(രാജേന്ദ്രൻ ത്രിവേണി)
ഇന്നീപ്പരീക്ഷയിൽ വൃത്തം വരയ്ക്കണം
ഇളകുന്ന മുനയുള്ള കോമ്പസ്സു-
കുത്തി വരയ്ക്കണം!
നൂറിലെ മാർക്കുകൾ നൂറും ലഭിക്കണം!
ആടുന്ന കോമ്പസ്സു തിരിയുന്ന വേഗം
എന്റെ മനസ്സിന്റെ ചൊൽപ്പടിക്കപ്പുറം!
ആരെയോ പേടിച്ചു പാവമാ പെൻസിലും
ഓടുന്നു, പണിതീർത്തു മറയുവാൻ!
കടലാസ്സു മധ്യത്തിൽ, വൃത്തത്തിലല്ലാതെ
വക്കുകൾ വക്രിച്ച രൂപം കിടക്കുന്നു!
ചിതറിക്കിടക്കുന്ന ആരങ്ങൾതമ്മിൽ
സമത്വത്തിനായിപ്പടയ്ക്കൊരുങ്ങുന്നു!
ഇളകുന്നു പരിധികൾ,
നീളുന്ന, കുറുകുന്ന ആരങ്ങൾ!
പരിധികളില്ലാത്ത ലോകത്തി
ലെത്തുവാൻ, മോഹിച്ചു
തളരുന്ന ബുദ്ധിയും ചിന്തയും!
വൃത്തം വരച്ചുഞാൻ തോൽക്കുന്നു
കഴിയില്ല, പ്രതലത്തെ
ബന്ധിച്ചു നിർത്തുവാൻ!
വിശ്വവിശാലത പൂജ്യത്തിലാക്കുവാൻ
ഇഷ്ടപ്പെടുന്നില്ല ചേതന!
അതിരുകളില്ലാത്തയാകാശം
തീരങ്ങൾ കാണാത്ത വൻകടൽ!
സിദ്ധാന്തപ്പൂട്ടുപൊട്ടിക്കുന്ന
വിജ്ഞാനശലാകകൾ;
സമവാക്യമിടയുന്ന ചിന്തകൾ
വെട്ടിത്തിളയ്ക്കുന്നുണർവുകൾ;
ദീപ്തി പ്രവേഗപ്പൂട്ടിട്ടു പൂട്ടിയ,
അറിവിന്റെ ഭണ്ഡാരശാലകൾ
പൊട്ടിച്ചു പായുന്ന ജ്ഞാനപ്രഭ
പൂർണമാവും പ്രഭാതങ്ങൾ;
നിർവചനങ്ങളെ മാറ്റിപ്പുതുക്കുവാൻ
*ഐൻസ്റ്റീന്റെ ഊർജസമവാക്യത്തിൽ
'സീ സ്ക്വയർ' വെട്ടീട്ടു
ക്യൂബാക്കി മാറ്റണം!
വ്യാപ്തിയും കാലവും
പരിധികൾ ഭേദിച്ചു
ധാരണയൊക്കയും
മായിച്ചെഴുതണം!
കാലുഷ്യമില്ലാത്ത ശുദ്ധ മനസ്സുകൾ,
ആകാശഗംഗതൻ തീരത്തു
നക്ഷത്രപ്പന്തുകൾ തട്ടണം!
ഇരുളും വെളിച്ചവും
അതിർവരമ്പില്ലാതെ,
സ്വർഗനരകങ്ങളെ
ചാലിച്ചു നിർമിച്ച
സ്വപ്നമയൂഖങ്ങൾ
നിറമാല ചാർത്തണം!
* E=mc^2