(Rajendran Thriveni)
വെറുതേ നടക്കാനിറങ്ങിയതാണു ഞാൻ,
പണ്ടെന്റയൽപക്ക വാസിയാം കുഞ്ഞേപ്പു
ചേട്ടന്റെ വീടിന്റെ, മുന്നിലെ വീഥിയിൽ;
കാഴ്ചകൾ കണ്ടു വെറുതെ വന്നെത്തുവാൻ!
മതിലിന്റരികത്തെ കുറ്റിമരച്ചോട്ടിൽ
കൂനിയിരിപ്പുണ്ടെൻ, കേമനാം മിത്രവും!
"എന്തേ, വിശേഷ"മെന്നു ഞാൻ ചേദിക്കെ;
"ആരാ, തിരിഞ്ഞില്ലരികത്തു വന്നിടൂ."
എന്നതു കേട്ടു ഞാൻ, അരികത്തിലേക്കെത്തി,
കുശലങ്ങളോരോന്നു ചോദിച്ചിരിക്കുമ്പോൾ;
ഓർമയിൽ വന്നില്ല, വർഷങ്ങളൊട്ടേറെ
തൊട്ടയൽപക്കമായ് ജീവിച്ചയാളിനെ!
ഏറെ ശ്രമിച്ചയാൾ മങ്ങിയയോർമയിൽ
എന്നെത്തിരഞ്ഞൊന്നു കണ്ടുപിടിക്കുവാൻ!
"അയ്യോ, മഹാകഷ്ടം! ഓർക്കാൻ കഴിഞ്ഞില്ല,
പ്രായമെന്നോർമയെ- യെങ്ങോയൊളിപ്പിച്ചു!"
കുഞ്ഞേപ്പു ചേട്ടന്റെ മക്കളും മക്കടെ-
മക്കളും അക്കരെപ്പോയിപ്പണിചെയ്തു
നേടിയ കാശിനാൽ, നിർമിച്ച വീടിന്റെ
കോണിലെ പാഴ്വസ്തുവിയിപ്പരുങ്ങുന്നു
കാലം തളർത്തിക്കളഞ്ഞോരുശിരിന്റെ-
യസ്ഥികൂടംപോലെ, എന്നാത്മമിത്രവും
ഏകാന്തമാണൊട്ടുനേരവും ഫ്രിഡ്ജിലെ
ചോറും കറിയുമായ് ചേരാതെ ചേരുന്നു!
"സാറേ, ഞാൻ കണ്ണൊന്നു കൂട്ടിയടച്ചിട്ടു
വർഷങ്ങളായി! മടുത്തുവീ ജീവിതം!
പ്രാർഥിച്ചിരിപ്പു ഞാനോരോനിമിഷവും
അരികത്തിലേക്കെന്നെ വേഗം വിളിക്കുവാൻ!
ചൂടാണു കൺകളിൽ, നിദ്ര കത്തുന്നൊരു
തീയാണു രക്തത്തിൽ, കൂടുവിട്ടുയരുന്ന
ചിതലുകൾ പോലെന്റെ ശക്തി പറക്കുന്നു
മരണത്തീലേക്കുള്ള പാത തിരഞ്ഞിതാ!
ഇനി നമ്മൾ കാണില്ല, ഈവീടു വിട്ടിനി
കുഞ്ഞേപ്പിറങ്ങി നടക്കില്ല വീഥിയിൽ!
എന്നേപ്പൊതിയുന്ന വന്ധ്യനിമിഷങ്ങളേ
നിങ്ങളഴിക്കുകീ ജീവന്റെ ബന്ധനം"
വിശ്രമം കൂടാതെ, തണലൊന്നു തേടാതെ
മക്കളേപ്പോറ്റുവാൻ യത്നിച്ച ദേഹമേ,
മക്കൾ തിരക്കിലാണച്ഛനെക്കാണുവാൻ
നേരം ലഭിക്കാത്ത, ഓട്ടത്തിലാണവർ!
നാളെവന്നെത്തിടും ഓടിത്തളർന്നിട്ടീ-
മരച്ചോട്ടിലെ കാലിക്കസേരയിൽ!