ്പാരിലെല്ലാംനിറഞ്ഞു നിൽക്കും
മുഗ്ദ്ധമാസങ്കല്പമൊന്നുപോലും
എത്തിപ്പിടിക്കാൻ തുനിഞ്ഞിടാതെ
ഭക്ത്യാനമിക്കുമെൻചിത്തമിന്നും!