അടുക്കളക്കോലായിലൊത്തുകൂടി
ഉത്രാട സന്ധ്യയിലംബികമാർ;
പലവക കൂട്ടു നിരത്തിവച്ചു
സദ്യച്ചമയത്തിന്നാരംഭമായ്.
ഓണ വിഭവങ്ങളെണ്ണിയവർ
സാമ്പാറു, പച്ചടി, കാളനോലൻ
നാരങ്ങാക്കറിയും പുളിയിഞ്ചിയും
അവിയലും പുളിശ്ശേരി, തോരനൊപ്പം
പപ്പടം,കിച്ചടി,കടുമാങ്ങയും.
ഉരുളിയിൽ കാച്ചിയ ശർക്കരയിൽ
കായ വറുത്തതു കോരിയിട്ടു;
അരിപ്പൊടിയിമ്മിണി ചേറിയമ്മ,
രുചിക്കൂട്ടിൻ ചേരുവ ചേർത്തിളക്കി.
കിലുകിലാ കിലുക്കത്തിലുപ്പേരിയു
കനക വർണത്തിൽ വറുത്തു കോരി.
അരിയട പ്രഥമനും പാലടയും
സദ്യയ്ക്കു കേമമായ് തീർന്നിടേണം.
ആഗതമായോണപ്പുലരിയിങ്കൽ
ഒരു ചെറു മാമാങ്കം തന്നെ പാരം!
പുത്തരിച്ചെമ്പാവരി തിളയ്ക്കെ
വേവിട്ടു കൊട്ടയിലൂറ്റി വച്ചു.
താളത്തിൽ കൈകൾ ചലിച്ചിടുന്നു
പാചകപ്പുരയിൽ പൊടിപൂരമായ്!
കൊതിയൂറും ഗന്ധം പരന്നു ചുറ്റും
നാക്കില വെട്ടി വന്നിളയച്ഛനും.
കുളികഴിഞ്ഞോണപ്പുടവയിലായ്
ചന്ദനത്തൊടുകുറി ചാർത്തിയെത്തി;
പായിട്ടു ചമ്രം പടിഞ്ഞു കൂട്ടർ
ഇല വച്ചു സദ്യ വിളമ്പി മൂത്തോർ.
കുമ്പ കുലുക്കിച്ചിരിച്ചെണീറ്റു
ആദ്യത്തെ പന്തിയിൽ കാരണോരും
ഏമ്പക്കം വിട്ടു ചെറുകിടാങ്ങൾ
തിരുവോണ സദ്യ പൊടിപൊടിച്ചു.