(രാജേന്ദ്രൻ ത്രിവേണി)
വഴിയോരക്കടയിലെ
തകരമേൽക്കൂരയിൽ,
പെരുമഴ കൊട്ടുന്ന
തായമ്പക കേട്ടു,
മുറ്റത്തെ വെള്ളക്കുതിപ്പിന്റെ
കൗതുകക്കാഴ്ചകൾ
കണ്ടൊരു കുട്ടിയായ്
നില്പു ഞാൻ!
മഴ കഴിഞ്ഞിട്ടെന്റെ
വീട്ടിലേക്കെത്തുവാൻ,
തുള്ളിക്കൊരറുതിയും
കാത്തവിടിരിക്കുമ്പോൾ;
വെറുമൊരു മണ്ണിര,
ഏങ്ങിവലിഞ്ഞതാ
റോഡിലേക്കെത്താൻ
കുതിക്കുന്നു!
ഏതോ കിനാവിലെ
മർമസ്ഥലിയതിൽ
ഒരുമാത്ര നേരത്തെയെത്തുവാൻ,
ഇടം വലം തിരിയാതെ,
മാംസപിണ്ഡങ്ങളെ
ഞെക്കി, ഞെരുക്കി,
നീട്ടി, വലിച്ചിഴച്ചെത്തുമ്പോൾ;
ശബ്ദവേഗത്തിനുമപ്പുറം
താണ്ടുവാൻ,
ക്ഷമകെട്ടു പായുന്ന
കാറ്റിന്റെ ചക്രം, ഞൊടിയിട
കേറി ചതച്ചരച്ചൊന്നു
പിടയുവാൻ പോലും കഴിയാതെ
തീർന്നുപോയ്!
ഓർമിപ്പു, പണ്ടു ഞാൻ
പാടിപ്പഠിച്ചൊരാ
*'ഇന്നു ഞാൻ നാളെ നീ'
എന്ന പാഠത്തിനെ!
ഞാനും സമാനനീ
മണ്ണിരയെന്നപോൽ,
ഞൊടിയിടയ്ക്കുള്ളിൽ
മറയാൻ കുതിപ്പവൻ!
വേഗം
അനിയന്ത്രിത വേഗ-
മാണെവിടെയും;
നക്കിത്തുടച്ചു മറയ്ക്കുവാൻ
കൊതിയാർന്ന മരണവും!
---------
(*ജീ ശങ്കരക്കുറുപ്പിന്റെ കവിത)