(T V Sreedevi )
എന്നും സവാരി നടത്തുകയാണല്ലോ
സർവ്വ ചരാചാരങ്ങളും പ്രപഞ്ചത്തിലെ.
സ്വർണ്ണരഥത്തിൽ സവാരി നടത്തുവാൻ
എന്നും മുടങ്ങാതെയെത്തും ദിനകരൻ.
അശ്വരഥത്തിലെത്തുന്നൂ പ്രഭാകരൻ
വിശ്വം മുഴുവൻ പ്രകാശം പരത്തുവാൻ.
അരുണനോടൊത്തു സവാരി നടത്തുന്നു
പൂത്തുല്ലസിക്കുന്ന പൂക്കളും നിത്യവും.
അന്തിക്കു ദേവൻ വിടപറയുന്നേരം
മോഹിച്ചു വീഴുന്നു, ആർത്തരായ് ഭൂമിയിൽ.
പൂക്കളിൽ നിന്നും സുഗന്ധമാവാഹിച്ചു
യാത്ര തുടരുന്നു മന്ദപവനനും.
എന്നുമെല്ലായ്പ്പോഴും യാത്രചെയ്തെത്തുന്നു,
പുഷ്പസുഗന്ധം നിറയ്ക്കുന്നു മാരുതൻ.
അർക്കനു ചുറ്റുമായ് യാത്ര തുടരുന്നു
എല്ലാർക്കുമമ്മയാമീ ഭൂമിദേവിയും.
വാനിൽ ചിരിതൂകി നിൽക്കുന്ന തിങ്കളും,
രാത്രിയെ പുൽകുന്ന താരാഗണങ്ങളും,:
രാവിലിരുട്ടത്തു വെട്ടം പകരുവാൻ
യാത്ര ചെയ്യുന്നു പുലരിവരും വരെ.
ഒന്നോർക്കിൽ നമ്മളും ഭൂമിയിൽ സർവ്വവും
ജീവിതയാത്ര തുടരുന്നുവെപ്പോഴും
യാത്രയിലെന്നും നിറങ്ങൾ ചേർത്തീടുവാ-
നാവോളവും നമ്മളെന്നും ശ്രമിക്കണം.
നന്മകൾ ചെയ്യണം, നല്ല വാക്കോതണം
കരുണയും സ്നേഹവുമുള്ളിൽ നിറയ്ക്കണം.
ഖിന്നതകൈവിട്ടു ചിരിതൂകി നിൽക്കണം.
സൃഷ്ടികർത്താവിനെ കൈകൂപ്പി വാഴ്ത്തണം.
സ്വർഗ്ഗത്തിലേയ്ക്കുള്ള യാത്ര നടത്തുവാ-
നെത്തുന്ന നാൾ വരെ സ്നേഹം വിതറണം.