ജനിമൃതികൾ സുഖദു:ഖസ്മൃതികളേൽപ്പിക്കുന്ന
വെറുമൊരു ചെറു ജീവിതൻകരത്തിൽ
നിയതിയെ വെല്ലുന്നൊരാത്മവിശ്വാസവും
മുറുകെപ്പിടിച്ചു നാം യാത്ര ചെയ്കെ,
ഒരുകൊടുംവേനലിൻവറുതിയിൽപ്പോലുമാ
കർക്കിടകക്കൊടും പേമാരിയെ
കനവിൽ രചിക്കുന്ന കമിതാക്കളായി നാം
കാലിടറാതെ നടന്നതല്ലേ?
വിധിയെന്ന വാക്കിന്റെ നിഴലിൽ നിന്നാശ്വാസ -
മെവിടെയും തേടുവോർ നമ്മളെല്ലാം!
ഓർമതൻ വാതായനങ്ങൾ തുറന്നിട്ട
ഭാവനാസാന്ദ്രമാം ദൃശ്യങ്ങളും
സൗമ്യ സുഗന്ധമിന്നേതോ വിദൂരമാം
സങ്കല്പചിത്രം വരച്ചിടുമ്പോൾ
വാക്കിൽ കരുതലിൻതൂമധുവും പിന്നെ
നോക്കിൽ കരുണതൻ ശേഷിപ്പുമായ്
മാത്രാവബോധത്തിനപ്പുറം നാമിന്നു -
മോർത്തിരിക്കുന്നൂ പഴയ കാലം..!
എങ്കിലും സ്വപ്നങ്ങൾ കാണുവാൻ നമ്മുടെ
ചിന്തകൾതെല്ലും മടിച്ചിടാതെ
ഇനിയും നിനവിലായ് നിറമുള്ള പൂക്കളെ
ഏഴഴകോടെ വിരിയിയ്ക്കവെ,
അതിലോലമാമലർവാടിയിലന്നു നാം
അഴകാർന്ന ശലഭങ്ങൾ പോലെയെങ്ങും
എല്ലാം മറന്നു നാം നീലവിഹായസ്സി
ലൊന്നായലിഞ്ഞു ചേർന്നെങ്കിലീ നാം!